10 August Monday

പടക്കുതിരക്ക്‌ 50

ദിലീപ്‌ മലയാലപ്പുഴUpdated: Thursday Dec 5, 2019

കാൽ നൂറ്റാണ്ടായി അത്ഭുതം സൃഷ്ടിക്കുന്ന പി എസ് എൽ വി യുടെ അമ്പതാമത് ദൗത്യം 11 ന് നടക്കും. ഇന്ത്യയുടെ റിസാറ്റ് 2ബി ആർ-1 അടക്കം പത്ത് ഉപഗ്രഹങ്ങളുമായാണ് പി എസ് എൽ വി അതിന്റെ ജൂബിലി കുതിപ്പ് നടത്തുന്നത്‌. ഐസ്‌ആർഒ വിക്ഷേപിച്ച വിദേശ ഉപഗ്രങ്ങളുടെ എണ്ണം ഇതോടെ 310 ആയി.  ഇതുവരെ നൂറോളം ഇന്ത്യൻ ഉപഗ്രഹങ്ങളും. ഇവയിേലറെയും ലക്ഷ്യത്തിലെത്തിച്ചത്‌ പിഎസ്‌എൽവി റോക്കറ്റ്‌ എന്നതും പ്രത്യേകത. അചഞ്ചലമായ നിശ്‌ചയദാർഢ്യം, വിട്ടു വീഴ്‌ചയില്ലാത്ത കഠിനാധ്വാനം, ചെലവുകുറഞ്ഞതും തദ്ദേശീയവുമായ സാങ്കേതിക വിദ്യ.....ആദ്യറോക്കറ്റ്‌ 1963 നവംബർ 21ന്‌ തുമ്പയിൽനിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. അങ്ങനെ ഇന്ത്യൻ ബഹിരാകാശ  കുതിപ്പിന്‌ 55 തികഞ്ഞു.


ബഹുമുഖ പ്രതിഭയായിരുന്ന വിക്രം സാരാഭായിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും അർഥപൂർണമായ സാക്ഷാത്‌ക്കാരമാണ്‌ ഐഎസ്‌ആർഒ നിർവഹിക്കുന്നത്‌. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്‌ ശിലപാകിയ അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി വർഷം കൂടിയാണിത്‌. വിദേശത്ത്‌ നിന്ന്‌ കടം വാങ്ങിയ ‘നൈക്ക്‌ അപാച്ചെ’ എന്ന സൗണ്ടി്ങ്ങ്‌ റോക്കറ്റ്‌ 1963 നവംബർ 21 ന്‌ തുമ്പയിൽ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. ഈ ചെറിയ കാൽവയ്‌പ്‌ വലിയ കുതിപ്പായിരുന്നു. തുടർന്നങ്ങോട്ട്‌ തുമ്പയും പരിസരവും ഗവേഷണപരീക്ഷണങ്ങളുടെ മേഖലയായി.

സ്വന്തമായി വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. എസ്‌എൽവിയിൽ തുടങ്ങി എഎസ്‌എൽവിയിലെത്തി. തുടർന്ന്‌ ഏറ്റവും  വിശ്വസനീയമായ പിഎസ്‌എൽവി റോക്കറ്റിലേക്കുള്ള പടിപടിയായുള്ള വളർച്ച.  1969 ഏപ്രിൽ 15 ന്‌ ഐഎസ്‌ആർഒ രൂപീകരിച്ചതോടെ പ്രവർത്തനങ്ങൾക്ക്‌ ആക്കം കൂടി.

അമേരിക്കൻ ഉപരോധത്തെ തുടർന്ന്‌ റഷ്യ ക്രയോ സാങ്കേതിക വിദ്യ നിഷേധിച്ചപ്പോൾ സ്വന്തമായ ക്രയോഎൻജിൻ വികസിപ്പിച്ച്‌ ഇസ്രോശാസ്‌ത്രജ്‌ഞർ  പകരം വീട്ടി.
റോക്കറ്റ്‌ സാങ്കേതിക വിദ്യക്കൊപ്പം ഉപഗ്രഹ സാങ്കേതികവിദ്യ, വിക്ഷേപണ സാങ്കേതിക വിദ്യ തുടങ്ങിയവയിലെല്ലാം ഐഎസ്‌ആർഒ സ്വന്തം കരുത്തു തെളിയിച്ചുു. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാൻ–-1  നാഴികക്കല്ലായയി. 

