13 July Monday

മറിയക്കുട്ടി ഓർക്കുന്നു: ഇമ്പിച്ചിബാവ കരഞ്ഞ നിമിഷം

പി എ സജീഷ്‌Updated: Saturday Apr 11, 2020

പൊന്നാനി
കാളവണ്ടിയിൽക്കയറി പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭയുടെ മുന്നിലിറങ്ങിയത് മറിയക്കുട്ടിയുടെ മനസ്സിലുണ്ടിന്നും.  ബാല്യത്തിലേ അനാഥമാക്കിയ കോളറക്കാലത്തെ ഒറ്റപ്പെടലിൽനിന്ന്‌ പൊന്നാനിയുടെ സുരക്ഷിതത്വത്തിലേക്ക്‌ ജനനായകൻ ഇമ്പിച്ചിബാവ തന്റെ ജീവിതം പറിച്ചുനട്ട നിമിഷങ്ങൾ 80ാം വയസ്സിലും കണ്ണീരോർമയാണവർക്ക്‌.

‘കുടുംബത്തെ  മരണം തുടച്ചുനീക്കിയ രോഗത്തിൽ എല്ലാം നഷ്ടപ്പെട്ട എനിക്കും അനേകർക്കും ജീവിതത്തിന്റെ വെളിച്ചം തന്നത് ഇമ്പിച്ചിബാവയാണ്.’  പ്രിയനേതാവിന്റെ 25ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ കാരുണ്യം ഓർത്തെടുക്കുകയാണ്‌ മാറഞ്ചേരിയിൽ മകൾ ബീന ബക്കറിനൊപ്പം താമസിക്കുന്ന മായിൻവീട്ടിൽ മറിയക്കുട്ടി. 1943ൽ മലബാറിൽ പടർന്ന  കോളറയിൽ ആയിരക്കണക്കിന്  ജീവൻ പൊലിഞ്ഞു. തിരൂർ മംഗലത്ത് മാത്രം 900 പേരാണ് മരിച്ചത്.

ദുരിതാശ്വാസത്തിനിറങ്ങാൻ  പ്രവർത്തകരോട്‌ കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനംചെയ്തു. പി കൃഷ്ണപിള്ള പൊന്നാനിയിലെത്തി പ്രവർത്തകരെ രംഗത്തിറക്കി.  ജയിൽ മോചിതനായ ഇമ്പിച്ചിബാവയുടെ ചുമതല മംഗലത്തായിരുന്നു. രോഗശുശ്രൂഷ, ശവസംസ്കാരം തുടങ്ങിയ വെല്ലുവിളികൾ അദ്ദേഹം ഏറ്റെടുത്തു. നീണ്ട പ്രതിരോധങ്ങൾക്കൊടുവിൽ ഗ്രാമം രോഗമുക്തമായപ്പോൾ അവശേഷിച്ചത് 90 അനാഥകുട്ടികൾ. ഇവരുടെ പുനരധിവാസത്തിനും ഇമ്പിച്ചിബാവ നേതൃത്വം നൽകി. അവരെ കോഴിക്കോട്ടേക്കും പൊന്നാനിയിലെ അനാഥാലയത്തിലേക്കും മാറ്റി. അന്ന്‌ മംഗലത്തുനിന്ന് മറിയക്കുട്ടിയോടൊപ്പം വന്ന ഫാത്തിമയും ആമിനയും ഇന്നില്ല.   1967ൽ ഗതാഗത മന്ത്രിയാകുമ്പോൾ  അനാഥാലയങ്ങളുടെ ഉത്തരവാദിത്വംകൂടി അദ്ദേഹം വാങ്ങിയതായും മറിയക്കുട്ടി ഓർക്കുന്നു.  

പൊന്നാനിയിൽ വന്നശേഷം പഠിച്ചതും വളർന്നതും മൗനത്തുൽ ഇസ്ലാം സഭയിലാണ്‌.  മതാധ്യാപികയായി ജോലിയും കിട്ടി.  തുന്നൽക്കാരനായ കുഞ്ഞിബാവയാണ് മറിയക്കുട്ടിയെ വിവാഹംചെയ്തത്.  വിവാഹത്തിന് മുന്നിൽനിന്നതും ഇമ്പിച്ചിബാവതന്നെ. മറിയക്കുട്ടിയെ വരന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അദ്ദേഹം കരഞ്ഞു.  ഇമ്പിച്ചിബാവ  കരഞ്ഞ അപൂർവ നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്ന്‌ സി ഭാസ്കരൻ ‘ചില ജീവിത മുഹൂർത്തങ്ങൾ’ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച്‌  എഴുതിയിട്ടുണ്ട്.  16 വർഷംമുമ്പ് മറിയക്കുട്ടിയുടെ ഭർത്താവ് മരിച്ചു. അഞ്ച് മക്കളുമായി സന്തോഷത്തോടെ കഴിയുമ്പോഴും തന്റെ മാതാപിതാക്കളും ഉറ്റവരും ആരാണെന്ന്‌ മറിയക്കുട്ടിക്കറിയില്ല. ഗസൽ ഗായകൻ ബക്കർ മാറഞ്ചേരി മരുമകനാണ്‌.


പ്രധാന വാർത്തകൾ
 Top