17 January Monday

ജനകീയ സമരത്തിന്റെ വിജയവും ജനവിരുദ്ധ മാധ്യമങ്ങളും

ശ്രീജിത്ത് ദിവാകരന്‍Updated: Friday Dec 3, 2021

ഡൽഹി‐ഹരിയാന അതിർത്തിയായ സിംഘുവിൽ ദേശീയ മാധ്യമങ്ങൾക്കെതിരെ പ്ലക്കാർഡുകളുമേന്തി കർഷകരുടെ പ്രതിഷേധം

ഏതാണ്ട് ഏഴരവര്‍ഷത്തോളമായി ജനവിരുദ്ധത മാത്രം ഭരണനയമായി പിന്തുടർന്നുപോന്നിരുന്ന കേന്ദ്രസര്‍ക്കാരും  സര്‍ക്കാരിന്റെ താളത്തിനൊത്ത് തളരാതെ നൃത്തംവയ്‌ക്കുന്ന ചാനലുകളും അവസാനം പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തുക എന്നതല്ലാതെ മറ്റൊരു പോംവഴി കേന്ദ്രസര്‍ക്കാരിന്‌ മുന്നിലില്ലാതായി.

2014 ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമുതല്‍ ബിജെപിക്കും സംഘപരിവാറിനും വേണ്ടി മാത്രം മാധ്യമപ്രവര്‍ത്തനം നടത്തുന്ന ദേശീയ ഹിന്ദി‐ ഇംഗ്ലീഷ് ചാനലുകളെ പൊതുവെ ‘ഗോഡി മീഡിയ', ‘ബിഗ് മീഡിയ' എന്നൊക്കെയാണ് വിളിക്കുന്നത്. യജമാനന്റെ വളർത്തുനായ്‌ക്കളെപ്പോലെ ദാസ്യമെന്നതുമാത്രം അലങ്കാരമായി കൊണ്ടുനടക്കുന്ന ഈ ചാനലുകള്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയത്തിനുമുന്നില്‍ പകച്ചുനിന്നുപോയതാണ് കഴിഞ്ഞ ആഴ്‌ചകളില്‍ ഇന്ത്യന്‍ ടെലിവിഷനുകളിലെ വാര്‍ത്താലോകത്തെ കാഴ്‌ച. ഏതാണ്ട് ഏഴര വര്‍ഷത്തോളമായി ജനവിരുദ്ധത മാത്രം ഭരണനയമായി പിന്തുടർന്നുപോന്നിരുന്ന കേന്ദ്രസര്‍ക്കാരിനും സര്‍ക്കാരിന്റെ താളത്തിനൊത്ത് തളരാതെ നൃത്തം വയ്‌ക്കുന്ന ചാനലുകളും അവസാനം പരാജയപ്പെട്ടു. കര്‍ഷകർക്കുമുന്നില്‍ മുട്ടുകുത്തുക എന്നതല്ലാതെ മറ്റൊരു പോംവഴി കേന്ദ്രസര്‍ക്കാരിന് മുന്നിലില്ലാതായി.

ദേശീയ മാധ്യമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം

ദേശീയ മാധ്യമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം

ഉപതെരഞ്ഞെടുപ്പുകളില്‍ത്തന്നെ ചൂടറിഞ്ഞിരുന്നു. യുപിയില്‍ മാത്രമല്ല മറ്റ് നാല് സംസ്ഥാനങ്ങളിലും ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിർമാണംകൊണ്ടും മുസ്ലിം വിരുദ്ധതകൊണ്ടും പാകിസ്ഥാനെതിരെയുള്ള പ്രഖ്യാപനങ്ങള്‍ കൊണ്ടും മാത്രം 2022 ആദ്യമാസങ്ങളില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്നവര്‍ക്ക് ബോധ്യപ്പെട്ടു. മോദി സര്‍ക്കാരിനും യോഗി സര്‍ക്കാരിനും എതിരെയുള്ള ജനരോഷം ഉത്തര്‍പ്രദേശിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ അത്ര ശക്തമാണ്. മുസ്ലിങ്ങളും ദളിതരും മാത്രമല്ല, കര്‍ഷകര്‍ കൂടി കൈവിട്ടാല്‍ യുപി നഷ്ടപ്പെടും. യുപി നഷ്ടപ്പെട്ടാല്‍ മറ്റെല്ലാം പോയി.

