29 May Monday

ഇന്ത്യ 2021

വെബ് ഡെസ്‌ക്‌Updated: Wednesday Dec 29, 2021

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു 2021. മഹാമാരിയുടെ കെടുതികളാൽ രാജ്യം ആടിയുലഞ്ഞു. എങ്കിലും പുതുവർഷത്തിലേക്ക് കരുതി വയ്ക്കാൻ 
ഇന്നലെകളുടെ അനുഭവങ്ങളേറെയുണ്ട്

ചോർത്താൻ 
പെഗാസസ്‌
ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച്‌ വ്യക്തികളുടെ ഫോൺ ചോർത്തി. ഇന്ത്യയിലെ 300 ഫോൺ നിരീക്ഷിച്ചെന്ന് ആഗോള അന്വേഷണാത്മക മാധ്യമ കൂട്ടായ്മ ‘ഫൊർബിഡൻ സ്റ്റോറീസി’ന്റെ റിപ്പോർട്ട്. ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്നു പറഞ്ഞ കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലും അന്വേഷണാവശ്യം എതിർത്തു. എന്നാൽ, കോടതി അന്വേഷിക്കാൻ സൈബർ വിദഗ്‌ധസമിതിയെ നിയമിച്ചു. ഭീമകൊറേഗാവ്‌ കേസിൽ പ്രതിയാക്കിയവരുടെ ഫോണും ചോർത്തി.

കോവിഡിൽ 
നടുങ്ങി രാജ്യം
കോവിഡ്‌ രണ്ടാം തരംഗത്തിൽ രാജ്യം രൂക്ഷമായ ആരോഗ്യപ്രതിസന്ധി നേരിട്ടു. മതിയായ ചികിത്സ ലഭിക്കാതെയും ഓക്‌സിജൻ ക്ഷാമത്തെത്തുടർന്നും രോഗികൾ മരിച്ചു. മേയിൽ പ്രതിദിന രോഗികൾ അഞ്ചു ലക്ഷം കടന്നു. മരണം നാലായിരവും. 19 സംസ്ഥാനത്തായി 682 പേരാണ്‌ ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ മരിച്ചത്‌. യുപിയിൽ കോവിഡ്‌ രോഗികളുടെ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ വ്യാപകമായി പുഴയിൽ തള്ളി. 120 പേർ ആശുപത്രിയിൽ തീപിടിച്ചു മരിച്ചു. ഒമിക്രോൺ ഭീഷണിയിലാണ്‌ ഇപ്പോൾ രാജ്യം.

സഹകരണത്തിന്റെ 
കഴുത്തറുക്കൽ
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്ര സർക്കാർ നിരന്തര നീക്കം നടത്തി. ബാങ്കിങ്‌ നിയന്ത്രണ നിയമഭേദഗതി നിയമം, സഹകരണമന്ത്രാലയ രൂപീകരണം, റിസർവ്‌ ബാങ്ക് സർക്കുലറുകൾ എന്നിവ സഹകരണ ബാങ്കുകൾക്ക്‌ ബാങ്ക്‌ എന്ന പദവി ഇല്ലാതാക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനും ലക്ഷ്യമിട്ടായിരുന്നു.

രാജ്യം വിൽപ്പനയ്‌ക്ക്‌
കോവിഡിനിടെ മോദി സർക്കാർ പൊതുആസ്‌തി വിറ്റഴിക്കൽ തീവ്രമാക്കി. 12 മന്ത്രാലയത്തിലെ 20 ഇനം ആസ്‌തി വിറ്റ്‌ നാലു വർഷത്തിനകം ആറു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന്‌ ആഗസ്‌ത്‌ 23ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതിനിലയങ്ങൾ എന്നിവയുൾപ്പെടെയാണ്‌ വിൽക്കുന്നത്‌. തിരുവനന്തപുരമടക്കം നിരവധി വിമാനത്താവളം വിറ്റു.

എയർ ഇന്ത്യ വിറ്റു
പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്‌ വിറ്റു. 18,000 കോടി രൂപയ്ക്ക് ടാറ്റാ സൺസിന്റെ ഉപകമ്പനിയായ ടലസ് പ്രൈവറ്റ് ലിമിറ്റഡ്‌ കമ്പനി ഏറ്റെടുത്തു. 68 വർഷംമുമ്പ് രാജ്യത്ത് വിമാനയാത്രാ സർവീസിന് തുടക്കമിട്ട ടാറ്റയുടെ കൈയിലേക്ക്‌  എയർഇന്ത്യ വീണ്ടും എത്തിച്ചേർന്നു.


