04 June Sunday

ഓർമകളുടെ ഫ്രെയിം; നടൻ മുകേഷും ഛായാഗ്രാഹകൻ ശരൺ വേലായുധനും ഇന്നസെന്റിനെക്കുറിച്ച്‌

തയ്യാറാക്കിയത്‌: നിധിൻനാഥ്‌Updated: Sunday Apr 2, 2023

മലയാളിക്ക്‌ എന്നെന്നും സന്തോഷം സമ്മാനിച്ച ഇന്നസെന്റ്‌ ഇനിയൊരു കഥാപാത്രത്തിന്‌ കാത്തുനിൽക്കാതെ മടങ്ങി. പകർന്നാടിയ കഥാപാത്രങ്ങളുടെ ഓർമകളിൽ പ്രേക്ഷകനെ തളച്ചിട്ടായിരുന്നു ആ മടക്കം. ഇന്നസെന്റ്‌ അവസാനമായി അഭിനയിച്ചത്‌ അഖിൽ സത്യൻ സംവിധാനംചെയ്‌ത ‘പാച്ചുവും അത്ഭുതവിളക്കും’ ആൽഫ്രഡ്‌ കുരിയൻ ജോസഫ്‌ ഒരുക്കിയ ‘ഫിലിപ്പ്‌’ എന്നീ ചിത്രങ്ങളിലാണ്‌. പ്രേക്ഷകനിലേക്ക്‌ എത്താൻ തയ്യാറെടുക്കുകയാണ്‌ ഈ സിനിമകൾ. മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മുഹൂർത്തങ്ങൾ ഒരുപാട്‌ സമ്മാനിച്ച ഒരു കൂട്ടുകെട്ടാണ്‌ ഇന്നസെന്റും മുകേഷും. എന്നെന്നും കാത്തിരിക്കുന്ന ആ കൂട്ടുകെട്ട്‌ ഒരിക്കൽക്കൂടി ഈ സിനിമകളിൽ കാണാം. ആ നിമിഷങ്ങളെക്കുറിച്ച്‌ നടൻ മുകേഷും ഇന്നസെന്റിനെ പാച്ചുവും അത്ഭുതവിളക്കിനുമായി കാമറയിൽ പകർത്തിയ ഛായാഗ്രാഹകൻ ശരൺ വേലായുധനും സംസാരിക്കുന്നു

ഇന്നസെന്റ്‌ സിഗ്നേച്ചർ: എം മുകേഷ്‌ എംഎൽഎ

ഇന്നസെന്റേട്ടൻ അഭിനയിച്ച അവസാന രണ്ട്‌ സിനിമയിലും ഒപ്പം അഭിനയിച്ചു. അഖിൽ സത്യന്റെ ഫഹദ്‌ ഫാസിൽ ചിത്രത്തിലും ഹെലൻ ഒരുക്കിയ ടീമിന്റെ ഫിലിപ്പ്‌ എന്ന സിനിമയിലും. അസുഖത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ്‌ രണ്ട്‌ സിനിമയും.