ഏതാണ്ട് പതിനാറ് വര്‍ഷം മുമ്പ്, 2006 ഡിസംബര്‍ 25ന്, 2007ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഖ്‌നൗവില്‍ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിനോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ സംസാരിച്ച അടല്‍ ബിഹാരി വാജ്‌പേയി ബിജെപി പ്രവര്‍ത്തകരെ ഒരു കാര്യം ഓർമിപ്പിച്ചിരുന്നു: ‘ലഖ്‌നൗ വഴി മാത്രമാണ് ഡല്‍ഹിയിലേക്ക്‌ പോകാനാവുക'. മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുടെ അവസാന പൊതുയോഗമായിരുന്നു അത്. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രസംഗിക്കാനെത്തിയിട്ടില്ല. ലഖ്‌നൗ വഴിയേ ഡല്‍ഹിയിലേക്ക്‌ എത്താനാകൂ ‘ദില്ലി കേ ലിയേ, ഏക് ഹീ രാസ്താ ഹേ, വോ ലഖ്‌നൗ സേ ഹേ' എന്നതിന് യുപി വിജയിക്കാതെ ഡല്‍ഹി ജയിക്കാനാവില്ല എന്നാണർഥമെന്ന് മനസ്സിലാക്കാന്‍ ബിജെപി ലേശം വൈകി.

എ ബി വാജ്‌പേയി

എ ബി വാജ്‌പേയി

പക്ഷേ, അത് സത്യമാണെന്ന് അവര്‍ക്കിപ്പോഴറിയാം. അതുകൊണ്ടാണ് യുപിയില്‍, പ്രത്യേകിച്ചും പടിഞ്ഞാറൻ യുപിയില്‍ നടക്കുന്ന കര്‍ഷകസമരം ജാട്ട്, മുസ്ലിം, ദളിത് ഐക്യത്തിനും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനും വഴിവച്ചിട്ടുണ്ട് എന്നുള്ള കാര്യം മാധ്യമങ്ങളെ ഉപയോഗിച്ച് പരമാവധി അവര്‍ മറച്ചുപിടിച്ചത്.

ഗോഡി മീഡിയയും ബിഗ് മീഡിയയും മറച്ചുവച്ച വാര്‍ത്തകള്‍ ചെറിയ തോതിലാണെങ്കിലും സമാന്തര മാധ്യമങ്ങളിലൂടെ പരന്നിരുന്നു. പക്ഷേ, അതിന് ബിജെപിയുടെ യുപിയിലെ അടിത്തറ ഇളക്കാന്‍ തക്ക കരുത്തുണ്ട് എന്ന് ബോധ്യമായത് കാര്‍ഷിക ബില്ലുകള്‍ പിൻവലിച്ച് ഏഴര വര്‍ഷത്തിനിടെ ആദ്യമായി മോദി സര്‍ക്കാര്‍ ജനരോഷത്തിനുമുന്നില്‍ കീഴടങ്ങിയപ്പോഴാണ്. മോദിക്കും ബിജെപിക്കും ഒപ്പം ചേര്‍ന്ന് കാര്‍ഷിക സമരത്തെ തകര്‍ക്കാനുള്ള സർവതും ഗോഡി മീഡിയ ഇതിനോടകം ചെയ്തിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളായ തിക്രിയിലും സിംഘ്‌ലിയിലുമൊക്കെ തമ്പടിച്ച് ജനകീയസമരം നയിച്ച കര്‍ഷകര്‍ റിപ്പബ്ലിക്, സീ ടിവി, ആജ്തക്, ടൈംസ് നൗ തുടങ്ങിയ ചാനലുകളോടുള്ള തങ്ങളുടെ രോഷം മറച്ചുവച്ചതുമില്ല. ഗോഡി മീഡിയ ഒന്നും ഇങ്ങോട്ട് വന്നുപോകരുത് എന്നവര്‍ പ്രഖ്യാപിച്ചിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ മന്ത്രിപുത്രന്‍ കാര്‍ കയറ്റി കൊന്ന സംഭവത്തിന്റെ നടുക്കത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ സീ ടിവി യാതൊരു മടിയുമില്ലാതെ സമരത്തിനുപിന്നില്‍ തീവ്രവാദി സംഘടനയായ ബബ്ബാര്‍ ഖാല്‍സയാണെന്ന് ഒരു തെളിവുകളുടെയും പിന്‍ബലമില്ലാതെ പ്രഖ്യാപിച്ചു.

