20 April Saturday

ലോങ്മാർച്ച് ചരിത്രമായി മാറിയ ബദൽ മുന്നേറ്റം

എൻ എസ് സജിത്Updated: Thursday Mar 22, 2018


കോഴിക്കോട് > മഹാരാഷ്ട്രയിലെ കർഷകസമരം നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള ചരിത്രപരമായ ജനമുന്നേറ്റമാണെന്ന് അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇടതുപക്ഷജനാധിപത്യ ശക്തികളുടെ ബദലിനായുള്ള ശ്രമങ്ങൾക്ക് ഈ പ്രക്ഷോഭം ഊർജം പകരും. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദലുകളെ ജനങ്ങൾ ആവേശപൂർവം ഉറ്റുനോക്കുകയാണെന്നാണ് ലോങ്മാർച്ചിന്റെ വിജയം സൂചിപ്പിക്കുന്നത്. കാർഷികവായ്പ എഴുതിത്തള്ളലും വിളകൾക്ക് ന്യായവില ഉറപ്പാക്കലുമടക്കം മഹാരാഷ്ട്രയിലെ കർഷകർ ഉയർത്തിയ പ്രശ്‌നങ്ങൾ രാജ്യത്തെമ്പാടുമുള്ള കർഷകരുടെ ജീവിതബന്ധിയായ സുപ്രധാന പ്രശ്‌നങ്ങളാണ്. വനാവകാശ നിയമം ആറുമാസംകൊണ്ട് നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കർഷകകർഷകത്തൊഴിലാളി പെൻഷൻ 600ൽ നിന്ന് 2000 രൂപയാക്കാമെന്നും സമ്മതിച്ചിട്ടുണ്ട് സിഐടിയു ദേശീയ കൗൺസിലിന്റെ മുന്നോടിയായുള്ള സെമിനാറിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ ഡോ. ധാവ്‌ളെ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

? അഖിലേന്ത്യ കിസാൻസഭ നടത്തിയ  പ്രക്ഷോഭങ്ങൾക്ക് ശേഷമുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച ചരിത്രമാണ് മുമ്പുള്ളത്. ഈ സമരത്തിലും ആ ആശങ്കയുണ്ടോ?

2017 ജൂണിൽ കർഷകർ നടത്തിയ സമരത്തിനൊടുവിൽ വായ്പ എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പുനൽകിയിരുന്നു. ഈ വാഗ്ദാനങ്ങൾ ലംഘിച്ചതോടെയാണ് ശക്തമായ സമരം തീരുമാനിച്ചത്. ലോങ്മാർച്ചിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ  ആസാദ് മൈതാനിൽ അരലക്ഷത്തോളം പ്രക്ഷോഭകർക്ക് മുന്നിൽ മാർച്ച് 12ന് മൂന്ന് മന്ത്രിമാർ തന്നെയാണ് പ്രഖ്യാപിച്ചത്. നിയമസഭസഭയുടെ നടപ്പുസമ്മേളനത്തിൽ സഭയുടെ മേശപ്പുറത്തുവയ്ക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചു. 13ന് തന്നെ ഈ വ്യവസ്ഥകൾ സഭാരേഖകളുടെ ഭാഗമായി. ചീഫ് സെക്രട്ടറിയുടെ ഒപ്പോടുകുടിയ ഈ ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാരിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ അഖിലേന്ത്യ കിസാൻസഭ തയ്യാറല്ല. വിളകൾക്ക് വിലനിർണയിക്കുന്ന അഗ്രികൾച്ചർ കോസ്റ്റ്‌സ് ആൻഡ് പ്രൈസസ് കമ്മിറ്റിയിൽ കിസാൻസഭയുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. പാലിന്റെയും കരിമ്പിന്റെയും വിലനിശ്ചയിക്കുന്ന കാര്യത്തിൽ കർഷകർക്ക് ഇതിനകം അനുകൂല തീരുമാനമായിട്ടുണ്ട്. ഒത്തുതീർപ്പ് വ്യവസ്ഥകളിൽനിന്ന് പിന്നോട്ട് പോകില്ലെന്നതിന്റെ ആദ്യസൂചനയാണിത്. ഓരോ വ്യവസ്ഥയും പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംഘടന ജാഗരൂകമാണ്. വ്യവസ്ഥ പാലിക്കാൻ സർക്കാർ തയ്യാറാകുന്നത് കർഷകമുന്നേറ്റത്തെ ഭയക്കുന്നതുകൊണ്ടാണ്.

? വിദർഭയിലെയും മറാഠ്‌വാഡയിലെയും പരുത്തി കർഷകരുടെ ആത്മഹത്യകൾക്ക് ഇപ്പോഴും ശമനമില്ല. ഈ ഒത്തുതീർപ്പുവ്യവസ്ഥകൾക്ക് ആ മേഖലക്ക് എന്തു നേട്ടമാണുണ്ടാകുക.

