14 July Tuesday
വഷളാക്കി ബിജെപിയും

കേന്ദ്രം കൈവിട്ടു ; അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോഡി സർക്കാരും ബിജെപിയും

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽനിന്നും ട്രക്കിൽ സുരക്ഷയില്ലാതെ സ്വന്തം നാടുകളിലേക്ക്‌ തിരിച്ചുപോകുന്ന അതിഥിത്തൊഴിലാളികൾ ഫോട്ടോ: പിടിെഎ


ന്യൂഡൽഹി
രാജ്യവ്യാപക അടച്ചുപൂട്ടൽ കാലയളവിൽ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോഡി സർക്കാരും ബിജെപിയും. കോടിക്കണക്കിന്‌ പേരുടെ തൊഴിൽ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലില്ല. ബിജെപി  സർക്കാരുകൾ ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും കോവിഡ്‌ പ്രതിരോധം  തുടക്കം മുതൽ പാളി. ദുരിതങ്ങൾ മറികടക്കുന്നതിൽ കേന്ദ്രസർക്കാർ ദയനീയമായി പരാജയപ്പെട്ടതോടെ ബിജെപി അസാധാരണ പ്രതിസന്ധിയിലായി‌. അടച്ചുപൂട്ടൽ കാലാവധി പൂർത്തിയാകുന്ന 17 മുതൽ എന്ത്‌ തുടർനടപടിയാണ്‌ സ്വീകരിക്കേണ്ടതെന്നതിൽ  അനിശ്ചിതത്വം തുടരുകയാണ്‌.

ജനങ്ങളെ സംരക്ഷിക്കാത്ത സർക്കാർ
മാർച്ച്‌ 24ന്‌ അർധരാത്രി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌ മുതൽ  13 കോടിയിലധികം തൊഴിലുകൾ‌ നഷ്ടപ്പെട്ടതെന്ന്‌‌‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്ക‌ണോമി‌ (സിഎംഐഇ) കണക്കുകൾ പറയുന്നു. മാർച്ചിൽ 80 ലക്ഷം തൊഴിൽ‌‌ നഷ്ടപ്പെട്ടു‌. ഏപ്രിലിൽ ഇത്‌ 12.2 കോടിയായി. അടച്ചുപൂട്ടൽ കാലയളവിൽ തൊഴിൽദാതാക്കൾ കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിടുമെന്നും വേതനം വെട്ടിക്കുറയ്‌ക്കുമെന്നതും തടയാൻ ഒരിടപെടലും കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. തൊഴിലാളികളെ പിരിച്ചുവിടരുതെന്ന്‌‌ ആഭ്യന്തര സെക്രട്ടറിയും തൊഴിൽ സെക്രട്ടറിയും സംസ്ഥാനങ്ങൾക്ക്‌ നൽകിയ നിർദേശം ഫലം ചെയ്‌തില്ല. ആരെയും പിരിച്ചുവിടരുതെന്നും വേതനം വെട്ടിക്കുറയ്‌ക്കരുതെന്നും പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണമേഖലയിൽ 8.45 കോടിയും നഗരമേഖലയിൽ 4.5 കോടിയും തൊഴിലുകൾ  ഇല്ലാതായി.

അതിഥിത്തൊഴിലാളികൾക്ക്‌ തീരാദുരിതം
മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾക്ക്‌ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങാൻ സാഹചര്യം ഉണ്ടാക്കാത്തത്‌ മോഡി സർക്കാരിന്റെ നിർദയ നിലപാടിന്റെ  പ്രത്യക്ഷ ഉദാഹരണം.  മറ്റ്‌ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന 10 കോടിയിലധികം തൊഴിലാളികൾ രാജ്യത്തുണ്ട്‌. നിർമാണ മേഖലയിലും ചെറുകിട, ഇടത്തര വ്യവസായ മേഖലയിലും തൊഴിലെടുക്കുന്ന നാല്‌ കോടിയിലധികം തൊഴിലാളികൾക്ക്‌ ഇതിനോടകം തൊഴിൽ നഷ്ടമായി‌.

അടച്ചപൂട്ടലിൽ അതിഥിത്തൊഴിലാളികളിൽ 78 ശതമാനം പേർക്കും വേതനം ലഭിച്ചിട്ടില്ലെന്ന്‌ സ്‌ട്രാൻഡഡ്‌ വർക്കേഴ്‌സ്‌ ആക്ഷൻ നെറ്റ്‌വർക്ക്‌ സർവേയിൽ പറയുന്നു. പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ കാൽനടയായി സ്വദേശങ്ങളിലേക്ക്‌ മടങ്ങിയ നൂറുകണക്കിന്‌ തൊഴിലാളികൾ ക്ഷീണം, അപകടം തുടങ്ങിയ കാരണങ്ങളാൽ മരണമടഞ്ഞതായി ഗവേഷകരായ തേജേഷ്‌ ജി എൻ, കനികാശർമ എന്നിവർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top