വാർത്താവിനിമയം, ദുരന്ത നിവാരണം, കാലാവസ്ഥ, കൃഷി, ആരോഗ്യ, വിദ്യാഭ്യാസ,ഗതാഗത രംഗങ്ങൾ, തുടങ്ങി എല്ലാ മേഖലകളിലും ഐഎസ്‌ആർഒയുടെ കൈയ്യൊപ്പുണ്ട്‌.  സമീപകാലത്ത്‌ ചാന്ദ്രയാൻ–-2 ലെ ലാൻഡർ ദൗത്യം പരാജയപ്പെട്ടെങ്കിലും ശാസ്‌ത്രജ്‌ഞർ പിന്നോട്ടില്ല. അടുത്ത പത്തു വർത്തേക്കുള്ള വിപുലമായ പ്രവർത്തന രൂപരേഖയുമായി അവർ മുന്നോട്ടു പോകുകയാണ്‌. വരും നാളുകൾ ഐഎസ്‌ആർഒക്ക്‌ തിരക്ക്‌ തന്നെ. അടുത്ത മാർച്ചിനുള്ളിൽ ആറ്‌ വിക്ഷേപണ ദൗത്യവുമുണ്ട്‌. 

ഇല്ലപിന്നോട്ടില്ല... 

ചാന്ദ്രയാൻ–-3 അടുത്ത വർഷം
രണ്ടാം ചാന്ദ്ര ദൗത്യത്തിൽ ലാന്റർ അവസാന നിമിഷം ലക്ഷ്യം തെറ്റിയെങ്കിലും ഐ എസ്‌ആർഒ പിന്നോട്ടില്ല. ചാന്ദ്രയാൻ–-3 അടുത്ത വർഷം നവംബറിൽ വിക്ഷേപിക്കും. ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണ ധ്രൂവം തന്നെ. ലാന്ററും റോവറും മാത്രമായുളള ദൗത്യമാണ്‌ ആലോചന. നിലവിൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററി(ചാന്ദ്രയാൻ–-2)ന്‌ അനുബന്ധമായി ഇവ പ്രവർത്തിക്കും. രണ്ടാം ചാന്ദ്ര ദൗത്യത്തിലെ പാളിച്ചകൾ പരിഹരിച്ച്‌ ഏറ്റവും ആധുനീകമായ പരീക്ഷണ ഉപകരണങ്ങളുമായാകും ഇവ യാത്രയാകുക. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ എസ്‌ സോമനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിക്കാണ്‌ ചുമതല.

ഗഗൻയാൻ;  പരിശീലനം തുടങ്ങുന്നു
മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്നതിനുള്ള സ്വന്തം പദ്ധതി ഗഗൻയാൻ മൂന്നു വർഷത്തിനകം നടപ്പാക്കും. ഇന്ത്യക്കാരായ മൂന്ന്‌ ബഹിരാകാശ സഞ്ചാരികൾ ഒരാഴ്ചക്കാലം ബഹിരാകാശത്ത്‌ ഭൂമിയെ വലംവക്കും. 2022 ഓടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ്‌ ഐഎസ്‌ആർഒ അറിയിച്ചിരിക്കുന്നത്‌. ബഹിരാകാശ യാത്രികരെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. വ്യോമസേനയിൽ നിന്നുള്ള 12 പൈലറ്റുമാരെയാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇവരിൽ നിന്ന്‌ തെരഞ്ഞെടുത്തവർക്ക്‌ റഷ്യയിലെ യുറി ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിനിങ് സെന്ററിൽ  വിദഗ്‌ധ പരിശീലനം നൽകും. നാസയടക്കമുള്ള സെന്ററുകളിലും പരിശീലിപ്പിക്കും.  പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത വർഷം ഡിസംബറിലും 2021 പകുതിയോടെയും ആളില്ലാത്ത പേടകമയക്കും. യാത്രികർക്കുള്ള ക്രൂ മോഡ്യൂൾ, സ്‌പേയ്‌സ്‌ സ്യൂട്ട്‌ തുടങ്ങിയവയെല്ലാം തയ്യാറായി. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

സൂര്യനെ ലക്ഷ്യമാക്കി
സൂര്യനെ പറ്റി പഠിക്കുന്നതിനുള്ള ആദിത്യ എൽ 1 അടുത്ത വർഷം പകുതിയോടെ വിക്ഷേപിക്കും. നിശ്‌ചിത ദൂരത്ത്‌ സൂര്യനെ വലംവച്ച്‌ സൗര കാലാവസ്ഥയെ പറ്റി സൂക്ഷ്‌മമായി വിവരങ്ങൾ ശേഖരിക്കും. സോളാർ കൊറോണയെ പറ്റി പൂർണതോതിലുള്ള പഠനമാണ്‌ ലക്ഷ്യം. 400 കിലോഗ്രാമാണ്‌ പേടകത്തിന്റെ ഭാരം. പിഎസ്‌എൽവി റോക്കറ്റ്‌ ഉപയോഗിച്ചായിരിക്കും വിക്ഷേ പണം.

