07 October Friday

കലാപ കാഹളം മുഴക്കിയ വെല്ലൂർ

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന 1857-ലെ ശിപായി ലഹളയ്‌ക്ക്‌ 50 വർഷം മുമ്പുതന്നെ ഇന്ത്യൻ ജനത ബ്രിട്ടീഷുകാർക്കുനേരെ ആയുധമേന്തിയിരുന്നു. 1806 ജൂലൈ 10-ന്‌ തമിഴ്‌നാട്ടിലെ വെല്ലൂരിലാണ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനിയെ പിടിച്ചുകുലുക്കിയ ഏറ്റുമുട്ടലുണ്ടായത്‌. അതിനുമുമ്പ്‌ ടിപ്പു സുൽത്താൻ ഉൾപ്പെടെയുള്ള ഭരണാധികാരികൾ അവരവരുടെ അധികാരം നിലനിർത്താനായി വിദേശ അധിനിവേശ ശക്തികളുമായി ഏറ്റുമുട്ടി.

വെല്ലൂർ കലാപമെന്ന്‌ അറിയപ്പെടുന്ന ഏറ്റുമുട്ടലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സൈനിക കലാപം. ഒറ്റ ദിവസത്തെ കലാപത്തിനൊടുവിൽ കോട്ടയുടെ നിയന്ത്രണം സൈനികർ പിടിച്ചെടുത്തെങ്കിലും കൂടുതൽ സൈനികരെ ഉപയോഗിച്ച് ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്തി. ഈ കലാപമാണ്‌ പിന്നീട്‌ ഒന്നാം സ്വാതന്ത്ര്യ സമരത്തിനടക്കം പ്രചോദനമായത്‌.

1805 നവംബറിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി മുന്നോട്ടുവച്ച നിർദേശങ്ങളാണ് കലാപത്തിന്‌ വഴിയൊരുക്കിയത്‌. ബ്രിട്ടീഷ് പട്ടാളത്തിൽ അംഗങ്ങളായ ഹിന്ദു സൈനികർ നെറ്റിയിൽ തിലകക്കുറി പോലുള്ള മതപരമായ അടയാളം ധരിക്കരുതെന്നും മുസ്ലിങ്ങൾ താടിയും മീശയും നീട്ടിവളർത്തരുതെന്നും നിർദേശമുണ്ടായി. തലപ്പാവുകൾക്കു പകരം ക്രിസ്ത്യാനികൾ ധരിച്ചിരുന്നതുപോലുള്ള വട്ടത്തൊപ്പികൾ ധരിക്കണമെന്നും മദ്രാസ് സൈനികമേധാവിയായിരുന്ന ജോൺ ക്രാഡോക്ക് ഉത്തരവിറക്കി. ഇതിനെതിരായ ശക്തമായ പ്രതികരണമായിരുന്നു വെല്ലൂരിൽ നടന്നത്‌.

വെല്ലൂർ കോട്ടയുടെ കാവലിനായി 69-–ാം റെജിമെന്റിലെ നാലു കമ്പനി ബ്രിട്ടീഷ് സൈനികരും മദ്രാസ് സൈന്യത്തിൽനിന്നുള്ള മൂന്ന് കമ്പനി ഇന്ത്യൻ സൈനികരുമാണുണ്ടായിരുന്നത്‌. ജൂലൈ 10-ന് അർധരാത്രിക്കുശേഷം ഇന്ത്യൻ പട്ടാളക്കാർ കോട്ടയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന കേണൽ സെന്റ്. ജോൺ ഫാൻകോർട്ട് ഉൾപ്പെടെയുള്ള മേലധികാരികളെയും 69–ാം റെജിമെന്റിലെ 115 സൈനികരെയും കൊലപ്പെടുത്തി. കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്ത ഇന്ത്യൻ സൈനികർ അവിടെ മൈസൂർ രാജവംശത്തിന്റെ പതാക സ്ഥാപിച്ചു. ടിപ്പുവിന്റെ രണ്ടാമത്തെ പുത്രൻ ഫത്തേഹ് ഹൈദരെ രാജാവായും പ്രഖ്യാപിച്ചു.

