31 January Tuesday

വരുന്നൂ ന്യൂജെൻ റോക്കറ്റ്‌

വി പി ബാലഗംഗാധരൻUpdated: Sunday Oct 30, 2022

ബഹിരാകാശഗവേഷണ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾക്കാണ്‌ നാം സാക്ഷ്യംവഹിക്കുന്നത്‌. വിക്ഷേപണവാഹന സാങ്കേതികവിദ്യയും വളരുകയാണ്‌. തദ്ദേശീയ റോ ക്കറ്റ്‌ സാങ്കേതികവിദ്യാ വികസനത്തിൽ ഐഎസ്‌ആർഒക്ക്‌ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്‌. പടിപടിയായുള്ള ഈ രംഗത്തെ വളർച്ച അത്ഭുതാവഹമാണ്‌. ഏറ്റവുമൊടുവിൽ പുതുതലമുറ റോക്കറ്റിന്റെ (NGLV) പണിപ്പുരയിലാണ്‌ ശാസ്‌ത്രജ്ഞർ.

ലോകത്തിലെ ഒന്നാംകിട വിക്ഷേപണവാഹനങ്ങളുടെ ഗണത്തിൽപ്പെടുന്നതാണ്  ഐഎസ്‌ആർഒയുടെ പോളാർ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ അഥവാ പിഎസ്എൽവി. 900 കിലോയുള്ള ഉപഗ്രഹത്തെ 600 കിലോമീറ്റർ ഉയരത്തിലുള്ള ധ്രുവീയ ഭ്രമണപഥ (Polar orbit)ത്തിൽ വിന്യസിക്കാനായി രൂപകൽപ്പന ചെയ്ത പിഎസ്എൽവി, സ്വന്തം മികവുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ  പടക്കുതിര എന്ന വിളിപ്പേര് നേടിയത്‌. 1993-ലെ ആദ്യവിക്ഷേപണം പരാജയപ്പെട്ടെങ്കിലും തുടർ വിജയങ്ങൾ കുതിപ്പായി.

മികച്ച പ്രകടനം

അതിശയകരമായിരുന്നു പിഎസ്എൽവിയുടെപ്രകടനം.  ഇന്ത്യയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനമായായിരുന്നു അവതാരം.  ദ്രാവക ഇന്ധന (നോദക) സ്റ്റേജുകളുള്ള ആദ്യ ഇന്ത്യൻ വിക്ഷേപണവാഹനം. ’94 ഒക്ടോബറിലെ ആദ്യ വിജയത്തിനുശേഷം 53 വിക്ഷേപണ വിജയങ്ങൾ, വൈവിധ്യമാർന്ന ദൗത്യങ്ങൾ. ഇന്ത്യയുടേതു കൂടാതെ 36 രാഷ്ട്രത്തിന്റെ 345 വിദേശ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിൽ എത്തിച്ച വിശ്വാസ്യത... ഭൂസമീപ ഭ്രമണപഥത്തിനായി രൂപകൽപ്പന  ചെയ്തതാണെങ്കിലും 36,000 കിലോമീറ്റർ  ഉയരെയുള്ള  ഭൗമസംക്രമണ ഭ്രമണപഥത്തിലേക്കും ഉപഗ്രഹങ്ങൾ എത്തിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സഞ്ചരിച്ച പേടകങ്ങൾ. 2008ൽ ചാന്ദ്രയാൻ–-ഒന്ന്‌ ദൗത്യവും പിന്നീട്‌ ലോകം  അസൂയയോടെ നോക്കിക്കണ്ട 2013ലെ ചൊവ്വയിലേക്കുള്ള  മാർസ്ഓർബിറ്റർ ദൗത്യവും അഭിമാനമായി.  നമ്മുടെ  ഗതിനിർണയ ഉപഗ്രഹശ്രേണി മുഴുവനും ഈ റോക്കറ്റിലാണ്‌  ഉയരങ്ങളിൽ എത്തിയത്. ഒറ്റയടിക്ക്‌ 104 ഉപഗ്രഹങ്ങളെ  വിജയകരമായി വിന്യസിപ്പിച്ചത്‌ ലോക റെക്കോർഡായി.

