05 April Sunday

"ഞാനൊരു മിയ മുസ്ലീമാണ്‌, അസമിൽനിന്ന്‌ ഒഴിവാക്കാൻ ശ്രമിക്കുന്ന വിഭാഗം'; മതഭ്രാന്ത്രും വിവേചനങ്ങളും നിറയുന്ന അസം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

അസമിലെ 19 ലക്ഷം മനുഷ്യരുടെ ജീവിതത്തിൽ അനിശ്ചിതത്വം നിറച്ചാണ്‌ പൗരത്വ രജിസ്‌റ്റർ പട്ടിക പുറത്തിറങ്ങിയത്‌. അത്രയും ആളുകൾ ഇന്ന്‌ രാജ്യമില്ലാത്ത മനുഷ്യന്മാരായി മാറിയിരിക്കുന്നു. മനുഷ്യനെ തട്ടുകളിലാക്കിയുള്ള അമിത്‌ഷായുടെയും ബിജെപിയുടേയും വിദ്വേഷ രാഷ്‌ട്രീയത്തിന്‌ ഇരകളാക്കപ്പെടുന്നത്‌ സാധാരണ ജനങ്ങളാണ്‌. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ജീവിതം ദുരിതത്തിലാക്കിയ അസമിൽ, എന്തുകൊണ്ടാണ്‌ തങ്ങളുടെ വാടകവീടും സുഹൃത്തുക്കളെയും ഉപേക്ഷിച്ച്‌ പോകേണ്ടിവരുന്നതെന്ന്‌ മകന്‌ പറഞ്ഞുകൊടുക്കുകയാണ്‌ ഒരു അച്ഛൻ. അബ്‌ദുൾ കലാം ആസാദ്‌ എന്ന മനുഷ്യാവകാശ ഗവേഷകന്റെ അനുഭവക്കുറിപ്പ്‌. (ദ മിന്റ്‌ ‐ The Mint) ൽ വന്ന ലേഖനം.

ഗവേഷണത്തിനും താഴെക്കിടയിലുള്ള സാമൂഹ്യപ്രവർത്തനത്തിനുമായി രണ്ടുവർഷം മുമ്പാണ്‌ ഗുവാഹത്തിയിൽനിന്ന്‌ താമസം മാറാൻ തീരുമാനിക്കുന്നത്‌. കൂടുതൽ സമയം അതിനുവേണ്ടി കണ്ടെത്തുകയാണ്‌ ലക്ഷ്യം. ജില്ലാകേന്ദ്രമായിട്ടുള്ള ഏതെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ ഒരിടം കിട്ടി. നല്ല വീട്‌, രണ്ടര വയസുള്ള മകനെ ചേർക്കാൻ ആഗ്രഹിക്കുന്ന സ്‌കൂൾ, വാടക, ഒറ്റക്കുള്ള ഇലക്‌ട്രിക്‌ മീറ്റർ... എല്ലാം തികഞ്ഞ വീട്‌.

"നിങ്ങളുടെ വീട്‌ മനോഹരമാണ്‌, എന്റെ ഭാര്യയെക്കൂടി ഒന്ന്‌ കാണിക്കണം ശേഷം തീരുമാനം പറയാം'. വീട്ടുടമസ്ഥനോട്‌ പറഞ്ഞു. സൗമ്യമായി സംസാരിക്കുന്ന റിട്ട. സ്‌കൂൾ അധ്യാപകനാണ്‌ അയാൾ. "കുഴപ്പമില്ല, പക്ഷേ ഒരുപാട്‌ സമയം എടുക്കരുത്‌, കുറേ ആളുകൾ അന്വേഷിച്ച്‌ എത്തുന്നുണ്ട്‌'. അദ്ദേഹം പറഞ്ഞു. ഉടനെ വരാമെന്ന്‌ പറഞ്ഞ്‌ ഇറങ്ങി. ഗേറ്റിനടുത്ത്‌ എത്തിയില്ല, അപ്പോഴേക്കും ഒന്നാം നിലയിൽ നിന്നും ഒരു വിളി. "ക്ഷമിക്കണം, എന്റെ ഭാര്യ ഒരു മതബോധമുള്ള ആളാണ്‌, അതുകൊണ്ട്‌...'.