ഗോഡി മീഡിയയുടെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും വാര്‍ത്താ അവതാരകരും ചര്‍ച്ചയിലെ അതിഥികളും നിരീക്ഷകരും എകെ 47 തോക്കുമായി നില്‍ക്കുന്ന ഖാലിസ്ഥാന്‍ ഭീകരരാണ് സമരം ചെയ്യുന്നതെന്ന്  ‘നിരന്തരം നിര്‍ഭയം' പറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ വാര്‍ത്താസംവിധാനങ്ങളും ശൃംഖലകളും സമരത്തെ പരാജയപ്പെടുത്താനുള്ള വഴികളന്വേഷിച്ചു. കര്‍ഷക ബില്ലിന്റെ ഗുണങ്ങള്‍ പ്രകീര്‍ത്തിച്ചു. പാകിസ്ഥാനും ചൈനയുമാണ് സമരത്തിന് പിന്നിലെന്ന ബിജെപി നേതാക്കളുടെ നിലപാടുകള്‍ വലിയ സത്യമെന്ന മട്ടില്‍ കൊട്ടിഘോഷിച്ചു. ‘തലസ്ഥാനത്തെ തീവ്രവാദികള്‍ തടഞ്ഞുവച്ചിരിക്കുന്നു', ‘ഗതാഗതം തടസപ്പെടുത്തുന്നു', ‘അരാജകത്വം പടര്‍ത്തുന്നു' എന്ന് തുടങ്ങി കര്‍ഷകര്‍ക്കെതിരെ ബിജെപി ഐടി സെല്‍ പറയുന്ന എന്തും വാര്‍ത്തയും ചര്‍ച്ചയുമായി ഇവര്‍ അവതരിപ്പിച്ചു.

സര്‍ക്കാരിന്റെ കീഴടങ്ങല്‍ ഇവരെയെല്ലാം നിരാശരും നിരായുധരുമാക്കി. ടൈംസ് നൗവിന്റെ ചീഫ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിന്‌ കര്‍ഷകബില്ലില്‍ നിന്നുള്ള പിന്മാറ്റം ‘പണ്ടോറ അറ' തുറക്കുന്നതുപോലെയാണ്. ഇനിയെന്താണ് (കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന) ആര്‍ട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമോ? സിഎഎയില്‍ നിന്ന് പിന്മാറുമോ? എന്ന ആവലാതിയുമായി അദ്ദേഹം ട്വിറ്ററിലെത്തി. ടൈംസ് നൗവിന്റെ പൊളിറ്റിക്കല്‍ എഡിറ്ററും സംഘപരിവാര്‍ അനുകൂല വാര്‍ത്തകളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നുമായ നവിക കുമാറും തന്റെ രോഷം ട്വിറ്ററില്‍ പ്രകടിപ്പിച്ചു. ‘കര്‍ഷക നിയമം പിൻലിച്ചു. സിഎഎയും എന്‍ആര്‍സിയും അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്ന ലക്ഷണമില്ല. ഇനിയെന്താണ്?' ബിജെപി അനുകൂല വാര്‍ത്തകളുടെ പ്രസരണകേന്ദ്രങ്ങളില്‍ പ്രധാനമായ എഎന്‍ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശും നിരാശ ട്വിറ്ററില്‍ മറച്ചുപിടിച്ചില്ല. കേരളത്തിലെ സംഘപരിവാര്‍ ചാനലുകളുടെ ആസ്ഥാന നിരീക്ഷകന്‍ നിരാശകൊണ്ട് ‘പ്രധാനമന്ത്രി രാജിവയ്‌ക്കണം' എന്നു പോലും പറഞ്ഞു.

