27 May Monday

ഇടുക്കി അണക്കെട്ട്‌ ... അഥവാ കൊച്ചിയുടെ നോഹ; പ്രളയത്തിൽനിന്നുള്ള രക്ഷ

ഡി ദിലീപ്Updated: Monday Aug 6, 2018

ഇടുക്കി, ഇടമലയാർ ഡാമുകൾ നിറഞ്ഞാൽ അതു തുറന്നുവിടുന്നതിനെക്കുറിച്ചും അതുണ്ടാക്കാൻ സാധ്യതയുള്ള വെള്ളപ്പൊക്കത്തെ കുറിച്ചുമാണ‌് ഇന്ന‌് ചർച്ച. എന്നാൽ ഈ ഡാമുകൾ ഇല്ലാതിരുന്നെങ്കിൽ... ഒരു പക്ഷെ ഇങ്ങിനെ പറയാനുള്ള സാവകാശം പോലും കിട്ടില്ലായിരുന്നു.അണക്കെട്ടുകൾ ഉണ്ടാക്കുന്ന പരിസ്‌ഥിതി നാശം ഏറെ ചർച്ചചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇടുക്കിയും ഇടമലയാറും കൊച്ചിക്കാർക്ക്‌ നൽകുന്നത്‌ വെളിച്ചം മാത്രമല്ല; പ്രളയത്തിൽനിന്നുള്ള രക്ഷകൂടിയാണ്‌.

പെയ‌്ത മഴയുടെ പകുതിയിലേറെ ഇടുക്കി, ഇടമലയാർ ഡാമുകൾ തടഞ്ഞിട്ടും കോതമംഗലം, പെരുമ്പാവുർ, കാലടി, ആലുവ, ഏലൂർ, വരാപ്പുഴ എന്നിവിടങ്ങളിൽ ആയിരങ്ങൾ വെള്ളത്തിലായി. ജില്ലയിൽ മാത്രം 60ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവന്നു.  ഡാമുകൾ ഇല്ലാതിരുന്നെങ്കിൽ 1924ലെയും 67ലെയും വെള്ളപ്പൊക്കത്തിന‌് ശേഷം എറണാകുളം കണ്ട ഏറ്റവും വിനാശകരമായ പ്രളയത്തിന‌് വഴിവച്ചേനെയെന്ന‌് കണക്കുകൾ പറയുന്നു.

1961ൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

1961ൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

ജൂലൈ 14 മുതലുള്ള  13 ദിവസം കൊണ്ട് ഒഴുകിയെത്തിയ 16 ടിഎംസി ജലമാണ് ഇടുക്കിഡാം തടഞ്ഞുനിർത്തിയിരിക്കുന്നത്. ഇടമലയാറിലും ഏതാണ്ട‌് 12 ടിഎംസി വെള്ളം തടഞ്ഞുനിർത്തി. ഇടുക്കിയിൽ നിലവിൽ 29 ടിഎംസിയും ഇടമലയാറിൽ 22 ടിഎംസി വെള്ളവുമുണ്ട‌്. എറണാകുളം മുതൽ ആലപ്പുഴ, കുട്ടനാട‌് വരെ നീണ്ടുകിടക്കുന്ന വേമ്പനാട‌് കായലിൽ ആകെ 19 ടിഎംസി വെള്ളം മാത്രമാണുള്ളത‌് എന്നറിയുമ്പോഴാണ‌് ഇതിന്റെ  വ്യാപ‌്തി മനസ്സിലാകുന്നത‌്. ഡാം  ഇല്ലാതെ ഇതുമുഴുവൻ താഴേക്ക് ഒഴുകിയിരുന്നെങ്കിൽ എറണാകുളം ജില്ല ഏതാണ്ട‌് പകുതിയോളം വെള്ളത്തിൽ മുങ്ങിയേനെ.  ജലനിരപ്പ‌് ഉയരുന്നതോടെ കുട്ടനാടിന്റെയും കഥ കൂടുതൽ ദുരിതത്തിലായേനെ.

