16 January Saturday

അങ്ങനങ്ങ്‌ സിനിമയെ വിടാൻ പറ്റില്ല ജഗതിച്ചേട്ടന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

എഴുപതാം ജന്മദിനത്തിൽ ജഗതി ശ്രീകുമാറിന് ചെറുമക്കൾ കേക്ക് നൽകുന്നു


തിരുവനന്തപുരം
തിരശ്ശീലയിലേക്കുള്ള മടങ്ങി വരവ്‌ പ്രഖ്യാപിച്ച്‌ നടൻ ജഗതി ശ്രീകുമാർ. ഉടൻ സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന മകൻ രാജ്‌കുമാറിന്റെ പ്രഖ്യാപനം‌ ആരാധകർക്കുള്ള ജഗതിയുടെ പിറന്നാൾ സമ്മാനമായി. 2012ൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ്‌‌ ജഗതി അഭിനയരംഗത്തുനിന്ന്‌ വിട്ടുനിൽക്കുന്നത്‌.  

ഈ വർഷംതന്നെ മടങ്ങിയെത്തുമെന്നാണ്‌ ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സ്‌ എംഡി കൂടിയായ രാജ്‌കുമാർ പ്രഖ്യാപിച്ചത്‌. സിബിഐ ഡയറിക്കുറിപ്പ്‌ അഞ്ചാംഭാഗം ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കും‌. ആരോഗ്യസ്ഥിതിക്ക്‌ അനുസരിച്ച കഥാപാത്രങ്ങളാകും ചെയ്യുക. സിനിമയിലേക്കുള്ള തിരിച്ചുവരവ്‌ അച്ഛന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാക്കുമെന്നും രാജ്‌കുമാർ പറഞ്ഞു.

കോവിഡ്‌ പശ്ചാത്തലത്തിൽ ആഘോഷം ഇല്ലാതെയായിരുന്നു സപ്തതി ആഘോഷം. പേയാട്ടെ വീട്ടിൽ കുടുംബാംഗങ്ങൾ സമ്മാനിച്ച പിറന്നാൾ കേക്കും സ്നേഹചുംബനങ്ങളുംമാത്രം. പതിവുപോലെ ശ്രീചിത്ര പുവർ ഹോം അന്തേവാസികൾക്ക്‌ ഭക്ഷണം നൽകി.

സാമൂഹ്യമാധ്യമങ്ങളിൽ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ നിരവധിപേർ ആശംസ നേർന്നു. അച്ഛനൊപ്പമുള്ള ചിത്രം പങ്കിട്ടാണ്‌ മകൾ ശ്രീലക്ഷ്‌മി ആശംസ അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top