അഖിലിന്റെ സിനിമ ‘പാച്ചുവും അത്ഭുതവിളക്കും’ സിങ്ക്‌ സൗണ്ടാണ്‌. അതുകൊണ്ട്‌ സംഭാഷണങ്ങളൊക്കെ പഠിക്കണം. ഇന്നസെന്റേട്ടന്‌ പണ്ടുമുതലേ ഹൃദിസ്ഥമാക്കാൻ കുറച്ച്‌ ബുദ്ധിമുട്ടുണ്ട്‌. എന്നാൽ, കഷ്ടപ്പെട്ട്‌ പഠിച്ചാണ്‌ ചെയ്‌തത്‌. അഖിൽ (സത്യൻ അന്തിക്കാടിന്റെ മകൻ) ബുദ്ധിയുടെ കാര്യത്തിൽ സത്യൻ അന്തിക്കാടിനെ കവച്ചുവയ്‌ക്കുമെന്ന്‌ ഒരു ദിവസം എന്നോട്‌ പറഞ്ഞു. ഞാൻ കരുതി, അവനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്‌ അഭിനന്ദിച്ചതെന്ന്‌. അപ്പോഴാണ്‌ പറയുന്നത്‌, ‘എന്റെ അസുഖവും വല്ലായ്‌മയുമൊക്കെ ഇവന്‌ അറിയാം. അതുകൊണ്ടാണ്‌ സിങ്ക്‌ സൗണ്ടാക്കിയത്‌. കാരണം ഡബ്ബിങ്‌ വരെ നമ്മൾ നിന്നില്ലെങ്കിലോ’. അവിടെ നിന്ന ചിലരൊക്കെ ചിരിച്ചു. പക്ഷേ, അതുകേട്ട്‌ എനിക്ക്‌ ചിരിയല്ല വന്നത്‌. ഞാൻ ചേട്ടനെ മാറ്റിനിർത്തി പറഞ്ഞു. ചേട്ടൻ അങ്ങനെ പറയരുത്‌. ഇനിയും 100 സിനിമ ചെയ്യുമെന്ന്‌ കേൾക്കാനാണ്‌ ആഗ്രഹം. അപ്പോ വന്നു മറുപടി, ‘100 സിനിമ ഞാൻ ചെയ്യുമെടാ, പക്ഷേ, അസുഖമില്ലെന്ന്‌ പറയുന്നത്‌ കള്ളത്തരമല്ലേ’. ഇങ്ങനെ മറുപടി പറയാനും തമാശ പറയാനും ഇന്നെസന്റ്‌ ചേട്ടന്‌ മാത്രമേ കഴിയൂ. അതുതന്നെയാണ്‌ ഇന്നസെന്റേട്ടനെ ഇന്നസെന്റ്‌ ആക്കുന്നത്‌.

മറ്റാർക്കും ഇങ്ങനെ പറ്റില്ല

അസുഖം ഒരുവശത്ത്‌ കിടക്കും, അഭിനയം മറുവശത്ത്‌ എന്നായിരുന്നു ലൈൻ.  അസുഖത്തെ അതിജീവിച്ചത്‌  ഈ മനോഭാവം കൊണ്ടുകൂടിയാണ്‌. ഒരിക്കലും നെഗറ്റീവായി ചിന്തിച്ചിട്ടില്ല. പ്രതീക്ഷ നഷ്ടപ്പെടുകയെന്നത്‌ അജൻഡയിൽ പോലും ഉണ്ടായിരുന്നില്ല.  എപ്പോഴും എന്തെങ്കിലും ചെയ്യണം, വിവിധ സ്ഥലങ്ങളിൽ പോകണം. കുറച്ച്‌ പൈസ കിട്ടിയാൽ ആലീസിനും കുടുംബത്തിനുമൊപ്പം അടിച്ചുപൊളിക്കണം. അത്‌ കഴിഞ്ഞുമതി അടുത്ത സിനിമ എന്നായിരുന്നു നിലപാട്‌. നമുക്കൊക്കെ അസൂയ തോന്നും. മറ്റാർക്കും ഇങ്ങനെ പറ്റില്ല.

വോട്ട്‌ പെട്ടിയിൽ ആയില്ലേ

തെരഞ്ഞെടുപ്പുഫലം വരാൻ രണ്ടോ മൂന്നോ ദിവസം ബാക്കിയിരിക്കെ ഞാൻ ഇന്നസെന്റേട്ടനെ വിളിച്ചു, എന്താണ്‌ പ്രതീക്ഷയൊന്നൊക്കെ അറിയാൻ. ‘ചിലര്‌ പ്രതീക്ഷയും ചിലര്‌ മോശവും പറയുന്നുണ്ട്‌’ എന്നൊക്കെ പറഞ്ഞു.  എവിടെയാണ്, ഇരിങ്ങാലക്കുടയിലെ വീട്ടിലാണോ? ഞാൻ ചോദിച്ചു. ‘ഞാൻ ഗോവയിലാടാ, ഞാനും ആലീസും മക്കളും മൂന്നാല്‌ ദിവസം ഗോവയിലുണ്ട്‌. വോട്ട്‌ പെട്ടിയിൽ ആയില്ലേ. ഇനി ആർക്കും ഒന്നും ചെയ്യാനില്ലല്ലോ’ എന്ന്‌ മറുപടി. ഞാനും സ്ഥാനാർഥിയായിരുന്നു. ഈ സാഹചര്യമൊക്കെ അഭിമുഖീകരിച്ചിട്ടുണ്ട്‌. പക്ഷേ, അതിനെ ഇങ്ങനെ തരണംചെയ്യാൻ വേറെയാർക്കും പറ്റില്ല.

