കലാപത്തിന്റെ വ്യാപ്തി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനേക്കാള്‍ വളരെ വലുതാണ്. കുറഞ്ഞത് 2000 പേരെങ്കിലും കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. 1,38,000 പേര്‍ അഭയാര്‍ഥികളായി. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ഹിന്ദു/മുസ്ലീം സമ്മിശ്ര പ്രദേശങ്ങളിലുമുള്ള മുസ്ലീങ്ങളുടെ ബിസിനസുകള്‍ ടാര്‍ഗറ്റു ചെയ്ത് നശിപ്പിക്കപ്പെട്ടു.
ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ്
സംക്ഷിപ്തം
1.കലാപത്തിന്‍റെ വ്യാപ്തി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനേക്കാള്‍ വളരെ വലുതാണ്. കുറഞ്ഞത് 2000 പേരെങ്കിലും കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. 1,38,000 പേര്‍ അഭയാര്‍ഥികളായി. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ഹിന്ദു/മുസ്ലീം സമ്മിശ്ര പ്രദേശങ്ങളിലുമുള്ള മുസ്ലീങ്ങളുടെ ബിസിനസുകള്‍ ടാര്‍ഗറ്റു ചെയ്ത് നശിപ്പിക്കപ്പെട്ടു.
2.കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതും രാഷ്ട്രീയപ്രേരിതവും ആണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നും മുസ്ലീങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സംരക്ഷണയില്‍ വിശ്വ ഹിന്ദു പരിഷത്ത് (ഹിന്ദു തീവ്രവാദ സംഘടന) ആണ് കലാപത്തിന് നേതൃത്വം നല്‍കിയത്. മോദി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം സമയവായം അസാധ്യവുമായി.
വിശദവിവരം
3.അപ്പോഴും നടമാടിക്കൊണ്ടിരുന്ന കലാപത്തിന്‍റെ ആഘാതം വിലയിരുത്തുന്നതിനുവേണ്ടി ഏപ്രില്‍ 8 മുതല്‍ 10 വരെയുള്ള തീയതികളില്‍ (പരിശോധനാ സംഘം) ഗുജറാത്തിലെ അഹമ്മദാബാദ് സന്ദര്‍ശിച്ചു.

ജാക് സ്ട്രാ ബ്രിന്തീഷ് വിദേശകാര്യ സെക്രട്ടറി
മനുഷ്യാവകാശപ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍ (ഇരുസമുദായങ്ങളിലെയും), ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള (പ്രധാന കോണ്‍സ്റ്റബിള്‍ തൊട്ട്) മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ജേണലിസ്റ്റുകള്‍, ബിസിനസുകാര്‍ എന്നിവരുടെ വലിയൊരു നിരയെത്തന്നെ അവര്‍ കണ്ടു. എന്നാല്‍ അവര്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രതിനിധികളെ കണ്ടില്ല.
നിലവിലെ അവസ്ഥ
4. അഹമ്മദാബാദ് ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുന്നു. ഫെബ്രുവരി 27ന് തുടക്കംകുറിച്ച, അന്നുമുതല്‍ തുടരുന്ന കലാപഭീതി നമ്മളിതുവരെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ വളരെ വലുതാണ്. ഔദ്യോഗിക രേഖകള്‍ (നിലവില്‍ 840 മരണം) മരണസംഖ്യയെ വലിയ തോതില്‍ കുറച്ചുകാണിക്കുന്നു. കാണാതായ ആളുകളെ അവര്‍ വിട്ടുകളയുന്നു (10 വര്‍ഷമായിട്ടും അവര്‍ മരണപ്പെട്ടവരുടെ
പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല). ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടിങ് അപൂര്‍ണമാണ്. വിശ്വസനീയമായ മനുഷ്യാവകാശ കോണ്‍ടാക്ടുകളില്‍നിന്നും ലഭിച്ച വിവരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഏറ്റവും ചുരുങ്ങിയ കണക്ക് പറയുന്നത് മരിച്ചവരുടെ എണ്ണം 2000 ആണെന്നാണ്. ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സമുദായ നേതാക്കളും മറ്റു ചില ചാനലുകളിലെ റിപ്പോര്‍ട്ടുകളും പറയുന്നത്, മരണസംഖ്യ അതിലുമുയര്‍ന്നതാകുമെന്നാണ്.