 

റഫാലിൽ 
അന്വേഷണം
റഫാൽ ഇടപാടിൽ ഇന്ത്യക്കാരനായ സുഷേൻ ഗുപ്‌തയ്‌ക്ക്‌ 8.5 കോടിയിൽപ്പരം രൂപ കോഴ ലഭിച്ചെന്ന്‌ ‘മീഡിയ പാർട്ട്‌’ റിപ്പോർട്ടിനെത്തുടർന്ന്‌ ഫ്രാൻസ്‌ അന്വേഷണം ആരംഭിച്ചു. ദേശീയ പ്രോസിക്യൂഷൻ ഏജൻസി (പിഎൻഎഫ്‌)തലവൻ ജീൻ ഫ്രാങ്കോയിസ്‌ ബൊണേർട്ടാണ്‌ അന്വേഷണത്തിന്‌  ഉത്തരവിട്ടത്‌. 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒലന്ദുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ്‌ കരാർ പ്രഖ്യാപിച്ചത്‌. കരാറിൽ റിലയൻസിനെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും മറ്റു വഴിയില്ലായിരുന്നെന്നും വെളിപ്പെടുത്തലുണ്ടായി.

ത്രിപുരയിലെ ആക്രമണം
ത്രിപുരയിൽ അധികാരമേറ്റ നാൾമുതൽ, സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാൻ ബിജെപി ശ്രമം ആരംഭിച്ചു. നിരവധിപേരെ കൊന്നു. ആയിരത്തിലധികം പാർടി ഓഫീസ്‌, സിപിഐ എം പ്രവർത്തകരുടെ അയ്യായിരത്തോളം വീട്‌  തീയിട്ടു നശിപ്പിച്ചു. സെപ്‌തംബർ ഏഴിന്‌ പ്രതിപക്ഷ നേതാവും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മണിക്‌ സർക്കാറിനെ ആക്രമിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസും ‘ദേശേർകഥ’ ഓഫീസും ആക്രമിച്ചു.

വർഗീയ കണ്ണ്‌ ലക്ഷദ്വീപിലേക്കും
അറബിക്കടലിന്റെ മടിത്തട്ടിൽ ശാന്തമായി ജീവിക്കുകയായിരുന്ന ലക്ഷദ്വീപുകാരെ പ്രഫുൽ കെ പട്ടേൽ എന്ന അഡ്‌മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാർ വേട്ടയാടി. ദ്വീപിന്റെ ജീവിതത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ് ബിജെപി നടപ്പാക്കിയത്. അഞ്ചു പതിറ്റാണ്ടായ മദ്യനിരോധനം നീക്കി. കോർപറേറ്റുവൽക്കരണവും കമീഷൻരാജും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളെ ദ്വീപ്‌ നിവാസികൾ എതിർക്കുമ്പോൾ കള്ളക്കേസുണ്ടാക്കി അടിച്ചമർത്താനും ശ്രമിച്ചു.

സൈന്യത്തിന്റെ കൂട്ടക്കൊല
നാഗാലാൻഡിൽ 15 ഗ്രാമീണരെ സുരക്ഷാസേന വെടിവച്ചു കൊന്നു. കൽക്കരി ഖനിയിലെ ദിവസവേതന തൊഴിലാളികൾ വീടുകളിലേക്ക്‌ മടങ്ങിയ പിക്കപ് ട്രക്കിനുനേരെ പ്രകോപനമില്ലാതെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ‘21– പാരാ സ്‌പെഷൽ’ ഫോഴ്സിലെ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തു. സൈനികനടപടിയെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ രംഗത്തുവന്നു.

കിഴക്കൻ ലഡാക്കിലെ 
സേനാ പിന്മാറ്റം
പത്തുമാസം സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയിൽനിന്ന് (ഫെബ്രുവരി 12 ) ഇന്ത്യയും ചൈനയും സേനകളെ പിൻവലിച്ചു. ഒമ്പതുതവണ നടത്തിയ സേന, നയതന്ത്രതല ചർച്ചകൾക്കുശേഷമാണ്‌ സേനാപിന്മാറ്റം പൂർത്തിയായത്.