മംഗൾയാൻ–-2
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം അഞ്ചു വർഷത്തിനകം വിക്ഷേപിക്കുകയാണ്‌ ലക്ഷ്യം. ഒന്നാം ചൊവ്വാ ദൗത്യം ഓർബിറ്റർ മാത്രമായിരുന്നെങ്കിൽ മംഗൾയാൻ–-2 ൽ ലാന്ററും റോവറും ഉണ്ടാകും. ചൊവ്വയുടെ പ്രതലത്തിൽ സോഫ്റ്റ്‌ ലാന്റ്‌ ചെയ്‌ത്‌ പര്യവേഷണം നടത്തുന്നതിനുള്ള ഏറ്റവും ആധുനികമായ പരീക്ഷണ ഉപകരണങ്ങളാകും ഇവയിൽ  ഉണ്ടാവുക. ജിഎസ്‌എൽവി മാർക്ക്‌–-3 ഉപയോഗിച്ചാവും വിക്ഷേപണം.

മംഗൾയാൻ ഒന്ന്‌ സജീവം
ചുവപ്പൻ ഗ്രഹമായ ചൊവ്വയിലേക്കുള്ള ഐഎസ്‌ആർഒയുടെ ആദ്യ ദൗത്യമായ മംഗൾയാൻ ഇപ്പോഴും ഭ്രമണം തുടരുകയാണ്‌. ആറു മാസം മാത്രം ആയുസ‌് പ്രവചിച്ച പേടകം ചൊവ്വയുടെ നിഗൂഢതകളിലേക്കു വെളിച്ചം വീശുന്ന നിരവധി വിവരങ്ങളും ചിത്രങ്ങളും ലഭ്യമാക്കി. മംഗൾയാൻ 2013 നവംബർ 5 ന‌് ശ്രീഹരിക്കോട്ടയിൽ നിന്നാണ്‌ വിക്ഷേപിച്ചത്‌. പിഎസ‌്എൽവി റോക്കറ്റിൽ വിക്ഷേപിച്ച പേടകത്തെ പടപടിയായി 68 കോടി കിലോമീറ്റർ അകലെ  ചൊവ്വയുടെ കാന്തിക വലയത്തിലെത്തിക്കുകയായിരുന്നു. 2014 സെപ‌്തംബർ 24 ചൊവ്വാ പഥത്തിലെത്തിയ പേടകം അവിടെ അഞ്ചു വർഷം പിന്നിട്ടു.

ശുക്രനിലേക്കും
ശുക്രന്റെ അന്തരീക്ഷം, ഉപരിതലം ഇവയെ പറ്റി പഠിക്കാനുള്ള ദൗത്യം. പ്രാരംഭ പ്രവർത്തന്നങ്ങൾ പുരോഗമിക്കുന്നു. ശുക്രൻ കഴിഞ്ഞാൽ വ്യാഴവും ഐഎസ്‌ആർഒ നോട്ടമിട്ടിട്ടുണ്ട്‌. സൗരയൂഥത്തിനപ്പുറത്തേക്കും ലക്ഷ്യങ്ങൾ നീളുകയാണ്‌. ഒപ്പം സ്വന്തമായ ബഹിരാകാശ നിലയമെന്ന സ്വപ്‌നവും.

പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണി
പുനരൂപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നതിന്‌ മുന്തിയ പരിഗണനയാണ്‌ ഐഎസ്‌ആർഒ നൽകുന്നത്‌. ഭൂമിയോട്‌ അടുത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ എത്തിക്കാൻ ഇവ മതിയാകും. വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ വിക്ഷേപണ ചെലവു കുറയും. സമീപകാലത്ത്‌ സാങ്കേതിക പരീക്ഷണം(ആർഎൽവി–-ടിഡി)വിജയം കണ്ടിരുന്നു. തുടർ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. വരും വർഷങ്ങളിൽ തന്നെ ഇവ പൂർണ സജ്ജമാകും.