ഒരു വീടിന്‌ വേണ്ടിയുള്ള എന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന്‌ മനസ്സിലായി. വാടകവീട്‌ കണ്ടെത്തുക എന്നത്‌ വലിയ വെല്ലുവിളിയാണെന്ന്‌ എനിക്കറിയാം. പണ്ട്‌ അതിനുവേണ്ടി ഒരുപാട്‌ അലഞ്ഞിട്ടുണ്ട്‌. ഒരു ഡസനോളം വാടക വീടുകളിൽ അസമിലെ വിവിധയിടങ്ങളിൽ താമസിച്ചിട്ടുമുണ്ട്‌. പ്രായമായപ്പോൾ അതിന്‌ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ സാമ്പത്തികമായ പ്രശ്‌നങ്ങളേക്കാൾ ഉപരിയായി മാനസിക കലാപങ്ങൾ എനിക്കുള്ളിൽ ഉണ്ടാകുന്നുണ്ട്‌.

അടുത്ത ഒരു വീട്ടുടമസ്ഥനുമായി സംസാരിച്ചപ്പോൾ ആദ്യംതന്നെ അക്കാര്യമങ്ങ്‌ പറഞ്ഞു. "ഞാനൊരു മിയ മുസ്ലീമാണ്‌, അസമിൽനിന്ന്‌ ഒഴിവാക്കാൻ ശ്രമിക്കുന്ന വിഭാഗം'. വെറുതെ സംസാരിച്ച്‌ സമയം കളയേണ്ടതില്ലല്ലോ. ആദ്യം അദ്ദേഹം സമ്മതിച്ചെങ്കിലും പിന്നീട്‌ അയാളുടെ കുടുംബവും എതിർപ്പ്‌ പറഞ്ഞു.

എന്തോ ഭാഗ്യത്തിനാണ്‌ അതേ സ്ഥലത്തുതന്നെ മറ്റൊരു വീട്‌ കണ്ടെത്താൻ കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരനാണ്‌ വീട്ടുടമസ്ഥൻ. അയാൾക്ക്‌ മുസ്ലീങ്ങളുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്‌ വ്യക്തമായി പറഞ്ഞു. എന്റെ സമുദായത്തിൽനിന്ന്‌ അയാൾക്ക്‌ ഒരുപാട്‌ സുഹൃത്തുക്കൾ ഉണ്ടത്രേ. "മിയ മുസ്ലീമുകളായിട്ടുള്ള എന്റെ സുഹൃത്തുക്കൾ ഇവിടെ വരാറുണ്ട്‌, ഞങ്ങൾ ഒരുമിച്ച്‌ സമയം ചെലവഴിക്കാറുണ്ട്‌' -‐ അയാൾ പറഞ്ഞു. മകന്‌ കളിക്കൂട്ടുകാരായി അയാളുടെ രണ്ട്‌ കുട്ടികളും സഹോദരന്റെ മകനും ഉണ്ടാകുമെന്നും പറഞ്ഞു.

ഞങ്ങൾ പുതിയ വീട്ടിലേക്ക്‌ മാറി. വീട്ടുടമസ്ഥൻ പറഞ്ഞതുപോലെ മകൻ അവിടത്തെ കുട്ടികളുമായി ചങ്ങാത്തമായി. കുട്ടികൾ എല്ലാവരും ദിവസവും സന്തോഷത്തോടെ കളിയും ചിരിയുമായി. ഇതിനിടയിൽ അവരോടൊത്തുള്ള സംസാരംകൊണ്ട്‌ മകൻ അസമീസ്‌ സംസാരശൈലിയും പഠിച്ചു. ഞാനും ഭാര്യയും സംസാരിക്കുന്നത്‌ മിയ ദേശഭാഷയാണ്‌. അവന്‌ പുതിയ കൂട്ടുകാരിൽനിന്നാണ്‌ ഭാഷ പെട്ടെന്ന്‌ പഠിച്ചെടുക്കാനായത്‌.

