28 May Thursday

കൊറോണ വൈറസും കേരളം ലോകത്തിനു നല്‍കുന്ന പാഠങ്ങളും

നിഖില്‍ ഭാസ്ക്കര്‍Updated: Sunday Feb 9, 2020

നിഖില്‍ ഭാസ്ക്കര്‍

നിഖില്‍ ഭാസ്ക്കര്‍

കഴിഞ്ഞ കുറച്ചു നാളുകളായി കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മദ്ധ്യം മുതല് കൊറോണ വൈറസിനെ ലോകത്തിന് പരിചയമുണ്ടെങ്കിലും ചൈനയിലെ ഗുഹാൻ പ്രവിശ്യയില് നിന്നു ഡിസംബർ അവസാനത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇപ്പോൾ  ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതും നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിവുള്ള കൊറോണ വൈറസിന്റെ പുതിയ ഒരു വകഭേദമാണ്. 

നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ വൈറസിന്റെ പകർച്ച നിരക്ക് സാധാരണ കൊറോണ വൈറസിനെക്കാൾ വളരെ കൂടുതൽ ആണ് എന്നതാണ് ഈ വൈറസിനെ അത്യന്തം അപകടകാരി ആക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി ആണു ചൈന. ഈ വൈറസ് ബാധയേറ്റവരെ മാത്രം ചികിത്സിക്കാൻ ഒൻപത് ദിവസം കൊണ്ട് ചൈന കെട്ടിപ്പൊക്കിയ കൂറ്റൻ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചൈന മാത്രമല്ല, വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് ലോക രാജ്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് കേരളത്തിൽ നിന്നായതുകൊണ്ടു വൈറസ് ബാധയുള്ള ആളുകളുമായി കൂടുതല്‍ സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനം കേരളം തന്നെ. ഇന്ത്യയിൽ ഇതു വരെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിൽ നിന്നാണ് എന്നതിൽ വലിയ ആശ്ചര്യമില്ല.

ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസ് ഉയർത്തുന്ന ഭീഷണിയെ ചെറുക്കാൻ കേരള സർക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ  ഇത്തരം മാരക അണുബാധകൾ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ പരിശ്രമിക്കുന്ന ലോകത്തെവിടെയും ഉള്ള ഏതൊരു ഭരണ സംവിധാനത്തിനും ഉദാത്തമായ ഒരു മാതൃക തന്നെയാണ്.

സകല പഴുതുകളും അടച്ചു കൊണ്ടുള്ള വളരെ ഫലവത്തായ റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നിപ്പാവൈറസ് റിപോർട്ട് ചെയ്യപ്പെട്ടപ്പോഴും ഈ കാര്യക്ഷമത നമ്മൾ അനുഭവിച്ചു അറിഞ്ഞതാണ് . ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാൽ, അതിനെ നേരിടുന്നത് വളരെ ദുഷ്കരമായ ജോലി ആണു. കേരള സംസ്ഥാനവും ഇവിടുത്തെ ആരോഗ്യ വകുപ്പും ലോകത്തിന്റെ കയ്യടി നേടുന്നത്  ചിട്ടയായ ശാസ്ത്രീയ രീതികള് അവലംബിച്ച് കൊണ്ട് ഇത്തരം ബാധകളെ ചെറുത്തു തോൽപ്പിക്കുന്നത് കൊണ്ടാണ്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ചോദിച്ചു വിളിക്കുന്ന മറ്റു സംസ്ഥാനനങ്ങളോട് കേന്ദ്ര ആരോഗ്യ വകുപ്പിന് “കേരളം ചെയ്യുന്നതു എന്താണോ , അതങ്ങ് ആവർത്തിച്ചോളൂ” എന്ന  ഒറ്റ വാക്യത്തിലൊതുങ്ങുന്ന മറുപടിയെ ആവശ്യമുള്ളൂ. അത്ര ഫൂൾ പ്രൂഫ് ആയിട്ടുള്ള സംവിധാനങ്ങളും പ്രവർത്തനങ്ങളുമാണ് കേരള സര്ക്കാരിന്റെ ഭാഗത്ത് നിന്നു നിപ്പ വന്നപ്പോൾ  നടന്നതും ഇപ്പോൾ കൊറോണയുടെ  കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നതും.