അൽപ്പം ചരിത്രം

ഐഎസ്‌ആർഒയുടെ ആദ്യവിക്ഷേപണവാഹനമായ  സാറ്റ്‌ലെറ്റ്‌ ലോഞ്ച്‌  വെഹിക്കിൾ–-3 (എസ്എൽവി-–-3) നാല്‌ സ്റ്റേജുകളിലും ഖരനോദകങ്ങൾ  ഉപയോഗിച്ചാണ്  പറന്നത്. ഖര- പ്രൊപ്പൽഷൻ സാങ്കേതികവിദ്യയേക്കാൾ നല്ലത്  ദ്രവസാങ്കേതികവിദ്യയാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ, അന്നത്തെക്കാലത്ത്‌  ഖരനോദക വിദ്യപോലും നമുക്ക് അപ്രാപ്യമായിരുന്നു, ദുഷ്കരമായിരുന്നു.

സൗണ്ടിങ്  റോക്കറ്റുകൾ വിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ ഭൂപ്രദേശമായതിനാലാണ്‌ തിരുവനന്തപുരം തുമ്പയിൽ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഇവിടെനിന്ന്‌ വിദേശനിർമിത സൗണ്ടിങ്‌ റോക്കറ്റുകളാണ്‌  പറന്നുയർന്നത്‌. നമ്മുടെ ആരംഭകാല റോക്കറ്റുകൾ പരിതാപകരമായിരുന്നു. നീലഗിരിയിൽ ഇംഗ്ലീഷുകാർ സ്ഥാപിച്ച  കോഡയ്റ്റ് ഫാക്ടറിയായിരുന്നു ആദ്യകാല സഹായി. തോക്കുകളിൽ ഉപയോഗിക്കാനുള്ള ഇന്ധനമുണ്ടാക്കുന്ന ഫാക്ടറിയായിരുന്നു ഇത്‌. അങ്ങനെയാണ്  നാട്ടിൽ ലഭ്യമായ 75 മില്ലിമീറ്റർ  വ്യാസമുള്ള അലുമിനിയം കുഴലിൽ  ഉണ്ടാക്കിയ  ആദ്യറോക്കറ്റുകൾ പിറന്നത്. ഫ്രാൻസുമായി കരാറുണ്ടാക്കിയപ്പോൾ പിവിസി അടിസ്ഥാനമായ നോദകം നാട്ടിൽത്തന്നെ ഉണ്ടാക്കാനും അവ ഉപയോഗിച്ച്‌  റോക്കറ്റുകൾ ഉണ്ടാക്കാനും നമ്മുടെ ശാസ്‌ത്രജ്ഞർ പഠിച്ചു.

എസ്എൽവി എന്ന ആദ്യവിക്ഷേപണ വാഹനത്തിനായുള്ള ഖരനോദകങ്ങൾ വലിയ പരീക്ഷണമായിരുന്നു. അവ വിജയിച്ചു. ദ്രവനോദക സാങ്കേതികവിദ്യ അനിവാര്യമായതിനാൽ ഫ്രഞ്ച് സഹകരണംതേടി. ഇതുവഴിയാണ്‌ പിഎസ്എൽവി സാങ്കേതികവിദ്യാ വികസനം.  ഇത്തരമൊരു മധ്യശ്രേണി റോക്കറ്റ്‌കൊണ്ടൊന്നും ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ്‌  ജിഎസ്എൽവി എന്ന കൂറ്റൻ വാഹനത്തിൽ എത്തിച്ചത്‌. അവിടെയും സാങ്കേതികവിദ്യ തന്നെയായിരുന്നു പ്രശ്നം.  ക്രയോജനിക്‌ സാങ്കേതികവിദ്യ വേണം. ഇതിനായി റഷ്യയുമായി കരാറുണ്ടാക്കി. എന്നാൽ, അമേരിക്കൻ ഉപരോധത്തെത്തുടർന്ന്‌  റഷ്യ കരാറിൽനിന്ന്‌ പിന്മാറി. വെല്ലുവിളി ഏറ്റെടുത്ത ശാസ്‌ത്രജ്ഞർ 10 വർഷത്തെ കഠിനാധ്വാനത്തിലൂടെ സാങ്കേതികവിദ്യ സ്വായത്തമാക്കി. തദ്ദേശീയമായ ക്രയോജനിക്‌ എൻജിൻ  ഉപയോഗിച്ച്‌ ജിഎസ്എൽവിയും അതിലും വലിയ ജിഎസ്എൽവി മാർക്ക്- –-3ഉം  പറന്നു. ഏറ്റവുമൊടുവിൽ  കഴിഞ്ഞയാഴ്‌ച  എൽവിഎം–- -3  എന്ന പരിഷ്കരിച്ച റോക്കറ്റിൽ 36 ഉപഗ്രഹങ്ങളും ലക്ഷ്യം കണ്ടു.

