29 September Friday

സായുധ സമരധാര

ശ്രീകുമാർ ശേഖർUpdated: Monday Aug 15, 2022

ഇന്ത്യൻ സ്വാതന്ത്ര്യപ്രക്ഷോഭം ഒരിയ്ക്കലും ഒറ്റയടിപ്പാതയായിരുന്നില്ല. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മാത്രമായി നയിച്ച മുന്നേറ്റവും ആയിരുന്നില്ല, അത്.

അഹിംസയുടെ കൊടിപ്പടം മാത്രമല്ല ആ സമരഭൂമിയിൽ പാറിക്കളിച്ചത്. ആയുധമെടുത്ത് പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരർ കൂടി അണിനിരന്നതായിരുന്നു ആ മഹാപ്രസ്ഥാനം.

ഭിന്നധാരകളായെത്തി കരുത്തോടെ ഒഴുകിപ്പടർന്നാണ് ബ്രിട്ടീഷ് ഭരണത്തെ അത് കടപുഴക്കിയത്.

സായുധപോരാട്ടത്തിന്റെ ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാലത്തോളം പിന്നോട്ടുനീളും. 1855 ൽ തുടങ്ങി ഒരുവർഷം നീണ്ടുനിന്ന സാന്താൾ കലാപം മുതൽ ആയുധമെടുത്തുള്ള സ്വാതന്ത്ര്യ പോരാട്ടം ചരിത്രത്തിൽ കാണാം.

അമ്പുംവില്ലും വാളുമായി ബ്രിട്ടീഷ് തോക്കുകൾക്കെതിരെ അവിടെ യുദ്ധംചെയ്തു മരിച്ചത് 15,000ൽ ഏറെ ഗോത്രപോരാളികളാണ്.

1857 ലെ ഒന്നാം സ്വാതന്ത്ര്യപ്രക്ഷോഭമാണ് കൂടുതൽ വ്യാപകമായി പടർന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യക്കാരായ പടയാളികൾ നയിച്ച ആ കലാപം രക്തരൂക്ഷിതമായിരുന്നു.

പിന്നെയും ഒട്ടേറെ വിപ്ലവസമരധാരകൾ ആദ്യകാല സ്വാതന്ത്ര്യപോരാട്ടത്തിന്റെ തിളക്കം കൂട്ടി.

പഞ്ചാബിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലും ബംഗാളിലും വിദ്യാഭ്യാസം നേടിയ യുവാക്കൾ അണിനിരന്ന വിപ്ലവ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതോടെ ആ സായുധപോരാട്ടങ്ങൾക്ക് ആശയവ്യക്തതയും പ്രത്യയശാസ്ത്ര പിന്തുണയും തെളിഞ്ഞുതുടങ്ങി.

ഗദ്ദർപാർടി, അനുശീലൻ സമിതി, ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി, പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി എന്ന് പേരുമാറ്റിയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി തുടങ്ങിയ ഒട്ടേറെ സംഘടനകൾ ഈ സമരധാരയുടെ ഭാഗമായി.

ഇവർ ഗാന്ധിജിയുടെ അഹിംസാമാർഗം അടിസ്ഥാന സിദ്ധാന്തമായി അംഗീകരിച്ചില്ല. ഭഗത് സിങ്ങ്, സോഹൻ സിംഗ് ജോഷ്, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ തുടങ്ങിയവരൊക്കെ ഈ നിലപാടാണ് എടുത്തത്.

ആദ്യഘട്ടത്തിൽ വ്യക്തിഗത ഭീകരപ്രവർത്തനം എന്ന നില സ്വീകരിച്ച ഇവരിൽ പലരും പിന്നീട് അതുപേക്ഷിച്ചു.

പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്രവയലാർ, തെലങ്കാന, തേഭാഗ തുടങ്ങിയ പോരാട്ടങ്ങളും ആയുധമേന്തിയുള്ള സമരങ്ങൾ ആയിരുന്നു.

ഗദ്ദർപാർടി

ബ്രിട്ടീഷ് ഭരണാധികാരികളെ വല്ലാതെ പരിഭ്രമിപ്പിച്ച സായുധസമര നീക്കങ്ങളിലൊന്ന് വിദേശത്തുനിന്നായിരുന്നു. ഗദ്ദർ പാർട്ടിയാണ്  ഈ പട നയിച്ചത്.

1913ൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ് ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്.