‘ഗോഡി മീഡിയ’ക്കെതിരെ പ്ലക്കാർഡേന്തി പ്രതിഷേധിക്കുന്ന കർഷകർ

‘ഗോഡി മീഡിയ’ക്കെതിരെ പ്ലക്കാർഡേന്തി പ്രതിഷേധിക്കുന്ന കർഷകർ

ബിജെപി‐ സംഘപരിവാര്‍ ദാസന്മാരായ ചാനല്‍ പ്രമാണിമാരെല്ലാം നിരാശ ട്വിറ്ററില്‍ പ്രകടിപ്പിച്ചശേഷം വാര്‍ത്തകളെ മോദിക്കും ഭരണകൂടത്തിനും അനുകൂലമാക്കി തിരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ബില്ലുകള്‍ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പൊതുപ്രസ്താവനയുടെ പതിനഞ്ച് മിനിറ്റുകൾക്കുശേഷം ഈ ചാനലുകളൊക്കെ തങ്ങളുടെ മുഖത്ത് പറ്റിയ നാണക്കേടിന്റെ അഴുക്ക് മായ്‌ച്ചുകളഞ്ഞ് ഊർജം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വര്‍ഷങ്ങളായി വാര്‍ത്തകള്‍ വളച്ചൊടിച്ചും രാഷ്ട്രീയാധികാരസ്ഥാനങ്ങളിലെ യജമാനന്മാരുടെ സൗകര്യത്തിനുവേണ്ടി ഏതുതരത്തില്‍ തിരിച്ചും ശീലമുള്ള ഇവര്‍ വീണത് വിദ്യയാക്കാന്‍ പദ്ധതിയിട്ടു. എല്ലാത്തിനും ഉപയോഗിക്കുന്ന ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ക്ലീഷേ തന്നെയായിരുന്നു ഇത്തവണയും പുറത്തെടുത്തത്. കൂടെ മാസ്റ്റര്‍ സ്‌ട്രോക്ക് എന്നും. കര്‍ഷക ബില്ലുകള്‍ പിൻവലിച്ചത് പ്രധാനമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കും മാസ്റ്റര്‍ സ്‌ട്രോക്കുമാണെന്നും ഗുരുനാനാക് ജയന്തി അഥവാ ഗുര്‍പുരബിന്റെ മംഗളകരമായ അവസരം ഇതിനായി തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹത്വത്തിന്റേയും ബുദ്ധിയുടെയും മറ്റൊരു ദൃഷ്ടാന്തമാണെന്നും പ്രധാനമന്ത്രി യഥാർഥത്തില്‍ മണ്ണിന്റെ മകനാണെന്നും ഗോഡി ചാനലുകളുടെ റിപ്പോര്‍ട്ടമാരും എഡിറ്റര്‍മാരും വാര്‍ത്താ അവതാരകരും ആസ്ഥാന നിരീക്ഷകരും കൂടി പ്രഖ്യാപിക്കുന്ന തിരക്കായിരുന്നു പിന്നീട്.

പക്ഷേ, ഇതേ പ്രധാനമന്ത്രി കര്‍ഷകരെ ബജറ്റ് സമ്മേളനത്തില്‍ പ്രക്ഷോഭജീവികളെന്നും പരാന്നഭോജികളെന്നും വിളിച്ചത് ഇതേ ചാനലുകള്‍ വലിയ ആഘോഷത്തോടെ കൊടുത്തിരുന്നുവെന്നത് ഇവര്‍ മാത്രമേ മറന്നിട്ടുള്ളൂ. ‘കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ ഒരു പുതിയ സമൂഹം ഉയർന്നുവന്നിട്ടുണ്ട്: ആന്ദോളന്‍ ജീവി (പ്രക്ഷോഭ ജീവി). എല്ലാ പ്രക്ഷോഭങ്ങളിലും അവരെ കാണാം. നമ്മുടെ രാജ്യത്തെ ഈ ജീവികളില്‍ നിന്ന് സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. കാരണം അവര്‍ യഥാർഥത്തില്‍ പരജീവി (പരാന്നഭോജി)കളാണ് ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