പുതിയ കാലം പുതിയ വാഹനം

പുതിയ ആവശ്യങ്ങൾക്കായി കാലാനുസൃതമായ പുതിയ വിക്ഷേപണ വാഹനങ്ങൾ വേണം.  മാറിവരുന്ന  ബഹിരാകാശ പര്യവേക്ഷണമേഖലയിൽ കടുത്ത കിടമത്സരമുണ്ട്. അവിടെ പിടിച്ചുനിൽക്കാനും പുതിയ ഉയരങ്ങൾ കീഴടക്കാനും ചെലവുകുറഞ്ഞ, വലിയ വാഹനങ്ങൾ ആവശ്യമാണ്‌. നിലവിലുള്ള വിക്ഷേപണ വാഹനങ്ങളുടെ ചെലവ്  ഇനിയും കുറയ്‌ക്കാനാകില്ല.  അതുകൊണ്ട്  പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അടുത്ത തലമുറ വാഹനങ്ങൾ ഉണ്ടാക്കണം. ഇതിനായി വലിയ ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ്‌ ഐഎസ്‌ആർഒ നടത്തുന്നത്‌. തിരുവനന്തപുരം വിഎസ്‌എസ്‌സി ഇതിന്റെ പ്രധാന കേന്ദ്രമാണ്‌.

എൺപതുകളിൽ വികസിപ്പിച്ച പിഎസ്‌എൽവിക്ക്‌  പകരമായി  നെക്‌സ്‌റ്റ്‌ ജനറേഷൻ ലോഞ്ച്‌ വെഹിക്കിൾ (എൻജിഎൽവി) എന്ന റോക്കറ്റ്‌ വികസിപ്പിക്കുകയാണ്‌ അവർ.  സാങ്കേതികവിദ്യയിലും മികവിലും  ശരിക്കും ന്യൂജെൻ റോക്കറ്റ്‌. കൂടുതൽ പേലോഡ്‌ അധികം ദൂരം കൊണ്ടുപോകാൻ അധികം ശക്തിയുള്ളതും  ചെലവ്  കുറഞ്ഞതുമായ വിക്ഷേപണവാഹനമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. പുതുതലമുറക്കാരനായ എൻജിഎൽവിയിൽ   ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ‘സെമി ക്രയോജനിക്' സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുക.സെമി ക്രയോ സാങ്കേതികവിദ്യ

ദശാബ്ദക്കാലമായി സെമി ക്രയോസാങ്കേതികവിദ്യ നമ്മുടെ ഗവേഷണ ശാലകളിലുണ്ട്. നമുക്ക്  പുതിയതെങ്കിലും മനുഷ്യൻ ചന്ദ്രനിൽ പോയ സാറ്റേൺ–--5 റോക്കറ്റിൽ  ഉപയോഗിച്ചതാണ്‌ സെമി ക്രയോവിദ്യ.  വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ഐഎസ്‌ആർഒക്ക്‌ അതും  സ്വന്തമാകുകയാണ്‌.
നെക്‌സ്‌റ്റ്‌ ജനറേഷൻ റോക്കറ്റിൽ കാര്യക്ഷമവും ചെലവ്  കുറഞ്ഞതുമായ സെമിക്രയോജനിക് സാങ്കേതികവിദ്യയാണ്‌ ഉപയോഗിക്കുക. ശുദ്ധീകരിച്ച മണ്ണെണ്ണയും  ദ്രവീകരിച്ച ഓക്സിജനും ഉപയോഗിക്കുന്നതാണ്‌ സെമി ക്രയോവിദ്യ. ഇവിടെ ഓക്സിജൻ മാത്രമാണ് ക്രയോജനിക്ദ്രാവകം (പൂർണമായ ക്രയോജനിക്  റോക്കറ്റിൽ അതിശൈത്യത്തിൽമാത്രം നിലനിൽക്കുന്ന ദ്രവീകരിച്ച ഓക്സിജനും  ദ്രവീകരിച്ച  ഹൈഡ്രജനും  ഉപയോഗിക്കുന്നു).   
ഭാരം കൂടിയ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിൽ എത്തിക്കാൻ ഇത്തരം റോക്കറ്റുകൾ വേണം. മണ്ണെണ്ണയും ലിക്വിഡ്ഓക്സിജനും ഉപയോഗിക്കുന്ന സെമി- ക്രയോജനിക്എൻജിനാണ് ഇവയ്ക്ക്ഏറ്റവും പറ്റിയ നോദകം. പുതു വിക്ഷേപണ വാഹനത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങളും പരീക്ഷണങ്ങളും തൃപ്തികരമായി  പുരോഗമിക്കുകയാണ്‌.  ഉടൻ ഇത്‌ യാഥാർഥ്യമാകുമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top