സോഹൻസിംഗ് ബാക്നയായിരുന്നു ആദ്യ പ്രസിഡന്റ്. അമേരിക്കയിലെ പൗരസ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനം എന്നതായിരുന്നു ആശയം.

മറ്റ് രാജ്യങ്ങളിലും പാർട്ടിക്ക് ഘടകങ്ങൾ ഉണ്ടായി. പഞ്ചാബ് ഇന്ത്യയിലെ പ്രമുഖ പ്രവർത്തനകേന്ദ്രമായി. കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നായിരുന്നു ആവേശം.

ലാലാ ഹർദയാലായിരുന്നു മുഖ്യ സംഘാടകനും സ്ഥാപകനും. ‘ഹർദയാലിന്റെയും ശ്യാംജി വർമ്മയുടെയും അജിത് സിംഗി ന്റെയും നേതൃത്വത്തിൽ ദി ഗദ്ദർ വാരികയും പ്രസിദ്ധീകരിച്ചു തുടങ്ങി.

വാരികയ്ക്ക് ഉർദുപതിപ്പും ഗുർമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു. ഇന്ത്യയിലെ സായുധ വിപ്ലവനീക്കങ്ങൾക്ക് വാരിക പ്രചാരം നൽകി.

ഹാർഡിങ് പ്രഭുവിന് നേരെ നടന്ന ബോംബാക്രമണത്തെ ലാലാ ഹർദയാൽ സർക്കുലറിലൂടെ പ്രകീർത്തിച്ചു. പഞ്ചാബി വികാരം ജ്വലിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താനും ഗദ്ദർ പ്രസ്ഥാനം ശ്രമിച്ചു.

ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിൽ യുദ്ധസാഹചര്യം പ്രയോജനപ്പെടുത്തി ബ്രിട്ടീഷുകാർക്കെതിരെ ജനകീയവിപ്ലവം സംഘടിപ്പിക്കാൻ പാർടി തീരുമാനിച്ചു.

1915 ഫെബ്രുവരി 21ന് പഞ്ചാബിൽ കലാപം ആരംഭിക്കാനായിരുന്നു പദ്ധതി.  ആൻഡമാനിലും ഒഡിഷയിലെ തുറമുഖങ്ങളിലും ആയുധമെത്തിച്ചെങ്കിലും  ഉപയോഗിക്കാനായില്ല.

ബ്രിട്ടീഷ് ഭരണകൂടം പഞ്ചാബിലെ ഗദർപാർടി അംഗങ്ങളെ അറസ്റ്റുചെയ്തു. വിചാരണയ്ക്കുശേഷം 42 പേർക്ക് വധശിക്ഷ വിധിച്ചു.

114 പേരെ ജീവപര്യന്തം ശിക്ഷവിധിച്ച് നാടുകടത്തി. 93 പേർക്ക് തടവുശിക്ഷ. പത്തൊമ്പതാം വയസ്സിൽ ലാഹോർ ജയിലിൽ സമര നേതാവ് കർത്താർ സിങ് തൂക്കിലേറ്റപ്പെട്ടു.

ഭഗത്സിങ് തന്റെ ഗുരുവെന്നും സുഹൃത്തെന്നും സഹോദരനെന്നുമാണ് കർത്താർ സിങ്ങിനെ വിശേഷിപ്പിച്ചിരുന്നത്.

അനുശീലൻ സമിതി

അനുശീലൻ സമിതി ബംഗാളിലെ ആദ്യകാല വിപ്ലവസംഘടനകളിൽ പ്രധാനമായിരുന്നു. 1902ൽ സ്ഥാപിയ്ക്കപ്പെട്ടെങ്കിലും 1905 ലെ സ്വദേശി പ്രസ്ഥാനത്തിനുശേഷമാണ് ശക്തമായത്.

മർദ്ദകവീരൻമാരായ ഉദ്യോഗസ്ഥരെയും രാജ്യദ്രോഹികളെയും കൊല്ലുകയും വിപ്ലവ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കൊള്ള നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകിയത്.

അനുശീലൻ സമിതിയെ നിരോധിച്ച് 1909 ൽ ഇറങ്ങിയ ഉത്തരവ്

അനുശീലൻ സമിതിയെ നിരോധിച്ച് 1909 ൽ ഇറങ്ങിയ ഉത്തരവ്


1909 ൽ തന്നെ ബ്രിട്ടീഷുകാർ സംഘടനയെ നിരോധിച്ചു. ചില ആക്രമസംഭവങ്ങളിൽ  പങ്കാളിത്തം ആരോപിച്ചായിരുന്നു വിലക്ക്. ‘ജുഗാന്തർ’ സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു.