വായു ശ്വസിക്കുന്ന സ്‌ക്രാംജെറ്റ്‌ എഞ്ചിൻ ഉപയോഗിച്ചു നീങ്ങുന്ന വിക്ഷേപണ സാങ്കേതിക വിദ്യയിലും ഏറെ മുന്നോട്ടു പോയി. സെമിക്രയോ എഞ്ചിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമവും പുരോഗമിക്കുന്നു. ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള യൂണിഫൈഡ്‌ ലോഞ്ച്‌ വെഹിക്കിൾ, കൂടുതൽ പരിസ്ഥിതി സൗഹൃദ വിക്ഷേപണ വാഹനങ്ങൾ തുടങ്ങിയവയെല്ലാം പരിഗണനയിലാണ്‌. ഇതു കൂടാതെ ‘ബാഹുബലി’ എന്നറിയപ്പെടുന്ന ജിഎസ്‌എൽവി മാർക്ക്‌–-3 യുടെ പുത്തൻ കരുത്തൻ പതിപ്പുകളും.


 

ആഴക്കടൽ ഗവേഷണത്തിനും
സുരക്ഷിതമായ ആഴക്കടൽ പര്യവേക്ഷണത്തിന്‌ ആവശ്യമായ യാത്രാപേടകത്തിനുള്ള രൂപരേഖ ഐഎസ്ആര്‍ഒ തയ്യാറാക്കിയിട്ടുണ്ട്‌. ഐഎസ്ആര്‍ഒയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണാപത്രം  ഒപ്പിട്ടു. മൂന്ന്‌ പേർക്ക്‌ ആറ്‌ കിലോമീറ്റർ വരെ ആഴത്തിൽ സഞ്ചരിച്ച്‌ ഗവേഷണം നടത്താൻ കഴിയുന്ന പേടകമാണിത്‌. വാർത്താവിനിമയം,  കാലാവസ്ഥാ നിരീക്ഷണം, ഗതാഗതം, കൃഷി,  ഭൗമ നിരീക്ഷണം  തുടങ്ങിയവയ്‌ക്ക്‌ സഹായകമാകുന്ന ഏറ്റവും ആധുനീക  ഉപഗ്രഹങ്ങൾ നിർമിച്ച്‌ വിക്ഷേപിക്കുന്നതിനും ഐഎസ്‌ആർഒക്ക്‌ പദ്ധതിയുണ്ട്‌.

അമ്പതാമത്‌ ദൗത്യവുമായി പിഎസ്‌എൽവി
കാൽനൂറ്റാണ്ടായി അത്‌ഭുതം സൃഷ്ടിക്കുന്ന പിഎസ്‌എൽവിയുടെ അമ്പതാമത്‌ വിക്ഷേപണ ദൗത്യം അടുത്ത ആഴ്‌ച നടക്കും. അതെ ഐഎസ്‌ആർഒ യുടെ ‘പടക്കുതിര’യാണ്‌ പിഎസ്‌എൽവി റോക്കറ്റ്‌. വിശ്വസനീയമായ കരുത്തൻ വിക്ഷേപണവാഹനം. 1993 സെപ്‌തംബർ 20 ന്‌ നടന്ന ആദ്യ വിക്ഷേപണം പരാജയമായിരുന്നെങ്കിലും തുടർന്നങ്ങോട്ട്‌ വിജയം പിഎസ്‌എൽവിക്കൊപ്പം നിന്നു. അത്യന്തം സങ്കീർണമായ ദൗത്യങ്ങൾക്ക്‌ പിഴവില്ലാത്ത വാഹനം എന്ന ഖ്യാതി പിഎസ്‌എൽവി നേടി. തുമ്പയിലെ ആദ്യകാല പരീക്ഷണ ശാലയിൽ മൂന്ന്‌ ഇഞ്ച്‌ കുഴലിൽ നിർമിച്ച സൗണ്ടിങ്‌ റോക്കറ്റിൽ നിന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച  പടൂകൂറ്റൻ റോക്കറ്റിലേക്കുള്ള വളർച്ചക്ക്‌ പിന്നിൽ വിക്രംസാരാഭായിയുടെ സ്വപ്‌നമുണ്ട്‌. കേവലം 36 കിലോഗ്രാമിൽ  നിന്ന്‌  2500 കിലോഗ്രാമിന്‌ മുകളിൽ ഭാരമുള്ള ഉപഗ്രഹം സ്വന്തമായി  വിക്ഷേപിക്കാനുള്ള ശേഷിയിലേക്കുള്ള വളർച്ചക്ക്‌ പിന്നിൽ ശാസ്‌ത്രജ്‌ഞരുടെ  കഠിനാധ്വാനമുണ്ട്‌. 1200 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായാണ്‌ റോക്കറ്റ്‌ രൂപകൽപന ചെയ്‌തത്‌. നാല്‌ ഘട്ടങ്ങളിലായി സങ്കീർണ സാങ്കേതിക വിദ്യയോടുകൂടിയുള്ളത്‌. 2008 ലെ ചാന്ദ്രയാൻ–-1, 2013 ലെ മംഗൾയാൻ–-1 എന്നിവയടക്കം നിരവധി ദൗത്യങ്ങൾ പിഎസ്‌എൽവിയുടേതായിട്ടുണ്ട്‌. 2017 ഫെബ്രുവരി 15 ന്‌  104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക്‌ ലക്ഷ്യത്തിലെത്തിച്ചതും പിഎസ്‌എൽവിയായിരുന്നു. പടക്കുതിരയുടെ മുപ്പത്തിയൊമ്പതാമത്‌ ദൗത്യം. പിഎസ്‌എൽവിയുടെ രൂപകൽപനയിൽ മാറ്റം വരുത്തി ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌.