ജൂലൈ 27ന‌് ഇടുക്കി ഡാമിലേക്ക‌് ഒഴുകിയെത്തിയത‌് സെക്കൻഡിൽ  100228 ക്യുബിക‌് അടി (ക്യൂസെക‌്സ‌്) വെള്ളമാണ‌്. ഇടമലയാറിലും ഏതാണ്ട‌് 50000ത്തോളം ക്യൂസെക‌്സ‌് വെള്ളവും ഒഴുകിയെത്തി. തൊട്ടടുത്ത ദിവസങ്ങളിലും ഇതിനോട‌് അടുത്ത അളവ‌് വെള്ളം എത്തി. ഡാമില്ലായിരുന്നുവെങ്കിൽ ഇതു രണ്ടുംകൂടി ഒന്നര ലക്ഷത്തിലേറെ ക്യുസക‌്സ‌് വെള്ളമാണ‌് ഭൂതത്താൻ കെട്ടിലും ആലുവയിലും എത്തുക. ഇത്തവണ വെള്ളം പൊങ്ങിയ അവസരത്തിൽ പോലും ഭൂതത്താൻ കെട്ടിലൂടെ ഒഴുകിയത‌് 70000 ﹣ 80000 ക്യൂസക‌്സ‌് വെള്ളം മാത്രമാണ‌്‌. മുഴൂവൻ വെള്ളവും ഒഴൂകിയെത്തിയിരുന്നെങ്കിൽ ജലനിരപ്പ‌് ഒന്നര മീറ്ററോളം ഉയരുമായിരുന്നു. 61 സമാനമായ പ്രളയവും നമുക്കുണ്ടാകുമായിരുന്നു.

ഇടുക്കി അണക്കെട്ട്‌

ഇടുക്കി അണക്കെട്ട്‌

2005ലും ഈ ഡാമുകൾ കൊച്ചിയെ അടക്കം പ്രളയജലത്തിൽനിന്ന് സംരക്ഷിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്ന് കാലടിയിലെത്തിയത് 84,437 ക്യൂസക്സ് ജലമാണ്. ഇടുക്കി ഇടമലയാർ ഡാമുകൾ താങ്ങിനിർത്തിയത് 47,483 ക്യുസക്സ് വെള്ളമാണ്.

ഈ ഡാമുകൾ ഉണ്ടായിരുന്നില്ലെങ്കിൽ 1,31,930 ക്യൂസക്സ് വെള്ളം പെരിയാർ വഴി വന്ന് കൊച്ചിയെ വിഴുങ്ങുമായിരുന്നു.
'തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം' എന്ന 1924ലെ വെള്ളപ്പൊക്കത്തിൽ ആലുവയിൽ ഒഴുകിയെത്തിയ വെള്ളം സെക്കൻഡിൽ നാലുലക്ഷം ക്യുബിക് അടി (ക്യുസക്സ്) യായിരുന്നു. എന്നാൽ ഇന്ന് അത് 60000, 70000 ക്യൂസക്സ് ആയി പരിമിതപ്പെടുന്നു. ഇടുക്കിയിലെയും ഇടമലയാറിലെയും ജല സംഭരണികൾ തടഞ്ഞുനിർത്തുന്ന വെള്ളമാണ് ഇങ്ങനെ പ്രളയജലത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്.

99 ലെ കാളരാത്രി

കലക്‌ടറുടെ റിപ്പോർട്ട്‌  ദേശാഭിമാനിയിൽ വന്നത്‌

കലക്‌ടറുടെ റിപ്പോർട്ട്‌ ദേശാഭിമാനിയിൽ വന്നത്‌

ജില്ല കണ്ട ഏറ്റവും വലിയ പ്രളയം 1924ലേതു തന്നെ. 99ലെ വെള്ളപ്പൊക്കമെന്ന‌് പഴമക്കാർ പറയുന്ന അതേ പ്രളയം. എത്രപേർ മരിച്ചുവെന്നു പോലും തിട്ടമില്ല. എറണാകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളും പെരിയാറിനോട‌് ചേർന്നുള്ള പ്രദേശങ്ങളും വെളളത്തിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളം നൂറുകണക്കിനു പേരുടെ ജീവനെടുത്തു.

1924 ജൂലൈ 19ന് എക്സിക്യൂട്ടീവ് എൻജിനിയർ താണുപിള്ള നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ

ജൂലൈ 16ന്റെ രാത്രി ആലുവ പട്ടണത്തിന്, പ്രത്യേകിച്ച് താഴ‌്ന്നുകിടക്കുന്ന പ്രദേശങ്ങൾക്ക് കാളരാത്രി തന്നെയായിരുന്നു. എല്ലാ വശത്തുനിന്നും സഹായം തേടുന്ന നിലവിളികളായിരുന്നു. പൊതുസ്വകാര്യ ബോട്ടുകൾ എല്ലാം ഇറങ്ങിയിട്ടും ആളുകളുടെ ജീവൻ രക്ഷിക്കാൻ തികയുമായിരുന്നില്ല. വസ്തുവകകളുടെ കാര്യം പറയേണ്ടല്ലോ. പുഴയിലെ ഒഴുക്ക് അതിശക്തമായിരുന്നതിനാൽ  രക്ഷയ്ക്കിറങ്ങിയ ബോട്ടുകൾ പലതും മുങ്ങി. മരിച്ചവരുടെ എണ്ണം വളരെ വലുതാണ്. കൃത്യമായി കണക്കറിയില്ല. വെള്ളം ഇറങ്ങുവോളം നാശത്തിന്റെ കണക്കറിയാനാകില്ല. വെള്ളപ്പൊക്കം പാരമ്യത്തിലെത്തിയത് ജൂലൈ 16നാണ്. അന്ന് വെള്ളം റെയിൽപ്പാലത്തിനും ആറടി മുകളിൽവരെയെത്തി.