അനുശീലനിൽ ഭിന്നത വന്നപ്പോൾ ഒരു വിഭാഗം ജുഗാന്തർ എന്ന പേരിൽ സജീവമായി. 1908 ലെ ആലിപ്പൂർ ബോബ് കേസാണ് അനുശീലൻ സമിതി അംഗങ്ങൾക്കെതിരെ ആദ്യം ചുമത്തപ്പെട്ടത്.

പിൽക്കാലത്ത് ആത്മീയ ഗുരുവായ സ്വാമി അരവിന്ദ് ഘോഷ് അടക്കമുള്ള 38 പേർ പ്രതികളായിരുന്നു. ഒരു മജിസ്ട്രേറ്റിനു നേരയെുള്ള വധശ്രമമായിരുന്നു കേസ്. മുമ്പ് ബംഗാളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ യുപിയിലേക്ക് പിന്തുടർന്ന് വധിക്കാനായിരുന്നു ശ്രമം. ലക്ഷ്യം തെറ്റി കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളായിരുന്നു.

1912 ഡിസംബർ 23ന്  വൈസ്രോയി ഹാർഡിംഗ് പ്രഭുവിനു നേരെ ഡൽഹിയിലുണ്ടായ ആക്രമണത്തിൽ അനുശീലൻ സമിതിയുടെ പങ്ക് പുറത്തുവന്നു. റാഷ്ബിഹാരി ബോസ് ആയിരുന്നു ബുദ്ധികേന്ദ്രം. വൈസ്രോയിക്ക് നേരെ ബോംബെറിഞ്ഞു. അദ്ദേഹത്തിന് നേരിയ പരിക്കും പറ്റി. സഹായി കൊല്ലപ്പെട്ടു.

അടിച്ചമർത്തൽ ശ്രമങ്ങൾ അതിജീവിച്ച് സംഘടനയിലെ അംഗങ്ങൾ വിപ്ലവ  പ്രവർത്തനം തുടർന്നു.

1923 ലെ ആസാം റൈഫിൾ കൊള്ളയും 1930 ലെ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണവും സംഘടനയിലെ മുൻ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. സൂര്യസെൻ സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയാണ് ആക്രമണം നയിച്ചത്. 

ചിറ്റഗോംഗ് ആക്രമം നയിച്ച സൂര്യ സെൻ

ചിറ്റഗോംഗ് ആക്രമം നയിച്ച സൂര്യ സെൻ

ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര ആക്രമിച്ച് കീഴടക്കിയ സൂര്യ സെൻ അടക്കമുള്ള വിപ്ലവകാരികൾ അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

മൂന്നുവർഷത്തിനുശേഷം പിടികൂടിയ സൂര്യ സെന്നിനെ ബ്രിട്ടീഷുകാർ 1934 ജനുവരി 12ന് തൂക്കിക്കൊന്നു. ഒട്ടേറെ പിൽക്കാല വിപ്ലവകാരികൾക്ക് സൂര്യ സെൻ ആവേശമായി.

ബംഗാളിൽ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ശക്തമായപ്പോൾ അനുശീലനിൽ നിന്ന് എറെപ്പേർ പാർട്ടിയിലെത്തി.

പാർട്ടിയുടെ ആദ്യ മുഖപത്രമായ വാൻഗാർഡിന് വരിക്കാരെ കണ്ടെത്തിയതേറെയും അനുശീലൻ, ജുഗാന്തർ അംഗങ്ങൾക്കിടയിൽ നിന്നാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിൽ ഒരാളായ മുസഫർ അഹമ്മദ് എഴുതുന്നുണ്ട്.

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

അനുശീലൻ സമിതിയും ഗദ്ദർ പാർടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വിപ്ലവകാരികളാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിക്കുന്നത്. 1923ൽ സംഘടന സ്ഥാപിതമായി.

‘റഷ്യൻ വിപ്ലവത്താലും മാർക്സത്താലും സ്വാധീനിക്കപ്പെട്ട വിപ്ലവസംഘടനയാണ് എച്ച്ആർ എ’ എന്നാണ് ബ്രിട്ടീഷുകാർ അന്നുതന്നെ വിലയിരുത്തിയത്.