പിള്ളേരോട്‌ വരാൻ പറ

ഫിലിപ്‌സിന്റെ സംവിധായകൻ ആൽഫ്രെഡ്‌ എന്നോട്‌ കഥ പറയുന്നത്‌ ‘ചേട്ടന്‌ പ്രധാന റോളുണ്ട്‌’ എന്നുപറഞ്ഞാണ്‌. സിനിമയിൽ ഫിലിപ്പ്‌ എന്ന മെയിൻ റോളാണ്‌ എനിക്ക്‌. ഞാൻ ചെയ്‌താൽ ശരിയാകുമോയെന്ന്‌ തിരിച്ചുചോദിച്ചു. ചേട്ടൻ ചെയ്യണമെന്ന്‌ ആദ്യമേ തീരുമാനിച്ചിരുന്നെന്ന്‌ പറഞ്ഞു. അതുപോലെ തന്നെയാണ്‌ സിനിമയിലെ പ്രധാന കഥാപാത്രമായ അങ്കിളിന്റെ വേഷം. അതിന്‌ അവർ കണ്ടിരുന്നത്‌ ഇന്നസെന്റേട്ടനെ മാത്രമാണ്‌. ഇത്‌ ന്യൂജെൻ പിള്ളേരുടെ തന്റേടമാണ്‌. അങ്ങനെ ഞാൻ ഇന്നസെന്റേട്ടനെ വിളിച്ച്‌ സിനിമയുടെ കാര്യം പറഞ്ഞു. ‘പിള്ളേര്‌ വന്ന്‌ കഥ പറഞ്ഞു, ബംഗളൂരുവിലൊക്കെ ഷൂട്ടിങ്ങുണ്ട്‌. അവിടെ പോകേണ്ട കാര്യം ആലോചിക്കുമ്പോൾ വിഷമമുണ്ട്‌. പിന്നെ ആലീസിനെയും ബുദ്ധിമുട്ടിക്കണം’ എന്നുപറഞ്ഞു. ഈ റോൾ ചേട്ടൻ ചെയ്യണമെന്ന്‌ ഞാൻ പറഞ്ഞു. അതിനുശേഷം വയ്യാതെയായി. ചിത്രീകരണം കഴിഞ്ഞു, പക്ഷേ, പുള്ളിയുടെമാത്രം ഡബ്ബ്‌ ചെയ്യാൻ പറ്റിയില്ല. ഇടയ്‌ക്ക്‌ വിളിക്കുമ്പോൾ പറയും രണ്ടു ദിവസം കഴിഞ്ഞ്‌ പിള്ളേരോട്‌ വരാൻ പറ. ഞാൻ തൃശൂർ പോയി ഡബ്ബ്‌ ചെയ്യാം, അല്ലെങ്കിൽ വീട്ടിൽവച്ച്‌ ഡബ്ബ്‌ ചെയ്യാം എന്നൊക്കെ. തന്റെ അസുഖമല്ല പ്രധാനം, ആ സിനിമ നല്ല രീതിയിൽ ഇറക്കണമെന്ന ചിന്തയാണ്‌. തന്നാൽ കഴിയുന്ന സംഭാവന സിനിമയ്‌ക്ക്‌ കൊടുക്കണമെന്നാണ്‌ ആലോചിക്കുക. വേറെയൊരു ആളാണെങ്കിൽ ഇത്തരത്തിൽ അവശനിലയിൽ, ഡോക്ടർമാർ പുറത്തിറങ്ങരുതെന്ന്‌ പറയുന്ന ഘട്ടത്തിൽ ഇങ്ങനെ പറയില്ല. ഇനിയും 100 സിനിമ അഭിനയിക്കണം. വേഷം ഗംഭീരമായി ചെയ്യണമെന്ന ചിന്തയാണ്‌ എപ്പോഴും ഉണ്ടായിരുന്നത്‌. അതുതന്നെയാണ്‌ ഇന്നസെന്റേട്ടൻ നൽകുന്ന ഏറ്റവും വലിയ സന്ദേശം.

ഇന്നസെന്റ്‌ സ്റ്റയിൽ

ഒരു ദിവസം വിളിച്ചു. നല്ല ചുമ. 

ഇന്നസെന്റ്‌: നീയൊരു തമാശ അറിഞ്ഞാ?

