23 April Tuesday

സ്മാര്‍ട്ട് ഫോണിന് അടിമയാണോ? രക്ഷപ്പെടാന്‍ വഴിയുണ്ട്

നിഖില്‍ നാരായണന്‍Updated: Thursday Feb 8, 2018

ഉറക്കത്തില്‍നിന്ന് എണീറ്റ ഉടനെ കണ്ണ് പകുതി തുറന്ന് ഫോണില്‍ ഫെയ്സ്ബുക്കും വാട്സാപ്പും നോക്കാറുണ്ടോ? ജോലിക്കിടയില്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ വല്ലതും ഉണ്ടോയെന്ന് നോക്കാറുണ്ടോ? ട്രാഫിക് സിഗ്നലില്‍ ഫെയസ്ബുക്കില്‍ നോക്കാറുണ്ടോ? നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ തനിച്ചല്ല ലോകത്തിന്റെ പല ഭാഗത്തെയും ജനങ്ങള്‍ ഇതുപോലെ സ്മാര്‍ട്ട് ഫോണിന്റെ വലയില്‍പ്പെട്ടിരിക്കുകയാണ്. ഈയിടെ ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വേയില്‍ 38 ശതമാനം പേരും തങ്ങള്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ചവരാണ്. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ ഫോണിന് അടിമകളാണെന്നു സമ്മതിക്കാന്‍ വൈഷമ്യം ഉള്ളവരാവണം. നമ്മുടെ ഇടയില്‍ ഇതൊരു വളര്‍ന്നുവരുന്ന പ്രശ്നമായതുകൊണ്ടാവണമല്ലോ ബംഗളൂരുവിലെ നിംഹാന്‍സില്‍ ഫോണ്‍ അഡിക്ഷനില്‍നിന്ന് കര കയറ്റാന്‍ സര്‍വീസസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ്ടെക്നോളജി (Services for Healthy Use of Technology) ഏതാനുംവര്‍ഷംമുമ്പേ തുടങ്ങിയത്.

ഒരുഭാഗത്ത് ആപ്പുകള്‍ സൈക്കോളജി വിദഗ്ധരുടെവരെ സേവനം തേടി ഉപയോക്താക്കളെകൊണ്ട് കൂടുതല്‍നേരം തങ്ങളുടെ ആപ്പുകളില്‍ എങ്ങനെ ചെലവഴിപ്പിക്കാം എന്നത് പഠിക്കുന്നു, അതൊക്കെ പ്രാവര്‍ത്തികമാക്കുന്നു. ഫിയര്‍ ഓഫ് മിസ്സിങ് ഔട്ട് (Fear of missing out-FOMO ) എന്ന് സായിപ്പ് വിളിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസ്സ് എത്തുന്നു. അതായത് 10 മിനിറ്റ് വാട്സാപ്പ് നോക്കിയില്ലെങ്കില്‍ ഗ്രൂപ്പില്‍ വരുന്ന വല്ല കിടിലം തമാശ മിസായാലോ? ഫെയസ്ബുക്കിലെ ആരുടെയെങ്കിലും പോസ്റ്റിന് കൌണ്ടറടിക്കാന്‍ പറ്റാതെപോയാലോ? ഇത്തരം കുറെ പേടികളാണ് ഫോമോ.

അപ്പോള്‍ നിങ്ങളെയും എന്നെയുംപോലെ ഫോണ്‍ അടിമകള്‍ക്ക് ഈ ‘ലഹരിയില്‍നിന്ന് എങ്ങിനെ മുക്തിനേടാം? (അയ്യോ, ഡോക്ടറെ കാണാനൊന്നും വയ്യേ). ഫോണ്‍ നിങ്ങള്‍ എത്രതവണ തുറക്കുന്നുവെന്ന് (അണ്‍ലോക്ക്) കണക്കുനോക്കിയിട്ടുണ്ടോ? ദിവസത്തില്‍ എത്രനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന് അറിയാമോ? നിങ്ങള്‍ ഫോണിന്റെ അടിമ എന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടായാലോ? നിങ്ങളെ അടിമകളാക്കുന്ന ആപ്പുകളെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും പരീക്ഷിക്കാവുന്ന ഒരു മരുന്നാണ്. ഫോണ്‍ സ്ക്രീനില്‍ നോക്കി ഉറങ്ങാന്‍പോകരുത് എന്നത് എടുത്തുപറയേണ്ടല്ലോ. നോട്ടിഫിക്കേഷനുകള്‍ ഓഫാക്കി വയ്ക്കുന്നതും നിങ്ങളെ ഫോണിലേക്ക് ആകര്‍ഷിക്കാതിരിക്കാന്‍ സഹായിക്കും. നന്നാകാനുള്ള’ മരുന്നുകള്‍ ഇത്ര മാത്രമല്ല, കേട്ടോ. വിഷം, വിഷസ്യ ഔഷധം എന്നൊക്കെ പറയുംപോലെ നിങ്ങളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റാനും ആപ്പുകള്‍.

ഫോണ്‍ അഡിക്ഷനില്‍നിന്ന് നിങ്ങളെ കരകയറ്റാന്‍ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട ആപ്പുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
1) സ്പേസ് ആപ് space-app.com എന്ന വിലാസത്തില്‍ ആന്‍ഡ്രോയ്ഡ്, ആപ്പില്‍ഫോണുകള്‍ക്കുള്ള ആപ്പിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കും.
2) holdstudent.com വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചാണെങ്കിലും ആര്‍ക്കും പരീക്ഷിക്കാവുന്നതാണ് ഈ ആപ്.
3) justmuteit.com എന്ന മ്യൂട്ട് ആപ്പിള്‍ ഫോണുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ.
4) inthemoment.io ഇതും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ലഭ്യമല്ല.
5) forestapp.cc അപ്പോള്‍ നന്നാകാന്‍ തീരുമാനിച്ചില്ലേ!!

പ്രധാന വാർത്തകൾ
 Top