18 June Tuesday

ചരിത്രവല്‍ക്കരണത്തിന്റെ അവിരാമങ്ങള്‍...സുനില്‍ പി ഇളയിടം സംസാരിയ്ക്കുന്നു

സുനില്‍ പി ഇളയിടം/ റഫീഖ് ഇബ്രാഹിംUpdated: Friday Sep 8, 2017

മുഴുവന്‍ മനുഷ്യരിലും നൈതികതയുടെയും മാനുഷികമായ മികവുകളുടെയും എന്തെങ്കിലുമൊക്കെ അംശങ്ങള്‍ ഉണ്ടായിരിക്കും.  അത് പ്രകാശിപ്പിക്കാനും ആവിഷ്ക്കരിക്കാനും പല കാരണങ്ങള്‍കൊണ്ട് അവര്‍ക്ക് കഴിയാതെപോയി. അങ്ങനെ കഴിയാതെ പോയവരെ അതിന്റെ പേരില്‍ നമ്മള്‍ കുറ്റവാളികളാക്കേണ്ടതില്ല.

മാനന്തവാടി ഗാന്ധിപാര്‍ക്ക്, സുനില്‍ പി ഇളയിടം സംസാരിക്കുകയാണ്. നവോത്ഥാനവും നാരായണഗുരുവുമാണ് പ്രമേയം. മാര്‍ക്സ് മുതല്‍ ഫ്രെഡറിക് ജയിംസണ്‍ വരെ, സൊസ്യൂര്‍ മുതല്‍ ദറിദ വരെ. മാര്‍ക്സിസത്തെയും ഉത്തര ചിന്താപദ്ധതികളിലെ സങ്കീര്‍ണമായ ആശയലോകങ്ങളെയും അടിസ്ഥാനമാക്കി നാരായണഗുരുവിനെ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടുകയാണ് പ്രാസംഗികന്‍. പ്രസംഗം കേള്‍ക്കാനുള്ളത് പാര്‍ടി പ്രവര്‍ത്തകര്‍, തൊട്ടടുത്ത പച്ചക്കറിച്ചന്തയിലെ ഉന്തുവണ്ടിത്തൊഴിലാളികള്‍, വഴിപോക്കരായ നാനാവിതാനങ്ങളിലുള്ളവര്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍... അവര്‍ക്കുമുമ്പിലാണ് ലെവിനാസിനെ, ഹെബര്‍മാസിനെ, എഡ്വേഡ് സെയ്ദിനെ മാഷ് കടമെടുക്കുന്നത്.

എത്ര വലിയ പ്രാസംഗികന്റെയും അടിതെറ്റാന്‍ സാധ്യതയുള്ള സാഹചര്യത്തെ സൌമ്യമായ ചിരിയോടെ വാക്കിലെ മൂര്‍ച്ച ഒട്ടുമേ കുറയാതെ ചാരുതയാര്‍ന്ന ഭാഷയില്‍ മാഷ് ഇഴ വിടര്‍ത്തി. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ എംഎ, എംഫില്‍ ക്ളാസുകളില്‍ വിദ്യാര്‍ത്ഥികളിരിക്കുന്ന അതേ നിശ്ശബ്ദതയോടെ സാകൂതം പൊതുജനം സുനില്‍ പി ഇളയിടത്തെ കേട്ടുകൊണ്ടിരിക്കുന്നു.  ലളിതമായൊരര്‍ത്ഥത്തില്‍ സുനില്‍ പി ഇളയിടം ഇതാണ്. അദ്ദേഹത്തിന് സിദ്ധാന്തം സ്വന്തം വൈജ്ഞാനിക ഔന്നത്യത്തിന്റെ തെളിവോ ക്ളാസ്മുറിയില്‍ ഡിസക്ഷന്‍ നടത്താനുള്ള അസംസ്കൃത വസ്തുവോ അല്ല. നിത്യജീവിതത്തിലെ നാനാപ്രയോഗങ്ങളെ തെളിമയോടെ വിശദീകരിക്കാനുള്ള രാഷ്ട്രീയപദ്ധതികളാണ്. സ്വയം ഒരു രാഷ്ട്രീയജീവിയായേ അദ്ദേഹം നിലയുറപ്പിക്കുന്നുള്ളൂ.

മലയാള മാര്‍ക്സിസ്റ്റ് ചിന്താലോകത്തിലെ മൂന്നാം തലമുറയുടെ ശക്തനായ പ്രതിനിധിയാണ് സുനില്‍ പി ഇളയിടം. സംസ്കാരവിമര്‍ശനത്തെയും രാഷ്ട്രീയ സമ്പദ് വിശകലനത്തെയും ഇരുകള്ളികളായി നിര്‍ത്തി സാമൂഹ്യവിശകലനത്തിനുപയുക്തമാക്കിപ്പോരുന്ന നടപ്പുരീതികളില്‍ നിന്നദ്ദേഹം വ്യതിചലിക്കുന്നുണ്ട്. പൊതുധാരണയില്‍ ഉറയ്ക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ തന്നെ ഈ വിശകലനരീതി വേണ്ട ഗൌരവത്തോടെ നമുക്കിടയില്‍ അദ്ദേഹത്തെ സ്ഥാനപ്പെടുത്തുന്നതിന് തടസ്സമാവുന്നുണ്ടോ എന്നത് പരിശോധനാര്‍ഹമാണ്. പ്രാസംഗികന്‍, അധ്യാപകന്‍, ചിന്തകന്‍, സാംസ്കാരിക വിമര്‍ശകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ നാനാവിതാനങ്ങളിലേക്ക് നിരന്തരം ചലിച്ച് അവിടെയെല്ലാം ഓളങ്ങള്‍ നിര്‍മ്മിക്കുന്ന സുനില്‍ പി ഇളയിടം സമകാല മലയാളലോകത്ത് വിശേഷണങ്ങളാവശ്യമില്ലാത്ത വ്യക്തിത്വമാണ്. ഏറ്റവുമടുത്ത് 'മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം' എന്ന പേരില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാഷണപരമ്പര ഏഴുവേദികള്‍ പിന്നിട്ടുകഴിഞ്ഞു. ഹിന്ദുത്വയുടെ സാംസ്കാരിക മൂലധനങ്ങളെ അതിനുള്ളില്‍ കടന്ന് അഴിച്ച് ഭൌതികവും ചരിത്രപരവുമായി ചിതറിക്കുന്ന അദ്ദേഹം ആ ക്യാമ്പിലുണ്ടാക്കുന്ന അലോസരം ചില്ലറയല്ല. സുനില്‍ പി ഇളയിടം സംസാരിക്കുന്നു.....  

? മാഷ്, മലയാളസാംസ്കാരികലോകത്തിനകത്ത് പൊതുവെ സര്‍വസ്വീകാര്യനാണ്. മാനവികമായ ഒരു ഇടപെടല്‍ ശേഷി മാഷില്‍ കണ്ടിട്ടുണ്ട്. ചാരുത, സൌമ്യത, സര്‍ഗാത്മകത എന്നിവയാല്‍ പൂരിതമാണത്. എതിര്‍വാദങ്ങളുന്നയിക്കുന്നവരെപ്പോലും തന്നിലേക്ക് ആകൃഷ്ടനാക്കാന്‍ കഴിയുന്ന Personalisation of politics  എന്ന് വിളിക്കാവുന്ന ഒരു വിനിമയലോകം. ഇത് വളരെ ബോധപൂര്‍വം രൂപപ്പെടുത്തിയെടുത്തതാണോ അതോ ജൈവികമായ ഒന്നുതന്നെയാണോ?

= സര്‍വസ്വീകാര്യത എന്നതൊക്കെ വാസ്തവത്തില്‍ അപകടകരമായ ഒന്നുകൂടിയാണ്. ലോകം എന്നെക്കുറിച്ച് എന്താണ് കരുതുന്നത് എന്നെനിക്കറിയില്ല. എങ്കിലും പൊതുവില്‍ ആളുകളോട് തുറന്നുപെരുമാറാനാണ് ഞാന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. അത് വാസ്തവത്തില്‍ എന്റെയൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്നതാണ്. ഞാന്‍ പ്രീഡിഗ്രി ആദ്യവര്‍ഷംതൊട്ട് എംഎ അവസാനവര്‍ഷം വരെ സംഘടനാപ്രവര്‍ത്തനത്തില്‍ വളരെ സജീവമായി ഉണ്ടായിരുന്ന ഒരാളാണ്. പ്രീഡിഗ്രിക്ക് മാല്യങ്കര കോളേജില്‍ പഠിക്കുന്ന സമയത്തുതന്നെ സ്റ്റുഡന്‍സ് യൂണിയനിലേക്ക് മത്സരിക്കുന്നുണ്ട്. അന്നവിടെ പിജി കോഴ്സ് വരെ ഉള്ളതാണ്. ഡിഗ്രി ഫസ്റ്റിയറും സെക്കന്റിയറും ചെയര്‍മാനായി മത്സരിച്ചു. മഹാരാജാസില്‍ എംഎ പഠിച്ച രണ്ടുവര്‍ഷവും ഇതേപോലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുകയുണ്ടായി. അങ്ങനെ ഏഴുവര്‍ഷം കോളേജില്‍ പഠിച്ചതില്‍ ആറുവര്‍ഷവും ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രീഡിഗ്രി ഒന്നാം വര്‍ഷം കഴിയുമ്പോള്‍ തന്നെ എസ്എഫ്ഐയുടെ ജില്ലാക്കമ്മിറ്റി അംഗവും ക്യാമ്പസിലെ സംഘടനയുടെ പ്രധാനപ്പെട്ട നേതൃത്വവുമായി മാറി. അതിന്റെ ഭാഗമായിട്ടുകൂടിയാണ് എന്റെയീ പെരുമാറ്റം ഇത്തരത്തില്‍ ക്രമപ്പെട്ടത്. ആളുകളോട് സൌമ്യമായും തുറന്നും പെരുമാറാന്‍ മുമ്പേ ഞാന്‍ ശ്രമിച്ചു പോന്നിരുന്നു എങ്കിലും സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആ രീതി കുറേക്കൂടി ബലപ്പെടുത്തുകയുണ്ടായി. കഴിയുന്നത്ര ആളുകളോട് അവരെ പരിഗണിച്ച് പെരുമാറുക എന്നത് ഇങ്ങനെ കൂടി രൂപപ്പെട്ടുവന്നതാണ്. എന്റെ രാഷ്ട്രീയധാരണകള്‍ വികസിച്ചുവന്നപ്പോള്‍ ഏറ്റവും പ്രധാനമായി തോന്നിയ ബോധ്യം എപ്പഴും തനിക്ക് പുറത്തുള്ളവരോട് കരുതലുണ്ടാകണം, അവരെ പരിഗണിച്ചുകൊണ്ടേ നിലപാടുകളെടുക്കാവൂ എന്ന ഒരുതലമാണ്.

സുനില്‍ പി ഇളയിടം മഹാഭാരത പ്രഭാഷണ വേദിയില്‍

സുനില്‍ പി ഇളയിടം മഹാഭാരത പ്രഭാഷണ വേദിയില്‍ഇത് മിക്കപ്പോഴും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ രാഷ്ട്രീയശരികള്‍ ഉറപ്പിച്ചുപറയുമ്പോള്‍തന്നെ മറ്റുള്ളവരെ തള്ളിക്കളയാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വ്യത്യസ്തമായി നില്‍ക്കാനുള്ള ഒരിടം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. എന്റെയൊരു തോന്നലെന്താണെന്നുവച്ചാല്‍ മുഴുവന്‍ മനുഷ്യരിലും നൈതികതയുടെയും മാനുഷികമായ മികവുകളുടെയും എന്തെങ്കിലുമൊക്കെ അംശങ്ങള്‍ ഉണ്ടായിരിക്കും. അത് പ്രകാശിപ്പിക്കാനും ആവിഷ്ക്കരിക്കാനും പല കാരണങ്ങള്‍കൊണ്ട് അവര്‍ക്ക് കഴിയാതെപോയി. അങ്ങനെ കഴിയാതെ പോയവരെ അതിന്റെ പേരില്‍ നമ്മള്‍ കുറ്റവാളികളാക്കേണ്ടതില്ല എന്നതാണ്. ഗുരു സഹോദരന്‍ അയ്യപ്പനോട് പറഞ്ഞ വാക്യം തന്നെയാണ് ശരി 'ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം'. ക്രിസ്തുവിനെപ്പോലെയൊന്നും ക്ഷമിക്കാന്‍ സാധ്യമല്ല എങ്കിലും ഞാന്‍ പൊതുവേ ഒരു വിഷയത്തില്‍ മറ്റൊരാളുമായി അഭിപ്രായവ്യത്യാസം വന്നാല്‍ അതുപറയുക എന്നല്ലാതെ അതിനപ്പുറം വ്യക്തിപരമായി അവ കൊണ്ടുനടക്കാറില്ല. ഒരു മനുഷ്യനില്‍ എന്ത്  നന്മയുണ്ടെന്ന് നമ്മള്‍ അന്വേഷിക്കണം. അല്ലാതെ അയാളിലെന്തു കുറവുണ്ട് എന്നന്വേഷിച്ചിട്ട് കാര്യമൊന്നുമില്ല. തിരിച്ച് എത്ര നന്മ നിറഞ്ഞവരിലും ധാരാളം പരാധീനതകള്‍ നിശ്ചയമായും കണ്ടെത്താം. പക്ഷേ അവ വച്ചയാളെ അളക്കേണ്ട കാര്യമില്ല.  

? ഈ പെരുമാറ്റമര്യാദ ഒരു പൊളിറ്റിക്കല്‍ പൊസിഷന്‍ കൂടിയാണോ.


= ഞാനതില്‍ കാണുന്ന സൂക്ഷ്മരാഷ്ട്രീയമെന്താണെന്നുവച്ചാല്‍ ആധുനിക ലോകബോധത്തിന്റെ ഭാഗമായി നമ്മിലുറപ്പിക്കപ്പെട്ട ഒന്നാണ് ഉറച്ച വ്യക്തിത്വം. മനുഷ്യരെല്ലാം ഭയങ്കര ബലിഷ്ഠകരരായി സ്വയം മാറി. ഉറച്ച നിലപാട്, ഉറച്ച കാഴ്ചപ്പാട്, ഉറച്ചവ്യക്തിത്വം, വിട്ടുവീഴ്ചയില്ലായ്മ ഇതിനൊക്കെ വലിയ പരിവേഷം കിട്ടി. അങ്ങനെ മനുഷ്യര്‍ക്കിടയിലുളള ഈ അയവിന്റെ ഒരു തരം ഫ്ളൂയിഡ് സ്പെയിസുണ്ടല്ലോ - അത് വല്ലാതെ ചുരുങ്ങിപ്പോവുകയുണ്ടായി. എന്നെ സംബന്ധിച്ച് ആ സ്പേസ് ഇപ്പോഴും സജീവമാണ്. അത് വേണമെന്ന് ഞാന്‍ രാഷ്ട്രീയമായിക്കൂടി കരുതുന്നുണ്ട്. കാരണം നമ്മളിലൊക്കെയുള്ള ഹിംസയുടെ ഒരു സൂക്ഷ്മതലമെന്താണെന്നുവച്ചാല്‍, ഹിംസ നമ്മളൊരാളെ ശാരീരികമായോ കായികമായോ ആക്രമിക്കുന്നത് മാത്രമൊന്നുമല്ല, മറ്റൊരാളെ പരിഗണിക്കാതിരിക്കലാണ്.