ഞാൻ: ചുമയുണ്ടല്ലോ വൈകിട്ട്‌ വിളിക്കാം. 

ഇന്നസെന്റ്‌:  ഇല്ല, ഇപ്പോ പറഞ്ഞില്ലെങ്കിൽ മറന്നുപോകും. എന്റെ വീടിന്റെ അടുത്ത്‌ ഒരു പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവുണ്ട്‌. കുറെക്കാലം ഞാൻ അവനെ ഒളിച്ചുനടക്കായിരുന്നു. കാരണം അവൻ കൊണ്ടുവരുന്ന സിനിമയ്‌ക്ക്‌ കൊടുക്കാൻ ഡേറ്റില്ലടാ. ഞാൻ എല്ലാം കൊടുത്തില്ലേ, വീടിന്റെ അടുത്തുകൂടി വന്നാൽ, ഞാൻ ഇല്ലെന്ന്‌ പറഞ്ഞാ മതിയെന്നു പറഞ്ഞ്‌ ഒളിച്ചുനടക്കായിരുന്നു. 

ഞാൻ: അതിനിപ്പം എന്താ?

ഇന്നസെന്റ്‌:  ഇപ്പോ കുറെ ദിവസായിട്ട്‌ അവൻ എന്നെ ഒളിച്ചുനടക്കുന്നെടാ. ഞാൻ ഇനി ചാൻസ്‌ ചോദിക്കുമോ എന്ന്‌ പേടിച്ചിട്ടാ...

ഞാൻ: ലോകത്ത്‌ ഇതിനകത്ത്‌ തമാശ കണ്ടെത്താൻ നിങ്ങൾക്കല്ലാതെ വേറെയാർക്കും പറ്റില്ല.

ഞാൻ സന്തോഷിച്ചെടാ

അദ്ദേഹം അഭിനയിച്ച 10–-ാം നിലയിലെ തീവണ്ടിക്ക്‌ ദേശീയ അവാർഡ്‌ കിട്ടുമെന്ന്‌ വിചാരിച്ചിരുന്നു. അപ്പോൾ ടിവിയിൽ സ്‌ക്രോൾ വന്നു. അവസാന റൗണ്ടിൽ ഇന്നസെന്റ്‌, മമ്മൂട്ടി, അമിതാബ്‌ ബച്ചൻ. അതിനെക്കുറിച്ച്‌ മൂപ്പര്‌ പറഞ്ഞത്‌ ‘ഞാനപ്പോ പ്രാർഥിച്ചെടാ. എനിക്ക്‌ കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക്‌ കിട്ടരുത്‌. അത്‌ മനുഷ്യന്റെ സ്വഭാവമാണ്‌. മറച്ചുവച്ചിട്ട്‌ കാര്യമില്ല. അവസാനം ഞങ്ങൾക്ക്‌ രണ്ടുപേർക്കും കിട്ടാതെ അമിതാബ്‌ ബച്ചന്‌ കിട്ടിയപ്പോ ഞാൻ സന്തോഷിച്ചെടാ.’ ആർക്കെങ്കിലും മനസ്സിൽ തോന്നിയാൽപ്പോലും ഇങ്ങനെ പുറത്തുപറയുമോ. പക്ഷേ, ഇന്നസെന്റ്‌ പറയും, പറഞ്ഞതാണ്‌. മമ്മൂട്ടിയെക്കുറിച്ച്‌ സൺഡേ സപ്ലിമെന്റ്‌ ഇറക്കാൻ വേണ്ടി ഒരു പത്രപ്രവർത്തകൻ എന്റെ അടുത്തുവന്നു. ഞാൻ പറഞ്ഞു, എനിക്ക്‌ പുതിയതായി ഒന്നും പറയാനില്ല. എല്ലാവരും പറഞ്ഞശേഷം വാ, അതിൽ ഇല്ലാത്തത്‌ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാമെന്ന്‌. അടുത്ത്‌ ഇന്നസെന്റേട്ടൻ നിൽപ്പുണ്ട്‌. എടുത്ത വായ്‌ക്ക്‌ പറഞ്ഞു. ‘ഓർമകളൊക്കെ പഴയതുതന്നെ, വേണമെങ്കിൽ നിങ്ങൾ എഴുതിക്കോ. മമ്മൂട്ടി വലിയ നടനാണ്‌.  പക്ഷേ, ഞാനെടുക്കുന്ന റോൾ മമ്മൂട്ടിക്ക്‌ പറ്റില്ല, മമ്മൂട്ടി എടുക്കുന്ന റോൾ എനിക്കും പറ്റില്ല, എഴുതിക്കോ’. അടുത്തുനിൽക്കുന്നവർക്ക്‌ അത്ഭുതമായി. നമ്മളൊക്കെ മനുഷ്യരാണ്‌. മനസ്സിൽ തോന്നുന്നത്‌ വെട്ടിത്തുറന്ന്‌ പറയണം, അതിൽ എന്താണ്‌ തെറ്റ്‌? ഇതാണ്‌ ഇന്നസെന്റ്‌ സിഗ്നേച്ചർ.