വെല്ലൂർ കലാപത്തിന്റെ സ്മരണയ്ക്കായി 
പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

വെല്ലൂർ കലാപത്തിന്റെ സ്മരണയ്ക്കായി 
പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

രക്ഷപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മേജർ കൂപ്പ്സ് ആർക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തി കലാപത്തെക്കുറിച്ച്‌ വിവരം അറിയിച്ചു. തുടർന്ന്‌ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ റോളോ ഗില്ലപ്സിയുടെ നേതൃത്വത്തിൽ സൈന്യം കോട്ടയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു.വെല്ലൂർ കലാപത്തെ ആസ്പദമാക്കി ഇംഗ്ലീഷ് കവി ഹെൻറി നൂബോൾട്ട് രചിച്ച കവിതയാണ് ഗില്ലസ്പി. ജോർജ് ഷെപ്വെയുടെ സ്ട്രേഞ്ചഴ്സ് ഇൻ ദ ലാൻഡ് (1976) എന്ന നോവലിന്റെ വിഷയവും വെല്ലൂർ കലാപമാണ്.2006ൽ വെല്ലൂർ കലാപത്തിന്റെ 200–ാം വാർഷികം തമിഴ്‌നാട്‌ വിപുലമായി ആഘോഷിച്ചിരുന്നു. വാർഷികത്തോടനുബന്ധിച്ച്‌ പ്രത്യേക സ്‌റ്റാമ്പും പുറത്തിറക്കി.

 

പോരാട്ട വഴിയിലെ ധീരത
പതിനഞ്ച്‌ വയസ്സുകാരൻ സുശീൽ കുമാർ സെന്നിന്റെ ധീരതയ്‌ക്ക്‌ മുന്നിൽ ബ്രീട്ടീഷ്‌ പട്ടാള മേധാവി മുട്ടുമടക്കിയ കാഴ്‌ചയ്‌ക്കാണ്‌ 1907 ആഗസ്‌ത്‌ ഏഴിന്‌ കൊൽക്കത്ത സാക്ഷ്യം വഹിച്ചത്‌. ബ്രിട്ടീഷ് പട്ടാളമേധാവി ആളുകളെ തെരുവിലൂടെ അടിച്ചോടിക്കുന്നതുകണ്ട സുശീൽ അദ്ദേഹത്തിന്റെ കൈയ്യിലെ വടി പിടിച്ചെടുത്ത്‌ തിരിച്ചടിച്ചു. കസ്റ്റഡിയിലായ സുശീലിന്‌ ജഡ്ജി പത്തുചാട്ടവാറടി ശിക്ഷ വിധിച്ചു. അടിയേൽക്കുമ്പോൾ "വന്ദേ മാതരം' വിളിച്ചാണ്‌ ശിക്ഷ ഏറ്റുവാങ്ങിയത്‌. ജഡ്ജിക്കെതിരെ പ്രതികാരം ചെയ്യാൻ സുശീലും കൂട്ടുകാരായ പ്രഫുല്ല ചാക്കിയും ഖുദീറാംബോസും രംഗത്തിറങ്ങി. ഭയന്ന ജഡ്ജി സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെടുകയായിരുന്നു.പിന്നീട്‌ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണത്തിനിടെ സുശീലിന്‌ വെടിയേറ്റു. സുശീലിനെയുമെടുത്ത് കൂട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പൊലീസുകാർ പിന്തുടരുന്നതറിഞ്ഞ സുശീൽ കൂട്ടുകാരോട്‌ തന്നെ കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനോടെ താൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന നിശ്ചയദാർഢ്യവുമായി സുശീൽ കുമാർ സെൻ എന്ന വീരയോദ്ധാവ് ജീവൻ വെടിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top