അത് ചെയ്തുകൂടാ എന്നാണെന്റെ ബോധ്യം. പിഴവുണ്ടെന്ന് തോന്നിയാലും മറ്റൊരാളെ പരിഗണിക്കും, ആ പിഴവ് മാത്രമല്ലല്ലോ അയാള്‍. നിലപാടുകളുടെ പേരില്‍ ഒരുപാട് സുഹൃത്തുക്കള്‍ എന്നില്‍നിന്ന് തെറ്റിപ്പോയിട്ടുണ്ട്. ഞാന്‍ പക്ഷേ ആരില്‍നിന്നും തെറ്റിപ്പോയിട്ടില്ല. നിലപാടുകളോട് വിയോജിക്കുക എന്നല്ലാതെ വ്യക്തിയെ ആകെ ഉപേക്ഷിക്കല്‍ എന്റെയൊരു രീതിയല്ല. പിന്നെ ഞാന്‍ കരുതുന്നത് ക്ഷമിക്കാന്‍ കഴിയുന്നില്ല എങ്കില്‍ സ്നേഹത്തിന് ഒരര്‍ത്ഥവുമില്ല. ശരികള്‍ മാത്രം ചെയ്യുന്നൊരാളെ സ്നേഹിക്കാന്‍ ഒരു പ്രയാസവുമില്ലാത്ത കാര്യമാണ്, യാതൊരു ഭാരവുമില്ല. തെറ്റു ചെയ്ത ഒരാളെ സൌഹൃദത്തില്‍ കൂടെ കൂട്ടുമ്പോഴേ സൌഹൃദത്തില്‍ പ്രയാസമുളളൂ. അപ്പോഴാണ് സൌഹൃദം നമ്മുടെയൊരു ധാര്‍മ്മികാവിഷ്ക്കാരമായി മാറുന്നത്. പൊളിറ്റിക്കലി നൂറുശതമാനം ശരിയായിരിക്കുന്നൊരാളെ കൂടെ നിര്‍ത്താന്‍ എളുപ്പമാണ്, മറിച്ചൊരു നിലപാടുളളവരുമായി സൌഹൃദം സ്ഥാപിക്കല്‍ എളുപ്പമല്ല. ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായികൂടിയാണ് അത്തരം സൌഹൃദവലയങ്ങള്‍ രൂപീകരിക്കാറുളളത്.

? ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തകര്‍ പിന്തുടരേണ്ട ഒരു അടിസ്ഥാനമൂല്യം കൂടിയാണോ ഇത്തരം മാനവികമായ ഇടപെടലുകള്‍.

= രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു കാര്യമാണിതെന്ന് അഭിപ്രായമുണ്ട്. കരുതല്‍ വളരെ പ്രധാനമാണ്. അതില്‍ ഗാന്ധിജിയെയൊക്കെ വിലമതിക്കേണ്ടതുണ്ട്. അദ്ദേഹത്തിനൊക്കെ ഈ 'അവസാനത്തെ ആളോട്' കരുതല്‍ ഉണ്ടായിരുന്നു. ഗുരുവിനതുണ്ടായിരുന്നു. കെ പി അപ്പന്‍ ഗുരുവിനെക്കുറിച്ച് പറയുന്ന ഒരാശയമുണ്ട്. 'ഗുരു ഒരു വൈദ്യനായിരുന്നു' എന്ന്. വൈദ്യന്റെ പ്രത്യേകത എന്താണെന്നുവച്ചാല്‍ വൈദ്യന്‍ രോഗത്തെയാണ് എതിര്‍ക്കുക രോഗിയെയല്ല. രോഗിയെ സ്നേഹിക്കും, നമ്മുടെ ഒരു പൊതുരീതി രോഗിയെ എതിര്‍ക്കലാണ്. രോഗിയെ എതിര്‍ത്തുകൂടാ, രോഗം അയാളുടെ കുറ്റമല്ല. ദൈനംദിന ജീവിതത്തിലെ സൂക്ഷ്മതലങ്ങളില്‍പോലും ഹിംസയുണ്ട്. അതിനെതിരായ ഒരു നിലപാട് അടിസ്ഥാനമായി എടുക്കേണ്ടതുണ്ട്.

കാരണം രാഷ്ട്രീയത്തിന്റെ ഉന്നതതലം താനല്ലാത്തവരെക്കുറിച്ചുള്ള തന്റെ കരുതലാണ്. ആ കരുതലിന് സംഘടനാപരവും ഭരണകൂടപരവും വ്യക്തി ജീവിതത്തിലെ ദൈനംദിനപ്രയോഗങ്ങളുമായുള്ള ആവിഷ്ക്കാരങ്ങളുണ്ട്. അടച്ചുപൂട്ടിയ ഒരു റേഷന്‍കടക്കെതിരെ സമരം നടത്തുന്നതും നമ്മുടെ മുമ്പില്‍ വന്നിരിക്കുന്ന മനുഷ്യനോട് സമഭാവനയോടെ പെരുമാറുന്നതും ഈ കരുതലിന്റെ ഭാഗമാണ്. രണ്ട് ആവിഷ്ക്കാരങ്ങളാണെന്നെയുളളൂ. അതുപക്ഷേ പലപ്പോഴും നമ്മള്‍ ശീലിക്കുന്നില്ല, കാരണം വ്യക്തികളെ അവനവനിലേക്ക് ചുരുക്കാനുളള പ്രവണതയാണല്ലോ ആധുനികത കൊണ്ടുവന്നത്. Individualism എന്ന വാക്ക് ആദ്യമുപയോഗിച്ചത് ആഡംസ്മിത്താണ്, വെല്‍ത്ത് ഓഫ് നേഷന്‍സില്‍, ഇതേ ആഡംസ്മിത്താണ് മുതലാളിത്തത്തിന്റെ ആദ്യ അടിസ്ഥാനമൊരുക്കിയ ഒരാള്‍. ബന്ധങ്ങളെല്ലാം വകഞ്ഞുമാറ്റി അവസാനം സത്താപരമായി അവശേഷിക്കുന്നതെന്തോ അതാണ് indivi-dual. അത് മുതലാളിത്തത്തിന്റെ മനുഷ്യനാണ്. അങ്ങനെയൊരു യുക്തിയില്‍നിന്ന്   മറ്റുള്ളവരിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായി മാറല്‍ മുതലാളിത്തത്തിനെതിരായ സമരം കൂടിയാണ്. ഭദ്രവ്യക്തി എന്ന സങ്കല്‍പ്പത്തെ ഒന്നുലയ്ക്കുക, ഇത് പ്രധാനമാണ്. ഇത്തരമൊരു നിലപാട് ആളുകളെ എന്തുകൊണ്ട് സ്പര്‍ശിക്കുന്നു എന്നന്വേഷിച്ചാല്‍ എല്ലാവരുടെ ഉള്ളിലും ഇങ്ങനെ ചിതറിയ ഒരു മനുഷ്യനുണ്ട് എന്നതിനാലാവും. അതിനെ മൂടിവച്ച് ബലിഷ്ഠമനുഷ്യരാവാനുളള ശ്രമത്തില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തവരാണ് മിക്കവരും. അവരുടെയടുത്താണ് നിങ്ങള്‍ നിരുപാധികമായി ചിരിക്കുകയോ പെരുമാറുകയോ ചെയ്യുന്നത്, അതവരെ സ്പര്‍ശിക്കാതിരിക്കാന്‍ തരമില്ല. 
സീതാറാം യെച്ചൂരി, എം എ ബേബി തുടങ്ങിയവരോടൊപ്പം

സീതാറാം യെച്ചൂരി, എം എ ബേബി തുടങ്ങിയവരോടൊപ്പം? ഭാഷാപരമായ ഒരു ചാരുത മാഷിന്റെ പഠനങ്ങളുടെ ശീര്‍ഷകങ്ങളില്‍ മിക്കതിലും കാണാം.  കാലമേ നിനക്കഭിനന്ദനം, ത്യാഗരാജയോഗവൈഭവം എന്നിങ്ങനെ മിക്ക തലക്കെട്ടുകളും കാവ്യാത്മകം കൂടിയാണ്. മാനുഷികതയും കാവ്യാത്മകതയും തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്നു എന്നതിനാലാണോ ഭാഷാപരമായ ഈ ചാരുതയെ വിടാതിരിക്കുന്നത്.

= അതെ, ഞാന്‍ പറഞ്ഞുവന്നത് ഇത് തന്നെയായിരുന്നു. ഉയര്‍ന്നതലത്തിലുള്ള കവിത, ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയം, ഉയര്‍ന്ന തലത്തിലുളള ആധ്യാത്മികത ഇവ ചെന്നുതൊടുന്ന ഒരു ബിന്ദുവുണ്ട്. അത് നീതിയാണ്, നേരത്തെ പറഞ്ഞ concern for the other. സാഹിത്യം എന്നെ എന്നില്‍നിന്ന് മോചിപ്പിക്കുന്നു. വേറെ ആരുടെയൊക്കെയോ മാനുഷികഭാവങ്ങളിലേക്ക് എന്നെ കൂട്ടിയിണക്കുന്നു. ഞാനതിനെ ചൊല്ലി സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഞാന്‍ എനിക്കുപുറത്തേക്ക് ഒഴുകുകയാണ്. ഇതുതന്നെയാണല്ലോ രാഷ്ട്രീയം. ആഫ്രിക്കയിലെവിടെയോ ഉള്ള ഒരാള്‍ക്കുവേണ്ടി ജാഥ നടത്തുക. ആര്‍ക്കോ അടികൊള്ളുന്നതില്‍ നമുക്ക് വേദനിക്കുക. ഏതെങ്കിലും കവിത വായിച്ചു സങ്കടപ്പെടുന്നതുപോലെ തന്നെയാണ് പലസ്തീനില്‍ ബോംബ് പൊട്ടി മരിച്ച കുഞ്ഞുങ്ങളെ ചൊല്ലിയുള്ള സങ്കടവും. അടിസ്ഥാനപരമായി വ്യത്യാസങ്ങളില്ല. ഗുരുവിനെക്കുറിച്ച് പറയുമ്പോള്‍ ആശാന്‍ പറയുന്ന  ഒരു കാര്യമുണ്ട് അരുവിപ്പുറത്തെ പ്രതിഷ്ഠ നടത്താനായി ഗുരു വിഗ്രഹമെടുത്ത് മൂന്ന് മണിക്കൂറോളം നിന്നത്രെ, ആ സമയത്ത് മുഴുവന്‍ ഗുരു കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഞാനിങ്ങനെ ആലോചിച്ചിട്ടുണ്ട്് ഇതാര്‍ക്ക് വേണ്ടിയാണ് ഈ കരയുന്നത്, ഒരു വാക്യം നമുക്ക് ചേര്‍ത്ത് ആലോചിക്കാവുന്നത് ബര്‍ട്രന്‍ഡ് റസല്‍ മഹത്വത്തിന്റെ  ഉയര്‍ന്ന മാനദണ്ഡമായി പറയുന്ന ഒരു കാര്യം concern for the other.- എന്നതാണ്.

മനുഷ്യവംശത്തെക്കുറിച്ചുള്ള നിത്യമായ വേദന. ആ വേദന ഗുരുവിലുണ്ട്,  അല്ലാതെ ആര്‍ക്കുവേണ്ടിയാണ് കരയുക. അതുകൊണ്ട് കവിതയും രാഷ്ട്രീയവും ആധ്യാത്മികതയും ഒക്കെ ചേരുന്ന ഒരു പോയിന്റില്‍ വച്ച് നമുക്ക് കൈകോര്‍ക്കാന്‍ പറ്റും. അത് നീതിയുടെ പോയിന്റാണ്. അതുകൊണ്ടാണ് ഉയര്‍ന്ന അധ്യാത്മബോധമുള്ള ഒരാളുമായും യാതൊരു ദൈവവിശ്വാസമില്ലാത്ത ഒരാളുമായും നമുക്ക് ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്നത്. എത്തിക്സിന്റെ തലത്തിലാണ് അതുപോയി തൊടുന്നത്. ആചാരമാണ് മതമെങ്കില്‍ നമുക്കതിനെ തൊടാന്‍ പറ്റില്ല. മറിച്ച് ഈ അനുഭൂതിയാണെങ്കില്‍  നമുക്കതിനെ തൊടാന്‍ പറ്റും. യുക്തിവാദത്തിന് മിസ് ചെയ്യുന്ന ഒരു പോയിന്റിതാണ്. യുക്തിവാദമെന്നും ഈ അനുഭൂതിതലത്തെ ഒട്ടും പരിഗണിക്കുന്നില്ല. മനുഷ്യര്‍ കാര്യകാരണങ്ങളുടെ തലത്തില്‍ ജീവിക്കുന്നതുപോലെ അനുഭവത്തിന്റെ തലത്തില്‍ കൂടി ജീവിക്കുന്നുണ്ട്. ഞാനീ അനുഭവതലത്തെ ഒട്ടും അതിഭൌതികമായി കാണുന്ന ആളല്ല. വളരെ ചരിത്രപരമായി കാണുന്ന ആളാണ്. പക്ഷേ അത് വണ്‍ ടു വണ്‍ എന്ന മട്ടില്‍ വിശദീകരിക്കാന്‍ പറ്റുന്ന ഒന്നല്ല. ഹിസ്റ്ററിയുടെ ആഴത്തിലുള്ള കൂടിക്കലരലാണ് അത്. അതാണ് വാസ്തവത്തില്‍ കവിത. ആ കവിതയെ അഡ്രസ്സ് ചെയ്യാനുളള ഒരു ശ്രമം കൂടിയാണ് റഫീഖ് പറഞ്ഞപോലെ ശീര്‍ഷകങ്ങള്‍.

? അതിലുപരി മാഷിലൊരു കവി എവിടെയൊക്കെയോ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍.

= കവിത ഞാനെഴുതിയിരുന്നു, മാഗസിനുകളിലൊക്കെ. കോളേജ് വിദ്യാഭ്യാസകാലത്ത് യൂണിവേഴ്സിറ്റി തലത്തില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ഫസ്റ്റ്പ്രൈസ് കിട്ടിയിട്ടുണ്ട്. അതിന്റെയൊരു തമാശ എന്താണെന്നുവെച്ചാല്‍ അഞ്ചുവര്‍ഷക്കാലം കലോത്സവത്തില്‍ പങ്കെടുത്തിട്ട് ഒരിക്കലും സമ്മാനം കിട്ടാതെ പോയ ഒരിവന്റ ് പ്രസംഗമാണ്. ഒരുതവണ മൂന്നാം സ്ഥാനം കിട്ടി എന്നത് മാറ്റിവച്ചാല്‍. കവിതയിലാവട്ടെ തുടര്‍ച്ചയായി ഒന്നാം സ്ഥനത്തായിരുന്നു. എങ്കിലും എംഎ സെക്കന്റിയറായപ്പോള്‍ ഞാന്‍ കവിതയെഴുത്ത് നിര്‍ത്തി. അക്കാലത്ത് നോക്കുമ്പോള്‍ ഞാനെഴുതിയ കവിതയൊക്കെ സച്ചിദാനന്ദനെയും കെ ജി എസിനെയും കൂട്ടിയിണക്കിയിട്ട് ഒരു ഫോര്‍മാറ്റുണ്ടാക്കി അതിങ്ങനെ പ്രക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. അതെന്തിനാണ് ഞാന്‍ ചെയ്യുന്നത്. അവര് നന്നായി ചെയ്യുന്നുണ്ടല്ലോ അതിന്റെയൊരു വികൃതാനുകരണം ഞാനായി ചെയ്യേണ്ടല്ലോ എന്ന് ബോധ്യമായ എംഎ കാലത്തോടെ ഞാനത് നിര്‍ത്തി. എനിക്കാകെ കവിതയെഴുത്ത് കൊണ്ടുണ്ടായ മെച്ചം എന്റേതൊരു നല്ല കവിതയല്ല എന്നു തിരിച്ചറിഞ്ഞു എന്നതാണ്. അത് തിരിച്ചറിയാതെ ഒരു പാടുപേര്‍ ഇപ്പോഴും കവിതയെഴുതിക്കൊണ്ടിരിക്കുന്നുണ്ട് എന്നതോര്‍ത്താല്‍ ആ തിരിച്ചറിവ് വളരെ നന്നായി എന്നുപറയാം. ചില കവിതകള്‍ കാണുമ്പോളും ഇതിനെക്കാള്‍ നന്നായി എനിക്കൊക്കെ എഴുതാലോ എന്നു തോന്നാറുണ്ട്. നിങ്ങളൊരു നൂറുവരി കവിത എഴുതിയാല്‍ അതില്‍ രണ്ടുമൂന്ന് വരിയൊക്കെ നല്ലതായിരിക്കും.