സാണ്ടേഴ്സ് വധത്തിനുശേഷം ലാഹോറിൽ എച്ച്എസ്ആർഎ പതിപ്പിച്ച പോസ്റ്റർ

സാണ്ടേഴ്സ് വധത്തിനുശേഷം ലാഹോറിൽ എച്ച്എസ്ആർഎ പതിപ്പിച്ച പോസ്റ്റർ1920–21 കാലത്തെ നിസ്സഹകരണ സമരം ഗാന്ധിജി പെട്ടെന്ന് പിൻവലിച്ചത്  വിപ്ലവകാരികളെ നിരാശരാക്കി.

സമരത്തിനിടയിൽ ഉത്തർപ്രദേശിൽ ചൗരിചൗര പൊലീസ് സ്റ്റേഷൻ തീവെച്ച് ജനങ്ങൾ പൊലീസുകാരെ കൊന്നതിനെ തുടർന്നായിരുന്നു ഗാന്ധിജിയുടെ പിന്മാറ്റം. നിസ്സഹകരണസമരം “ഹിമാലയൻ വങ്കത്ത’മായിരുന്നു എന്നാണ് സമരം പിൻവലിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞത്.

അക്കാലത്തെ വിപ്ലവകാരികൾ മാത്രമല്ല, പ്രമുഖരായ കോൺഗ്രസ് നേതാക്കൾ പോലും ഗാന്ധിജിയുടെ തീരുമാനത്തെ ചോദ്യംചെയ്തു.

ജയിലിൽനിന്ന് ജവാഹർലാൽ നെഹ്റു എഴുതിയത്, വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ആവേശഭരിതമായിരുന്ന പ്രക്ഷോഭം പിൻവലിച്ചത് നിരാശാജനകമാണ് എന്നായിരുന്നു

കോൺഗ്രസിനു പുറത്ത് വിപ്ലവ സംഘടനകൾ ശക്തിപ്പെട്ട ഈ സമയത്താണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേൻ രൂപീകരിക്കപ്പെട്ടത്.

സായുധവിപ്ലവത്തിലൂടെ ഒരു ഫെഡറൽ റിപ്പബ്ലിക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു തുടക്കം. 1924ൽ തന്നെ മിക്ക പ്രവിശ്യയിലും സംഘടനയ്ക്ക് ഘടകങ്ങൾ ഉണ്ടായി.
 
ബംഗാളിൽ ജുഗാന്തർ നിരോധിക്കപ്പെട്ടപ്പോൾ അതിൽ പ്രവർത്തിച്ചിരുന്നവർ എച്ച്ആർഎയുടെ  ഘടകമുണ്ടാക്കി.

1924ൽ കമ്യൂണിസ്റ്റ് നേതാവ് എം എൻ റോയ് വഴി റഷ്യൻബന്ധം സ്ഥാപിക്കാനും സംഘടന ശ്രമിച്ചിരുന്നു.

ഭഗത് സിംഗും സഖാക്കളും സംഘടനയിൽ സജീവമായി.1928 ല് ഭഗത് സിംഗിന്റെ നിര്ദേശത്തെ തുടര്ന്ന് പേരില് സോഷ്യലിസം കൂട്ടിച്ചേര്ത്തു.

വെറും സ്വാതന്ത്ര്യമല്ല ജനകീയ സമരങ്ങളിലൂടെ ഒരു തൊഴിലാളിവര്ഗ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം എന്നും  എച്ച്എസ്ആര്എ പ്രഖ്യാപിച്ചു.

 ഭഗത് സിംഗും രാജ് ഗുരുവും സുഖ്ദേവും

ഭഗത് സിംഗും രാജ് ഗുരുവും സുഖ്ദേവും

1927 ഡിസംബർ 17ന് ഭഗത് സിംഗും രാജ് ഗുരുവും സുഖ്ദേവും ചന്ദ്രശേഖർ ആസാദും ചേർന്ന് ബ്രിട്ടീഷ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിനെ വെടിവെച്ചുകൊന്നതോടെ സംഘടന ശ്രദ്ധ നേടി. ലാലാ ലാജ്പത് റായിയുടെ കൊലപാതകത്തിന് പ്രതികാരമായിട്ടായിരുന്നു ഈ കൊലപാതകം.

പൊലീസിന് ഇവരെ പിടികൂടാനായില്ല.