5.ഒട്ടേറെയിടങ്ങളില്‍ കൊലപാതകത്തോടൊപ്പം മുസ്ലീം സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്യുകയുമുണ്ടായി; ചിലയിടങ്ങളില്‍ അത് ചെയ്തത് പൊലീസായിരുന്നു. 1,38,000 ആളുകള്‍ ഒഴിപ്പിക്കപ്പെടുകയും അവര്‍ 70 അഭയാര്‍ഥി ക്യാമ്പുകളിലായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. അവരില്‍ ഒരു ലക്ഷത്തിലധികം പേരും മുസ്ലീങ്ങളാണ്.
6.മുസ്ലീം മതവിശ്വാസികള്‍ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി ആക്രമണലക്ഷ്യമാക്കപ്പെട്ടു. ഒരുപോറലുപോലുമേറ്റിട്ടില്ലാത്ത ഹിന്ദുക്കളുടെ കടകള്‍ക്കിടയില്‍ മുസ്ലീങ്ങള്‍ നടത്തിപ്പോന്നിരുന്ന കടകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കാണാം. അഹമ്മദാബാദ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ഞങ്ങളോട് പറഞ്ഞത്, അഹമ്മദാബാദിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലെയും സമ്മിശ്രമേഖലകളിലെയും മുസ്ലീങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളെല്ലാംതന്നെ നശിപ്പിക്കപ്പെട്ടു എന്നാണ്.
കലാപത്തിന്‍റെ രീതി
7.വര്‍ഗീയകലാപത്തിന്‍റെ നിരവധി പൊട്ടിത്തെറികള്‍ കണ്ടതാണ് ഗുജറാത്ത് സംസ്ഥാനം; 1992 ല്‍ നടന്നതായിരുന്നു അവസാനത്തേത്. എന്നാല്‍ പൊലീസടക്കം ഞങ്ങളോട് സംവദിച്ചവരില്‍ മിക്കവരും പറഞ്ഞത്, ഇത്തവണത്തെ കലാപത്തിന്‍റെ രീതി വ്യത്യസ്തമായിരുന്നു എന്നാണ്. മറ്റ് ഹിന്ദു തീവ്രവാദ സംഘടനകളോടൊപ്പംചേര്‍ന്ന് വിശ്വഹിന്ദു പരിഷത്താണ് കലാപം നയിച്ചത്. അത് മാസങ്ങള്‍ക്കു മുന്‍പേതന്നെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. മുസ്ലീങ്ങളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യം വയ്ക്കുന്നതിന് കലാപകാരികള്‍ കമ്പ്യൂട്ടറൈസ്ഡ് ലിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് ഞങ്ങളുടെ പൊലീസ് കോണ്‍ടാക്റ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് ഓഹരിയുള്ള ബിസിനസ് സ്ഥാപനങ്ങളടക്കം ഉള്‍ക്കൊള്ളുന്ന ഈ ലിസ്റ്റുകളുടെ കൃത്യതയും അതിലെ വിശദാംശങ്ങളും വ്യക്തമാക്കുന്നത്, അവര്‍ വളരെ നേരത്തെതന്നെ സര്‍വസജ്ജരായിരുന്നു എന്നാണ്.
സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പങ്ക്
8. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നിഷ്ക്രിയത്വത്തെക്കുറിച്ച് നമ്മള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനുപുറമെ, ആദ്യത്തെ ദിവസത്തെ കലാപത്തില്‍ അഞ്ച് സംസ്ഥാന മന്ത്രിമാരും പങ്കെടുത്തിരുന്നു എന്ന് ദൃക്സാക്ഷികള്‍
.jpg)
ഗുജറാത്ത് കലാപത്തിന്റെ ഇരകൾ
റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഫെബ്രുവരി 27 ന് വൈകിട്ട് സംസ്ഥാനത്തെ ബിജെപി (പ്രധാനമന്ത്രി വാജ്പേയ്യുടെ പാര്‍ട്ടി) മുഖ്യമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ കാണുകയും കലാപത്തില്‍ ഇടപെടരുതെന്ന് അവരോട് കല്‍പിക്കുകയും ചെയ്തുവെന്ന് വിശ്വസനീയയായ ജേണലിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഞങ്ങളോട് പറയുകയുണ്ടായി. എന്നാല്‍ പൊലീസ് കോണ്‍ടാക്റ്റുകള്‍ ഇങ്ങനൊരു യോഗം നടന്നു എന്നത് നിഷേധിക്കുന്നു.
9.എന്നാല്‍, ചോദ്യം ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സമ്മര്‍ദം തങ്ങളുടെ (പ്രവര്‍ത്തനത്തിന് മൂക്കുകയറിട്ടു എന്ന് പൊലീസ് കോണ്‍ടാക്ടുകള്‍ സമ്മതിക്കുന്നുണ്ട്. ചില പൊലീസുകാരും കലാപത്തില്‍ പങ്കെടുത്തു എന്നതും പൊലീസ് ഡയറക്ടര്‍ ജനറലായ ചക്രവര്‍ത്തി അംഗീകരിക്കുന്നുണ്ട്; അതേസമയം ദൃക്സാക്ഷികള്‍ പറയുന്നത് കേവലം ചില പൊലീസുകാര്‍ മാത്രമല്ല, കലാപത്തില്‍ വ്യാപകമായി പൊലീസുകാര്‍ പങ്കുചേര്‍ന്നിരുന്നു എന്നാണ്. പൊലീസുകാര്‍ വെടിവച്ചുകൊന്ന 130 പേരില്‍ പകുതിയും മുസ്ലീങ്ങളായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 8,000 പേരെ തങ്ങള്‍ അറസ്റ്റുചെയ്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അവരില്‍ ഹിന്ദുക്കളെത്ര, മുസ്ലീങ്ങളെത്ര എന്നുപറയാന്‍ പൊലീസിനു കഴിയുന്നില്ല.
10. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റ് മന്ദഗതിയിലായിരുന്നു. പരിമിതമായ വാസസ്ഥലവും ശുചിത്വസൗകര്യങ്ങളുംകൊണ്ട് അഭയാര്‍ഥി ക്യാമ്പുകളിലെ സ്ഥിതി പരിതാപകരമായിരുന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണവും പാര്‍പ്പിടസൗകര്യവും ലഭ്യമാക്കാന്‍ ഗവണ്‍മെന്‍റ് തയ്യാറായത്, കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വാജ്പേയ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം മാത്രമാണ്. അതുവരെ എന്‍ജിഒകളാണ് അതെല്ലാംതന്നെ ലഭ്യമാക്കിയിരുന്നത്. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രഥമ നഷ്ടപരിഹാര വാഗ്ദാനം തന്നെ വിവേചനപരമായിരുന്നു: ഗോധ്രയിലെ തീവണ്ടി ആക്രമണത്തിന്‍റെ (ഹിന്ദുക്കളായ) ഇരകള്‍ക്ക് 2,00,000 രൂപ വീതവും, മറ്റെല്ലാ ഇരകള്‍ക്കും (പ്രധാനമായും മുസ്ലീങ്ങള്‍ക്ക്) 1,00,000 രൂപ വീതവും. എല്ലാ ഇരകള്‍ക്കും 50,000 രൂപയെന്ന ഒരു ഏകസംഖ്യ അവര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പണമില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ഈ നഷ്ടപരിഹാരത്തില്‍ ഏറെയും നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.