അത് നമ്മള് വായിച്ചും പഠിച്ചും ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരത്തിന്റെ ഉള്ളില്‍നിന്ന് സംഭവിച്ചുപോകുന്നതാണ്. ആ വരികളെ മുന്‍നിര്‍ത്തി കവിയാണെന്നൊന്നും സ്വയം തെറ്റിദ്ധരിച്ചുപോവരുതല്ലോ. അത് ഭാഷയുടെ ഒരു ശേഷിയാണ്. കുഞ്ചന്‍ നമ്പ്യാരെയൊക്കെ മുഴുവന്‍ വായിച്ചാല്‍ അതുപോലെ കുറച്ചു വരിയൊക്കെ ഉണ്ടാക്കാന്‍ നമുക്കുപറ്റും. ചങ്ങമ്പുഴ വായിച്ചാല്‍ പറ്റും. അത് നമ്മുടെ കവിത്വത്തിന്റെ അടയാളമായൊന്നും എടുത്തുകൂടാ. അതൊരു കാവ്യപരിശീലനമാണ്. അതില്‍നിന്ന് സ്വന്തമൊരു ഭാഷയെ  ഉണ്ടാക്കിയെടുക്കാന്‍ പറ്റുമെങ്കില്‍ തുടരാവുന്നതാണ്. അങ്ങനെ പറ്റില്ല എന്നൊരു തിരിച്ചറിവ് എംഎ അവസാനമാവുമ്പോഴേക്ക് എന്നില്‍ ബോധ്യമായി. പക്ഷേ കവിത എന്നെ മറ്റൊരു നിലയ്ക്ക് സഹായിച്ചു. പില്‍ക്കാലത്ത് പ്രസംഗത്തിലേക്ക് കാവ്യാത്മകമെന്നു പറയുന്ന ശൈലികള്‍, പ്രയോഗങ്ങള്‍, കവിതയുടെ വരികള്‍ എന്നിവയെ ചേര്‍ത്തുവിളക്കാന്‍ പറ്റി. പ്രസംഗത്തില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യം എന്താണെന്നുവച്ചാല്‍ അരമണിക്കൂര്‍ നേരം സംസാരിക്കുന്നതിനെക്കാള്‍ ശക്തമായിരിക്കും ഉചിതമായ നാലുവരി കവിത ആ സമയത്ത് അവിടെ ഉദ്ധരിക്കുന്നത്. അത് ആഴത്തില്‍ പ്രവര്‍ത്തിക്കും.  പ്രവര്‍ത്തിക്കുന്ന ഒന്നാണ് കവിതയൊക്കെ. അത് ഞാന്‍ മുമ്പ് പറഞ്ഞ നൈതികതയുടെ ഒരു തലമുണ്ടല്ലോ അവിടെയാണ് ചെന്നു തൊടുന്നത്.

? പ്രസംഗത്തിലേക്ക് വന്നപ്പോഴാണ്, മാഷ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍   വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണ് പ്രഭാ ഷകന്‍ എന്നതിലേക്ക് വഴി തെളിച്ചത് എന്നുപറയുന്നുണ്ട്.  അതിന്റെയൊരു അനുഭവങ്ങള്‍ വിവരിക്കാമോ.

= വാസ്തവത്തില്‍ മാല്യങ്കര പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴേ പ്രസംഗം തുടങ്ങിയിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷത്തോടെ പ്രാസംഗികനായി. അതിനുമുമ്പ് പരിഷത്തിന്റെ ബാലവേദിയിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെയൊക്കെ തന്നെ ചെറുതായി പ്രസംഗിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എങ്കിലും കോളേജിലെത്തിയപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം, ക്യാമ്പയിനിങ്ങുകള്‍ തുടങ്ങിയവയൊക്കെ വേണ്ടിവന്നു. അങ്ങനെ സംസാരിക്കുമ്പോള്‍ വായനയിലൂടെ ലഭിച്ച ഉദ്ധരണികളെ, കാവ്യശകലങ്ങളെ കൂട്ടിയിണക്കി പതുക്കെ പതുക്കെ ഒഴുക്കോടെ സംസാരിച്ചുതുടങ്ങി. അന്ന് പക്ഷേ കൃത്രിമമായ ഒരു ഭാഷയായിരുന്നു. ഞങ്ങളൊക്കെ മോഡേണിസത്തിന്റെ ഒരു പ്രതാപകാലത്താണ് വിദ്യാഭ്യാസത്തിലേക്ക് കേറുന്നത്. മങ്ങിത്തുടങ്ങിയെങ്കിലും കെട്ടുപോയിട്ടില്ല. അതുകൊണ്ട് ബാലചന്ദ്രന്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട തുടങ്ങിയവരുടെ വരികളൊക്കെ വലിയതോതില്‍ ഉദ്ധരിച്ച് ആഫ്രിക്കന്‍ കവിത, ലാറ്റിനമേരിക്കന്‍ കവിത ഒക്കെ കാണാതെ പഠിച്ച് നെരൂദ, നിക്കോളാസ് ഗിയന്‍ ഒക്കെ മനഃപാഠമാക്കിയാണ് പ്രസംഗിക്കുക. അല്ലെങ്കില്‍ ഖസാക്ക്, ഖസാക്കൊക്കെ എനിക്ക് എത്രയോ പേജുകള്‍ കാണാതെ അറിയാമായിരുന്നു. ധാരാളം ഉദ്ധരിക്കാനറിയാമായിരുന്നു. ഇങ്ങനെയൊരു ഭാഷ ക്ളാസ് ക്യാമ്പയിനിങ്ങുകളില്‍  ഉണ്ടാക്കിയെടുക്കുകയായിരുന്നു. ക്ളാസ് ക്യാമ്പയിനിങ്ങുകള്‍ അങ്ങനെ കേവല പ്രാസംഗികനില്‍നിന്ന് വ്യത്യസ്തമായി ഇത്തരം അംശങ്ങള്‍ കൂട്ടി വിളക്കുന്ന ഒരാളായി എന്നെ അന്നേ മാറ്റുന്നുണ്ട്.
അച്ചു ഉള്ളാട്ടില്‍, വി കെ ശ്രീരാമന്‍, എം എ ബേബി, റഫീക് അഹമ്മദ്, സുനില്‍ പി ഇളയിടം

അച്ചു ഉള്ളാട്ടില്‍, വി കെ ശ്രീരാമന്‍, എം എ ബേബി, റഫീക് അഹമ്മദ്, സുനില്‍ പി ഇളയിടംപിന്നെ മഹാരാജാസിലെത്തിയപ്പോള്‍ അത് കുറേക്കൂടി വലുതായി. ഡിഗ്രി  അവസാനവര്‍ഷമാവുമ്പോഴേക്ക് ഞാന്‍ പുറത്തൊക്കെ പ്രസംഗത്തിനായി പോയിത്തുടങ്ങി. ക്ളബ്ബുകളുടെ മീറ്റിങ്ങുകള്‍, കലാവേദികള്‍, ഇരുപതാം വയസ്സുമുതല്‍ പ്രസംഗിക്കുന്നു. കഴിഞ്ഞ പത്തിരുപത്തേഴ് വര്‍ഷമായി പ്രസംഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാദിവസവും പ്രസംഗിക്കാന്‍ മാത്രം ക്ഷണമുണ്ട്. എങ്കിലും ആന്തരികമായ ഒരു ക്രമീകരണം നടത്തി, മാസം പത്തുമുതല്‍ പതിനഞ്ച് വരെ പ്രസംഗങ്ങളെ നടത്താറുളളൂ. അതിനിടയില്‍ രണ്ടുവര്‍ഷക്കാലം ദേശാഭിമാനിയില്‍ ജോലിചെയ്തു.   അക്കാലത്ത് പ്രസംഗം കാര്യമായിട്ടില്ല. ഡെസ്കിലായതിനാല്‍ രാത്രിയാണല്ലോ ഡ്യൂട്ടി. അപൂര്‍വം ചില ശനിയാഴ്ചകളിലൊക്കെയേ അക്കാലത്ത് പ്രസംഗിച്ചിരുന്നുളളൂ. രണ്ടുവര്‍ഷം മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ഇരുപത്തഞ്ച് വര്‍ഷമായി പ്രസംഗവേദിയിലുണ്ട് എന്നുപറയാം. ആദ്യകാലത്തൊക്കെ ചെറിയ പരിഭ്രമങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചെട്ടു വര്‍ഷമായി അത്തരം  ഭയങ്ങള്‍ ഒന്നും തന്നെയില്ല. നമ്മള്‍ തമ്മിലിരുന്ന്  സംസാരിക്കുന്ന അത്രയും ശാന്തതയോടെതന്നെ സ്വച്ഛമായി പ്രസംഗവേദിയില്‍ നില്‍ക്കുവാന്‍ പറ്റും. അതിന്റെ പ്രത്യേകത ഈ സ്വച്ഛത കാണികളിലേക്ക് പരക്കും എന്നതാണ്. നമ്മള്‍ വളരെ പ്രസന്നനും ശാന്തനുമാണെങ്കില്‍ ആളുകള്‍ സൌമ്യമായി അതുകേള്‍ക്കും. നമ്മള്‍ ഒരു മുഷ്കോ ബലമോ ഒക്കെ കാണിച്ചാല്‍ ആളുകളും റെസിസ്റ്റ് ചെയ്യും. പ്രസംഗവേദിയില്‍ ജയിക്കാനുളള ആദ്യ ഘടകമായി എനിക്ക് തോന്നിയത് സദസ്സുമായി ഒരു ഹൃദയൈക്യം ഉണ്ടാവുക എന്നതാണ്. അതിനുള്ള ഏറ്റവും പ്രധാനവഴി നമ്മളൊട്ടും ഡോമിനേറ്റ് ചെയ്യാതിരിക്കുക എന്നതാണ്. കുറേ അറിവില്ലാത്തവര്‍ ഇരിക്കുന്നു ഞാനൊരു പണ്ഡിതന്‍ സംസാരിക്കുന്നു എന്ന മട്ടിലാണെങ്കില്‍ അഞ്ചുമിനിറ്റുകൊണ്ട്  റിജക്ട് ചെയ്യപ്പെടും. നിങ്ങളിലൊരാള്‍ എന്ന   മട്ടില്‍ സംസാരിച്ചു തുടങ്ങിയാല്‍ അത് വളരെപ്പെട്ടെന്ന് ജനങ്ങളിലേക്ക് ചെല്ലും. അത്തരമൊരു രീതിയില്‍ എത്തല്‍ എളുപ്പമല്ല. പ്രസംഗിച്ചു പ്രസംഗിച്ച് ഒരു വഴക്കം വരണം, എന്നാലേ അതു പറ്റുകയുള്ളൂ. 

? പ്രാസംഗികന്‍ എന്നതിലപ്പുറം നാനാമേഖലയില്‍ മാഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചരിത്രം, ചിത്രകല, നൃത്തം, സംഗീതം, സാഹിത്യം, ശാസ്ത്രം ഇങ്ങനെ പരസ്പരഭിന്നമെന്ന് തോന്നുന്ന വിഷയമേഖലകളിലേക്കുപോലും അന്വേഷണങ്ങള്‍ പടരുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ നവമാര്‍ക്സിസ്റ്റുകള്‍ പൊതുവെ പറയാന്‍ ശ്രമിച്ച സിനിമയുടെ രാഷ്ട്രീയം മാഷ് പറഞ്ഞതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. പഠനമേഖലകളെ തെരഞ്ഞെടുക്കുന്നതിലെ യുക്തിയെന്താണ്. 

= കൃത്യമായിട്ട് പറയുകയാണെങ്കില്‍ രസിക്കാത്ത ഒരു കാര്യത്തെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല. കേവലമൊരു വിവരം എന്ന നിലയില്‍ ഒന്നിനെക്കുറിച്ചും എഴുതിയിട്ടില്ല. രസിച്ചതും എന്‍ഗേജ് ചെയ്തതുമായ മേഖലകളെക്കുറിച്ചേ എഴുതിയിട്ടുള്ളൂ. ഒരുപക്ഷേ അങ്ങനെ എഴുതാത്ത ഒരേയൊരു മേഖല ഇപ്പറഞ്ഞപോലെ സിനിമയാണ്. സിനിമ ഞാന്‍ ഡിഗ്രി അവസാനവര്‍ഷം തൊട്ടേ ഗൌരവമായി കാണുന്നുണ്ട്. കൊടുങ്ങല്ലൂര് ഒരു ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു. അന്ന് വളരെ സജീവമാണ്. വര്‍ഷം അമ്പത്, അറുപത് സിനിമകള്‍ കാണിക്കുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പത് രൂപയാണ് വാര്‍ഷികവരിസംഖ്യ. അതില്‍ മൂന്ന് കൊല്ലക്കാലം അംഗമായിരുന്നു. കോളേജ് കഴിഞ്ഞാല്‍ പോയി സിനിമ കണ്ട് രാത്രിയിലാണ് വീട്ടിലേക്ക് തിരിക്കല്‍. പലപ്പോഴും ഭയങ്കരമായി വിശന്നിട്ടാണ് പോയിട്ടുള്ളത്.

ഐസന്‍സ്റ്റീന്റെ Ivan the terrible-കാണുന്ന സമയത്തെ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. ക്ളാസ് കഴിഞ്ഞിട്ടാണ്, പൈസയൊന്നുമില്ല കൈയില്‍. നല്ല വിശപ്പോടെയാണ് പ്രദര്‍ശന സ്ഥലത്തെത്തുന്നത്. സിനിമ കണ്ടോണ്ടിരിക്കുമ്പോഴുള്ള വിശപ്പ് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. മാസ്റ്റേഴ്സിനെയൊക്കെ ഡിഗ്രികാലത്ത് പരിചയപ്പെട്ടു. എങ്കിലും സിനിമ ഞാനെഴുതിയില്ല.  കാരണം എഴുത്ത് തുടങ്ങുമ്പോഴേക്കും ധാരാളം പഠനങ്ങള്‍ സിനിമയില്‍ എന്റെ വീക്ഷണത്തോട് ചേര്‍ന്നുപോവുന്നവ വരുന്നുണ്ട്. അതില്‍ക്കവിഞ്ഞ എന്തെങ്കിലും എനിക്ക് പറയാനുള്ളതായി തോന്നിയിട്ടില്ല. രവീന്ദ്രന്റെ പുസ്തകമാണ് ആ നിലയില്‍ ആദ്യമായി വായിക്കുന്നത്. എനിക്ക് പറയാനുള്ള ആശയങ്ങളൊക്കെ ഏതാണ്ട് പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്നുതോന്നി. അതുതന്നെ ആവര്‍ത്തിക്കുക എന്നതിലപ്പുറം പുതുതായി ഒന്നും പറയാന്‍ ഉുണ്ടായിരുന്നില്ല. ആദ്യകാലത്ത്  ഒന്നോ രണ്ടോ സിനിമാപഠനങ്ങള്‍, രാജീവ് രവിയുടെ അന്നയും റസൂലും വന്നപ്പോള്‍ ഒരു ചെറിയ കുറിപ്പ് ദേശാഭിമാനിയില്‍, അത്രയൊക്കയേ സിനിമയെകുറിച്ച് എഴുതിയിട്ടുള്ളൂ.

? മറ്റു മേഖലകള്‍.