റാംജിറാവു സ്‌പീക്കിങ്‌ ഷൂട്ടിങ്‌ നടക്കുകയാണ്‌. ഞാനും ഇന്നസെന്റേട്ടനും സായ്‌കുമാറുമുണ്ട്‌. അഭിനയിക്കുന്ന കുട്ടിയുടെ കുടുംബം ഷൂട്ടിങ്‌ കാണാൻ വന്നിട്ടുണ്ട്‌. ഭർത്താവും ഭാര്യയും ഭാര്യയുടെ അനിയത്തിയുമുണ്ട്‌. പെൺകുട്ടികൾ ചെറുപ്പവും സുന്ദരികളുമാണ്‌. ഭർത്താവ്‌ പുറത്തുനിൽക്കുകയാണ്‌. ഭാര്യയും ഭാര്യയുടെ അനിയത്തിയും ഇവിടെ നിൽക്കുന്നുണ്ട്‌. അപ്പോ ഇന്നസെന്റേട്ടൻ ഒരു തമാശ കഥ പറയാൻ തുടങ്ങി. വലിയൊരു കഥയാണ്‌.  ഞാനും സായ്‌കുമാറും പ്രൊഡക്‌ഷനിലെ ആളുകളുമൊക്കെ ചിരിക്കുന്നുണ്ട്‌. പെൺകുട്ടികളാണ്‌ നന്നായി ചിരിക്കുന്നത്‌. പറഞ്ഞുപറഞ്ഞ്‌ കഥയുടെ ക്ലൈമാക്‌സായി. അപ്പോഴാണ്‌  സ്‌ത്രീയുടെ ഭർത്താവ്‌ വന്ന്‌ ദേഷ്യത്തിലോ മറ്റോ, ‘നിങ്ങൾ ഇവിടെ ഇരിക്കാണോ.. വാ പോകാം’ എന്ന്‌ പറയുന്നത്‌.  ആ പെൺകുട്ടികൾ പെട്ടെന്ന്‌ എഴുന്നേറ്റ്‌ പോയി. ഞാനും സായ്‌കുമാറുമെല്ലാം ചേട്ടാ ക്ലൈമാക്‌സ്‌ എന്തായിയെന്ന്‌ ചോദിക്കുന്നുണ്ട്‌. അപ്പോ ഇന്നസെന്റേട്ടൻ ‘പോടാ നിന്റെയൊക്കെ പാട്ടിന്‌, ഞാൻ ഇത്രയും കഷ്ടപ്പെട്ട്‌ പെർഫോം ചെയ്‌ത്‌ കഥ, വെയർത്ത്‌ കുളിച്ചുനിന്ന്‌ പറഞ്ഞത്‌ അവര്‌ കേൾക്കാനാണ്‌. അല്ലാതെ നിന്നെയൊക്കെ ചിരിപ്പിക്കാനല്ല. ഇനി ക്ലൈമാക്‌സുമില്ല, ഒരു മണ്ണാംകട്ടയുമില്ല’. ആ കഥയുടെ ബാക്കി പിന്നെ പറഞ്ഞിട്ടില്ല. നമ്മളൊക്കെയാണെങ്കിൽ ഒരുപക്ഷെ നിരാശ വന്നെങ്കിൽപ്പോലും പൊലിപ്പിക്കാതെ കഥ പറഞ്ഞുതീർക്കും. പക്ഷേ, ഇന്നസെന്റേട്ടൻ പറഞ്ഞത്‌ ‘ആ സമയത്ത്‌ ഞാൻ ആഗ്രഹിച്ചത്‌ ആ ക്ലൈമാക്‌സിലെ അവരുടെ ചിരി കാണാനാണ്‌’.  അത്‌ നടന്നില്ല. ഇനി ആ കഥയില്ല.’ എന്നായിരുന്നു.

