25 April Thursday

വ്യവസായമേഖലയിൽ തുളുമ്പുന്നു ആത്മവിശ്വാസം

പി ജി സുജUpdated: Saturday May 12, 2018

കൊച്ചി
സംസ്ഥാനത്തെ വ്യവസായസമൂഹം അഹ്ലാദത്തിലും അതിലേറെ ആശ്വാസത്തിലുമാണ്. കാലങ്ങളായി വ്യവസായമേഖല നേരിട്ട പ്രശ്നങ്ങൾക്കും മുന്നോട്ടുവച്ച ആവശ്യങ്ങൾക്കും വലിയൊരളവിൽ പരിഹാരമേകുന്നതാണ് അടുത്തിടെ പ്രാബല്യത്തിൽ വന്ന കേരള ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആറ്റ് ഫെസിലിറ്റേഷൻ ആക്ട്. വ്യവസായികളുടെ ദീർഘകാല ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ചാണ് ആദ്യം ഓർഡിനൻസ് പുറത്തിറക്കി നിയമനിർമാണം നടത്തിയത്. നിലവിലെ വ്യവസായികൾക്ക് തലവേദനകളൊന്നുമില്ലാതെ യൂണിറ്റുകൾ നടത്തിക്കൊണ്ടുപോകാനും പുതിയവർക്ക് അനായാസം  കടന്നുവരാനും ഈ നിയമം പിന്തുണ നൽകുന്നു.

ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിൽ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അടിമുടിയുള്ള പരിഷ്കാരങ്ങളാണ് വരുത്തിയത്. ഇതിനായി മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും ആവശ്യമായ മേഖലകൾ കണ്ടെത്തി. രജിസ്ട്രേഷൻ, റവന്യൂ, കെട്ടിടനിർമാണ ചട്ടങ്ങൾ, സർവേ, ഭൂമിരേഖകൾ എന്നിവയിലൊക്കെ വേഗത്തിലുള്ള പരിഷ്കരണങ്ങളാണ് വരാൻപോകുന്നത്.

വിവിധ ലൈസൻസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതാണ് ശ്രദ്ധേയമായ കാര്യം. ലൈസൻസുകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം നൽകുകയോ നിരസിക്കുകയോ വേണം. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അവ നൽകിയതായി കണക്കാക്കും.

സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണനിയന്ത്രണ ബോർഡ്, അഗ്നിശമനസേന തുടങ്ങിയവയുടെ അനുമതിപത്രം ലഭിക്കും. വ്യവസായികളെ വിശ്വാസത്തിലെടുക്കുന്ന ഈ നടപടി ദുരുപയോഗം ചെയ്താൽ അഞ്ചുലക്ഷം രൂപവരെ പിഴ ഈടാക്കും. അനുമതി നേടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം നിയന്ത്രിക്കും. ഇനിമുതൽ സാങ്കേതികവകുപ്പുകൾ നൽകുന്ന തിരുത്തൽനടപടികൾ സമയപരിധിക്കുള്ളിൽ നടപ്പാക്കിയില്ലെങ്കിൽമാത്രമേ സ്റ്റോപ് മെമ്മോ നൽകാനാകൂ എന്ന തീരുമാനം വ്യവസായികൾക്ക് ആശ്വാസം പകരുന്നതാണ്.  ലൈസൻസുകളും പുതുക്കലുകളും അഞ്ചുവർഷത്തേക്കായി ഒരുമിച്ച് ലഭിക്കുമെന്നതിനാൽ വ്യവസായികൾക്ക് തങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കാനാകും. ഇതെല്ലാം ഓൺലൈനായി ചെയ്യാനുമാകും. എല്ലാത്തിനും ഒരേ അപേക്ഷാഫോറവും ഇവയ്ക്കായി ഓൺലൈൻ പോർട്ടലുമുണ്ട്.

വ്യവസായവകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന ഇന്റലജന്റ് ബിൽഡിങ് സോഫ്റ്റ്വെയർ രണ്ടുമണിക്കൂറിനുള്ളിൽ കെട്ടിടത്തിന് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യുംവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.  ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ ഇ‐ ഗവേണൻസിന്റെ ഭാഗമായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഇൻകുബേഷൻ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.  അടുത്ത ഒരുവർഷത്തിനുള്ളിൽ 2266 കോടി രൂപ മുടക്കി 17,500 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പശ്ചാത്തലസൗകര്യ വികസനവും ബഹുനില വ്യവസായ സമുച്ചയ നിർമാണങ്ങളും പുരോഗമിക്കുകയാണ്. 2017‐18 സാമ്പത്തികവർഷം സംരംഭക സഹായ പദ്ധതിയായി 1028 യൂണിറ്റുകൾക്ക് 54 കോടി രൂപ അനുവദിക്കുകയും 2018‐19 വർഷത്തേക്ക് 55 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 2017‐18ൽ 15,468 പുതിയ സംരംഭങ്ങളിൽ 51,244 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

സംരംഭങ്ങളുടെ വിവരശേഖരണത്തിനായി വ്യവസായവകുപ്പ് കേരള എംഎസ്എംഇ ജിയോ പോർട്ടൽ എന്ന പദ്ധതി തയ്യാറാക്കിട്ടുണ്ട്. വ്യവസായവികസന ഉദ്യോഗസ്ഥർ സംരംഭങ്ങൾ നേരിട്ട് സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജിപിഎസ് സംവിധാനത്തിലൂടെ സംരംഭങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുന്നുമുണ്ട്. ഈ വിവരങ്ങൾ സംയോജിപ്പിച്ച് വ്യവസായഭൂപടം തയ്യാറാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. 2017 മാർച്ചിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ 1,13,000 യൂണിറ്റുകളുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്.
 

പ്രധാന വാർത്തകൾ
 Top