= ഭരതനാട്യം ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്, കര്‍ണാടകസംഗീതം രസിക്കാറുണ്ട്, ചിത്രകല ആദ്യം മുതലേ ഇഷ്ടമാണ്. അങ്ങനെ ഇഷ്ടമുള്ള ഒരു വിഷയം കിട്ടിയാല്‍, അതിലേക്ക് ഒരു എന്‍ട്രി കിട്ടിയാല്‍ പിന്നെ അത് പഠിക്കാന്‍ തുടങ്ങും. ചിത്രകലയിലേക്ക് വന്നത്, കേസരിയുടെ നവീന ചിത്രകല എണ്‍പത്തിയേഴിലോ മറ്റോ വായിക്കുന്നതിലൂടെയാണ്. അത് വായിച്ചുകഴിഞ്ഞപ്പോള്‍ ഭയങ്കരമായ ഒരുന്മേഷം തോന്നി. പിന്നെ ചിത്രകലാപുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാനും ചിത്രങ്ങള്‍ പരമാവധി കാണാനും ധാരാളം ശ്രമിച്ചു.  അങ്ങനെ പഠിക്കുമ്പോഴും ബേസിക്കലി ഒരു മാര്‍ക്സിസ്റ്റ് അപ്രോച്ച് - അതായത് ഒരു കള്‍ച്ചറല്‍ എക്സ്പ്രഷന്‍ എന്നു പറയുന്നത് ഒരു ഹിസ്റ്റോറിക്കല്‍ കണ്‍വെര്‍ജന്‍സ് ആണ്, അക്കാലത്തിന്റെ പലമാതിരി ബന്ധങ്ങള്‍ ഒത്തുകൂടിനില്‍ക്കുന്ന  ഒരു സ്ഥാനമായിരിക്കും ഒരു ആര്‍ട്ടിഫാക്ട് എന്ന ഒരു ബോധ്യം-എക്കാലത്തും പുലര്‍ത്തിയിരുന്നു.  ആ ഒരു ഫ്രെയിം വര്‍ക്കിലാണ് ഈ പഠനങ്ങളെല്ലാം വന്നിട്ടുളളത്. പിന്നെ ശാസ്ത്രം, ഞാന്‍ ഡിഗ്രി പഠിച്ചത് ശാസ്ത്രമാണ് ബിഎസ്സി ഫിസിക്സ്. താരതമ്യേന കുഴപ്പമില്ലാതെ ഫിസിക്സില്‍ പാസാവുകയും ചെയ്തിരുന്നു. പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം എന്ന ഒരു ലക്ഷ്യംവച്ചിട്ടാണ് എംഎ മലയാളത്തിലേക്ക് തിരിയുന്നത്. അപ്പോഴും സയന്‍സിലെ ചില ഇഷ്യൂസ്, സയന്‍സ് ഉന്നയിക്കുന്ന ചില തിയോററ്റിക്കല്‍ ക്വസ്റ്റ്യന്‍സ് എന്നെ എന്നും ആകര്‍ഷിച്ചിരുന്നു.

അത് പിന്നീട് ശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സഹായകരമായി, സ്കൂള്‍കാലം മുതലേ വളരെ അടിസ്ഥാനപരമായി താല്‍പ്പര്യമുള്ള ഒരു വിഷയം ചരിത്രമായിരുന്നു.  അതിനെ എല്ലാത്തിലേക്കും കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഒര്‍ത്ഥത്തില്‍ എന്റെയീ മാര്‍ക്സിസ്റ്റ് ആഭിമുഖ്യത്തിന് പിന്നിലുളള ഒരു ബലം ചരിത്രത്തോടുള്ള ആകര്‍ഷണവും ചരിത്രത്തെ പ്രക്രിയാപരമായി കാണാനുള്ള മാര്‍ക്സിസ്റ്റ് താല്‍പ്പര്യവുമാണ് എന്നുപറയാം. റഫീഖ് പറയുന്നപോലെ നാനാവിഷയങ്ങള്‍ എന്നുപറയാമെങ്കിലും ആ  വിഷയങ്ങളുടെയൊക്കെ ഉള്ളില്‍ ഒരടിസ്ഥാനതാല്‍പ്പര്യമുണ്ട്. അത് മാര്‍ക്സിസത്തിന്റെ ഒരു സാംസ്കാരിക വിശകലന സമീപനമാണ്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സാംസ്കാരിക ഭൌതികവാദത്തിന്റെ അരികുചേര്‍ന്നുപോകുന്ന അതിന്റെ ഛായയുള്ള ഒരു വിമര്‍ശനസമീപനം. പിന്നെ മുമ്പേ പറഞ്ഞപോലെ ഇവയെല്ലാം രസിച്ചവയാണ്. അവയിലോരോന്നിലും അഗാധമായ സാങ്കേതിക ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ ഞാന്‍ രസിക്കുന്നുണ്ട്.
അഭിമുഖത്തിനിടെ

അഭിമുഖത്തിനിടെ? അങ്ങനെ പറയുമ്പോഴും സങ്കേതങ്ങളെ എങ്ങനെ മനസ്സിലാക്കിയെടുക്കാന്‍ പറ്റി? ഉദാഹരണത്തിന് ക്ളാസിക്കല്‍ നൃത്തം, അല്ലെങ്കില്‍ സംഗീതം.

= സങ്കേതം പഠിച്ചുതന്നെയാണ്. മറ്റു പിന്‍ബലങ്ങളൊന്നുമില്ല. കലാചരിത്രപുസ്തകങ്ങളോ, ക്ളാസുകളോ ഒക്കെ പിന്‍തുടര്‍ന്നുതന്നെയാണ്. ഞാന്‍ പിന്നെ സങ്കേതത്തെ സങ്കേതംമാത്രമായി നോക്കാറില്ല. ഒരു സങ്കേതം എങ്ങനെയാണ് ഹിസ്റ്റോറിക്കല്‍ ഫോമാവുക എന്നാണ് ഞാന്‍ നോക്കുക. ഇപ്പോള്‍ ഇംപ്രഷനിസം എന്നു പറഞ്ഞാല്‍ അതിന്റെ ചായത്തേപ്പിന്റെ രീതി, രൂപനിര്‍മ്മാണത്തിന്റെ രീതി. ഇത് മാത്രമല്ല എന്തുകൊണ്ട് ഇങ്ങനയൊരു ഭാവുകത്വം എന്നത്കൂടിയാണ്. അതിനുള്ള വിശദീകരണത്തില്‍ എന്റെ കണ്ണ് പെട്ടെന്ന് തടയും, സങ്കേതത്തെ അതുതന്നെയായി ഞാന്‍ പഠിച്ചിട്ടില്ല. സങ്കേതത്തെ പക്ഷേ ഞാന്‍ വിട്ടിട്ടുമില്ല. രൂപപരമായ ഒരാലോചനയില്ലാതെ കലകളെക്കുറിച്ചെഴുതിയിട്ടില്ല. കാരണം രൂപത്തിലൂടെയാണ് കല തെളിയുന്നത്. പക്ഷേ രൂപമാത്രപരമായും ആലോചിച്ചിട്ടില്ല, അങ്ങനെ ആലോചിച്ചുകൂടാ.

?  അപ്പോള്‍ ധാരാളം വായിക്കാറുണ്ടല്ലേ. മാഷിന്റെ വായനലോകത്തിന്റെ വിപുലത എങ്ങനെയാണ് ചെറുപ്പം തൊട്ടേ ഇത് വികസിച്ചുവന്നിരുന്നോ.

= വീട്ടില്‍ പുസ്തകങ്ങളുടെ വലിയ ശേഖരമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ നാട്ടില്‍ നല്ല ഒരു ലൈബ്രറി ഉണ്ടായിരുന്നു. ഒമ്പത്, പത്ത് ക്ളാസുകളിലെത്തിയപ്പോഴെ പൊതുവായന ആരംഭിച്ചുതുടങ്ങി. ഹൈസ്കൂളില്‍ ഞങ്ങള്‍ക്കൊരു അധ്യാപകനുണ്ടായിരുന്നു. എം കെ സീരി എന്നുപേരായ മാഷ്. ഞാന്‍ കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് മാഷിനാണ്. നമ്മുടെ എം കെ പ്രസാദ് മാഷിന്റെ  സഹോദരനാണ്. സഹോദരന്‍ അയ്യപ്പന്റെ കൂടെ പന്തിഭോജനത്തിലൊക്കെ പങ്കെടുത്ത ഒരു കോരു വൈദ്യനുണ്ട്. അദ്ദേഹത്തിന്റെ മകനാണ് സീരി മാഷ്. മാഷ്ക്കായിരുന്നു ലൈബ്രറിയുടെ ചാര്‍ജ്, അമ്മ അതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മാഷ് വെക്കേഷന്‍ കാലത്തൊക്കെ നല്ല പുസ്തകങ്ങള്‍ ധാരാളം തരും. ഒമ്പതാം ക്ളാസിലെ വെക്കേഷന് ഞാന്‍ പാവങ്ങള്‍ വായിച്ചു. പത്താം ക്ളാസില്‍ യുദ്ധവും സമാധാനവും വായിക്കാന്‍ ശ്രമിച്ചു.

വായനയുടെ അന്തരീക്ഷത്തിലേക്ക് പതുക്കെ കയറുകയായിരുന്നു. പ്രീഡിഗ്രി ഫസ്റ്റിയറായപ്പോള്‍ വീട്ടില്‍ പറഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തിച്ചു. അക്കാലം മുതലേ വായനയുണ്ട്.  ആരോഗ്യനികേതനമൊക്കെ പ്രീഡിഗ്രക്കാലത്തേ വായിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് വന്നതോടെ എസ്എഫ്ഐ ജില്ലാ ഭാരവാഹിത്വത്തിന്റെയൊക്കെ ഭാഗമായുള്ള സ്റ്റഡിക്ളാസുകളില്‍ കേള്‍ക്കുന്ന പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചുതുടങ്ങി. ഒരിക്കലും ഒരു റിഡക്ഷനിസ്റ്റ് വായനയിലേക്ക് വീണുപോകാതെ ശ്രദ്ധിക്കാന്‍ പറ്റി. മോഡേണിസത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാട് തെറ്റാണെന്ന് ഡിഗ്രിക്കാലം മുതലേ എനിക്ക് തോന്നലുണ്ട്. കാരണം ഞാന്‍ രസിച്ച പുസ്തകമാണ് ഖസാക്ക്. അത് ജീര്‍ണതയാണെന്നുപറഞ്ഞാല്‍ സമ്മതിക്കാന്‍ തരമില്ല. എന്തുകൊണ്ടാണ് എന്ന് എക്സ്പ്ളെയിന്‍ ചെയ്യാനൊന്നും പറ്റിയിട്ടില്ല. പക്ഷേ ബൂര്‍ഷ്വാ ഡീവിയേഷന്‍ എന്ന വിളി ഒരുകാലത്ത് ബോധ്യപ്പെട്ടിരുന്നില്ല. സൌന്ദര്യാത്മകതയെ വേറെ ഏതോ ഒരു നിലയ്ക്കാണ് നോക്കേണ്ടത് എന്ന ഒരു തോന്നലുണ്ടായിരുന്നു. വരണ്ട സിദ്ധാന്തവത്ക്കരണത്തെ ഏതോ നിലയില്‍ ഞാന്‍ ഉള്ളില്‍ ചെറുത്തുകൊണ്ടിരുന്നു. 

? വായനയെ സ്വയം എങ്ങനെ വിലയിരുത്തുന്നു. വലിയ ഒരു വായനക്കാരനാണോ.

= അങ്ങനെ പറഞ്ഞുകൂട, അങ്ങനെയൊരു  വലിയ വായന എനിക്കില്ല. ഫിക്ഷന്‍ വളരെ സെലക്ടീവായേ വായിക്കാറുള്ളൂ. നോണ്‍ ഫിക്ഷനും  പഠനങ്ങളുമൊക്കെ കുറേക്കൂടി വ്യാപകമായ വായനയുണ്ട്. ഒരുപക്ഷേ ആവശ്യത്തെ മുന്‍നിര്‍ത്തിയാവാം അത്. പൊതുവെ മോശപ്പെട്ട വായനയല്ല എന്നാല്‍ മുഴുവന്‍സമയ വായനക്കാരനുമല്ല.  പിന്നെ ഞാനൊരു ഡിഗ്രി അവസാനവര്‍ഷം മുതലേ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷംകൊണ്ട് വലിയ കുഴപ്പമില്ലാത്ത ഒരു പേഴ്സണല്‍ കളക്ഷന്‍  ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഒക്കെത്തന്നെ വാങ്ങിവെക്കാറുണ്ട്. ലഭ്യമായ ഇംഗ്ളീഷ് പുസ്തകങ്ങളും. മേടിച്ചതില്‍ ഒരമ്പത് ശതമാനമെങ്കിലും ഇനിയും വായിക്കാനായി ബാക്കി കിടക്കുന്നുണ്ട്. എപ്പോഴെങ്കിലും വായിക്കാം എന്നു കരുതുന്നു.

? മാഷിന്റെ മിക്ക പുസ്തകങ്ങളുടെയും ആമുഖത്തില്‍ സൌഹൃദങ്ങളെക്കുറിച്ച് സൂചിപ്പിക്കാറുണ്ട്. അജയന്‍ മാഷ് (എന്‍ അജയകുമാര്‍), പവിത്രന്‍ മാഷ് (പി പവിത്രന്‍), പ്രദീപന്‍ മാഷ് (പ്രദീപന്‍ പാമ്പിരിക്കുന്ന്) അങ്ങനെയാരെങ്കിലും കാണും. ഈ സൌഹൃദങ്ങള്‍ മാഷിനെ രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടോ.

= അജയനോടോ പ്രദീപനോടോ ഞാന്‍ ധാരാളമായി സംസാരിക്കാറുണ്ടായിരുന്നു. ഈ സംസാരങ്ങള്‍ നല്‍കുന്ന ആശയവിനിമയങ്ങള്‍ എന്റെ വിചാരങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാറുണ്ട്. ഞാനത് ആമുഖത്തില്‍ എഴുതുന്നതിന് മറ്റൊരു കാരണവുമുണ്ട്. അവരവര്‍ എഴുതുന്നത് തങ്ങളുടെ സ്വന്തമായ അചുംബിത ആശയമാണ് എന്ന് വാദിക്കാനുള്ള വല്ലാത്ത ഒരു വാസനയുണ്ട്. വാസ്തവത്തില്‍ അങ്ങനെയല്ലല്ലോ. നമ്മളെഴുതിയ ഏത് ആശയത്തിലും മറ്റു മനുഷ്യര്‍ പങ്കെടുത്തുണ്ടാക്കിയ ധാരാളം കാര്യങ്ങള്‍ കൂടിക്കലര്‍ന്ന് കിടപ്പുണ്ടാവും. പേരറിയുന്നവരും അറിയാത്തവരുമുണ്ടാവും. ഞാനിപ്പോള്‍ എന്റെ എഴുത്തില്‍ ആരുടെ ആശയം സ്വീകരിച്ചാലും അത് കഴിയുന്നപോലെയൊക്കെ രേഖപ്പെടുത്തും. ഇതൊന്നും നമ്മുടെ മൌലിക ചിന്തയാണ് എന്ന് വാദിക്കാതെ വലിയൊരു പ്രോസസില്‍ ഞാനുംകൂടി പങ്കുചേരുന്നു എന്നു പറയുക. ഇത് രണ്ടും ഞാന്‍ നേരത്തെ പറഞ്ഞപോലെ പൊളിറ്റിക്കലായ ഒരു പൊസിഷന്‍ എന്ന നിലയിലും കൂടി എടുക്കുന്നതാണ്.

കാലടി യൂണിവേഴ്സിറ്റിയിലാണെങ്കില്‍ അജയനോട് ചര്‍ച്ച ചെയ്യാത്ത ആശയങ്ങള്‍ വളരെ കുറവാണ്. മിക്കവാറും ഞാന്‍ എഴുതിയ എല്ലാ പഠനങ്ങളും ആദ്യം അജയന്‍ വായിക്കുകയോ അതിലെ ആശയങ്ങള്‍ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടുണ്ട്. കൊയിലാണ്ടിയിലായിരുന്നപ്പോള്‍ അത് പ്രദീപനുമായായിരുന്നു. പവിത്രനോട് വ്യക്തിപരമായി ഞാനങ്ങനെ അധികം ചര്‍ച്ചചെയ്യുകയുണ്ടായിട്ടില്ല. പവിത്രന്‍ ഞാന്‍ വരുന്ന കാലത്തുതന്നെ ഉയര്‍ന്ന സ്ഥായിയില്‍ നില്‍ക്കുന്ന ഒരാളാണ്. അങ്ങനെ ഒരാദരവിന്റെ തലം പവിത്രനോട് എക്കാലത്തും ഉണ്ട്. പവിത്രന്‍ ആശയാവലികള്‍, അതിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ എന്നിവകൊണ്ട് എന്നെയെപ്പോഴും ആകര്‍ഷിച്ചിട്ടുള്ള   ഒരാളാണ്. അതുകൊണ്ട് ആ കാഴ്ചകള്‍ ചര്‍ച്ചാരൂപത്തിലല്ലാതെ എന്നെയൊരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത്തരം സ്വാധീനങ്ങള്‍ കഴിയുന്നതും പറയാറുണ്ട്.