വിദേശസഹമന്ത്രി മീനാക്ഷി ലേഖി പ്രക്ഷോഭകര്‍ കര്‍ഷകരല്ല തെമ്മാടികളാണ് എന്ന് വിളിച്ചതും ആഭ്യന്തരസഹമന്ത്രി അജയ് കുമാര്‍ മിശ്ര ഇവരെ അച്ചടക്കം പഠിപ്പിക്കാന്‍ എനിക്ക് രണ്ട് മിനിറ്റ്‌ മതിയെന്ന് വെല്ലുവിളിച്ചതും ഇവരുടെ ചാനലുകളില്‍ ആഘോഷമായിരുന്നു. ആഭ്യന്തര സഹമന്ത്രി കര്‍ഷകരെ വെല്ലുവിളിച്ചത് ആ മന്ത്രിയുടെ പുത്രന്‍ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്നതിനുശേഷമാണെന്ന് ഓര്‍ക്കണം. എന്നിട്ടും ആ മന്ത്രിക്കെതിരെയോ ആ മന്ത്രിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയതിന് എതിരെയോ ഒരു വാക്കും വാചകവും ഈ ചാനലുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
     
ദേശീയതലത്തിലുള്ളതുപോലെ പരിപൂര്‍ണ ഗോഡി ചാനലായി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് ചില തടസങ്ങളുണ്ട്. അനുദിനം കുറയുന്ന ജനകീയ അടിത്തറയുള്ള, കേരളത്തിലെ ഒരു സാമൂഹിക ഇടങ്ങളിലും സ്ഥാനമില്ലാത്ത, ഒരു പാർടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേരളത്തില്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കഴിയുന്നത്ര ദേശീയ വിഷയങ്ങള്‍ കേരളത്തിലെ ‘കേന്ദ്ര അനുകൂല' ചാനലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാറില്ല.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചപ്പോൾ

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചപ്പോൾ

പക്ഷേ, കര്‍ഷകസമരം പിൻവലിച്ചത് ദേശീയ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും സ്വന്തം ചാനല്‍ സ്‌പേസിലും ഒരു ദിവസം മുഴുവന്‍ നിറഞ്ഞു നിന്ന സ്ഥിതിക്ക് അന്തിച്ചര്‍ച്ചയ്‌ക്ക്‌ ഈ വിഷയം എടുക്കാതിരിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. പക്ഷേ, അവര്‍ തങ്ങളുടെ രാഷ്ട്രീയ വിധേയത്വം ചര്‍ച്ചകള്‍ക്ക് പേരിട്ട് നിർവഹിച്ചു. ഏഷ്യാനെറ്റ്, ‘മോദി പിന്മാറുന്നത് മുന്നേറാനോ?' എന്നും മാതൃഭൂമി, ‘പിന്മാറ്റമോ അതോ കരുനീക്കമോ' എന്നും മനോരമ, ‘അസാധാരണ യൂടേണിന് പിന്നിലെന്ത്? മോദിയുടേത് തെരഞ്ഞെടുപ്പ്‌  തന്ത്രമോ?’ എന്നും ഗോഡി മീഡിയക്കൊപ്പം സംശയിച്ചു.

363 സമരദിനങ്ങള്‍, 750ഓളം പേരുടെ രക്തസാക്ഷിത്വം, ഏഴര വര്‍ഷത്തിനിടയില്‍ ആദ്യമായി മോദി സര്‍ക്കാര്‍ നടത്തുന്ന പിന്മാറ്റം, ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം, വരാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍. ഒറ്റദിവസത്തെ ചര്‍ച്ച കൊണ്ട് അവസാനിക്കേണ്ടതായിരുന്നില്ല കര്‍ഷകസമരത്തിന്റെ ഐതിഹാസിക ജയം. കേരള സംസ്ഥാനത്തിനെതിരെയുള്ള ഒാരോ കാര്യങ്ങളും ദിവസങ്ങളോളം, ആഴ്‌ചകളോളം ജനമനസ്സില്‍ നിന്ന് സംശയങ്ങളൊന്നും ഒഴിഞ്ഞുപോകരുത് എന്ന ദൃഢനിശ്ചയത്തോടെ ചര്‍ച്ച ചെയ്യുന്ന ഈ ചാനലുകള്‍ ഒറ്റദിവസംകൊണ്ട് കര്‍ഷക സമരവും അതിന്റെ പ്രത്യാഘാതങ്ങളും വിട്ടു. അതിന്റെ പ്രാധാന്യം കേരളത്തിലെ നിരന്തരം നിര്‍ഭയം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കാള്‍ തുലോം തുലോം കുറവാണെന്ന് ഒരിക്കല്‍ക്കൂടി അവര്‍ അടിവരയിട്ടു.
            