‘മതപരിവർത്തനം’ 
തടയൽ നിയമം
ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ മതപരിവർത്തനം തടയാനെന്ന പേരിൽ വിവിധ സംസ്ഥാനങ്ങൾ നിയമം പാസാക്കി. കർണാടക പാസാക്കിയ നിയമപ്രകാരം 10 വർഷംവരെയാണ്‌ തടവ്‌. യുപി, ഹിമാചൽ പ്രദേശ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌. അരുണാചൽപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇത്തരം നിയമം പാസാക്കി.

സ്റ്റാൻ സ്വാമി
രാജ്യത്തെ അമിതാധികാര വാഴ്‌ചയുടെ ഫലമായാണ്‌ ഫാ. സ്റ്റാൻ സ്വാമിയുടെ ജീവൻ പൊലിഞ്ഞത്‌. ഭീമകൊറേഗാവ്‌ കേസിൽ കള്ളക്കേസിൽപ്പെടുത്തി യുഎപിഎ പ്രകാരം എൻഐഎ അറസ്റ്റുചെയ്‌ത, ജസ്യൂട്ട്‌ വൈദികനായ എൺപത്തിനാലുകാരൻ ജയിലിൽ ദീർഘകാലം കൊടുംയാതന അനുഭവിച്ചാണ്‌ വിടപറഞ്ഞത്‌.

നാശം വിതച്ച് ചുഴലി
ടൗട്ടെ, യാസ്,​ഗുലാബ്, ഷഹീൻ, ജാവദ് എന്നിങ്ങനെ അഞ്ച് ചുഴലിക്കാറ്റാണ് രാജ്യത്ത് നാശംവിതച്ചത്. മെയ് 14നു രൂപംകൊണ്ട ‘ടൗട്ടേ’യിൽ 169 ജീവൻ നഷ്ടമായി. കേരളത്തിൽമാത്രം 11 പേ‌‌രാണ് മരിച്ചത്. മേയ് 23നു ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ‘യാസ്’ ബം​ഗാളിലും ഒഡിഷയിലും കനത്ത നാശംവിതച്ചു. 20 പേർ മരിച്ചു. മൂന്നു ലക്ഷത്തോളം വീട്‌ തകർന്നു. ബംഗാൾ ഉൾക്കടലിൽ സെപ്തംബർ 24നു രൂപമെടുത്ത ‘ഗുലാബ്’ കരയിലൂടെ അറബിക്കടലിലെത്തി ‘ഷഹീൻ’ ചുഴലിക്കാറ്റായി മാറിയ അപൂർവ പ്രതിഭാസത്തിനും ഈവ‌‌ർഷം സാക്ഷ്യംവഹിച്ചു. 34 ജീവൻ നഷ്ടമായി. ഡിസംബർ രണ്ടിന് അവസാനമായെത്തിയ ‘ജാവദ്’ ആന്ധ്രപ്രദേശ്, ഒഡിഷ, ബം​ഗാൾ തീരങ്ങളിൽ നാശംവിതച്ചു.

നോവായി കൂനൂർ ദുരന്തം
ഊട്ടിക്കടുത്ത കൂനൂരിലെ സൈനിക ഹെലികോപ്‌റ്റർ ദുരന്തത്തിൽ സംയുക്ത സൈനികമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്‌) ജനറൽ ബിപിൻ റാവത്തും ഭാര്യയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേർ മരിച്ചു. 13 പേർ സംഭവദിവസവും ചികിത്സയിലായിരുന്ന ഗ്രൂപ്പ്‌ ക്യാപ്‌റ്റൻ വിരുൺ സിങ്‌ ഒരാഴ്‌ചയ്‌ക്കുശേഷവും മരിച്ചു. വ്യോമസേനയുടെ എംഐ-17 വി-5 ഹെലികോപ്‌റ്ററാണ്‌ തകർന്നത്‌.

ബിജെപിക്ക്‌ ക്ഷീണം
വർഗീയപ്രീണനം നടത്തി വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്ന ബിജെപിക്ക്‌ പക്ഷേ ഉപതെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ഒക്‌ടോബറിൽ കർണാടകമുതൽ ഹിമാചൽപ്രദേശ്‌ വരെയുള്ള സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്ക്‌ ക്ഷീണമുണ്ടാക്കി. കാര്യമായ രാഷ്‌ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top