17 October Thursday

കേരളത്തെ തഴഞ്ഞു

സ്വന്തം ലേഖകൻUpdated: Saturday Jul 6, 2019

ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ‌് കേരളത്തെ പൂർണമായും അവഗണിച്ചു. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ‌് ഇക്കുറിയും ഇല്ല. പ്രളയാനന്തര പുനർനിർമാണത്തിനായി കേരളത്തിന് യാതൊരു സഹായനടപടിയും ബജറ്റിലില്ല. പ്രളയപുനർനിർമാണത്തിന‌് പണം കണ്ടെത്താന്‍ വായ‌്പാപരിധി ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടേയില്ല. കേരളത്തിലെ റോഡ‌്–- റെയിൽ വികസനത്തോടും കേന്ദ്രം മുഖംതിരിച്ചു.

നാളികേരം അടക്കമുള്ള എണ്ണക്കുരുക്കളുടെ ഉൽപ്പാദനത്തിൽ വർധനയുണ്ടാകണമെന്ന‌് ബജറ്റ‌് പ്രസംഗത്തിൽ  പറയുന്നെങ്കിലും നാളികേര കൃഷിയെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളില്ല. കശുവണ്ടി പരിപ്പിന്റെയും സിന്തറ്റിക് റബറിന്റെയും ഇറക്കുമതി തീരുവയിലെ വർധന മാത്രമാണ‌് ബജറ്റിൽ കേരളത്തിന‌് ആശ്വാസകരം. റബറിന്റെ താങ്ങുവില ഉയർത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. പാലക്കാട്‌ കോച്ച‌് ഫാക്ടറി, നിപാ ബാധയും മറ്റും കണക്കിലെടുത്ത‌് പുതിയ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌്, ശബരി പാതയടക്കം പുതിയ റെയിൽ പാതകൾ എന്നിവ പരിഗണിച്ചില്ല. ഫാക്ട്‌ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ആറ്‌  വ്യവസായ സ്ഥാപനങ്ങളുടെ കടം ്എഴുതിതള്ളിയ വകയിൽ ആകെ ആറ്‌ ലക്ഷം രൂപ മാത്രമാണ്‌ അനുവദിച്ചത്‌.

നടപ്പു സാമ്പത്തികവർഷം കേന്ദ്ര നികുതിയിൽനിന്നുള്ള കേരളത്തിന്റെ വിഹിതം 20228.33 കോടി രൂപയാണ്. കഴിഞ്ഞ വർഷം കേന്ദ്ര വിഹിതം 19038.17 കോടി രൂപയായിരുന്നു. നികുതി വിഹിതത്തിൽ 1190.16 കോടി രൂപയുടെ വർധന.

മറ്റ‌് സംസ്ഥാനങ്ങൾക്കും സമാനമായ വർധനയുണ്ട‌്. കേന്ദ്രം സമാഹരിക്കുന്ന എക‌്സൈസ‌് തീരുവയിൽ 1103 കോടി രൂപയും ക‌സ‌്റ്റംസ‌് തീരുവയിനത്തിൽ 1456 കോടിയും ജിഎസ‌്ടി വിഹിതമായി 5508.49 കോടി രൂപയും ആദായനികുതി വിഹിതമായി 5268.67 കോടിയും കോർപറേറ്റ‌് നികുതിയിനത്തിൽ 6892.17 കോടി രൂപയുമാണ‌് കേരളത്തിന‌് ലഭിക്കുക.

കശുവണ്ടി പരിപ്പ‌്  (അടർന്നത‌്) കിലോയ‌്ക്ക‌് 60 രൂപയോ 45 ശതമാനമോ എന്ന തോതിലായിരുന്ന ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക‌് ഉയർത്തി. കശുവണ്ടി പരിപ്പിന്റെ തീരുവയും കിലോയ‌്ക്ക‌് 75 രൂപയോ 45 ശതമാനമോ എന്നത‌് എഴുപത‌് ശതമാനത്തിലേക്ക‌്  ഉയർത്തി.

സിന്തറ്റിക് റബർ ഇനത്തിൽ വരുന്ന ബ്യൂട്ടൈൽ റബറിന്റെയും ക്ലോറോബ്യൂട്ടൈൽ റബറിന്റെയും ഇറക്കുമതി തീരുവ അഞ്ച‌് ശതമാനത്തിൽ നിന്നും 10 ശതമാനമായാണ‌് ബജറ്റിൽ കുറച്ചിരിക്കുന്നത‌്.