ഇവര്‍ക്ക് പുറമെയും ധാരാളം പേരുണ്ട്. ചില പുസ്തകങ്ങളില്‍ പത്തിരുപത് പേരെ പേരെടുത്തുതന്നെ പറഞ്ഞിട്ടുണ്ട്. അവരൊക്കെ പറഞ്ഞ കമന്റുകള്‍ ആ പുസ്തകത്തില്‍ ഏറിയും കുറഞ്ഞും പ്രവര്‍ത്തിച്ചിട്ടുണ്ടാവും. ഒരു പുസ്തകമയച്ചുതന്ന ഒരാളായിരിക്കും ഒരു ലേഖനത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയത്  അത് പറയണം എന്നാണ്. സ്വന്തം ആശയം എന്ന പേരില്‍ ശാഠ്യം പിടിക്കുന്നവരെ കാണുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ കടപ്പാടുകള്‍ രേഖപ്പെടുത്തുന്നത്. നമ്മുടെ ആശയം എന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല, മനുഷ്യവംശം ഉണ്ടാക്കിയ ആശയമാണ്. നമ്മുടേതായ രീതിയില്‍ നമ്മളും പങ്കുചേരുന്നു എന്ന് മാത്രം.

? സവര്‍ണ മാര്‍ക്സിസ്റ്റ് എന്ന ആക്ഷേപം ധാരാളം കേട്ട ഒരാളാണ് മാഷ്. ഇപ്പോഴും പലരും അത്തരം പരാമര്‍ശങ്ങള്‍ തുടരുന്നുമുണ്ട്. ഈ ആരോപിക്കപ്പെടുന്ന സവര്‍ണതയെ എങ്ങനെയാണ് കാണുന്നത്, ഇത്തരം പരാമര്‍ശങ്ങളോട് എന്തു നിലപാടാണ് സ്വീകരിക്കുന്നത്.

= അതില്‍ രണ്ടുതലങ്ങളുണ്ട്. ഒന്ന് ഞാനായിരിക്കുന്ന ഒരവസ്ഥയുണ്ടല്ലോ. ജാതിമര്‍ദനത്തിന് ഇരയാവേണ്ടി വരാത്ത, ജാതിയുടെ പ്രിവിലേജുകള്‍ പലതരത്തില്‍ -ഞാനൊരു സമ്പന്നകുടുംബത്തിലെ അംഗമൊന്നുമല്ല. ഒരു ഇടത്തരം, ലോവര്‍ മിഡില്‍ ക്ളാസ് എന്നു വിളിക്കാവുന്ന ഒരു കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ, ഇപ്പോള്‍ അതില്‍ മധ്യനിലവാരത്തില്‍ എത്തിയ ഒരാള്‍- അനുഭവിച്ചു വളര്‍ന്ന  ഒരാളാണ്. ആ പ്രിവിലേജുകള്‍ നമ്മള്‍ ആവശ്യപ്പെട്ടിട്ടൊന്നുമല്ല ലഭിക്കുന്നത്. അതുകൊണ്ട്  എന്റെ അഭിരുചികളിലും എന്റെ വീക്ഷണങ്ങളിലുമൊക്കെ അറിയാതെതന്നെ ഇതിന്റെ അംശങ്ങള്‍ കയറിപ്പോകും. കര്‍ണാടകസംഗീതം ഞാന്‍ രസിക്കുന്നത് അതിന്റെ സൌന്ദര്യാത്മകതകൊണ്ടുമാത്രമല്ലല്ലോ. മറിച്ച് ഞാന്‍ ജനിച്ചുവളര്‍ന്ന പരിസരങ്ങളുടെ ഒരു സ്വാധീനം അതിലുണ്ടെന്നുള്ളത് ഉറപ്പല്ലേ. അല്ലെങ്കില്‍ ഭരതനാട്യത്തിലുള്ള എന്റെ താല്‍പ്പര്യങ്ങള്‍ ജീവിതപരിസരത്തിന്റെ സ്വാധീനത്തില്‍ നിന്നുകൂടി ഉണ്ടാവുന്നതാണ്. അതിനോട് നിശിതമായ ഒരു വിമര്‍ശനാത്മക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന്   ഇത്തരം പരാമര്‍ശങ്ങള്‍, ഈ വിമര്‍ശനങ്ങള്‍ പലപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്.

ഞാനെന്നോടുതന്നെ സെല്‍ഫ് റിഫ്ളക്സീവായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി. രണ്ടാമത്തെ ഒരു തലം ഈ വിമര്‍ശനത്തില്‍ പലതും മറ്റു പല അഭിപ്രായഭിന്നതകള്‍ക്കുമുള്ള മറയായാണ് വരുന്നത് എന്നതാണ്. മറ്റു ഭിന്നതകളാണ് അടിസ്ഥാനം.  അത് പറഞ്ഞു ഫലിപ്പിക്കുന്നതിനെക്കാള്‍ എളുപ്പം ഇതാണ്. അത് പെട്ടെന്ന് പുറമേ തെളിയും നമ്മളെ ബ്രാന്‍ഡ് ചെയ്യുന്നത്. ഞാനതിലൊട്ടും വ്യാകുലപ്പെടുന്നില്ല. ഉറച്ച ദളിത് പൊസിഷനുള്ള ആളുകളുമായി എനിക്ക് നല്ല ബന്ധമുണ്ട്. ആ ഹൃദയബന്ധം അവര്‍ക്ക് ഞാനെന്താണ് എന്നതിനുള്ള ബോധ്യം കൂടിയാണ്. വ്യക്തിപരമായി അവരാരും എന്നോട് കോംപ്രമൈസ് ചെയ്യുന്നവരുമല്ല. എന്നെ സഹിക്കാന്‍ വേണ്ടി അഡ്ജസ്റ്റ് ചെയ്യാറില്ല എന്നര്‍ത്ഥം. പിന്നെ ഇത്തരം ബ്രാന്‍ഡിങ്ങുകള്‍ ഉയര്‍ന്നത് ദലിത് പക്ഷത്ത് നിന്ന് എന്നതിനേക്കാള്‍ മറ്റുചിലടത്ത് നിന്നാണ്. അത് ഞാന്‍ നേരത്തെ പറഞ്ഞപോലെ ചില തര്‍ക്കങ്ങളുടെ പാശ്ചാത്തലത്തിലാണ്. എല്ലാ ഘട്ടങ്ങളിലും ഞാന്‍ മാര്‍ക്സിസം അഭിസംബോധന ചെയ്യേണ്ട ജാതിയുടെയും ലിംഗപദവിയുടെയും പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ഈ വിഷയം മനസ്സിലാകാത്ത ഒരാളല്ല. നിശ്ചയമായിട്ടും ഇതിലൊരു പരിമിതിയുള്ളത് അനുഭവിച്ച ഒരാളും മാറിനിന്നുപറയുന്ന ഒരാളും തമ്മിലുള്ള ഒരകലം ഉണ്ടാവും. ആ അകലം തീര്‍ച്ചയായുമുണ്ട്. അതുകൊണ്ട് ആ വിമര്‍ശനത്തില്‍ ഞാന്‍ ശ്രദ്ധിക്കേണ്ട അംശങ്ങളുമുണ്ട്. ഒട്ടുമേ വകവച്ചിട്ടില്ലാത്ത അംശങ്ങളുമുണ്ട്. ഇപ്പോള്‍ പിന്നെ അത് എളുപ്പവഴിയില്‍ ക്രിയ ചെയ്യലായി മാറുന്നുണ്ട്. മഹാഭാരത പ്രഭാഷണത്തെതന്നെ ഒരു സവര്‍ണവാഗ്ലീല എന്നു പറയുന്നവരുണ്ട്.

അതൊന്നും ഞാനങ്ങനെ വിലമതിക്കാറില്ല. എന്റെ ഭാഷയില്‍ ഉച്ചരിക്കുന്ന പദങ്ങളില്‍ ഒക്കെ സവര്‍ണതയുടെ സ്വാധീനമുണ്ടാവാം. അതെല്ലാം കുടഞ്ഞുകളഞ്ഞ് ഒരു    ഭാഷയില്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല.  പല ഭാഷാക്രമങ്ങള്‍ വരട്ടെ. ആ ഭാഷാക്രമങ്ങളൊക്കെ തമ്മില്‍ തമ്മില്‍ ഇടയുകയോ അടുക്കുകയോ ചെയ്യട്ടെ. എന്റെ ഭാഷയില്‍ അത്തരം സ്വാധീനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുകൂടാ. അതിന്റെ ഉത്തരവാദിത്തം എനിക്കല്ല എന്നുമാത്രം. വളരെ ബോധപൂര്‍വം ജന്റര്‍ന്യൂട്രലായ ഭാഷ  ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട് എഴുതുമ്പോള്‍. പക്ഷേ പറയുമ്പോള്‍ അതുണ്ടായിക്കൊള്ളണം എന്നില്ല. എഴുതുമ്പോഴുള്ള ബോധപൂര്‍വമായ ഒരു ചെറുക്കല്‍ പറയുമ്പോള്‍ ഉണ്ടാവില്ല. അത്തരം അംശങ്ങളുണ്ട്, അതിനോട് സെല്‍ഫ് റിഫ്ളക്സീവാകുക, ക്രിട്ടിക്കലാവുക എന്നതിന് ആ വിമര്‍ശനം സഹായകരമാണ്. പക്ഷേ ആ നിലയിലാണ് വിമര്‍ശനത്തിന്റെ മുഖ്യഭാഗവും എന്നു പറഞ്ഞുകൂടാ. മാര്‍ക്സിസ്റ്റ് വിരുദ്ധമായ ആളുകള്‍ക്ക് മാര്‍ക്സിസത്തിനു വേണ്ടിയുള്ള എന്റെ വാദഗതികളെ നേരിട്ട് ആക്രമിക്കുന്നതിനേക്കാള്‍ എളുപ്പം ഇതൊരു സവര്‍ണതയാണെന്ന് പറഞ്ഞ് തള്ളിക്കളയലാണ്. അതിനോട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

? മാര്‍ക്സിസ്റ്റായിരിക്കുന്നു എന്നു പറഞ്ഞുവല്ലോ. അക്കാദമിക്സിന്റെ അകത്ത് മാര്‍ക്സിസ്റ്റായി ജീവിക്കുക എന്നത് ഇന്നൊരു ക്രൈസിസാണ്. വിവേക് ചിബ്ബറൊക്കെ അത് പറയുന്നുവല്ലോ. ഈ ക്രൈസിസിനെ എങ്ങനെ മറികടക്കുന്നു. മാര്‍ക്സിസ്റ്റ് വിരുദ്ധനാവാന്‍ കഴിയുമെങ്കില്‍ മാഷിനെപ്പോലൊരാള്‍ക്ക് മുമ്പില്‍ തുറന്നുകിട്ടുന്ന അവസരങ്ങളുടെ ഒരു പെരുപ്പമുണ്ട് എന്നതോര്‍മ്മിപ്പിച്ചുകൊണ്ട്.

= വ്യക്തിപരമായി എനിക്കതില്‍ യാതൊരു ക്രൈസിസുമില്ല, മാര്‍ക്സിസത്തിന്റെ ലാര്‍ജറായ ഒരു ശരിയില്‍ ഞാന്‍ വളരെ കണ്‍വിന്‍സ്ഡാണ്, എനിക്കതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ട് ഈ പൊസിഷനില്‍ ഒരു സംശയത്തോടെ നില്‍ക്കേണ്ടി വരുന്നില്ല. എനിക്ക് നല്ല ബോധ്യമുണ്ട്, മാര്‍ക്സിസത്തിന്റെ വിമര്‍ശനാത്മകശേഷിയിലും അതിന്റെ ആവശ്യകതയിലും. അതിനാല്‍ കണ്‍ഫ്യൂഷനൊന്നുമില്ല. പിന്നെ സര്‍വകലാശാലയില്‍ മാര്‍ക്സിസ്റ്റായി നില്‍ക്കുക എന്നത് അല്‍പം ബുദ്ധിമുട്ടാണ്. രണ്ടു നിലയ്ക്കാണ്. ഒന്ന് സോവിയറ്റ് മാര്‍ക്സിസം ഉണ്ടാക്കിക്കൊണ്ടുവന്ന വലിയ ഒരു ഭാരം നമ്മുടെ മുന്‍പിലുണ്ട്. അതില്‍ ചിലതൊക്കെ പലപ്പോഴും നമുക്ക് ആവശ്യമില്ലെങ്കിലും പേറേണ്ടിവരും. മാര്‍ക്സിസം എന്നു പറയുമ്പോള്‍ അതൊക്കെ കൂടെ പോരും. നമ്മളെത്തന്നെ നിരന്തരം വിമര്‍ശിക്കേണ്ടതിന്റെ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുകയും അതിനുകൂടി വേണ്ടി മറുപടി പറയുകയും ഒക്കെ വേണ്ടിവരും. പക്ഷേ അപ്പോഴും അടിസ്ഥാനപരമായ ചില മാര്‍ക്സിസ്റ്റ് പൊസിഷനില്‍ വിട്ടുവീഴ്ചയില്ലാതെ നില്‍ക്കല്‍ ആവശ്യമാണ്. നമ്മുടെ സര്‍വകലാശാലകളില്‍ കീഴ്ത്തട്ടില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന അധ്യാപകര്‍ കുറവായിരിക്കും. ചുരുക്കം പേരുണ്ട്, ഇല്ല എന്നല്ല, പലരും അക്കാദമിക്സിന്റെ ഭാഗമായാണ് മാര്‍ക്സിസവുമായി എന്‍ഗേജ് ചെയ്യുന്നത്. മിക്കവാറും എല്ലാ ദിവസവും ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ പോകുന്ന ഒരാളാണ് ഞാന്‍.

അവിടുത്തെ പരിപാടികളില്‍ പങ്കെടുക്കുന്ന ഒരാളാണ്. ചെത്തുതൊഴിലാളി യൂണിയനോഫീസില്‍ വരുന്ന പറവൂരിലെ മിക്ക പാര്‍ടി സഖാക്കള്‍ക്കും എന്നെയറിയാം. എനിക്കവരെ പേരെടുത്ത് വിളിക്കാനുള്ള പരിചയവും സ്വാതന്ത്യ്രവും ഇപ്പോഴുമുണ്ട്.  അതു കഴിഞ്ഞ ഇരുപത്തെട്ടുവര്‍ഷമായി കൈമോശംവരാതെ ഞാന്‍ മെയിന്റയിന്‍ ചെയ്യുന്നുണ്ട്. അത് കൈവിട്ടുകൂടാ എന്നൊരു തോന്നല്‍ അന്നും ഇന്നുമുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധനായാല്‍ നമ്മുടെ അക്കാദമിക്സിലും മാധ്യമാന്തരീക്ഷത്തിലും കിട്ടുന്ന സ്വീകാര്യത വളരെ വലുതായിരിക്കും. പക്ഷേ അതിനുവേണ്ടി കോംപ്രമൈസ് ചെയ്യേണ്ട കാര്യമുദിക്കുന്നില്ലല്ലോ. അത്തരം സ്വീകാര്യതകള്‍ നമ്മുടെ ചെറിയ ആഹ്ളാദങ്ങള്‍ക്കും പരിവേഷങ്ങള്‍ക്കും ഉതകും എന്നല്ലാതെ വിശാലാര്‍ത്ഥത്തില്‍ നമ്മെ പരാജയപ്പെടുത്തുകയല്ലേ. ചരിത്രത്തിന്റെ വലിയ ഫ്രെയിമില്‍നിന്ന് നോക്കണം. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ആഹ്ളാദങ്ങള്‍ക്കും പരിവേഷങ്ങള്‍ക്കും വലിയ റോളൊന്നുമില്ല എന്നു കാണാം. പ്രശസ്തി, സാര്‍വത്രികമായ മാന്യത, അങ്ങനെ ഞാന്‍ വല്ലാതെ ഭ്രമിക്കാറില്ല. പിന്നെ ഇമ്മീഡിയറ്റായ ഒരു പരിവേഷങ്ങളൊന്നുമില്ലെങ്കിലും ഗൌരവപൂര്‍വം സമീപിക്കുന്ന ആളുകള്‍ ശ്രദ്ധാപൂര്‍വം നോക്കുന്നുണ്ട്.  അത് മതിയല്ലോ.
ഭാര്യ മീന, മക്കള്‍ മാധവന്‍, ജാനകി എന്നിവര്‍ക്കൊപ്പം

ഭാര്യ മീന, മക്കള്‍ മാധവന്‍, ജാനകി എന്നിവര്‍ക്കൊപ്പം? കമ്യൂണിസ്റ്റ് പാര്‍ടിയുമായി മാഷെങ്ങനെയാണ് ചേരുന്നത്? പാര്‍ടി കുടുംബത്തിലായിരുന്നോ ജനനമൊക്കെ?