ചാന്ദ്രയാൻ–- 2 - വേഗത നിയന്ത്രണ സംവിധാനം പാളി
ചന്ദ്രയാൻ–2  ലാന്റർ ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത്‌ വേഗത നിയന്ത്രണ സംവിധാനം പാളിയതിനെ തുടർന്നെന്ന്‌  സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ  സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യുന്നതിനുള്ള  പ്രക്രിയക്കായി വിക്രം ലാന്ററിലുണ്ടായിരുന്ന സ്വയം നിയന്ത്രിത സംവിധാനം അപ്പാടെ അപ്രതീക്ഷിതമായി പാളുകയായിരുന്നു. പേടകത്തിലെ ഗൈഡൻസ്‌ സോഫ്‌റ്റ്‌വെയറിനുണ്ടായ തകരാറാണ്‌ പേടകം നിയന്ത്രണം വിടാൻ കാരണമായത്‌. ലാന്റർ ഇടിച്ചിറങ്ങുന്നതിന്‌ മിനിറ്റുകൾക്ക്‌ മുമ്പുള്ള ഡാറ്റകൾ ഐഎസ്‌ആർഒക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഇത്‌ വിശകലനം ചെയ്‌താണ്‌ പരാജയകാരണങ്ങൾ കണ്ടെത്തിയിരിക്കുന്നത്‌. ദക്ഷിണ ധ്രൂവത്തിലെ അസാധാരണമായ അന്തരീക്ഷഘടന പേടകത്തെ ബാധിച്ചോ എന്നും പരിശോധിക്കുന്നുണ്ട്‌. ഇതെല്ലാം കണക്കിലെടുത്താവും അടുത്ത ചാന്ദ്രദൗത്യത്തിന്റെ രൂപകൽപന. 

ചാന്ദ്രയാൻ–-2 ദൗത്യത്തിലെ ഓർബിറ്റർ ഇതിനോടകം നിരവധി ചിത്രങ്ങളും പുതിയ വിവരങ്ങളും ലഭ്യമാക്കി. നൂറു കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിന്‌ ഏഴ്‌ വർഷമാണ്‌ കാലാവധി. ദക്ഷിണ ധ്രൂവത്തെ പറ്റി തന്നെയാണ്‌ പഠനം. ഉൽക്കാ വർഷം മൂലമുണ്ടായ ഗർത്തങ്ങൾ,  അഗ്‌നിപർവത സ്‌ഫോടനം മൂലുമുള്ള ‘ലാവാ പാത’കൾ, കനാൽ പോലെ രൂപപ്പെട്ട ഭാഗങ്ങൾ തുടങ്ങിവയവയുടെ ചിത്രങ്ങളും വിലപ്പെട്ട വിവരങ്ങളും ഇതിനോടകം ഓർബിറ്റർ ലഭ്യമാക്കിയിട്ടുണ്ട്‌. അടുത്ത കാലത്ത്‌ രൂപപ്പെട്ട ഗർത്തങ്ങളുടെ ചിത്രവും ലഭ്യമായിട്ടുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top