കേരള മണ്ണിൽ നിന്നു ഒരു ജീവൻ പോലും അപഹരിക്കാൻ കൊറോണ വൈറസിന് ഇത് വരെ കഴിയാതെ പോയത് ഈ ജാഗരൂഗതയുടെ ഫലമാണ്. ആരോഗ്യ വകുപ്പിന്റെ “ഭയമല്ല ജാഗ്രതയാണ് വേണ്ടത്” എന്ന ടാഗ് ലൈനിനെ അന്വര്‍ത്ഥമാക്കുന്ന ഇടപെടലുകൾ.വൈറസിന്റെ മാരക സ്വഭാവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുന്നതിനു വളരെ ദിവസങ്ങൾ മുന്നേ തന്നെ കേരളം പ്രതിരോധ നടപടികൾ തുടങ്ങിയിരുന്നു. ലോകമാനം മാധ്യമങ്ങൾ ഈ വൈറസ് ബാധയെ കുറിച്ച് പ്രാധാന്യത്തോടെ ചര്ച്ച ചെയ്യാൻ തുടങ്ങിയത് ചൈനയിൽ മരണ സംഖ്യ ഉയർന്നപ്പോൾ മാത്രമാണ്. എന്നാൽ ദിവസങ്ങൾ മുന്നേ തന്നെ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നു വന്നിറങ്ങുന്നവരെ സ്ക്രീൻ  ചെയ്യുന്നതിന്നുള്ള സജ്ജീകരണങ്ങൾ എല്ലാ വിമാനത്താവളങ്ങളിലും കേരളം ഒരുക്കിയിരുന്നു. യാത്രക്കാരിൽ, രോഗലക്ഷണം ഉള്ളവരും ഇല്ലാത്തവരുമായ രണ്ടു വിഭാഗത്തിൽപെട്ടവരെയും രണ്ടു വ്യത്യസ്ത രീതിയിൽ ആണ് കൈകാര്യം ചെയ്യുന്നത്.

രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാതിരുന്നവരെ കൃത്യമായ നിര്ദേശങ്ങൾ നല്കി അവരവരുടെ വീടുകളിലേക്കയച്ചു, സാധാരണ വൈറസ് ബാധ ഏറ്റു കഴിഞ്ഞാൽ ഏകദേശം ഇരുപതു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. വീടുകളിലേക്കു അയച്ച മുഴുവന് ആളുകളെയും അവരുടെ വിവരങ്ങള് ശേഖരിച്ചതിന് ശേഷം മറ്റ് സംബർക്കങ്ങളെല്ലാം ഒഴിവാക്കി വീടുകളിൽ തന്നെ 28 ദിവസം കൃത്യമായ ആരോഗ്യ പരിശോധനകൾക്കു വിധേയമാക്കി കൊണ്ടിരുന്നു. സംസ്ഥാനത്തൊട്ടാകെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി എന്തെങ്കിലും തരത്തിൽ അടുത്ത് പെരുമാറിയവരേയും ഇതുപോലെ തന്നെ ഐസോലെറ്റു  ചെയ്തു നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. 28 ദിവസം കഴിയാതെ പുറത്തു ഇറങ്ങാതിരിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങൾ ഓരോരുത്തർക്കും നല്കി.

