20 January Wednesday

ഐടി @ ടോപ് ഗിയർ

അഭിവാദ്‌Updated: Friday Apr 5, 2019

തിരുവനന്തപുരം
ഐടി രംഗത്തെ ചടുലമാറ്റങ്ങളോട‌് കിടപിടിക്കാൻ വേഗത്തിലോടുകയാണിന്ന‌് കേരളം‌. ഐടി മേഖലയുടെ വളർച്ചയെന്നാൽ റിയൽ എസ‌്റ്റേറ്റ‌ും ഭൂമി ഏറ്റെടുക്കലുമാണെന്ന ധാരണയാകെ മാറി. വിജ്ഞാനാധിഷ്‌ഠിത ഐടി വികസനത്തിലേക്കാണ‌് കുതിപ്പ‌്. ഐടി ലോകത്തെ മാറ്റത്തിനൊപ്പമെത്താൻ ഈ മേഖലയിലെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയാണ‌് ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ്‌ കേരള(ഐസിടിഎകെ).
‘ഫോക്കസ്‌ഡ്‌’ആയി പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരാണ‌് പിന്തുണ നൽകുന്നതെന്ന‌് അക്കാദമി സിഇഒ സന്തോഷ്‌ കുറുപ്പ്‌ പറഞ്ഞു. കൃത്യമായി പ്രവർത്തനം വിലയിരുത്തുകയും സ്ഥാപനത്തിൽനിന്ന‌് സർക്കാർ എന്താണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ നിർദേശിക്കുകയും ചെയ്യുന്നു. ഈ നിർദേശങ്ങൾ പ്രവർത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പരിശീലന പരിപാടികൾക്കുള്ള പ്രവേശനപരീക്ഷയിൽ മികവുകാട്ടുന്ന കുട്ടികൾക്ക്‌ സർക്കാർ ഫീസിളവ്‌ നൽകി. ഇതോടെ ഏറ്റവും മിടുക്കരായ വിദ്യാർഥികളെ പരിശീലിപ്പിക്കാനും സാധിച്ചു. ബിടെക്കും മറ്റ്‌ ഐടി കോഴ്‌സുകളും പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ സിലബസിൽ വ്യവസായരംഗത്തെ നൂതന ചലനങ്ങൾ പരിചയപ്പെടുത്താറില്ല. സാങ്കേതികവിദ്യയിലുണ്ടാകുന്ന ചടുലമായ മാറ്റങ്ങളാണ്‌ കാരണം. സിലബസുകൾ ഇതിനനുസരിച്ച്‌ പരിഷ്‌കരിക്കുക പ്രായോഗികമല്ല. ഈ ഉദ്യോഗാർഥികൾക്ക‌് പ്രത്യേക പരിശീലനം നൽകി തൊഴിൽ നേടാൻ പ്രാപ‌്തരാക്കുകയാണ‌് ഐസിടി അക്കാദമിയുടെ ലക്ഷ്യം. ഇതിനുപുറമേ ഉദ്യോഗാർഥികളെയും ഐടി കമ്പനികളെയും തമ്മിൽ പരിചയപ്പെടുത്താനും അക്കാദമി സഹായിക്കുന്നു.  ഏത്‌ മേഖലയിൽ വൈദഗ്ധ്യമുള്ളവരെയാണോ ആവശ്യപ്പെടുന്നത്‌ അതിനനുസരിച്ചാകും പട്ടികനൽകുക. മറ്റ്‌ തൊഴിലവസരങ്ങളും ഉദ്യോഗാർഥികളെ അറിയിക്കുന്നു. ഇതിലൂടെ ഇടനിലക്കാരെ ആശ്രയിക്കാതെ തൊഴിൽ കണ്ടെത്താനുമാകും.

പുതിയ ഐടി നയമനുസരിച്ച്‌ ഈ മേഖലയിലെ ശേഷീവികസനം ത്വരിതപ്പെടുത്തേണ്ട ചുമതല ഐസിടി അക്കാദമിക്കാണ‌്. പുതിയ നയത്തിലൂടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം കൃത്യമായി ഏകോപിപ്പിക്കാൻ കഴിയുന്നു. ഇത്തരത്തിൽ മറ്റ്‌‌ സർക്കാർ സ്ഥാപനങ്ങളുമായും ഏജൻസികളുമായും സഹകരിച്ച്‌ നിരവധി പരിശീലന പരിപാടികൾ ഐസിടി അക്കാദമി സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും കോളേജ്‌ അധ്യാപകർക്കുമുള്ള ഐടി പരിശീലനം, ‘അക്ഷയ’ സംരംഭകർക്കുള്ള പരിശീലനം, ഹയർ സെക്കൻഡറി–-ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ വിദ്യാർഥികൾക്കുള്ള നൈപുണ്യവികസന പരിപാടികൾ എന്നിവ ഉദാഹരണം.

നിർമിതബുദ്ധി, ഓട്ടോമേഷൻ യുഗത്തോടെ ഐടി ജോലികളിൽ വലിയമാറ്റമാണുണ്ടാകുന്നത‌്. നിലവിൽ ജോലിയുള്ളവർക്കും തൊഴിൽ നഷ്‌ടപ്പെടാതെ പിടിച്ചു നിൽക്കണമെങ്കിൽ പ്രത്യേക പരിശീലനം വേണ്ടിവരും. ഇത്തരം പരിശീലന പരിപാടികളും ഐസിടി അക്കാദമി സംഘടിപ്പിക്കുന്നു. ജീവനക്കാരുടെ സൗകര്യാർഥം വാരാന്ത്യ‐സായാഹ്‌ന കോഴ്‌സുകൾ തെരഞ്ഞെടുക്കാം.

ഐടി രംഗത്ത്‌ ഏറ്റവുമധികം തൊഴിലവസരങ്ങൾ തുറന്നിടുന്ന ‘ഡാറ്റ സയൻസ്‌ ആൻഡ്‌ അനലിറ്റിക്‌സ്‌’ പോലുള്ള മേഖലകളിലും അക്കാദമി പരിശീലനം നൽകുന്നുണ്ട്‌. തിരുവനന്തപുരം ടെക‌്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ആസ്ഥാനത്തുതന്നെയാണ‌് മുഖ്യപരിശീലന കേന്ദ്രം. ഇതുകൂടാതെ കൊച്ചി ഇൻഫോപാർക്കിലും കോഴിക്കോട‌് സൈബർപാർക്കിലും പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. www.ictkerala.org എന്ന വെബ‌്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top