‘ഇന്നാട്ടില്‍ മറ്റാരും ഉണ്ടാക്കുന്നതിനെക്കാളധികം മാലിന്യം സൃഷ്ടിക്കുന്നത് ടിവി ചാനല്‍ ചര്‍ച്ചകളാണ് ' ‐  കേരളത്തിലെ ചാനലുകളിലെ ചര്‍ച്ചകള്‍ കാണുന്നവര്‍ക്കും പൂർണമായി യോജിക്കാവുന്ന ഈ നിരീക്ഷണം കഴിഞ്ഞ ദിവസം നടത്തിയത് സാക്ഷാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി  രമണയാണ്.

ചീഫ്‌ ജസ്‌റ്റിസ്‌  എൻ വി രമണ

ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ

ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള വായുമലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്് എന്നിവര്‍ക്കൊപ്പമുള്ള ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഇതു പറഞ്ഞത്. ‘ചാനലുകളിലെ ചര്‍ച്ചകളാണ് മറ്റാരെക്കാള്‍ കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നത്. എന്താണ് പ്രശ്‌നമെന്നും എന്താണ് സംഭവിക്കുന്നതെന്നും അവര്‍ക്ക് മനസ്സി ലാകുന്നതേ ഇല്ല. പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി ഉപയോഗിക്കും. എല്ലാവര്‍ക്കും സ്വന്തം അജൻഡകളുണ്ട്. ഞങ്ങള്‍ക്ക് സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റുന്നില്ല. ഞങ്ങള്‍ ഒരു പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്' അദ്ദേഹം പറഞ്ഞു.
          
സുപ്രീം കോടതി മാത്രമല്ല, രാജ്യത്തെ വിവിധതരത്തില്‍ നിരീക്ഷിക്കുന്ന ആര്‍ട്ടിസ്റ്റുകളും മീഡിയയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഈയിടെ വാഷിങ്ടണ്‍ ഡി സിയിലെ കെന്നഡി സെന്ററില്‍ നടന്ന വിവാദമായ ‘കം ഫ്രം ടു ഇന്ത്യാസ്' എന്ന സ്റ്റാന്‍ഡ് അപ് കോമഡി ഷോയിലെ ഒരു വലിയ വിമര്‍ശനം ടി വി ജേണലിസ്റ്റുകള്‍ക്കെതിരെയാണ്, പ്രത്യേകിച്ചും ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കെതിരെ. ‘വന്‍ സ്റ്റുഡിയോകളില്‍, വിലപിടിപ്പുള്ള സ്യൂട്ടുകള്‍ ധരിച്ചിരുന്ന് പരസ്‌പരം ചൊറിഞ്ഞുകൊടുക്കുന്ന പുരുഷന്മാര്‍ ജേണലിസം സാങ്കൽപ്പികമായി ഇല്ലാതാക്കിക്കഴിഞ്ഞ ഒരു ഇന്ത്യയില്‍നിന്നാണ് ഞാന്‍ വരുന്നത്. അതേ ഇന്ത്യയിലെ തെരുവുകളില്‍നിന്ന് തങ്ങളുടെ ലാപ്‌ടോപ്പുകള്‍ മാത്രം ഉപയോഗിച്ച് ധാരാളം സ്ത്രീകള്‍ സത്യം വിളിച്ചുപറയുന്നുണ്ട്.' വീര്‍ദാസിന്റെ ‘കം ഫ്രം ടു ഇന്ത്യാസി’ല്‍ പറയുന്നു.

മാധ്യമങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ഹിന്ദുത്വ വാദികളെയും കപട ദേശീയ വാദികളെയും വീര്‍ദാസ് വളരെയധികം പ്രകോപിപ്പിച്ചു. പകല്‍ സ്‌ത്രീകളെ ആരാധിക്കുകയും രാത്രി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്നവരുടെ നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്ന് ആ ഷോയില്‍ വീര്‍ദാസ് പറയുന്നുണ്ട്. പി എം കെയര്‍ എന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ/ദുരിതാശ്വാസ ഫണ്ടിന്റെ വിവരങ്ങള്‍ പൊതുജനങ്ങളിലെത്താത്തതിനേയും കര്‍ഷക സമരത്തെ ഗൗനിക്കാത്തതിനേയും വീര്‍ദാസ് ഷോയില്‍ പരിഹസിക്കുന്നുണ്ട്. ‘സസ്യഭുക്കുകളാണെന്ന് അഭിമാനിക്കുന്നവരുടെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. പക്ഷേ, അവിടെത്തന്നെയാണ് പച്ചക്കറി വിളയിക്കുന്ന കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊല്ലുന്നതും. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ജൂതരും പാഴ്‌സികളും ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്.