1961 ആണ് സമീപചരിത്രത്തിലെ മറ്റൊരു പ്രളയകാലം. 84,000 കുടുംബങ്ങളിൽ നാലു ലക്ഷം പേർ ദുരിതത്തിലായി. അന്ന് ഇടുക്കി ഇടമലയാർ ജലസംഭരണികളില്ല. അന്ന് 1924ലെ അത്ര എത്തിയില്ലെങ്കിലും വെള്ളം എൻഎച്ച് 47ൽ ഉൾപ്പെടുന്ന ആലുവഭാഗത്തെ റോഡുകൾ മുക്കി. ആലുവ പറവൂർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. 1961ൽ ജൂലൈയുടെ ആദ്യആഴ്ചയിൽ 24 മണിക്കൂറിനുള്ളിൽ 40.5 സെന്റീമീറ്റർ വരെ മഴ പെയ്തു. ആ മഴയിൽ പക്ഷെ നിർമാണത്തിലിരുന്ന ലോവർ പെരിയാറിന്റെ പവർ ഹൗസിന്റെ ഒരു ഭാഗം വരെ ഒലിച്ചുപോയി.

 

1976ൽ കമീഷൻ ചെയ്ത ഇടുക്കി ഡാം രണ്ടുവട്ടമേ തുറക്കേണ്ടിവന്നിട്ടുള്ളു. 1981ലും 1992ലും രണ്ടുതവണയും നവംബറിലാണ് തുറന്നത്. രണ്ട് കാലവർഷക്കാലത്തെ വെള്ളവും എത്തിയ ശേഷമാണ് അണക്കെട്ട് നിറഞ്ഞത്. ഇക്കുറിയുള്ള സാഹചര്യം അതുകൊണ്ടുതന്നെ. അപൂർവതയുള്ളതാണ്. തെക്കുപടിഞ്ഞാറൻ കാലവർഷം കൊണ്ടുമാത്രം അണക്കെട്ട് നിറഞ്ഞിരിക്കുന്നു. . ചെറുതോണിയിലെ അഞ്ച് ഗേറ്റുകൾ വഴിയാണ് ഇടുക്കി ഡാമിന്റെ സ്പിൽവേ. ഡാം തുറന്നാൽ ഈ ഗേറ്റുകളിലൂടെയാണ് വെള്ളം ഒഴുകുക. ഈ അഞ്ച് ഗേറ്റുകളിലാകെ 1.37 ലക്ഷം ക്യൂസക്സ് വെള്ളമാണ് ഒഴുക്കാവുന്നത്. ഇത് പരമാവധി 1.765 ലക്ഷം ക്യൂസക്സ് വരെയെത്തിക്കാം.

എന്നാൽ ഇത്രയൊന്നും  ഒഴുക്കിവിടേണ്ടിവരില്ല. 1992ൽ ഒഴുക്കിയത് 1766 ക്യൂസക്സ് വെള്ളം വീതമാണ് 1992 ഒക്ടോബർ 10 മുതൽ അഞ്ചു ദിവസം ഒഴുകിയത്. പിന്നീട് നവംബർ 15ന് ഏതാനും മണിക്കൂർ 8829 ക്യൂസക്സ് വെള്ളം ഒഴുക്കിവിട്ടു.

കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം പരമാവധിയാക്കിയിട്ടുണ്ട്. മൂലമറ്റത്ത് 2.3 മില്യൻ യൂണിറ്റ്  പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനം 14.4 മില്യൻ യൂണിറ്റ് വരെ ഉൽപ്പാദിപ്പിച്ചു. കൃത്യമായ പരിശോധനകൾ നടത്തി പ്രത്യാഘാതം ഉറപ്പുവരുത്തിയാണ് ഇടുക്കിയിൽനിന്ന് ജലം ഒഴുക്കുന്നത്. അതുകൊണ്ട് ജാഗ്രത മതി ഭയപ്പാട് വേണ്ട, അന്തർ സംസ്ഥാന നദീ തർക്ക പരിഹാര സമിതിഅംഗം ജെയിംസ് വിൽസൺ ചൂണ്ടിക്കാട്ടുന്നു.

പ്രധാന വാർത്തകൾ
 Top