ഒരേയൊരാൾ: ശരൺ വേലായുധൻ

ശരൺ വേലായുധനും ഇന്നസെന്റും

ശരൺ വേലായുധനും ഇന്നസെന്റും

ഇന്നസെന്റ്‌ എന്നുപറയുമ്പോൾ മനസ്സിലേക്ക്‌ വരുന്നത്‌, നമുക്കൊക്കെ ഏറ്റവും ഇഷ്ടമുള്ള നമ്മുടെ വീട്ടിലെ ഒരാളെയാണ്‌. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട അങ്കിൾ എന്നൊക്കെ പറയുന്ന ഒരാൾ. നമ്മുടെ കുട്ടിക്കാല ഓർമകളുമായി ഒരുപാട്‌ അടുപ്പം. നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇന്നസെന്റിനെയൊക്കെ കണ്ടുതന്നെയാണ് വളർന്നത്. നമുക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഇഷ്ടമുണ്ട് ഇന്നസെന്റിൽ. 

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലാണ്‌ ഞാൻ ഇന്നസെന്റിനൊപ്പം ആദ്യമായി പ്രവർത്തിക്കുന്നത്‌. പക്ഷേ, നമ്മുടെ ഓർമകൾ, മനസ്സിലുള്ള നിമിഷങ്ങൾ, അതിലൂടെ കുറെ നാളായിട്ട് അറിയുന്ന ഫീലായിരുന്നു ഒപ്പംജോലി ചെയ്യുമ്പോൾ. ഇന്നസെന്റിന്റെ സെൻസ്‌ ഓഫ്‌ ഹ്യൂമറും എല്ലാ കാര്യത്തിലുള്ള കാഴ്‌ചപ്പാടുമെല്ലാം  രസമാണ്. സംവിധായകൻ അഖിൽ സത്യനുമായി അദ്ദേഹത്തിന്‌ വലിയ ബന്ധമായിരുന്നു. ദിവസവും സംസാരിക്കുന്ന തരത്തിലുള്ള അടുപ്പം. അഖിൽ പരിചയപ്പെടുത്തുന്നതും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ ആദ്യമായി ജോലിചെയ്യുന്ന പോലെയൊന്നും തോന്നിയില്ല. 

രണ്ടാമത്തെ പ്രാവശ്യം അർബുദം വന്നിട്ടും ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ വീക്ഷണം എപ്പോഴും പോസ്റ്റീവായിരുന്നു. കീമോയുടെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നിട്ടും ജീവിതത്തെ നോക്കിക്കണ്ടിരുന്നത്‌ പോസിറ്റീവായിട്ടാണ്‌. എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യൻ.

ഈ സിനിമയിൽ വളരെ കാലമായിട്ട്‌ ആഗ്രഹിക്കുന്നരീതിയിലുള്ള ഇന്നസെന്റ്‌ കഥാപാത്രത്തെ കാണാൻപറ്റും. ഫ്രെയിമിൽ വരുന്ന നിമിഷങ്ങൾ അങ്ങനെയുള്ളതാണ്‌. ഇന്നസെന്റ്‌, മുകേഷ്‌, ഫഹദുമൊക്കെ ഒരുമിച്ചു വരുന്ന രംഗങ്ങൾ കുറച്ചുണ്ട്‌. നമ്മളുടെ ജീവിതത്തോട്‌ എപ്പോഴും ബന്ധപ്പെടുത്താൻ പറ്റുന്ന, കാണാൻ ആഗ്രഹിക്കുന്ന കുറെ നിമിഷങ്ങളാണ്‌. ഒരുതരത്തിൽ ഇന്നസെന്റിനുള്ള ട്രിബ്യൂട്ടാണ്‌ ഈ സിനിമ.

എല്ലാ കാര്യത്തോടും വളരെ രസകരമായ കാഴ്‌ചപ്പാടുള്ള ഒരു മനുഷ്യൻ–- അങ്ങനെ ഇന്നസെന്റ്‌ മാത്രമേയുള്ളൂ. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനായി,  ക്യാമറയിൽ പകർത്താനായി എന്നതിൽ വലിയ സന്തോഷമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top