പക്ഷേ പിന്നീട് ലാഹോറിലെ സെന്ട്രല് ലെജിസ്ലേറ്റീവ് അസംബ്ലിയില് ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗ് പോലീസിനു കീഴടങ്ങി.

സാണ്ടേഴ്സ് വധക്കേസിലും, അസംബ്ലിയിൽ ബോംബെറിഞ്ഞ കേസിലും  ഭഗത് സിംഗ് അടക്കം പ്രതികളായി.

ജയിൽവാസവും വിചാരണയും രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധികളാക്കി മാറ്റിയ ഭഗത് സിംഗും സഖാക്കളും ഈ കാലമാകുമ്പോഴേക്കും ഒറ്റപ്പെട്ട ഭീകരാക്രമണം എന്ന ആശയത്തിൽ നിന്ന് അകന്നുകഴിഞ്ഞിരുന്നു.

സോവിയറ്റ് മാതൃകയിൽ ജനങ്ങളൈ സംഘടിപ്പിച്ച് വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കുക എന്ന നിലപാടിലേക്ക് അവരെത്തി.

ഡൽഹി ബോംബ് കേസ് വിചാരണയിൽ ഉടനീളം, ഭഗത്സിങ്ങും സഖാക്കളും  “ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് കോടതിയിൽ എത്തിയിരുന്നത്.

മജിസ്ട്രേട്ട് ആ മുദ്രാവാക്യത്തിന്റെ അർഥം അന്വേഷിച്ചപ്പോൾ, അവർ എഴുതിത്തയ്യാറാക്കിയ മറുപടിയാണ് നൽകിയത്.

‘‘വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല. വ്യക്തിപരമായ കുടിപ്പകയ്ക്ക് അതിൽ സ്ഥാനമില്ല.

വിപ്ലവംകൊണ്ട് അർഥമാക്കുന്നത്  പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്’’‐ ആ കുറിപ്പിൽ വിശദീകരിച്ചു.
1931 മാർച്ച് 23ന് ഭഗത് സിംഗും രാജ് ഗുരുവും സുഖ്ദേവും തൂക്കിലേറ്റപ്പെട്ടു. അതോടെ സംഘടന ദുർബലമായി.

മലബാർ കലാപം

സ്വാതന്ത്ര്യസമരത്തിലെ സായുധപോരാട്ടങ്ങളുടെ ചരിത്രത്തിൽ രക്തം പൊടിയുന്ന ഏടാണ് 1921 ലെ മലബാർ കലാപം.

മലബാർ കലാപത്തിൽ അറസ്റ്റിലായ പോരാളികൾ

മലബാർ കലാപത്തിൽ അറസ്റ്റിലായ പോരാളികൾ

1921–ആഗസ്‌ത് 20നായിരുന്നു തിരൂരങ്ങാടിയിലും പരിസരത്തുമായി മലബാർ കലാപത്തിന്റെ തുടക്കം.  അത് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭവും ജന്മിത്ത വിരുദ്ധ കലാപവും ആയിരുന്നു. മതപരമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നതിനാൽ സമരത്തിനു ചിലയിടങ്ങളിൽ വഴിതെറ്റുകയും ചെയ്തു. എന്നാൽ, സമരം വർഗീയമായ തരത്തിൽ നീങ്ങരുത് എന്ന നിലപാടാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള സമര നേതാക്കന്മാരെടുത്തത്.

സാമ്രാജ്യാധിപത്യത്തിനും ജന്മികൾക്കും എതിരെ കൃഷിക്കാരിൽ പൊതുവിലും മുസ്ലിം കൃഷിക്കാരിൽ വിശേഷിച്ചും വളർന്നുവന്ന രോഷവും പ്രതിഷേധവുമായിരുന്നു കലാപത്തിലേക്ക് നയിച്ചത്.

മഹാത്മാഗാന്ധി, അലി സഹോദരന്മാർ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കോൺഗ്രസ് കമ്മിറ്റികളും ഖിലാഫത്ത് കമ്മിറ്റികളും ഈ പ്രതിഷേധത്തിന് രൂപം നൽകുന്നതിന് സഹായിച്ചു.

ബ്രിട്ടീഷ് ഭരണവുമായി കൂട്ടുചേർന്നുള്ള ജന്മിവാഴ്ചയ്ക്കെതിരെ സംഘടിതമായി ഉയർന്നുവന്ന കുടിയാൻ പ്രസ്ഥാനവും സമരത്തെ സഹായിച്ചു.