= കമ്യൂണിസ്റ്റ് കുടുംബമൊന്നുമല്ല. അച്ഛന്‍ ഒരിടതുപക്ഷ അനുഭാവിയായിരുന്നു. അറുപതുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അച്ഛന്‍ മത്സരിച്ചിട്ടുണ്ട് എന്ന് മാത്രം. അമ്മയുടെ കുടുംബമാകട്ടെ ഒരു കോണ്‍ഗ്രസ് കുടുംബമായിരുന്നു. മുത്തച്ഛന്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധിയുടെ അനുയായി പാരമ്പര്യമൊക്കെയുള്ള ഒരാളായിരുന്നു മുത്തച്ഛന്‍. അച്ഛന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നെങ്കിലും വലിയ ഭക്തിയും ഈശ്വരവിശ്വാസവും ഒക്കെയുള്ള ആളായിരുന്നു. ഞാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലവേദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് എന്റെയൊരു ലെഫ്റ്റ് ഓറിയന്റേഷനെ രൂപപ്പെടുത്തിയത്. കുട്ടിക്കാലത്ത് തൊട്ടേ കമ്യൂണിസം എന്നൊരാദര്‍ശം എന്നെ ആകര്‍ഷിക്കുന്നുണ്ട്. പിന്നീട് എസ്എഫ്ഐ യിലേക്ക് വരുകയുണ്ടായി. അക്കാലത്തൊക്കെ വലിയ എതിര്‍പ്പുണ്ടായിരുന്നു വീട്ടില്‍. ഡിഗ്രി ഘട്ടത്തില്‍ രാഷ്ട്രീയം പൂര്‍ണമായി ഉറച്ചു എന്നുപറയാം. അക്കാലത്ത് ഞാന്‍ കരുതിയിരുന്നത് ഒരു മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകണം എന്നായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ അച്ഛന്‍ F A C Tയില്‍ താല്‍ക്കാലിക ജോലി ഏര്‍പ്പാടാക്കിയിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാവുക എന്ന ലക്ഷ്യമുള്ളതുകൊണ്ട് ഞാനതിന് പോകാതെ എംഎയ്ക്ക് പോയി ചേരുകയാണുണ്ടായത്. എംഎ ആയപ്പോള്‍ സ്വയമേവ ഞാനൊരു സംഘടനാമനുഷ്യനല്ല എന്ന തിരിച്ചറിവ് വരുന്നുണ്ട്. പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാം, ആശയപ്രചാരണം നടത്താം, യൂണിയന്‍ ഒരു വര്‍ഷം നടത്താം എന്നല്ലാതെ മുഴുവന്‍ സമയ സംഘാടനം എനിക്ക് നടക്കാത്ത പരിപാടിയായിരുന്നു. രണ്ടാം വര്‍ഷം മഹാരാജാസില്‍ ചെയര്‍മാനായപ്പോള്‍ തന്നെ എനിക്ക് ബോറടിച്ചു. ഒന്നാം വര്‍ഷം ഞാനൊരുപാട് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. സ്പിക്മാക് (spic macay-)-  ഉണ്ടല്ലോ (സൊസൈറ്റി ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക്  ആന്റ് കള്‍ച്ചര്‍ എമങ് യൂത്ത്) അവരീ വലിയ മാസ്റ്റേഴ്സിനെ ഇന്ത്യ മുഴുവന്‍ എത്തിക്കും, അവരുടെ നേതൃത്വത്തിലാണ്, നമ്മള് വെന്യൂവും സൌകര്യവും കൊടുത്താല്‍ മതി.
അവരുടെ എറണാകുളം ചാപ്റ്ററുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ, യു ശ്രീനിവാസന്‍, പണ്ഡിറ്റ് ജസ്രാജ് അങ്ങനെയൊരു ഏഴെട്ട് നാഷണല്‍ ഫിഗേഴ്സ് അക്കൊല്ലം ക്യാമ്പസില്‍ വന്നു. ഗംഗൈ അമരന്റെയും എസ് പി ബാലസുബ്രമണ്യത്തിന്റെയും ഗാനമേള, നിരന്തരമായ പ്രഭാഷണ പരമ്പര, പ്രേംജി, കോവിലന്‍ എന്നിവരെയൊക്കെ കൊണ്ടുവന്നിരുന്നു. രണ്ടാമത്തെ വര്‍ഷം വിരസമായി തുടങ്ങി. പ്രത്യേകിച്ചൊന്നും ചെയ്തില്ല. അങ്ങനൊരു പ്രശ്നമുണ്ടെനിക്ക് സംഘടനാ ചുമതലയൊക്കെ ഒരു ഘട്ടം വരെയേ കൊണ്ടുപോവാന്‍ കഴിയൂ, പിന്നെ വിട്ടുകളയും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എനിക്കൊരു കണ്‍സിസ്റ്റന്‍സി കുറവുണ്ട്. വ്യക്തിപരമായി ഞാനൊരു സംഘടനാ മനുഷ്യനല്ല എന്നറിഞ്ഞതോടെ ആ തലം പതുക്കെവിട്ടു. എംഎ കഴിഞ്ഞതോടെ എസ്എഫ്ഐയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. കുറച്ചുകാലം നാട്ടില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി എല്‍സിയില്‍ ഞാനൊരു ഇരുപതാം വയസ്സില്‍ വന്നതാണ്. പതിനേഴാം വയസ്സില്‍ ഗ്രൂപ്പില്‍ വന്നു, രണ്ടു വര്‍ഷത്തിനുള്ളില്‍ എല്‍സിയില്‍ എത്തി. ആദ്യത്തെ ഒരു ടേമില്‍ മുഴുവനായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. രണ്ടാമത്തെ ടേമില്‍ ഞാനധികം തുടരുകയുണ്ടായില്ല. യൂണിവേഴ്സിറ്റിയില്‍ എത്തിയപ്പോള്‍ അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രണ്ടായിരത്തിലൊക്കെ സംഘടനയുടെ സെക്രട്ടറിയാണ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കഴിയുന്ന രീതിയില്‍ പങ്കുചേരുമെങ്കിലും സംഘടനാ മനുഷ്യനല്ല, പക്ഷേ ഒരു രാഷ്ട്രീയ ജീവിയാണ്. 

? അധ്യാപകനായി സര്‍വകലാശാലയില്‍ എത്തുന്നതിനുമുമ്പ് വിദ്യാര്‍ത്ഥികാലത്തിനുശേഷമുള്ള അന്തരാളഘട്ടം എങ്ങനെയാണ് വിനിയോഗിച്ചത്. ദേശാഭിമാനിയിലെ ജോലിമാത്രമാണോ  ചെയ്തത്.

= അല്ലല്ല, ആദ്യ ടേമില്‍ എനിക്ക് എംഎ കംപ്ളീറ്റ് ചെയ്യാന്‍ പറ്റിയില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കുകളുമായി അങ്ങനെ പോയി. മഹാരാജാസില്‍ ചെയര്‍മാന്‍ ആവുക എന്നുപറഞ്ഞാല്‍ ഏകദേശം 24 മണിക്കൂര്‍ ജോലിയാണ്. രാവിലെ എത്തുമ്പോള്‍തന്നെ ഒരു പത്തുപേരെങ്കിലും നമ്മളെ കാത്തുനില്‍ക്കുന്നുണ്ടാവും. അതില്‍ മുക്കാല്‍ പങ്കും ജനറല്‍ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗികളുടെ ബന്ധുക്കളായിരിക്കും, രക്തത്തിനായി. അതിനുള്ള ഡോണര്‍മാരെ കണ്ടെത്തുക എന്നുപറഞ്ഞാല്‍ തന്നെ രണ്ടുമൂന്നു മണിക്കൂര്‍ പിടിക്കും. എല്ലാ  ദിവസവും ഇതാവര്‍ത്തിക്കും. കുട്ടികള്‍ നമ്മളെ കാണുമ്പോള്‍തന്നെ ഓടിക്കളയും. ചോര ചോദിക്കാന്‍ വരുകയാണെന്ന് ഭയപ്പെട്ട്. പിന്നെ ഓരോ പ്രശ്നങ്ങളായി. വൈകുന്നേരംവരെ അങ്ങനെ പോകും, അന്നാണെങ്കില്‍ ഷിഫ്റ്റുമുണ്ട്. പ്രീഡിഗ്രി രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഷിഫ്റ്റാണ്. പിന്നെ ഈവനിങ് ബാച്ചുമുണ്ട്. അത് ആറ് മണിമുതല്‍ എട്ടരവരെ ഉണ്ടാകും. ഇതൊക്കെ കഴിഞ്ഞേ കോളേജില്‍നിന്നു പോകൂ. ഫുള്‍ടൈമായി നില്‍ക്കുന്നതുകൊണ്ട് പഠനമൊന്നും നടന്നിരുന്നില്ല. പിറ്റേ വര്‍ഷമാണ് എംഎ  എഴുതുന്നത്. ആദ്യത്തെ വര്‍ഷം അറ്റന്‍ഡ് ചെയ്തിരുന്നു. കേരളാ കള്‍ച്ചര്‍ എഴുതി അതില്‍ രണ്ടാം ചേരസാമ്രാജ്യത്തെക്കുറിച്ചുള്ള വാദഗതികള്‍ ചര്‍ച്ചചെയ്യാന്‍ ചോദ്യമുണ്ടായിരുന്നു. ഞാനതിലെ വാദങ്ങളെല്ലാം ക്രോഡീകരിച്ച് സാമാന്യം തൃപ്തികരമായി എഴുതി എന്ന് കരുതിയതാണ്. വീട്ടില്‍ വന്ന് രാത്രി തീര്‍ത്തും യാദൃച്ഛികമായി പി കെ ബാലകൃഷ്ണന്റെ പുസ്തകമെടുത്ത് നോക്കുകയുണ്ടായി. അത് വായിച്ചിരുന്നില്ല. അപ്പോഴാണ് ഇത്ര വിപുലമായ ഒരു കൌണ്ടര്‍ ആര്‍ഗ്യുമെന്റ് കിടക്കുന്നുണ്ട് എന്ന് മനസ്സിലായത്. അപ്പോള്‍ ഞാന്‍ പരീക്ഷ എഴുത്ത് അക്കൊല്ലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. അടിസ്ഥാനമറിയാണ്ട് പരീക്ഷ എഴുതീട്ട് കാര്യമില്ലല്ലോ. അടുത്ത പരീക്ഷയുടെ അന്ന് ഞാന്‍ പോയി അടൂരിന്റെ മതിലുകള്‍ കണ്ടു. എംഎ ഇംഗ്ളീഷിലുള്ള എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. അവളും പരീക്ഷയെഴുത്ത് നിര്‍ത്തി സിനിമയ്ക്ക് വന്നു. ആ വര്‍ഷം അങ്ങനെ പോയി. പിറ്റേവര്‍ഷം നന്നായി പഠിച്ചുതന്നെ പരീക്ഷയെഴുതി ഫസ്റ്റ്ക്ളാസോടെ പാസാവുകയുണ്ടായി. പിന്നീട് പറവൂര്‍ ലക്ഷ്മി കോളേജ് എന്ന ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിയേഴ്സണ്‍ മാഷിന്റെ (എന്‍ എം പിയേഴ്സണ്‍) കോളേജായിരുന്നു അത്. അവിടെ ഒരു നാലുവര്‍ഷം ജോലിചെയ്തു. അത് മൊത്തത്തില്‍ ഗുണം ചെയ്തുവെങ്കിലും ഒരര്‍ത്ഥത്തില്‍ പരിമിതമായി. അക്കാദമിക്സ് മുന്നോട്ട് പോകാതെ സ്തംഭിച്ചുനിന്നു. പക്ഷേ അന്ന് വളരെ സജീവമായ മറ്റു ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. കേസരി സദസ്സ് എന്ന പേരില്‍ ഞങ്ങളൊരു ഗ്രൂപ്പ് ഫോം ചെയ്തു. ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ ആ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നിരന്തരം സംഘടിപ്പിക്കുകയുണ്ടായി. അതിനിടയില്‍ വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും 1993 ല്‍ വിവാഹം നടന്നു. എംഎ കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്ക,് ആ വര്‍ഷം ജെആര്‍എഫ് കിട്ടി. അപ്പോള്‍ യുസി കോളേജില്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍   ദേശാഭിമാനിയില്‍ ജോലികിട്ടി. അങ്ങനെയൊരു അഞ്ചുവര്‍ഷം പോയീന്നുപറയാം. 1996 ല്‍ ദേശാഭിമാനിയില്‍ എത്തി, 98ല്‍ കാലടി സര്‍വകലാശാലയില്‍ നിയമിതനായി. പത്രപ്രവര്‍ത്തന ജീവിതം എഴുത്തിനെയൊന്ന് മാറ്റാന്‍ സഹായിച്ചു. പാരലല്‍ കോളേജിലെ അധ്യാപനം എന്റെ ഇംഗ്ളീഷ്  മെച്ചപ്പെടുത്തി. ഞാനവിടെ ഡിഗ്രിക്ക് ഇംഗ്ളീഷ് പഠിപ്പിച്ചിരുന്നു. റസ്സലിനെ, എച്ച് ജി വെല്‍സിനെ ഒക്കെ പഠിപ്പിക്കുകയുണ്ടായി. പിന്നെ വേസ്റ്റ്ലാന്‍ഡ് പോലുള്ളവയൊക്കെ കുറച്ചുകാലം പഠിപ്പിച്ചു. പ്രശ്നം പാരലല്‍ കോളേജ് അധ്യാപനം രസിച്ചതോടെ പിഎച്ച്ഡിയില്‍ വലുതായി ശ്രദ്ധിക്കാന്‍ പറ്റിയില്ല എന്നതാണ്. അങ്ങനെയായിരുന്നു ഒരു അന്തരാള ഘട്ടം.

? ഇന്നിപ്പോള്‍ വളരെ തിരക്കുള്ള പ്രഭാഷകനാണ്, ക്ളാസുകളില്‍ യാതൊരുപേക്ഷയുമില്ലാത്ത അധ്യാപകനാണ്. നിരന്തരം എഴുത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ചിന്തകനാണ്, സാംസ്കാരിക പ്രവര്‍ത്തകനാണ്, ഈ മേഖലകളെല്ലാം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു. ഈ തിരക്കിനെ എപ്രകാരമാണ് ക്രമീകരിക്കുന്നത്.

