29 February Saturday

ഗഗനയാനത്തിന്റെ സങ്കീർണതകൾ

വി പി ബാലഗംഗാധരൻUpdated: Thursday Jan 9, 2020


ഇന്ത്യയും സ്വന്തം പേടകത്തിൽ  മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാൻ പോകുന്നു! യാത്ര പോകാനുള്ള രണ്ടുപേരും അവരുടെ പകരക്കാരായ രണ്ടുപേരും ഉൾപ്പെടെ നാലുപേരെ പരിശീലനത്തിനായി തെരഞ്ഞെടുത്തുകഴിഞ്ഞു. ഇന്ത്യൻ വ്യോമസേനയിലെ വൈമാനികരാണ്‌ ഇവർ. ജനുവരി അവസാനത്തോടെ അവരുടെ  പരിശീലനം റഷ്യയിൽ  ആരംഭിക്കും. മടങ്ങിയെത്തിയാൽ സങ്കീർണമായ പരിശീലനം ഇവിടെയും തുടരും. ബംഗളൂരുവിലാകും ഇത്‌.  

2022ൽ ഇന്ത്യയുടെ ഗഗനസഞ്ചാരികൾ നമ്മുടെ സ്വന്തം വാഹനത്തിൽ ഭ്രമണപഥത്തിൽ എത്തും. ഒരാഴ്ച അവർ ഭ്രമണപഥത്തിൽ കഴിയുമെന്നൊക്കെ കേൾക്കുന്നുണ്ടെങ്കിലും അതെല്ലാം അവസാനഘട്ടത്തിൽ തീരുമാനിക്കുന്ന കാര്യങ്ങളാണ്. ഭ്രമണപഥത്തിൽനിന്ന്‌ അവർ സുരക്ഷിതമായി കടലിൽ തിരിച്ചിറങ്ങും. ഇതിനു മുന്നോടിയായി ആളില്ലാ പേടകത്തിന്റെ പരീക്ഷണപ്പറക്കൽ ഈവർഷം അവസാനമുണ്ടാകും. ഇത്തരത്തിൽ രണ്ടു പരീക്ഷണപ്പറക്കലുകൾക്കാണ്‌  ഐഎസ്ആ‌ർഒയുടെ ആലോചന. ദൗത്യം ലക്ഷ്യം കാണുന്നതോടെ  മനുഷ്യനെ  ബഹിരാകാശത്ത്‌ എത്തിക്കാൻ ശേഷിയുള്ള മൂന്നു ലോക രാഷ്ടങ്ങൾക്കുമൊപ്പം ഇന്ത്യയും എത്തും. 
ഇതിൽ എന്താണ് ഇത്രയൊക്കെ സങ്കീർണത? നൂറിലധികം ഉപഗ്രഹം വിക്ഷേപിച്ചുകഴിഞ്ഞ ഐഎസ്‌ആർഒ; ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയച്ച ഐഎസ്‌ആർഒ, സ്വന്തമായി ഒന്നാംതരം റോക്കറ്റുകളുള്ള ഐഎസ്‌ആർഒ,  ലോക ബഹിരാകാശ ഗവേഷണരംഗത്ത് മാന്യമായ സ്ഥാനമുള്ള ഐഎസ്‌ആർഒ, ആ ഐഎസ്‌ആർഒയ്‌ക്ക്‌  രണ്ടുപേരെ ഭ്രമണപഥത്തിൽ എത്തിക്കുന്നത് ഇത്ര വലിയ സാഹസമാണോ? തീർച്ചയായും ആണ്! ഇത് ചില്ലറക്കളിയല്ല. മനുഷ്യൻ ഉൾപ്പെടുന്ന കളിയാണ്.  മനുഷ്യൻ യന്ത്രപേടകം പോലെയല്ല. യന്ത്രത്തിന് ശ്വസിക്കേണ്ട, ഭക്ഷണം വേണ്ട,  ഭാരമില്ലായ്മ വലിയ പ്രശ്നമല്ല, റേഡിയേഷൻ കൂടിപ്പോയാലും ക്യാൻസർ വരില്ല. ചൂടും തണുപ്പും കുറെയൊക്കെ സഹിക്കും. എന്നാൽ, മനുഷ്യന് ഇതൊന്നും പറ്റില്ല. മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുമ്പോൾ അവിടെ അവന് അതിജീവിക്കാനുള്ള സൗകര്യമൊരുക്കണം. അതിനുള്ള പരിസ്ഥിതി ഒരുക്കണം. ഒരാഴ്ച അവിടെ കഴിയാൻ പ്രത്യേക പരിശീലനം വേണം. ഭൂമിയിലെ ഗുരുത്വാകർഷണത്തിൽ ജനിച്ച് അതിൽത്തന്നെ ജീവിക്കുന്ന മനുഷ്യനെ ഗുരുത്വാകർഷണം അനുഭവപ്പെടാത്ത അവസ്ഥയിൽ ജീവിക്കാൻ തയ്യാറാക്കണം. ഇതൊക്കെയാണ് വലിയ കടമ്പകൾ.
രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ക്രൂ മൊഡ്യൂളും അനുബന്ധ സൗകര്യങ്ങളുള്ള സർവീസ് മൊഡ്യൂളും തയ്യാറായിക്കൊണ്ടിരിക്കുന്നു. ധരിക്കാനുള്ള സ്‌പെയ്‌സ് സൂട്ടും കൊണ്ടുപോകാനുള്ള സംവിധാനങ്ങളും ഒരുങ്ങുന്നു. വിക്ഷേപണവാഹനം മനുഷ്യസഞ്ചാരയോഗ്യമാക്കുന്നു. വിക്ഷേപണസമയത്ത് അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള പാഡ് അബോർറ്റ് ടെസ്റ്റ്‌  നടന്നുകഴിഞ്ഞു. ഭ്രമണപഥത്തിൽനിന്ന്‌ തിരിച്ചിറങ്ങലാണ് ഏറെ സങ്കീർണം. അതും  ഐഎസ്‌ആർഒ  പരീക്ഷിച്ചു. ഇനി വേണ്ടുന്ന കാര്യങ്ങൾ ഏകോപിപ്പിക്കാൻ ബംഗളൂരുവിൽ ഒരു പ്രത്യേക കേന്ദ്രംതന്നെ ആരംഭിച്ചിട്ടുണ്ട്.

ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ ഗഗൻയാൻ കുതിക്കുക. ജിഎസ്എൽവി മാർക്ക്‌‐ 3 റോക്കറ്റ്‌  4500‐-5000 കിലോയുള്ള പേടകത്തെ  200x400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കും.


പ്രധാന വാർത്തകൾ
 Top