എന്തെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം ഉണ്ടായിരുന്ന യാത്രക്കാരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരത്തെ തന്നെ തയ്യാറാക്കിയ ഐസോലാറ്റെഡ് വർഡുകളിലേക്ക് മാറ്റുന്നതിന്, മുഴുവൻ സമയ അണുവിമുക്ത ആംബുലൻസുകൾ ഇരുപത്തിനാലു മണിക്കൂറും എല്ലാ വിമാനത്താവങ്ങളിലും സദാസന്നദ്ധമായി ഒരുക്കി നിർത്തിയിരിക്കുന്നു. അണുബാധിത മേഖലകളിൽ നിന്നും ഓരോ ദിവസവും വന്നിറങ്ങിയ യാത്രക്കാരുടെ വിവരങ്ങൾ  ശേഖരിച്ചു പിന്നീടുള്ള ദിവസങ്ങളിൽ  ഇവരിൽ  ആരെങ്കിലും വൈറസ് ബാധയുടെ എന്തെങ്കിലും ലക്ഷണങ്ങള് കാണിച്ചു തുടങ്ങിയോ എന്നു പരിശോധിക്കുന്നതിന് നിരന്തരമായി അവരുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട് കൊണ്ടിരുന്നു. 

ഇങ്ങനെ വീടുകളിലോ ആശുപത്രികളിലോ ദീർഘ നാളുകൾ കഴിയേണ്ടി വന്നവരീൽ ജോലിക്കാരായ ആളുകളുടെ തൊഴിൽ ദാതാക്കളുമായി ബന്ധപ്പെട്ട് അവരുടെ അവധി അപേക്ഷകളും ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടപ്പെടാതിരിക്കാതിരിക്കാനുമുള്ള നടപടികൾ സര്ക്കാര് തന്നെ ചെയ്തു.

നോവൽ കോറോണ വൈറസിനെതിരായ മരുന്നുകൾ ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ലഭ്യമാക്കേണ്ട ചികിൽസാ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും നടത്തേണ്ട പ്രവര്ത്തനങ്ങളെ കുറിച്ചും തീരുമാനയിക്കുന്നതിന് വേണ്ടി നേരത്തെ തന്നെ ഒരു റാപ്പിഡ് റെസ്പോൺസ് ടീമിനെ സര്‍ക്കാര്‍  സജ്ജമാക്കിയിരുന്നു. ഈ പ്രതിരോധ നടപടികളെല്ലാം ഇത്രയും ഫലപ്രദമാകനുള്ള പ്രധാന കാരണം ഇങ്ങനെ ഒരു ടീമിന് കൃത്യ സമയത്ത് തന്നെ ആരോഗ്യ വകുപ്പ് രൂപം കൊടുത്തു എന്നതാണ്. അത്യന്തം അഭിനന്ദനീയമായ പ്രവർ നങ്ങളാണ് ഇവർ ചെയ്തു കൊണ്ടിരിക്കുന്നത്. ചൈനയില് നിന്നും കേരളത്തിൽ എത്തി തന്റെ വീട്ടിൽ ഐസോലേറ്റഡ് നിരീക്ഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി തന്നോടു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രത സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈയിടെ പങ്ക് വച്ചിരുന്നു.

ഓരോ ദിവസവും വീട്ടിലെത്തി പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകർ, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽ  നിന്നും, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സജ്ജമാക്കിയ കോൾ സെന്ററുകളിൽ നിന്നും ദിവസേന ഉള്ള വിവര ശേഖരണങ്ങൾ, വീടുകളിൽ ഐസോലേറ്റ് ചെയ്യപ്പെട്ടുള്ള നിരീക്ഷണം, വൈറസ് ബാധയുണ്ടാകാൻ സാധ്യത മാത്രം കല്പ്പിക്കപ്പെട്ടുള്ള ആളുകളിൽ നിന്നേ തുടങ്ങിയുള്ള ഈ ജാഗ്രത ഇൻഡ്യയിലെ മറ്റൊരു സംസ്ഥാന നേതൃത്വങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ സാധ്യതയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രവർനങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് നമ്മുടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറാണ്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം പോലെ സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ അവർ കാണിക്കുന്ന കരുതൽ കണ്ടിട്ടായിരിക്കണം മലയാളികൾ അവരെ “ടീച്ചറമ്മ” എന്നു വിളിച്ചു തുടങ്ങിയതും


പ്രധാന വാർത്തകൾ
 Top