1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ ആറുമാസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തോക്കും കുന്തവുമായാണ് പോരാളികൾ നേരിട്ടത്.

ആദ്യം പിടിയിലായ  ആലി മുസലിയാർ അടക്കമുള്ളവരെ വിചാരണ ചെയ്ത പട്ടാളക്കോടതി 13 പേർക്ക് വധശിക്ഷ വിധിച്ചു.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബാക്കിയുള്ളവരെ നാടുകടത്തി. ആലി മുസലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ തൂക്കിക്കൊന്നു. ലഹളത്തലവൻമാരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങൾ എന്നിവർ പിന്നീട് കീഴടങ്ങി. ഇവരെ വിധിയനുസരിച്ച് വെടിവെച്ച് കൊന്നു.

ഒരു ഹിന്ദു വിരുദ്ധ ലഹളയായി മുദ്രകുത്തപ്പെട്ടിരുന്ന ആ കര്ഷക പ്രക്ഷോഭത്തെ ആദ്യമായി അതിന്റെ ശരിയായ അര്‍ത്ഥത്തില് വിലയിരുത്തിയത് കമ്യൂണിസ്റ്റ്കാരായിരുന്നു.

കമ്യൂണിസ്റ്റുകാര് സാര്‍വദേശീയമായിത്തന്നെ മലബാര് കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില് നയങ്ങള് രൂപീകരിക്കുന്നതിനും ഇടപെട്ടിരുന്നു. ഈ കലാപം ലെനിന്റെ ശ്രദ്ധയില് പെട്ടിരുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില് ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന് ലെനിന് ആവശ്യപ്പെട്ടിരുന്നു.

ആ ലഘുലേഖ  ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

മലബാര്‍ലഹളയുടെ 25ാം വാര്‍ഷികത്തില് 1946 ആഗസ്റ്റില് കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്കൊച്ചിമലബാര് കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്, 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു.

ഇക്കാര്യം കൂടുതല് വിശദീകരിച്ച് ഇതേ പേരില് ഇ എം എസ് ലഘുലേഖയും  എഴുതി. ‘1921–ആഹ്വാനവും താക്കീതും’എന്ന ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി നടപടി നേരിട്ടു.

1946 ആഗസ്ത് 24ന് കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ് പൊലീസ് കൈയേറി. പത്രത്തിന് നിരോധനം ഏർപ്പെടുത്തി.

മുപ്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സംഘടിതരൂപം വന്നതോടെ ഈ സാധുധവിപ്ലവ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ ഏറെയും പാർട്ടിയിലേക്കെത്തി.

പിന്നീട് ദീർഘകാലം  കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ച അജയഘോഷ് അടക്കമുള്ളവർ ഇങ്ങനെ പാർട്ടിയിലെത്തിയവരായിരുന്നു. ഘോഷ് ഭഗത് സിംഗിന്റെ അടുത്ത സുഹൃത്തായിരുന്നു.

സോഹൻ സിംഗ് ജോഷ്, ഗണേശ് ഘോഷ്, അനന്ത സിംഗ്,ശിവവർമ്മ, ജയ്ദേവ് കപൂർ, കൽപ്പന ദത്ത്, സുബോധ് റോയ് തുടങ്ങിയവരൊക്കെ പാർട്ടി നേതാക്കളായി.

ഇവരെ കൂടാതെ സുഭാഷ്ചന്ദ്ര ബോസിനൊപ്പം വിദേശത്ത് ഇന്ത്യൻ നാഷണൽ ആർമി ആരംഭിച്ച് സായുധപോരാട്ടം നയിച്ച ക്യാപ്റ്റൻ ലക്ഷ്മിയെ പോലുള്ളവരും പാർട്ടിയിലെത്തി.

സ്വാതന്ത്ര്യസമരത്തിൽ അങ്ങേയറ്റം പ്രതിബദ്ധതയോടും ആശയവ്യക്തതയോടും അണിനിരന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന തിരിച്ചറിവാണ് ഈ ധാരയിലെ സായുധപോരാളികളിൽ ഏറെപ്പേരെയും പാർട്ടിയിലെത്തിച്ചത്.

സാധാരണ ജനങ്ങളുടെ, തൊഴിലാളികളുടെ, കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനമായി അവർ കമ്യൂണിസ്റ്റ് പാർട്ടിയെ തിരിച്ചറിയുകയായിരുന്നു.