= ഞാനങ്ങനെ പ്രത്യേകിച്ച് ആസൂത്രണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എങ്കിലും എഴുതുകയോ വായിക്കുകയോ പഠനപരമായി ഒരുങ്ങുകയോ ചെയ്യാത്ത ഒരു ദിവസംപോലുമില്ല. ആഴ്ചയില്‍ 5 ദിവസവും എഴുതാറുണ്ട്. 7 ദിവസവും എന്തെങ്കിലുമൊക്കെ വായിക്കാറുമുണ്ട്. ഇവ രണ്ടും വേറെ വേറെ നില്‍ക്കുന്നു എന്നല്ല. കൂടിക്കലര്‍ന്നാണ് സംഭവിക്കുന്നത്. വായിക്കുന്നതൊക്കെ ഏതെങ്കിലും തരത്തില്‍ പ്രൊഡക്ടീവായി എഴുത്തിലേക്കോ പ്രസംഗത്തിലേക്കോ കൂട്ടിവിളക്കാറുണ്ട്. വെറുതെ വായിക്കുന്ന ഒരാശയംതന്നെ വേറൊരുതരത്തില്‍ രൂപാന്തരപ്പെടുത്തി   ഉപയോഗിക്കാന്‍ എനിക്ക് പൊതുവെ പറ്റും. വായന എഴുത്തിലേക്ക് പടര്‍ന്നുവരാറുണ്ട്,   എല്ലാ ദിവസവും ഇങ്ങനെ നടക്കും പ്രത്യേകിച്ച് ആസൂത്രണമെന്തെങ്കിലും ഉണ്ട് എന്നുപറഞ്ഞൂടാ. പക്ഷേ ശാസ്ത്രം പഠിച്ചതുകൊണ്ട് മലയാളം അധ്യാപകര്‍ക്ക് പൊതുവെ ഇല്ലാത്ത ഒരു  ചിട്ട വായനയിലും വന്നു. ഫിസിക്സ്  ഞാന്‍  നന്നായിതന്നെ പഠിച്ചിരുന്നു. അതിന്റെ ഒരു മെത്തഡോളജി, സിസ്റ്റമാറ്റിക്കായി ക്രമീകരിക്കാനുള്ള ശേഷി, എങ്ങനെ റിപ്രൊഡ്യൂസ് ചെയ്യാം  എന്നതിനുള്ള ഒരു രീതി ഇവയൊക്കെ എനിക്ക് ഭാഷാ-സാഹിത്യ മേഖലകളില്‍ പണിയെടുക്കുന്നവരെക്കാള്‍ നന്നായറിയാം. വാരിവലിച്ചു വായിക്കും എന്നതിനെക്കാള്‍ വായിച്ചതിനെ നോട്ടാക്കി മാറ്റി പിന്നീട് ഉപയോഗിക്കാനറിയാം. അതിനാല്‍ എന്നെക്കാള്‍ എത്രയോ കൂടുതല്‍ വായിച്ചവരെക്കാള്‍ നന്നായി ആശയങ്ങളെ ക്രമീകരിച്ച് അവതരിപ്പിക്കാന്‍ എനിക്ക് കഴിയാറുണ്ട്. പ്രസംഗത്തിലും ഈയൊരു രീതിയുണ്ട്. ക്രമത്തില്‍ ആശയങ്ങള്‍ വികസിപ്പിച്ചു വികസിപ്പിച്ചുകൊണ്ടുവന്ന് എവിടേക്കുപോയാലും കറങ്ങിത്തിരിഞ്ഞ് അടിസ്ഥാനത്തിലേക്കെത്തി ഫിനിഷ് ചെയ്യാന്‍ എനിക്ക് പറ്റും. അബ്രപ്റ്റായി അതവസാനിക്കാറില്ല. അതിന് ചില ദോഷങ്ങളൊക്കെയുണ്ട്. അതില്‍ കവിഞ്ഞ ഒരാസൂത്രണമൊന്നും  നിത്യവ്യവഹാരത്തിലില്ല. ദീര്‍ഘകാലത്തേക്ക് ഒരമൂര്‍ത്തമായ പ്ളാന്‍ ഉണ്ടാക്കാറുണ്ട്. ഇന്ന വര്‍ഷം ഇന്ന വര്‍ക്കുകള്‍ ചെയ്യണം, അതിനുവേണ്ടി പരിശ്രമിക്കും. ഒരു അന്‍പതു ശതമാനം വരെയൊക്കെ ആ പ്ളാന്‍ പൂര്‍ത്തിയാക്കാറുണ്ട്. കാലദൈര്‍ഘ്യവും മാറ്റവുമൊക്കെ വന്നാലും ചെയ്യണമെന്നാഗ്രഹിച്ച പ്രോജക്ടുകള്‍ അനന്തമായി നീണ്ടുപോവാതെ തീര്‍ക്കാന്‍ പറ്റുന്നുണ്ട്. സംഘടനാ ജീവിതം തന്ന പ്രായോഗിക ശേഷിയും വളരെ സഹായകരമാണ്.

? സര്‍വകലാശാലയിലും പുറത്തും ഒക്കെ മാഷ് പോസ്റ്റെറെഴുതാനും ഒട്ടിക്കാനും ബാനര്‍ കെട്ടാനും ഒക്കെ നടക്കുന്നത് കണ്ടിട്ടുണ്ട്. അക്കാദമിക്ക് പരിപാടിയാണെങ്കിലും ശരി സംഘടനാ പണിയാണെങ്കിലും ശരി, പ്രായോഗികമായ ഒരു പരിജ്ഞാനം നമ്മുടെ മിക്ക ബുദ്ധിജീവികള്‍ക്കും അന്യമാണ്.

=  ശരിയാണ് അത് പൊതുവെ അക്കാദമിക്സിലുള്ള വര്‍ക്കില്ലാത്തതാണ്. എന്റെ വീട്ടില്‍ ആറേഴാള് താഴ്ചയുള്ള കിണറ് തേവേണ്ട സമയത്ത് കിണറ്റിലിറങ്ങുന്നത് ഞാന്‍ തന്നെയാണ്. കിണറ്റിലിറങ്ങുന്ന ആളുകള്‍ക്കൊക്കെ പ്രായമായി, അതില്‍ പണിയെടുക്കുന്നവര്‍ സ്വതവെ കുറഞ്ഞു. അതുകൊണ്ട് നമ്മള്‍ നേരിട്ടിറങ്ങും. അങ്ങനൊരു പ്രായോഗിക പരിജ്ഞാനം ആദ്യം മുതലേ ഉണ്ട്.  ആ ഒരു എലമെന്റ് എന്നില്‍ എപ്പോഴുമുണ്ടായിരുന്നു. ബസ്റ്റാന്‍ഡില്‍ കിടന്നുറങ്ങണോ എനിക്ക് സുഖമായി ഉറങ്ങാന്‍ പറ്റാറുണ്ട്. ഞാനും പിയേഴ്സണ്‍ മാഷും കൂടി പണ്ടൊരിക്കല്‍ ഒരു പരിപാടിക്ക് കടമ്മനിട്ടയെ ക്ഷണിക്കാന്‍ പോവുകയുണ്ടായി. വൈകുന്നേരം പുറപ്പെട്ടു, രാത്രി തിരുവല്ല എത്തിയപ്പോഴാണ് ബസ്സൊക്കെ പോയി. രാത്രി ഒരു കടത്തിണ്ണയില്‍ ഞാനും മാഷും കിടന്നു. എനിക്ക് സുഖമായി ഉറങ്ങാന്‍ പറ്റി. മാഷിനാണെങ്കില്‍ വണ്ടിയുടെ ശബ്ദം, കൊതുക് ഒക്കെ ശല്യമായി. പുലര്‍ച്ചെയായപ്പോള്‍ മാഷെന്നെ ചവിട്ടിയുണര്‍ത്തി എന്തുറക്കമാടാ എന്ന് ചൂടാവുന്നുണ്ട്. എനിക്ക് ആ ഉറക്കം അലോസരമായിരുന്നില്ല. 

? സംഘാടനത്തെകുറിച്ച് പറഞ്ഞപ്പോഴാണ്, എണ്‍പതുകളിലും തൊണ്ണറുകളിലുമൊക്കെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കളക്ടീവ് രൂപപ്പെട്ടിരുന്നു. അവര്‍ യോജിച്ച് വര്‍ഗീയതക്കെതിരെയൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അക്കാലത്തില്‍നിന്ന് ഭിന്നമായി വളരെ മൂര്‍ത്തമായ ഒരു ഭീഷണ സാഹചര്യം ഇന്നു നിലനില്‍ക്കുന്നുണ്ട്. നമ്മുടെ സാംസ്കാരിക പ്രവര്‍ത്തകരാവട്ടെ ഓരോരോ തുരുത്തുകളിലായി ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഒരു കളക്ടീവ് രൂപപ്പെട്ട് വരാത്തതെന്താണ്. മാഷ്ക്കൊക്കെ അതിന്റെ നേതൃനിരയാവാന്‍ ചരിത്രപരമായ ബാധ്യതകൂടിയുണ്ട്. ടി കെ രാമചന്ദ്രനൊക്കെ മുമ്പങ്ങനെ ചെയ്തിരുന്നു. എന്തായിരിക്കാം അങ്ങനൊരു കൂട്ടായ്മ രൂപം കൊള്ളാത്തത്.

= ടി കെയ്ക്കോ രവീന്ദ്രനോ ഉള്ളത്ര ആത്മ വിശ്വാസം എനിക്കുണ്ടോ എന്നതൊരു പ്രശ്നമാണ്. ഇപ്പറഞ്ഞപോലെ ചെയ്യേണ്ട ഒരുകാര്യമാണ്. എന്റെയൊക്കെ ഒരു പ്രായത്തിലായിരിക്കണം ടി കെ ഇത് ചെയ്തത്. സെക്യുലര്‍ കളക്ടീവൊക്കെ ഉണ്ടാക്കിയത്. എന്റെ  ഒരു ആധികാരികതയില്‍ ഉള്ള സംശയം, സംഘാടനപാടവത്തിന്റെ കുറവ്, നേതൃനിരയിലേക്ക് വരാനുള്ള ഒരു വൈമുഖ്യം തുടങ്ങിയവയൊക്കെ അതിനു തടയിടുന്നുണ്ട്. വൈമുഖ്യവും പെട്ടെന്ന് മടുക്കലുംമൂലം എന്റെ മുന്‍കൈക്ക് ഞാനൊരു ഊന്നല്‍ കൊടുക്കാറില്ല. അതൊരു വ്യക്തിപരമായ ദൌര്‍ബല്യമാണ്. പക്ഷേ ഈ പറഞ്ഞ വിഷയം വളരെ ഗൌരവമുള്ളതാണ്. അന്നത്തെക്കാള്‍ എത്രയോ ആവശ്യമുള്ള ഒരു ഘട്ടത്തില്‍ നാമെത്തിയിരിക്കുന്നു. മറ്റൊരു കാരണം പൊതുവായി പറഞ്ഞാല്‍ അന്നത്തെക്കാള്‍ ധാരാളം വൈരുധ്യങ്ങള്‍ ഇന്ന് കൂടിയിട്ടുണ്ട്. അന്നൊരു ലാര്‍ജര്‍ പൊസിഷനില്‍ ഐക്യപ്പെടുവാന്‍ കഴിയുന്നവരുടെ നിര വളരെ ശക്തമായിരുന്നു. ഇന്ന് വര്‍ഗീയതക്കെതിരെ എന്നു  പറയുമ്പോഴും അതിനകത്തുതന്നെ ധാരാളം ഭിന്നതകള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. തിയററ്റിക്കലി അന്നത്തെക്കാള്‍ വലിയതോതില്‍ ചിതറിയ ഒരുകാലമാണല്ലോ നമ്മുടേത്. ഉദാഹരണത്തിന് അന്ന് അമാനവരില്ല. ഏതുതരം മൂവ്മെന്റിനെയും  അകമെ സൈദ്ധാന്തികമായി തുരങ്കംവച്ച് ഭിന്നിപ്പിക്കാന്‍ കഴിയുന്ന ഒരു ചിന്തയുടെ ലോകം പോസ്റ്റ് മോഡേണിസം ഉണ്ടാക്കിയിട്ടുണ്ട്. അത് കേവലമായി നില്‍ക്കുകയല്ല. വളരെയേറെ പരിലാളിക്കപ്പെടുകയും അതിനുമാത്രം ശ്രദ്ധ കിട്ടുകയും  കൂട്ടായ്മകളെയൊക്കെ തകര്‍ക്കാനുള്ള ഒരുപകരണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ണൂറുകളില്‍ ആ പ്രശ്നമില്ല, സെക്യുലറായിരിക്കുക എന്നുള്ളത് കമ്യൂണലല്ലാത്ത മുഴുവന്‍ മനുഷ്യനും ഒന്നിച്ച് ഷെയര്‍ചെയ്യുന്ന പൊസിഷനാണ്. ഇന്ന് സെക്യുലറാവുക എന്നുപറഞ്ഞാല്‍ ഏതുതരം സെക്യുലറാണ് എന്ന മട്ടിലുള്ള  ചോദ്യങ്ങള്‍ ഉന്നയിച്ച് അതിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയുന്ന ശക്തികള്‍ വളരെ കൂടിയിരിക്കുന്നു. അന്നില്ലാത്ത ഒരു ദൌര്‍ബല്യമാണിത്. അക്കാലവും ഇക്കാലവുമായി അങ്ങനെയൊരു അകലം കൂടിയുണ്ട്. എങ്കിലും അന്നത്തെക്കാള്‍ എത്രയോ പ്രധാനമാണ് ഇന്നിങ്ങനെ ഒരു കൂട്ടായ്മ എന്നത് വ്യക്തമായ കാര്യമാണ്.

? നവ സാമൂഹിക സമരങ്ങളുമായി മാഷ് പൊതുവെ നല്ല ബന്ധം പുലര്‍ത്താറുണ്ട്. മനുഷ്യസംഗമത്തിന്റെ മാനിഫെസ്റ്റോ അവതരിപ്പിക്കുന്നു. ചുംബന സമരവുമായി ഐക്യപ്പെടുന്നു. എങ്ങനെയാണ് മാഷ് നവ സാമൂഹിക  പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നത്.

=  അതില്‍ എല്ലാത്തിനോടും ഞാന്‍ ഐക്യപ്പെടാറില്ല. അടിസ്ഥാനപരമായി ശരിയുണ്ട്  എന്നു തോന്നുന്ന, വിയോജിപ്പുകള്‍ ഉണ്ടെങ്കിലും പ്രായോഗികമായി ഐക്യപ്പെടാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഉണ്ട്. വിയോജിപ്പുകള്‍ ശക്തമായി ആവിഷ്ക്കരിക്കേണ്ട പ്രസ്ഥാനങ്ങളുമുണ്ട്.
ഇതില്‍ ആദ്യത്തേതിനോട് മാത്രമേ ഐക്യപ്പെട്ടിട്ടുള്ളു. അവര് നമ്മളെ തള്ളിപ്പറയുന്നവോ ഇല്ലയോ എന്നത് എന്റെ പ്രശ്നമല്ല. അവരുന്നയിക്കുന്ന വിഷയങ്ങള്‍ ശരിയാണോ എന്നേ ഞാന്‍ നോക്കാറുള്ളൂ. ചുംബനസമരം ആ നിലയില്‍ ഉള്ള ഒന്നായിരുന്നു. രണ്ടാം ഭാഗമൊക്കെ എത്തുമ്പോഴേക്ക് അത് കോമാളിത്തരമായിപ്പോയി. കാരണം ഒരു ഇവന്റ് രൂപപ്പെടുന്നതിനു പുറകിലെ പ്രഷര്‍ ഹിസ്റ്റോറിക്കലാണ്.  പൊലീസ് സ്റ്റേഷന്‍ പിക്കറ്റിങ്ങുപോലും അധികകാലം ചെയ്തോണ്ടിരുന്നാല്‍ കോമാളിത്തരമായിപ്പോകും, അപ്പോഴാണ് ചുംബനസമരം. അതതിന്റെ സ്വാഭാവികമായ വൈരുധ്യത്തിലേക്ക് ചെന്നുപെട്ടു. പക്ഷേ ആദ്യം അതിനൊരു ആഘാത ശേഷിയുണ്ടായിരുന്നു. അതുകൊണ്ട് വൈരുധ്യാത്മകമായി പിന്തുണച്ചു ഏന്നേ ഉള്ളൂ. ഈ  നവസാമൂഹിക പ്രസ്ഥാനങ്ങളില്‍, അല്ലെങ്കിലതിന്റെ പേരില്‍ വരുന്ന പലതിനോടും ഞാനൊട്ടുമേ ഐക്യപ്പെടാറില്ല. എനിക്കതില്‍ തോന്നിയിട്ടുള്ളത് സാമൂഹിക ഉത്തരവാദിത്തം ഇല്ലാത്ത  ഒരുതരം ആഘോഷങ്ങളില്‍ ചേര്‍ന്നുകൂടാ എന്നാണ്. നമ്മുടെ നവസാമൂഹിക സംഘങ്ങളില്‍ ഒരു വലിയ പങ്ക് അവനവനെ പെരുപ്പിക്കലാണ്. അതിനോട് നമുക്ക് ഐക്യപ്പെടാന്‍ പറ്റില്ല. മനുഷ്യ സംഗമമൊന്നും അങ്ങനെയായിരുന്നില്ല. ജോണ്‍സണാണ് അതിന്റെ  മുഖ്യ സംഘാടകന്‍, എന്നിട്ടും ജോണ്‍സണ്‍ ചിത്രത്തിലെവിടെയുമുണ്ടായിരുന്നില്ല. അയാള്‍ നൂറുശതമാനം അദൃശ്യനായി നില്‍ക്കുകയായിരുന്നു. അങ്ങനെയുള്ള മനുഷ്യര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളോട് നമ്മള്‍ പല നിലയില്‍ എന്‍ഗേജ് ചെയ്യണം. നമ്മളിലും മാറാനുണ്ടാവും. അവരിലും മാറാനുണ്ടാവും. അതേസമയം ജമാഅത്തെ ഇസ്ളാമി, അവരുന്നയിക്കുന്ന പ്രശ്നങ്ങള്‍ ഞാന്‍ എന്റെ രീതിയില്‍  ആവിഷ്ക്കരിക്കും. കഴിയുന്ന പോലെയെല്ലാം എഴുതുകയും പറയുകയും ചെയ്യും. പക്ഷേ ഞാനൊരിക്കലും അവരുടെ വക്താവായി മാറാറില്ല.  എനിക്ക് ധാരാളം സുഹൃത്തുകള്‍ ജമാഅത്തിലുണ്ട്. പല പരിപാടികള്‍ക്കും വിളിക്കാറുണ്ട്.  പക്ഷേ ഞാന്‍ പൊതുവെ പോകാറില്ല. ഐഡിയോളജിക്കല്‍ ഡിഫറന്‍സ് മാത്രമല്ല അതിന്റെ കാരണം അത് കൌണ്ടര്‍ പ്രൊഡക്ടീവാകും എന്നതുകൊണ്ടുകൂടിയാണ്. എന്നുവച്ച് ഞടടന് സമമാണ് ഇസ്ളാമിന്റെ പേരിലുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ എന്നു ഞാന്‍ കരുതുന്നില്ല. ചരിത്രപരമായി അങ്ങനെയല്ലല്ലോ. അവരുന്നയിക്കുന്ന വിഷയങ്ങളോട് എന്‍ഗേജ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ പ്രായോഗികമായി വേദികള്‍ പങ്കിടല്‍പോലുള്ളവ ഇല്ല. 


