07 October Friday

സ്വാതന്ത്ര്യപ്പിറവിയുടെ ആവേശം ഏറ്റുവാങ്ങിയ ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

കൊച്ചി> വിലക്കുകൾ മറികടന്ന്‌ ദേശാഭിമാനി 1947 ആഗസ്‌ത്‌ 12ന്‌ പുറത്തിറങ്ങിയത്‌ പിറക്കാൻപോകുന്ന സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തുടിപ്പുമായി. തുടർന്ന്‌ ആഗസ്‌ത്‌ 17വരെ സ്വാതന്ത്ര്യത്തിന്റെ ആഘോഷവാർത്തകൾ പത്രത്താളുകളിൽ നിറഞ്ഞുനിന്നു. സ്വാതന്ത്ര്യദിനം കമ്യൂണിസ്റ്റുകാർ കരിദിനമായി ആചരിച്ചെന്നുള്ള കൊടുംനുണയുടെ അടിത്തറ ഇളക്കുന്നതാണ്‌ ഈ ദിവസങ്ങളിലെ ദേശാഭിമാനി വാർത്തകൾ. ആഗസ്ത് 15 ന് ഒന്നാം പേജിൽ പ്രതിജ്ഞ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്:

1947 ആഗസ്ത് 15ന് ദേശാഭിമാനി ഒന്നാം പേജില്‍ പ്രതിജ്ഞ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം

1947 ആഗസ്ത് 15ന് ദേശാഭിമാനി ഒന്നാം പേജില്‍ പ്രതിജ്ഞ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം

‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക്‌ കൊടി മരങ്ങളിൽനിന്ന്‌ കീഴോട്ട്‌ വലിച്ചിറക്കി തൽസ്ഥാനത്ത്‌ നമ്മുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്‌മരിക്കും...’’

1946 ൽ ദിനപത്രം ആയപ്പോൾ മുതൽ പലവട്ടം സർക്കാരിന്റെ വിലക്കിനിരയായ പത്രം പിഴയെടക്കാൻ പണംകണ്ടെത്താനാകാതെ 1947 ജൂൺ 29 ന്‌ പ്രസിദ്ധീകരണം നിർത്തിയിരുന്നു. പിന്നീട് തുടങ്ങിയത് ആഗസ്ത് 12 ന്‌. ദേശാഭിമാനി വീണ്ടും ഇതാ ജനമധ്യത്തിലേക്ക്‌ എന്ന അറിയിപ്പുമായാണ്‌ 12 ന്റെ പത്രം ഇറങ്ങിയത്‌. കോഴിക്കോട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി നടത്താനിരിക്കുന്ന ആഘോഷപരിപാടികളുടെ വിശദാംശങ്ങൾ അന്ന്‌ ഒന്നാംപേജിലുണ്ട്‌. ‘ആഗസ്‌ത്‌ 15 കോഴിക്കോട്ടെ പരിപാടി’ എന്നാണ്‌ തലക്കെട്ട്‌.

‘14ന്‌ രാത്രി 12 മണിക്കുശേഷം കോഴിക്കോട്‌ കമ്യൂണിസ്‌റ്റ്‌പാർടി ആഫീസിൽവെച്ച്‌ രാഷ്‌ട്രപതാകാവന്ദനം നടത്തും. അതിനു കോഴിക്കോട്ടെ എല്ലാ പാർടിമെമ്പർമാരും അനുഭാവികളും എത്തിച്ചേരണം. ..... ആഗസ്‌ത്‌ 15ന്‌ കാലത്തു മുതൽ കോൺഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നതായിരിക്കും.’‐ഇതാണ്‌ വാർത്ത.

കമ്യൂണിസ്‌റ്റ്‌ പാർട്ടി പ്രവർത്തകർ സ്വന്തം പരിപാടിയിൽ മാത്രമല്ല. കോൺഗ്രസിന്റെ ആഘോഷത്തിലും പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്‌. 14 ന്റെ പത്രത്തിൽ സ്വാതന്ത്ര്യദിനാചരണം വിജയിപ്പിക്കാനുള്ള വിവിധ സംഘടനകളുടെ ആഹ്വാനവും പുന്നപ്രവയലാർ രക്തസാക്ഷികളെ അനുസ്‌മരിക്കുന്ന പി സി ജോഷിയുടെ ലേഖനവുമുണ്ട്‌. വെല്ലൂർ ജയിലിൽ കഴിയുന്ന കമ്യൂണിസ്‌റ്റ നേതാക്കൾ അന്ന്‌ മോചിതരാകും എന്ന വാർത്തയും കാണാം. ആഗസ്‌ത്‌ 15 ന്റെ ദേശാഭിമാനി പത്രം ഒന്നാം പേജിൽ ദേശീയപതാകയുടെ ചിത്രവും മുഖപ്രസംഗമായി സ്വാതന്ത്ര്യദിന പ്രതിജ്‌ഞയും ഉണ്ടായിരുന്നു. ഉൾപേജിൽ ആഗസ്‌ത്‌ 15 എന്ന ടിവികെയുെടെ കവിതയും കാണാം. 16ന്‌ പത്രം ഉണ്ടായിരുന്നില്ല.

17 ന്റെ പത്രത്തിൽ ആഘോഷപരിപാടികളുടെ വിശദമായ വാർത്തകളുണ്ട്. കോഴിക്കോട്ട്‌ കല്ലായി റോഡിലെ കമ്യുണിസ്റ്റ് പാർട്ടി ആസ്ഥാനത്ത്‌ നടന്ന പരിപാടിയെപ്പറ്റിയുള്ള റിപ്പോർട്ട് ഇങ്ങനെ:
‘‘14ന്‌ അർധരാത്രി മുതൽ തന്നെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. നൂറുകണക്കിന്‌ നാട്ടുകാർ പാർടി ആഫീസിൽ രാത്രി 12 മണിക്കുശേഷം പതാക ഉയർത്തുന്ന കർമ്മത്തിൽ പങ്കെടുക്കാൻ ഉറക്കമിളച്ചു കാത്തിരുന്നു. കൃത്യസമയത്ത്‌ സ. കെ എ കേരളീയൻ ‐പൊതുരക്ഷാനിയമത്തെ തോൽപ്പിച്ച്‌ കഴിഞ്ഞ എട്ടുമാസക്കാലം മലബാറിലെ കൃഷിക്കാരെ ഒളിവിലിരുന്ന്‌ നയിച്ചിരുന്ന കേരളത്തിലെ ആ കർഷകനേതാവ്‌ – പാർടി ആഫീസിന്റെ മുന്നിൽ നാട്ടിയിരുന്ന വമ്പിച്ച കൊടിമരത്തിന്മേൽ ത്രിവർണ്ണ പതാക ഉയർത്തി.’’

ഇന്ത്യ സ്വതന്ത്രമായശേഷം പട്ടണത്തിൽ ആദ്യ പ്രകടനം കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിലായിരുന്നു എന്ന വിവരവും വായിക്കാം. ആഗസ്ത് 14 നു മാത്രമാണ് ഇ എം എസ് അടക്കമുള്ള നേതാക്കൾ വെല്ലൂർ ജയിലിൽ നിന്ന് മോചിതരാകുന്നത്. ജനങ്ങൾ അവർക്ക് നൽകിയ ഗംഭീര വരവേൽപ്പ് പത്രത്തിലുണ്ട്‌. പി കൃഷ്ണപിള്ളയും കോഴിക്കോട്ടെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അപ്പോഴും ജയിലിലായിരുന്ന എ കെ ജിയുടെ നേതൃത്വത്തിൽ പോരാളികൾ ജയിലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top