വീര്‍ദാസ്

വീര്‍ദാസ്

എല്ലാവരും ആകാശത്തേക്ക്‌ നോക്കിയാല്‍ ഞങ്ങള്‍ സർവരും ഒരുമിച്ചുകാണുന്നത് ഒന്നേ ഉള്ളൂ, കുതിച്ചുയരുന്ന പെട്രോളിന്റെ വില. വൃദ്ധരായ നേതാക്കള്‍ മരിച്ചുപോയ തങ്ങളുടെ പിതാക്കന്മാരെക്കുറിച്ച് സംസാരിക്കുകയും യുവനേതാക്കള്‍ ജീവിച്ചിരിക്കുന്ന അമ്മമാരെ പിന്തുടരുകയും ചെയ്യുന്നു. ഈ ഭൂഗോളത്തിലെ ഏറ്റവുമധികം യുവജനസംഖ്യയുള്ള രാജ്യമാണ് എന്റെ ഇന്ത്യയെങ്കിലും ഞങ്ങള്‍ 75 കഴിഞ്ഞ നേതാക്കളുടെ 150 വര്‍ഷം പഴക്കമുള്ള ആശയങ്ങള്‍ക്കാണ് ചെവിയോര്‍ക്കുന്നത്...' എന്നിങ്ങനെ പോകുന്ന വീര്‍ദാസിന്റെ സ്റ്റാന്‍ഡ്‌ അപ് കോമഡി ഷോ യൂട്യൂബില്‍ ദശലക്ഷക്കണക്കിനാളുകള്‍ കാണുകയും തരംഗമായി മാറുകയും ചെയ്തു. അതോടെ ബിജെപിക്കും സംഘപരിവാറിനും ഗോഡി മീഡിയയ്‌ക്കും പ്രശ്‌നമായി. മധ്യപ്രദേശില്‍ വീര്‍ദാസിനെ കേറ്റില്ലെന്ന് സംസ്ഥാന മന്ത്രി പ്രഖ്യാപിച്ചു, വീര്‍ദാസ് അമേരിക്കയില്‍ നിന്ന് ഇന്ത്യയെ അപമാനിക്കുകയായിരുന്നോ എന്ന് സംഘി ചാനലുകള്‍ ചര്‍ച്ച നടത്തി.

ഈ ചര്‍ച്ചകള്‍ക്ക് സമാന്തരമായി  യുവജനങ്ങള്‍ വീണ്ടും വീണ്ടും വീര്‍ദാസിന്റെ ഷോ കാണുകയും ചെറുപ്പക്കാരായ മനുഷ്യര്‍ റോഡരികില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ യാഥാർഥ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രാജ്യത്തെ കാര്‍ഷിക ജനതയും സുപ്രീം കോടതിയും മുതല്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍സ് വരെ ചാനല്‍ ചര്‍ച്ചകളെയും വാര്‍ത്തകളെയും ഭരണവർഗത്തിനോടുള്ള അവരുടെ ദാസ്യവേലയെയും ജനവിരുദ്ധതയെയും പരിഹസിച്ച ആഴ്‌ചകളാണ് കടന്നുപോയത്. ഫാസിസം ജനങ്ങൾക്കുമുമ്പില്‍ പരാജയപ്പെടുന്നതിന്റെ ആദ്യത്തെ സൂചന ലഭിച്ച അതേ ആഴ്‌ചയില്‍ തന്നെയാണ് ഇത് സംഭവിക്കുന്നത്. ഒന്നും ഒരു ജനാധിപത്യത്തിന്‍ കീഴില്‍ യാദൃച്ഛികമായി സംഭവിക്കില്ല എന്ന ചരിത്ര പാഠം ഇവിടെ ഓർമിക്കുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top