? സംസാരത്തില്‍ ഇടക്കിടെ കയറിവന്ന മഹാഭാരത പ്രഭാഷണത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് ഇതവസാനിപ്പിക്കാമെന്ന് കരുതുന്നു. വളരെയധികം സ്വീകരിക്കപ്പെട്ടുവെങ്കിലും ചിലയിടങ്ങളില്‍ നിന്നത് വിമര്‍ശിക്കപ്പെടുന്നുമുണ്ട്. വിമര്‍ശകരുടെ പ്രധാനവാദം മഹാഭാരതത്തെ ആദര്‍ശവത്കരിച്ച് ഉറപ്പിക്കുകയാണ് മാഷിന്റെ പ്രവൃത്തി എന്നാണ്, എന്താണ് ഇതിനോടുള്ള പ്രതികരണം.

= മഹാഭാരതം ഒരു മോശം കൃതിയാണ് എന്നു ഞാന്‍ കരുതുന്നില്ല. പ്രാചീന ഇന്ത്യ രൂപം നല്‍കിയ ഏറ്റവും ബൃഹത്തും മഹത്തരവുമായ കൃതിയായിതന്നെയാണ് ഞാനതിനെ കാണുന്നത്. എന്റെ പ്രഭാഷണങ്ങളില്‍ ഞാന്‍ ചെയ്തത് ഈ മഹത്വം അതിനു കൈവന്നതെങ്ങനെ എന്ന് ഇന്ത്യാചരിത്രത്തെ മുന്‍നിര്‍ത്തിയും അതിന്റെ പാഠരൂപത്തെ മുന്‍നിര്‍ത്തിയും പരിശോധിക്കലാണ്. ആ നിലയില്‍ ഈ മഹത്വത്തെ അപനിര്‍മ്മിക്കാനുള്ള പണിയാണത് എന്നുപറയാം. ഈ വിമര്‍ശനങ്ങളുന്നയിച്ചവരില്‍ എത്രപേര്‍ ഞാന്‍ പറഞ്ഞ പതിനേഴ് മണിക്കൂറും കേട്ടിട്ടുണ്ട് എന്നതില്‍ എനിക്ക് നല്ല സംശയമുണ്ട്. അവരുടെ ഒരു മനോഭാവംവച്ച് ഇത് കേള്‍ക്കാനുള്ള സാധ്യതയില്ല. ശ്രദ്ധാപൂര്‍വം കേട്ടിട്ടുള്ള വിമര്‍ശനമാണിതെന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. മറിച്ച് സുനില്‍ പി ഇളയിടം മഹാഭാരതത്തെക്കുറിച്ച് പറയുന്നു അയാളൊരു സവര്‍ണ മാര്‍ക്സിസ്റ്റാണ്, മഹാഭാരതം ഒരു ബ്രാഹ്മണിക്ക് ടെക്സ്റ്റാണ്, അയാള് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്നറിയാം. ഇങ്ങനെ ഒരു മുന്‍വിധിയില്‍നിന്ന് ലഘുവായ ഇക്വേഷനുണ്ടാക്കി പ്രതികരിക്കുകയാവാം. അല്ലാതെ കൃഷ്ണനെക്കുറിച്ചോ മഹാഭാരതത്തെക്കുറിച്ചോ അതിന്റെ ഹിസ്റ്റോറിക്കല്‍ എവല്യൂഷനെക്കുറിച്ചോ അതിലെ നാഗവംശത്തിലെ ഘടകങ്ങളെക്കുറിച്ചോ എങ്ങനെയാണ് ട്രൈബല്‍സൊസൈറ്റിയെ കീഴ്പ്പെടുത്തിയത് എന്നതിനെക്കുറിച്ചോ അംബേദ്കര്‍ അതിനെക്കുറിച്ച് നടത്തിയ വിശകലനങ്ങള്‍ ഞാന്‍ വിശദീകരിക്കുന്നതിനെക്കുറിച്ചോ എന്തെങ്കിലും ശ്രദ്ധിച്ച ഒരാള്‍ക്ക് ഇത് ആദര്‍ശവത്കരമാണ് എന്ന് പറയാന്‍ സാധ്യമല്ല. രണ്ടാമത്തെ ദിവസത്തെ പ്രഭാഷണം മഹാഭാരതത്തിന്റെ ചരിത്രഭൂമികയാണ്. ചരിത്രത്തിലെ വൈരുധ്യങ്ങള്‍ ടെക്സ്റ്റിലെങ്ങനെ ഉള്‍ചേര്‍ന്നിരിക്കുന്നെന്ന്, ഇതെങ്ങനെ എംബഡസ് ഹിസ്റ്ററിയാകുന്നു എന്നതാണ് അതില്‍ ചര്‍ച്ചചെയ്യുന്നത്. ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ മൂന്ന് ബലങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, ഒന്ന് കുലഗോത്ര പാരമ്പര്യം- പ്രാചീന ഇന്ത്യയിലെ കുലഗോത്രങ്ങള്‍ രണ്ട്- അതിലേക്ക് വന്നുചേര്‍ന്ന അതിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച ബ്രാഹ്മണിക പാരമ്പര്യം മൂന്ന്- ഈ ബ്രാഹ്മണിക പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടുയര്‍ന്നുവന്ന ബൌദ്ധ പാരമ്പര്യം, ഇവ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സമൂര്‍ത്ത ഭാവനാലോകമാണ് മഹാഭാരതം. ഇതാണ് പറയാന്‍ ശ്രമിക്കുന്നത്, ഇത് കേള്‍ക്കുന്ന ഒരാള്‍ക്ക് ഇത് ബ്രാഹ്മണിസത്തിന്റെ ഒരു ആദര്‍ശവത്കരണമാണെന്ന് പറയാന്‍ സാധ്യമല്ല എന്നാണ് തോന്നുന്നത്. മഹാഭാരതത്തെക്കുറിച്ചോ രാമായണത്തെക്കുറിച്ചോ പറയാനേ പാടില്ല അതെല്ലാം ബ്രാഹ്മണിക്ക് ഡിസ്കോഴ്സിന്റെ ഭാഗമാണ് എന്ന പൊസിഷന്‍ എടുക്കാം ഒരാള്‍ക്ക്. കേശവദേവ് രാമായണം, മഹാഭാരതം ഒക്കെ കത്തിച്ചുകളയണമെന്ന് ഒരു ഘട്ടത്തില്‍ പറയുന്നുണ്ടല്ലോ. അതൊരു നിലപാടാണ്. ഒരു സമരമുഖത്ത് അതിന്റേതായ ഫലമുണ്ടാവും അത്തരം പ്രസ്താവനകള്‍ക്ക്. പക്ഷേ, ഒരു മെത്തഡോളജിക്കല്‍ ഇഷ്യുവാണിതില്‍ അടങ്ങിയിട്ടുള്ളത്. കേവലയുക്തി വാദത്തിന്റെ ഒരു മെത്തേഡ്. എക്സ്ക്ളൂഷന്റെ മറ്റൊരു മെത്തേഡ്. ഹിസ്റ്റോറിസൈസ് ചെയ്യേണ്ടുന്നതിന്റെ മൂന്നാമതൊരു മെത്തേഡ്. കേവലയുക്തിവാദത്തെ വിട്ടുകളയണം. ബദല്‍ വ്യവഹാരം രൂപപ്പെടുത്തുന്നതിന്റെയും അധീശവ്യവഹാരങ്ങളെ ചരിത്രപരമായി അഴിക്കുന്നതിന്റേയും മെത്തേഡുകള്‍ പരസ്പര പൂരകമാണെന്ന് കണ്ട് ആ നിലയിലൊരു ടെക്സ്റ്റിനെ സമീപിക്കണമാണെന്നാണ് എന്റെ ഒരു ബോധ്യം. ഞാനിതില്‍ പുതിയതായി ഒരു മഹാകാര്യവും ചെയ്തിട്ടില്ല. ആകെ ചെയ്തത് മഹാഭാരതത്തെക്കുറിച്ച് വന്നിട്ടുള്ള വിവരങ്ങളുടെ ഒരു ബൃഹദ് സഞ്ചയത്തെ ഈ ഒരു പേഴ്സ്പെക്ടീവിലൂടെ കൂട്ടിയിണക്കി. അല്ലാതെ മഹാഭാരത വ്യാഖ്യാനമൊന്നുമില്ല. അങ്ങനെ ഒരു വിമര്‍ശനവും വന്നിരുന്നു,  ഇതില്‍ സ്വന്തമായിട്ടൊന്നുമില്ല എന്ന തരത്തില്‍. ഈ ടെക്സ്റ്റിനെ ഹിസ്റ്റോറിക്കലായി പ്ളേസ് ചെയ്യാനും വ്യവഹാരികമായി ഇതെങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്ന് പരിശോധിക്കാനുമാണ് ഞാന്‍ തുനിയുന്നത്. അതിനകത്തൂടെ ഒരു പൊളിറ്റിക്സ് പോകുന്നുണ്ട്. ഹിന്ദുത്വവാദികള്‍ക്ക് അലോസരമുണ്ടാവാന്‍ ഇത് വലിയൊരു കാരണമാണ്, കേവലതര്‍ക്കമല്ല എന്നതിനാല്‍ അവര്‍ക്ക് വളരെ പെട്ടെന്ന് ഏറ്റുമുട്ടാന്‍ സാധ്യമല്ല. ഇത്രയും ദീര്‍ഘമായ ചരിത്രത്തിലൂടെ അതിനെ നോക്കുമ്പോള്‍ ഈ നോട്ടപ്പാടിനെ മുഴുവന്‍ ഖണ്ഡിച്ചാലേ ഈ വാദത്തെ ഖണ്ഡിക്കാന്‍ പറ്റു. അല്ലാതെ എന്റെ വാദങ്ങളാണ് എങ്കില്‍ മറിച്ചൊരു വാദം പറഞ്ഞാല്‍ മതി. ഞാന്‍ ഗാന്ധിയെക്കൊണ്ടോ വിവേകാനന്ദനെക്കൊണ്ടോ അങ്ങനെയുള്ള നൂറുകണക്കിന് ആള്‍ക്കാരെക്കൊണ്ടോ മഹാഭാരതത്തിന്റെ രൂപീകരണപ്രക്രിയ പറയുമ്പോള്‍ അതിനെ പെട്ടെന്ന് മറികടക്കുക സാധ്യമല്ല.

മറ്റൊരു കാര്യം കീഴാളസമീപനവും ചരിത്രപരവും വ്യവഹാരവിശകലനപരവുമായ സമീപനവും തമ്മില്‍ ചേരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അംബേദ്കര്‍ പത്തായിരം പേജെങ്കിലും ഇത്തരം ടെക്സ്റ്റുകളെ കുറിച്ച് എഴുതിയിട്ടുണ്ട്. ഉദ്യോഗപര്‍വത്തിന്റെയും വിരാട പര്‍വത്തിന്റെയും കഥാസംഗ്രഹം തന്നെ അംബേദ്കര്‍ എഴുതുന്നത് കാണാം. എന്തിനാണ് അംബേദ്കറെപോലെ ബ്രാഹ്മണിസത്തെ മുഴുവന്‍ തള്ളിക്കളഞ്ഞ ആള്‍ ഇത്രയും വിശദാംശങ്ങളോടെ ഇത് പഠിച്ചത്. അംബേദ്കര്‍ പ്രാചീന ഇന്ത്യാചരിത്രത്തെ കണ്ടെടുക്കല്‍ എന്ന പേരില്‍ ചെറിയ ഒരു ആമുഖം എഴുതുന്നുണ്ട്, വിപ്ളവവും പ്രതിവിപ്ളവവും ഇന്ത്യയില്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍. ഇതില്‍ പറയുന്നത് ഇന്ത്യയില്‍ പ്രാചീന ചരിത്രമുണ്ട്, ബ്രാഹ്മണ്യം കുന്നുകൂട്ടിയ  ചപ്പുചവറുകള്‍ക്കിടയില്‍ ഇന്ത്യയുടെ ചരിത്രമുണ്ട്. ഈ ചപ്പുചവറിനുള്ളില്‍നിന്ന് നാം ഇന്ത്യയുടെ ചരിത്രം പുറത്തെടുത്ത് കൊണ്ടുവരണം, അദ്ദേഹം പറഞ്ഞ ആശയമാണ്. അങ്ങനെ ചെയ്യണമെങ്കില്‍ നമ്മളീ ടെക്സ്റ്റിലേക്ക് കടന്നുനിക്കണം. ഈ മഹാവ്യവഹാരത്തെ അഴിക്കണം. അതിനുള്ളില്‍ കയറിത്തന്നെ യുദ്ധം ചെയ്തേ അത് സാധ്യമാകൂ. അംബേദ്കര്‍ അങ്ങനെ ചെയ്തിട്ടുണ്ട്, കൊസാംബിയും  ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പി കെ ബാലകൃഷ്ണനെപോലെ കീഴാളപക്ഷം പുലര്‍ത്തിയിരുന്ന ഒരാള്‍ ഇത് ചെയ്തിട്ടുണ്ട്. ഇതൊക്കെ ആദര്‍ശവത്ക്കരണമാണ് എന്ന് നമുക്ക് പറയാന്‍ പറ്റുമോ. ആ   ഒരു നിലപാട് ഷെയര്‍ ചെയ്യാനാണ് ഞാനും  ശ്രമിക്കുന്നത്. ഒരുപാട് പറഞ്ഞതാണെങ്കിലും ജയിംസണ്‍ന്റെ ആ വാചകത്തില്‍ നമുക്ക് വിടാതെ പിടിച്ചേ പറ്റൂ.Historisize always hi-storisize!.

(

റഫീഖ് ഇബ്രാഹിം വയനാട് സ്വദേശം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും എം ഫിലും, നിലവില്‍ ഡോ.സുനില്‍ പി.ഇളയിടത്തിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്നു. ഇതേ സര്‍വ്വകലാശാലയുടെ കൊയിലാണ്ടി റീജണല്‍ സെന്ററില്‍ കോണ്‍ട്രാക്റ്റ് ലക്ചറര്‍)

 

 

 

 

(ദേശാഭിമാനി ഓണം വിശേഷാല്‍ പ്രതിയില്‍ നിന്ന്)

പ്രധാന വാർത്തകൾ
 Top