2017 ജൂണിലെ പ്രക്ഷോഭത്തിനുശേഷം സർക്കാർ കർഷകരെ വഞ്ചിച്ചതിന്റെ തെളിവാണ് സംസ്ഥാനത്തെ 1753 ആത്മഹത്യകൾ. ഈ പത്തുമാസത്തിൽ ആത്മഹത്യചെയ്തവരിൽ ബഹുഭൂരിപക്ഷവും വിദർഭ, മറാഠ്‌വാഡ മേഖലയിലെ പരുത്തിക്കർഷകരാണ്. സർക്കാരിന്റെ ഒരു നടപടിക്കും ഈ മേഖലയിലെ കർഷകരുടെ വിശ്വാസം നേടിയെടുക്കാനായിട്ടില്ല. വായ്പ എഴുതിത്തള്ളൽ, പെൻഷൻ വർധന തുടങ്ങിയ കാര്യങ്ങൾ സർക്കാർ വാക്കുപാലിച്ചാൽ കർഷകർക്ക് ഗുണമുണ്ടാകും. പരുത്തിയിലെ പിങ്ക് ബോൾ വേമിന്റെ ആക്രമണമാണ് ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന  ഭീഷണി. ബിടി കോട്ടൺ ഉപയോഗിച്ചവർ ഇപ്പോൾ ദുരന്തം നേരിടുകയാണ്. വളത്തിനും കീടനാശിനിക്കും വൻതുക ചെലവാക്കുമ്പോൾ ബിടി കോട്ടൺ ഉപയോഗിച്ചു തുടങ്ങിയ കാലത്തുള്ളതിന്റെ പകുതിപോലും വില കിട്ടുന്നില്ല.

? ഐതിഹാസികമായ ഈ സമരത്തിന്റെ മുന്നൊരുക്കങ്ങൾ എന്തെല്ലാമായിരുന്നു. മുംബൈയിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുംവിധം മാർച്ചിൽ വരുത്തിയ മാറ്റങ്ങളെ പ്രക്ഷോഭകർ എങ്ങനെയാണ് സ്വീകരിച്ചത്.

 നൂറുകണക്കിന് യോഗങ്ങൾ ഗ്രാമങ്ങളിൽ ഒരുമാസം മുമ്പേ വിളിച്ചുചേർത്ത് മാർച്ചിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. ആയിരക്കണക്കിന് ലഘുലേഖകൾ വിതരണംചെയ്തു.  15,000 പേരുടെ മാർച്ചായിരുന്നു തുടക്കത്തിൽ തീരുമാനിച്ചത്. ഒരു സ്‌പോൺസർഷിപ്പും ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ജാഥയിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർചെയ്തു. വിവിധ ജില്ലകളിൽനിന്നായി 30,000 പേർ രംഗത്തെത്തിയപ്പോൾതന്നെ പകുതി വിജയിച്ചു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം കരുതാൻ അവരോട് പറഞ്ഞു. അഞ്ചുദിവസത്തേക്കുള്ള ധാന്യങ്ങളും എണ്ണയും മുളകുപൊടിയും മറ്റും കൈയിൽ കരുതാനും. പുലർച്ചെ അഞ്ചിന് യാത്രതുടങ്ങി. വെയിൽ ചൂടാകുമ്പോഴേക്കും കൂറേദൂരം പിന്നിടാൻ കഴിഞ്ഞു. ജാഥയാരംഭിക്കുംമുമ്പേ ഭക്ഷണം കയറ്റിയ ടെമ്പോയിൽ പാചകമറിയാവുന്നവരെ നേരത്തെ പറഞ്ഞുവിടും. അവർ അടുത്ത കേന്ദ്രത്തിൽ നേരത്തെ എത്തി പാചകംചെയ്യും. ജാഥാംഗങ്ങൾ എത്തുമ്പോഴേക്കും ഭക്ഷണം റെഡിയാകും. ആംബുലൻസും കർഷകരോട് ആഭിമുഖ്യമുള്ള ഡോക്ടർമാരും സദാ ഒപ്പമുണ്ടായിരുന്നു. മരുന്നുകളത്രയും എഫ്എംആർഎഐ എന്ന സംഘടന സംഭാവന നൽകി. പ്ലക്കാഡുകളും ചെങ്കൊടിയും ചുവപ്പുതൊപ്പിയും എല്ലാവർക്കും നൽകി.

പത്താം ക്ലാസ് പരീക്ഷയെ ലോങ് മാർച്ച് ബാധിക്കുമെന്ന് അറിയാവുന്നതിനാൽ ഇക്കാര്യം തികച്ചും ജനാധിപത്യപരമായാണ് തീരുമാനിച്ചത്. മാർച്ച് 12ന് രാവിലെ സയോണിൽനിന്ന് മാർച്ച് പുറപ്പെട്ടാൽ നഗരം സ്തംഭിക്കും.

കുട്ടികളുടെ രണ്ട് പരീക്ഷ മുടങ്ങും. ജാഥയുടെ പ്രധാന സംഘാടകനായ ജെ പി ഗാവിത് എംഎൽഎയും കിസാൻസഭാ നേതാവ് അജിത് നാവ്‌ലെയും അന്ന് രാത്രി സഖാക്കളോട് ചോദിച്ചു, പരീക്ഷയെ ബാധിക്കാത്തവിധം യാത്ര ക്രമീകരിക്കാൻ സന്നദ്ധമാണോ എന്ന്. എങ്കിൽ രാത്രി രണ്ടിന്് പുറപ്പെടണം. എല്ലാവരും ഒന്നിച്ച് കൈയുയർത്തി ഈ നിർദേശം അംഗീകരിച്ചു. ആറുദിവസം നടന്നുക്ഷീണിച്ചവരാണ് കുട്ടികൾക്കുവേണ്ടി ഈ ത്യാഗം സഹിച്ചത്.

പ്രധാന വാർത്തകൾ
 Top