ഇ എം എസിനെ സ്വാധീനിച്ച തീവ്രവാദി
ഇ എം എസ് തന്റെ ആത്മകഥയിൽ ഒരു വിപ്ലവകാരിയെ പരിചയപ്പെടുത്തുന്നുണ്ട് .1932ൽ നിയമലംഘന സമരത്തിൽ പങ്കെടുത്ത് കണ്ണൂർ ജയിലിൽ എത്തിയതായിരുന്നു ഇ എം എസ് അവിടെ പരിചയപ്പെട്ട ബിഹാറുകാരനായ കമൽനാഥ് തിവാരി എന്ന ഈ പോരാളിയെ ഇ എം എസ് വിവരിക്കുന്നത് ഇങ്ങനെ:

"സരസമായി സംസാരിക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണവും രാഷ്ട്രീയ-, സാമ്പത്തിക പ്രസ്ഥാനങ്ങളുടെ താത്വികവശങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും എല്ലാവരെയും ആകർഷിക്കും. ഞാൻ ഒരു വിദ്യാർഥിയായിരുന്നെന്നും വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവനാണെന്നും മനസ്സിലാക്കിയ അദ്ദേഹം വിപ്ലവപ്രസ്ഥാനം സംബന്ധിച്ച എന്റെ വിജ്ഞാനം വിപുലപ്പെടുത്താൻ സഹായിക്കുന്ന പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. അതനുസരിച്ച് പുസ്തകങ്ങൾ വരുത്തി വായിക്കാൻ എന്നെ ഉപദേശിച്ചു. ആ പട്ടികയിൽപ്പെട്ട പലതും പിന്നീട് വെല്ലൂർ ജയിലിൽ എത്തിയപ്പോൾ അവിടത്തെ സുഹൃത്തുക്കളുടെ കൈയിൽ കാണാനിടയായി. ചിലത് ഞാൻതന്നെ സ്വന്തമായി വരുത്തുകയും ചെയ്തു. അങ്ങനെ പരിചയസമ്പന്നനായ ഒരു വിപ്ലവകാരിയുടെ ഉപദേശ, നിർദേശങ്ങൾ അനുസരിച്ച് വിപ്ലവപ്രസ്ഥാനത്തിന് സഹായകമായ വിജ്ഞാനസമ്പാദനത്തിന്റെ പാതയിലേക്ക് ഞാൻ നീങ്ങാൻ തുടങ്ങി. (ആത്മകഥ, അധ്യായം 27).

തിവാരിയെപ്പറ്റി ഇത്രയുംകൂടെ മറ്റൊരിടത്ത് ഇ എം എസ് പറയുന്നുണ്ട്. "പിന്നീട് രൂപംകൊണ്ട കേരളത്തിലെ ഇടതുപക്ഷ കോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും ബീജാവാപം നടന്നത് കണ്ണൂർ ജയിലിൽ വച്ചാണെന്നും അത് നടത്തിയത് തിവാരി ആയിരുന്നുവെന്നും പറഞ്ഞാൽ അതിൽ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല. മുമ്പുതന്നെ ഇടതുപക്ഷത്തേക്ക് ചായാൻ തുടങ്ങിയിരുന്ന കേരളത്തിലെ സത്യഗ്രഹ തടവുകാരിൽ അത് വളർത്തി, അതിന് സംഘടിതരൂപം നൽകാൻ സഹായിച്ചത് അദ്ദേഹമാണ് എന്നെങ്കിലും പറയാം’. കമൽനാഥ് തിവാരി കണ്ണൂർ ജയിലിലെത്തിയത് ലാഹോർ ഗൂഢാലോചനക്കേസിലെ പ്രതിയായാണ്.  കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിൽ ഒരാൾ. ബോംബുണ്ടാക്കാൻ രാസവസ്തുക്കൾ തേടി കൽക്കട്ടയിൽ എത്തിയ ഭഗത് സിങ്ങിനെ അവ കടയിൽനിന്ന് വാങ്ങാൻ സഹായിച്ച കുറ്റമായിരുന്നു. ആൻഡമാനിലെ കാലാപാനി ജയിലിലേക്ക് അയക്കുംമുമ്പാണ് ഏതാനുംവർഷം അദ്ദേഹത്തെ കണ്ണൂർ ജയിലിൽ പാർപ്പിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top