20 June Thursday

കൈയിൽ ചോളം; നാവിൽ ഗൗരിച്ചോളം

ലെനി ജോസഫ്‌Updated: Friday Mar 15, 2019

ആലപ്പുഴ
കൊടുങ്കാറ്റൂതിയ ജീവിതം ഒരു നൂറ്റാണ്ട‌് പിന്നിടുമ്പോഴും അന്ന‌് ബൂത്തിൽ  വോട്ടുചെയ്യാൻ എത്തിയവർ വിളിച്ചു പറഞ്ഞ ‘ഗൗരിച്ചോളം’ എന്ന വാക്ക‌് ഗൗരിയമ്മയ‌്ക്ക‌്   ഓർമ്മയിലുണ്ട‌്.  ഗൗരിച്ചോളം എന്നാൽ  ഗൗരിയമ്മയ‌്ക്കും സോളമനും ഓരോ വോട്ട‌് എന്നർഥം. പ്രായപൂർത്തി വോട്ടവകാശം കിട്ടിയ ശേഷം 1948ൽ നടന്ന തിരുവിതാംകൂറിലെ ആദ്യ തെരഞ്ഞെടുപ്പിലെ കാര്യമാണ‌്. ചേർത്തല ദ്വയാംഗ മണ്ഡലത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ  ജനറൽ സീറ്റിൽ താനും ലത്തീൻ സംവരണ സീറ്റിൽ കമ്യൂണിസ‌്റ്റു പാർട്ടിയിലെ തന്നെ പി എസ‌് സോളമനുമാണ‌് മൽസരിച്ചതെന്ന‌് ഗൗരിയമ്മ ഓർമ്മിക്കുന്നു. ഗൗരിയമ്മയുടെ എതിരാളി എസ‌്എൻഡിപി നേതാവുകൂടിയായ കൃഷ്ണൻ അയ്യപ്പൻ.

അക്കാലത്ത‌് വോട്ട‌് ആർക്കാണെന്നു പോളിങ്ങ‌് ബൂത്തിലെത്തി വിളിച്ചു പറയുന്ന രീതി കൂടി ഉണ്ടായിരുന്നൂ.  സോളമൻ എന്ന പേര‌് സുപരിചിതമല്ലാത്ത  കമ്യൂണിസ‌്റ്റ‌് അനുഭാവികൾക്ക‌് പരിചയം റേഷൻ കടവഴി ലഭിച്ചിരുന്ന മഞ്ഞ നിറമുള്ള ചോളമായിരുന്നു.  അങ്ങനെയാണ‌് അവർ സോളമനെ  ചോളമാക്കിയത‌്.  പേര‌് മറക്കാതിരിക്കാൻ  പാർട്ടി പ്രവർത്തകർ വോട്ടർമാരുടെ കയ്യിൽ ചോളമണിയും കൊടുത്തുവിട്ടിരുന്നു. ബൂത്തിലെത്തിയ കമ്യൂണിസ‌്റ്റ‌് അനുഭാവികൾ വിളിച്ചു പറഞ്ഞു: ഗൗരിച്ചോളം. ഫലം വന്നപ്പോൾ തങ്ങൾ രണ്ടുപേരും പതിനായിരത്തോളം വോട്ടിനു തോറ്റെന്ന‌് ഗൗരിയമ്മ പറഞ്ഞു.

പി കൃഷ‌്ണപിള്ളയും ഭാര്യ തങ്കമ്മയും ഗൗരിയമ്മയ‌്ക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു അത‌്.  കൃഷ‌്ണപിള്ള എന്തൊക്കെ പ്രവർത്തനമാണ‌് നടത്തിയതെന്നു ചോദിച്ചപ്പോൾ ഇത്തിരി ആലോചിച്ച ശേഷം തിരിച്ചൊരു ചോദ്യം: .

‘ അദ്ദേഹം സെക്രട്ടറി അല്ലായിരുന്നോ?’.  തങ്കമ്മയും വേറെ കുറേ പെണ്ണുങ്ങളുമൊക്കെ തന്റെ കൂടെയുണ്ടായിരുന്നു.

തങ്കമ്മ ലളിതമായ ഭാഷയിൽ ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുമായിരുന്നു. മറ്റൊരാൾ സാക്ഷാൽ വയലാർ രവിയുടെ അമ്മ ദേവകി കൃഷ‌്ണൻ. അരിവാളുമായി കമ്യൂണിസ‌്റ്റുപാർട്ടിയുടെ പ്രകടനത്തിനു പോകുന്ന ദേവകി കൃഷ‌്ണനെ ഗൗരിയമ്മ മറന്നിട്ടില്ല. 1965 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് സ്ഥാനാർഥിയായി മൽസരിച്ച ദേവകി കൃഷ്ണനെ തോൽപ്പിച്ചത‌് ഇതേ ഗൗരിയമ്മ. 

മറ്റാരൊക്കെ പ്രചാരണ രംഗത്തുണ്ടായിരുന്നു വെന്നു ചോദിച്ചപ്പോൾ ഓർമ്മയിൽനിന്നു പൊടിതട്ടിയെടുത്തത‌് സി ജി സദാശിവൻ, ഗൗരിയമ്മയുടെ സഹോദരൻ സുകുമാരൻ എന്നിവരുടെ പേരുകൾ. പ്രചാരണ സമയത്ത‌് മാരാരിക്കുളത്തെ ബൂത്തിൽ എത്തിയപ്പോൾ ടി വി തോമസിനെ കണ്ടതും ഓർക്കുന്നു.  സിപിഐ മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ അഛൻ ‘ വയലാർ സ‌്റ്റാലിൻ’ എന്ന‌് അറിയപ്പെട്ട സി കെ കുമാരപ്പണിക്കർക്കെതിരായ കേസുകൾ പിൻവലിക്കപ്പെടാത്തതുമൂലമാണ‌് 1948ൽ ഗൗരിയമ്മ സ്ഥാനാർഥിയായത‌്.
പ്രചാരണം  എങ്ങനെയൊക്കെയായിരുന്നു, മൈക്ക‌് അനൗൺസ‌്മെന്റ‌്  ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ അതിന‌് എവിടെയാണ‌് പണം എന്നായിരുന്നു മറുചോദ്യം. സ്ഥാനാർഥിക്കു പര്യടനത്തിനും അനൗൺസ‌്മെന്റിനും എല്ലാം കൂടി ഒരു  കാറാണ‌് ഉണ്ടായിരുന്നത‌്. അതിന്റെ ഡോർ പോയതാണ‌്.  താഴെ വീഴാതിരിക്കാൻ ഒരാൾ ആ ഡോറിൽ പിടിച്ചുകൊണ്ടിരിക്കണം–- ഗൗരിയമ്മ പറഞ്ഞു. ഏതു തെരഞ്ഞെടുപ്പിലാണ‌് ഇതെന്ന‌് ഗൗരിയമ്മയ‌്ക്ക‌് അത്ര ഓർമ്മ പോരാ.


പ്രധാന വാർത്തകൾ
 Top