കേരളത്തിലെ വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്രസ്ഥാപനങ്ങൾക്കുമുള്ള ബജറ്റ‌് വിഹിതം

കൊച്ചിൻ പോർട്ട് ട്രസ്റ്റ്: 46.71 കോടി (67.41 കോടി)
കൊച്ചിൻ കപ്പൽശാല: 660 കോടി (495 കോടി )
 ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ 25 സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 1182.70 കോടി (കഴിഞ്ഞതവണ 1162.50 കോടി )
എച്ച്എംടി: ഒരു ലക്ഷം
തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 20 കോടി (13.50 കോടി)
കായംകുളം ഉൾപ്പെടെയുള്ള എൻടിപിസി താപനിലയങ്ങൾക്ക്: 20000 കോടി (22300 കോടി)
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി അടക്കം 16 സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 761.86 കോടി (749.68 കോടി)
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്‌പെയ‌്സ് സയൻസ് ആൻഡ് ടെക്‌നോളജി: 80 കോടി
(75 കോടി )
തിരുവനന്തപുരത്ത് ഉൾപ്പെടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനങ്ങൾക്കും (ഐസർ): 899.22 കോടി (650.40)
വിഎസ്എസ്‌‌സി, എൽപിഎസ്‌സി തുടങ്ങിയ സ്ഥാപനങ്ങൾക്കായി: 8407.59 (6992.60 കോടി)
ഫാക്ട്: തുകയില്ല.
ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ്: തുകയില്ല (27.90 കോടി )
പാലക്കാട് ഉൾപ്പെടെയുള്ള ഐഐടികളുടെ വികസനത്തിന് - 6409.95 കോടി (5714.70 കോടി)
കോഴിക്കോട് അടക്കമുള്ള ഐഐഎമ്മുകളുടെ വികസനത്തിന് -44.53 കോടി
കൊച്ചി മെട്രോ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കായി -17713.93 കോടി (14,864.60 കോടി )
ബോർഡുകൾക്കുള്ള വിഹിതം (ബ്രാക്കറ്റിൽ 2018ലെ വിഹിതം)
കയർ വികാസ് യോജന: 70.50 കോടി (75.3 കോടി)
കയർ ഉദ്യമി യോജന: 2 കോടി (10 കോടി )
കയർ ബോർഡ്: 4 കോടി (3 കോടി)
റബർ ബോർഡ്: 170 കോടി (172.22 കോടി)
തേയില ബോർഡ്: 150 കോടി (160.20 കോടി )
കോഫി ബോർ‌ഡ്: 200 കോടി (175.25 കോടി)
സ്‌പൈസസ് ബോർഡ്: 100 കോടി (90.93 കോടി )
കശുവണ്ടി കയറ്റുമതി പ്രൊമോഷൻ കൗൺസിൽ :1കോടി (1 കോടി )
കൊച്ചി സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി: 90 കോടി (100 കോടി).

 

അർഹമായ പരിഗണന കിട്ടിയില്ല: കോടിയേരി
തിരുവനന്തപുരം
കേരളത്തെ അവഗണിച്ച ബജറ്റാണ്‌ കേന്ദ്രസർക്കാരിന്റേതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ കേരളത്തിന്‌  അർഹതപ്പെട്ട പരിഗണന ലഭിച്ചില്ല. കാർഷികമേഖലയെയും ബജറ്റിലെ നിർദേശങ്ങൾ പ്രതിസന്ധിയുണ്ടാക്കും.

റബർ ബോർഡ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്‌ അനുവദിക്കേണ്ട വിഹിതം വെട്ടിക്കുറച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കണമെന്ന നിർദേശം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. അതിനുപുറമെ  കടുത്ത വിലവർധനയിലേക്ക്‌ തള്ളിവിടുന്നതാണ്‌ ബജറ്റിലെ നികുതി നിർദേശങ്ങൾ. സ്‌ത്രീകളുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പുരോഗതിക്കായുള്ള വകയിരുത്തലിൽ വരുത്തിയ കുറവ്‌ ബജറ്റിന്റെ പൊതുസമീപനത്തെയാണ്‌ കാണിക്കുന്നത്‌. നിർഭയ പദ്ധതി വിഹിതവും പട്ടികജാതി പട്ടികവർഗ ക്ഷേമ പദ്ധതികളുടെ വിഹിതവും വെട്ടിക്കുറച്ചു_ കോടിയേരി  പ്രസ്‌താവനയിൽ പറഞ്ഞു.

വിലക്കയറ്റത്തിനിടയാക്കും:- കാനം
തിരുവനന്തപുരം
ഇന്ധനവിലയിൽ  വീണ്ടും സെസ് ഏർപ്പെടുത്തിയതിലൂടെ കേരളംപോലുള്ള ഉപഭോക്തൃസംസ്ഥാനങ്ങളിൽ വീണ്ടും വിലക്കയറ്റം സൃഷ്ടിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ബജറ്റിൽ കേരളം പൂർണമായി അവഗണിക്കപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് ഒരു നയമായിത്തന്നെ തുടരുമെന്നും എയർ ഇന്ത്യ വിൽക്കാനുള്ള തീരുമാനം നടപ്പാക്കുമെന്നും ധനമന്ത്രി  അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട‌്. സാധാരണക്കാരായ ആദായനികുതി ദായകർക്ക് ഒരു ആശ്വാസവും കേന്ദ്ര ബജറ്റിലില്ല. എന്നാൽ, 400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾക്ക് കോർപറേറ്റ് നികുതി 30ൽനിന്ന് 25 ശതമാനമായി കുറച്ച‌് കോർപറേറ്റുകളോടുള്ള മോഡി സർക്കാരിന്റെ വിധേയത്വം  ഒന്നുകൂടി വ്യക്തമാക്കി.  ഇന്ത്യൻ ജനതയുടെ ജീവിതഭാരം വർധിപ്പിക്കുന്നതാണ‌് കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കാനം പ്രസ‌്താവനയിൽ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top