എല്ലാദിവസവും സ്‌കൂൾ കഴിഞ്ഞെത്തിയാൽ അവൻ വീട്ടുടമസ്ഥന്റെ സഹോദരന്റെ കുട്ടിയെയും അയാളുടെ മകളെയും അന്വേഷിച്ചിറങ്ങും. ഉച്ചഭക്ഷണത്തിനുശേഷം എല്ലാ കുട്ടികളും ഞങ്ങളുടെ വീടിന്റെ രണ്ടാംനിലയിൽ കൂടും. അവിടെയാണ്‌ കളിയും, പാട്ടും, സൈക്കിൾ അഭ്യാസവുമെല്ലാം. ആ വീടിനകത്ത്‌ എല്ലാം ശാന്തവും സമാധാനമായും നീങ്ങുകയായിരുന്നെങ്കിലും പുറമേയുള്ള ലോകം വളരെവേഗം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞവർഷം ജൂലായിൽ അസം രൂക്ഷമായ സംഘർഷങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. സിഎഎയും എൻആർസിയും അസമിനെ പെട്ടെന്ന്‌ മാറ്റി. അതേസമയംതന്നെ "മിയ കവിതകൾ' എന്നൊരു പുതിയ കവിതാരീതിയുമായി ബന്ധപ്പെട്ട്‌ നിരവധി വിവാദങ്ങളും തുടങ്ങി. മിയ കവികൾ അസമിനെയും അസമീസ്‌ ജനങ്ങളെയും മോശമായി കവിതകളിൽ ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

ബാലിശമായ അത്തരം കാര്യങ്ങൾക്കെതിരെ സംസാരിച്ചിരുന്നു ഒരു മിയ കവിയായിരുന്നു ഞാനും. അങ്ങനെ ഒരു ദിവസം ഈ വിഷയത്തിൽ നടന്ന ഒരു ടെലിവിഷൻ സംവാദത്തിൽ ഞാൻ പങ്കെടുത്തു. കിട്ടിയ കുറഞ്ഞ സമയംകൊണ്ട്‌ ഞനുൾപ്പെടുന്ന സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും യാതനകളും ഞാൻ പറഞ്ഞു. അസമിലെ അശാസ്‌ത്രീയമായ പൗരത്വ പട്ടികയെപ്പറ്റിയും പരാമർശിച്ചു.

അടുത്ത ദിവസമാണ്‌ അറിയുന്നത്‌ എനിക്കും കൂടെയുള്ള മറ്റ്‌ ചില കവികൾക്കും എതിരെ നിരവധി ക്രമിനൽ കേസുകൾ നൽകിയിരിക്കുന്നു. കുടുംബത്തിൽനിന്ന്‌ അകന്ന്‌ ഒളിവിൽപ്പോയി. മകനെ കാണാതെ ഒരുപാട്‌ ദിവസം കടന്നുപോയി. ഒരു രാത്രി വളരെ ബുദ്ധിമുട്ടി ഭാര്യയെ വിളിച്ചു. വീട്ടുടമസ്ഥൻ ആ ടെലിവിഷൻ വീഡിയോ കണ്ടിട്ടുണ്ടാകുമോ എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം. ഒന്നും പേടിക്കണ്ട, എല്ലാം ശരിയാകുമെന്ന്‌ ഞാൻ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ്‌ തിരിച്ചെത്തി.

പക്ഷേ നൽകിയ ഉറപ്പെല്ലാം വെറുതെയായി. അസമിൽ പൗരത്വ പ്രതിഷേധം ശക്തമായി. ബിജെപി അവരുടെ മിയ വിരുദ്ധത പ്രകടിപ്പിച്ച്‌ തുടങ്ങി. ഡിസംബർ പതിനഞ്ചിന്‌, ഞാനും മകനുംകൂടി പതിവുപോലെ ഉടമസ്ഥന്റെ വീട്ടിലെത്തി. മകളെ കളിക്കാൻ വിളിക്കാനാണ്‌ പോയത്‌.

ഞാൻ ബെല്ലടിച്ചു. വാതിൽ തുറന്നു. "ഞാൻ താങ്കളെ വിളിക്കാൻ ഇരിക്കുകയായിരുന്നു. നിങ്ങൾ വേറെ വീട്‌ നോക്കണം'.