മാധ്യമങ്ങളുടെ പങ്ക്
11. കലാപം മൂര്‍ച്ചിപ്പിക്കുന്നതില്‍ ഗുജറാത്തി ഭാഷയിലുള്ള ഏതാണ്ടെല്ലാ പത്രങ്ങളും നിര്‍ണായക പങ്കുവഹിച്ചു.
വ്യാഖ്യാനം
12.വിഎച്ച്പിയും മറ്റ് ഹിന്ദു തീവ്രവാദസംഘങ്ങളുമടങ്ങുന്ന കലാപകാരികളുടെ ലക്ഷ്യം, മുസ്ലീങ്ങളെ ചേരിവത്കരിക്കുന്നതിന്‍റെ ഭാഗമായി ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളില്‍നിന്നും സമ്മിശ്ര പ്രദേശങ്ങളില്‍നിന്നും അവരെ തുടച്ചുനീക്കുക എന്നതായിരുന്നു. കലാപത്തിന്‍റെ വ്യവസ്ഥാപിതമായ ക്യാമ്പയിനിന് വംശീയശുദ്ധീകരണത്തിന്‍റെ എല്ലാ അടയാളവുമുണ്ടായിരുന്നു. ഫെബ്രുവരി 27ന് ഗോധ്രയിലെ തീവണ്ടിയില്‍ നടന്ന ആക്രമണം ഒഴികഴിവാക്കപ്പെട്ടു. അന്ന് ആ തീവണ്ടി ആക്രമണം നടന്നില്ലായിരുന്നുവെങ്കില്‍, മറ്റൊന്ന് ഉണ്ടാക്കുമായിരുന്നു.
13.വിഎച്ച്പിയും അതിന്‍റെ കൂട്ടുകക്ഷികളും അഴിഞ്ഞാടിയത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടെയാണ്. സംസ്ഥാന ഗവണ്‍മെന്‍റ് സൃഷ്ടിച്ച ശിക്ഷാഭീതിയില്ലാത്ത ആ ഒരന്തരീക്ഷമില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇത്രയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയില്ലായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോദി ഇതിനെല്ലാം നേരിട്ട് ഉത്തരവാദിയാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേവലം രാഷ്ട്രീയനേട്ടത്തിന്‍റെ വിദ്വേഷപരമായ വിലയിരുത്തലിനാല്‍ മാത്രം നയിക്കപ്പെട്ടവയായിരുന്നില്ല. 1995ല്‍ അധികാരത്തില്‍വന്ന അന്നുമുതല്‍ ഗുജറാത്തില്‍ ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു ദേശീയ അജന്‍ഡയുടെ ഒരു ശില്‍പ്പിയെന്ന നിലയില്‍ വിഎച്ച്പിയുടെ പ്രത്യയശാസ്ത്രത്തില്‍നിന്ന് ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളുന്നയാളാണദ്ദേഹം.
14.വിഎച്ച്പി വിജയിക്കുമായിരിക്കാം. നിയമവാഴ്ച പരാജയപ്പെട്ടിരിക്കുന്നു. പൊലീസിലോ ജുഡീഷ്യറിയിലോ ആളുകള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. മോദി അധികാരത്തില്‍ തുടരുന്നിടത്തോളം മുസ്ലീങ്ങളും മറ്റനേകം പേരും ഭയചകിതരും അരക്ഷിതരുമാണ്; കലാപംമൂലം ഒഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകില്ല; മോദി അധികാരത്തിലുള്ളിടത്തോളം സമവായം അസാധ്യമാകും; പ്രതികാര പ്രവര്‍ത്തനങ്ങള്‍ തടയാനാകില്ല; എന്തുതന്നെയായാലും ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത, മാര്‍ച്ച് 1214 തീയതികളിലുള്ള ബിജെപി യോഗത്തിനുശേഷം വാജ്പേയി മോദിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുമായിരിക്കാം എന്നതാണ്.
(ദ വയര്‍ മാഗസിനോട് കടപ്പാട്)
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..