ഒരുനിമിഷം എന്താണ്‌ ഞാൻ കേൾക്കുന്നതെന്ന്‌ വിശ്വസിക്കാൻ പറ്റിയില്ല. "എന്താണ്‌ കാര്യം'. ഞാൻ ചോദിച്ചു.

"ഒന്നുമില്ല. ഞങ്ങൾക്ക്‌ ആ സ്ഥലംകൂടി വേണം'. അയാൾ പറഞ്ഞു.

ശരിക്കുള്ള കാരണം എനിക്ക്‌ അറിയണമായിരുന്നു. ഒടുവിൽ അയാൾ പറഞ്ഞു. "എനിക്ക്‌ മുസ്ലീങ്ങളുമായി പ്രശ്‌നമൊന്നും ഇല്ലെന്ന്‌ നിങ്ങൾക്കറിയാമല്ലോ. മിയകൾ വീട്ടിൽവന്ന്‌ അടുക്കളയിൽനിന്ന്‌ ഭക്ഷണംവരെ കഴിക്കാറുണ്ട്‌. പക്ഷേ ഞാൻ ഈ സമൂഹത്തിൽനിന്ന്‌ കുറേ പ്രശ്‌നങ്ങൾ നേരിടുന്നു. മിയകൾക്ക്‌ വീട്‌ കൊടുത്തകാരണം സമുദായഭ്രഷ്‌ഠ്‌ കൽപ്പിച്ചിരിക്കുകയാണ്‌. പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും ഒന്നും ആരും വിളിക്കാതായിരിക്കുന്നു'.

അയാളുടെ കണ്ണ്‌ വല്ലാതെയിരിക്കുന്നു. പരസ്‌പരം നോക്കാതെയിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. മകന്‌ ഞങ്ങളുടെ സംഭാഷണത്തിൽ വലിയ താൽപര്യമില്ല. അവൻ അവന്റെ സുഹൃത്തിനെ വിളിക്കുന്ന തിരക്കിലാണ്‌. "അവൾ ഇന്ന്‌ കളിക്കാൻ വരുന്നില്ല' അത്‌ പറഞ്ഞ്‌ ഉടമസ്ഥൻ വാതിൽ അടച്ചു.

ഞങ്ങൾ ഒഴിയണം. എന്തിനാണെന്ന്‌ മകന്‌ മനസ്സിലാകുന്നില്ല. വാടകവീട്‌ എന്താണെന്നുവരെ അവനെ പറഞ്ഞ്‌ മനസ്സിലാക്കാൻ ഞാൻ ബുദ്ധിമുട്ടി. എപ്പോഴാണ്‌ അവന്റെ കൂട്ടുകാർ പുതിയ വീട്ടിലേക്ക്‌ വരിക എന്ന ചോദ്യത്തിനും മറുപടി പറയാൻ ഉണ്ടായിരുന്നില്ല.

എത്ര വിചിത്രമാണ്‌. ഒരേ വീട്ടിൽ താമസിക്കുന്ന ഞാനും മകനും. രണ്ട്‌ വ്യത്യസ്‌ത സമൂഹങ്ങളിൽ ജീവിക്കുന്നവർ. ഉടമസ്ഥന്റെ വീട്ടിലുള്ള മറ്റ്‌ കുട്ടികൾക്കും സമാന അവസ്ഥയായിരിക്കും. നമ്മുടെ കുട്ടികൾ സ്‌നേഹത്തിന്റെ ലോകത്ത്‌ ജീവിക്കുന്നവരാണ്‌. അവിടെ നിറയെ സ്നേഹം മാത്രമേ ഒള്ളൂ. നമ്മൾ മതഭ്രാന്തിന്റേയും വിവേചനത്തിന്റേയും ലോകത്തും.

എന്റെ മകനും അവന്റെ കൂട്ടുകാരും വളർന്ന്‌ സ്‌നേഹവും അനുകമ്പയുമുള്ള സമൂഹത്തിൽ ജീവിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top