25 April Thursday

ആകാശപ്പറക്കലിലും ആഗോളതാപനപ്രതിസന്ധികൾ

ഡോ. ഗോപകുമാര്‍ ചോലയില്‍Updated: Thursday Aug 3, 2017

ആഗോളതാപനംമൂലം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില വരുംദശകങ്ങളില്‍ വ്യോമയാനങ്ങളുടെ സുഗമമായ ഉയര്‍ന്നുപൊങ്ങലിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നു പുതിയ പഠനങ്ങള്‍. ക്രമാതീതമായി ചൂടുപിടിക്കുമ്പോള്‍ വായു വികസിക്കുകയും അതിന്റെ സാന്ദ്രത കുറയുകയും ചെയ്യുന്നു. സാന്ദ്രതകുറഞ്ഞ വായുവില്‍ വിമാനത്തിന്റെ ചിറകുകള്‍ക്ക് ഉയര്‍ന്നുപൊങ്ങാന്‍ വേണ്ടത്ര ആയം ലഭിക്കാതെവരുന്നു. ഇക്കാരണത്താല്‍ പകല്‍, ഏറ്റവും ചൂടേറിയ സമയത്ത് പറക്കാന്‍ പൂര്‍ണസജ്ജമായ വ്യോമയാനങ്ങളില്‍ പലതിനും അവയുടെ ഇന്ധനത്തിലൊരു ഭാഗമോ അതുമല്ലെങ്കില്‍ ഏതാനും യാത്രക്കാരെയോ അഥവാ സാധനസാമഗ്രികളില്‍ വലിയൊരു ഭാഗമോ ഒഴിവാക്കി ഭാരം കുറയ്ക്കേണ്ട അവസ്ഥവന്നേക്കാം. ഇതൊന്നുമല്ലെങ്കില്‍ പറന്നുയരുന്നതിന് ചൂടു കുറയുന്നതുവരെ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായേക്കാം. വ്യോമയാനത്തിന്റെ മാതൃക, റണ്‍വേയുടെ നീളം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് ഇതിന് വ്യത്യാസംവരാം.

അന്തരീക്ഷ  താപനില ക്രമത്തിലാവണം
അന്തരീക്ഷ താപനില വര്‍ധിക്കുന്ന അവസ്ഥയില്‍ വ്യോമയാനത്തിന്റെ മാതൃകയ്ക്കനുസരിച്ച് അതിന് പരമാവധി വഹിക്കാവുന്ന ഭാരം ക്രമപ്പെടുത്തിയാല്‍ മാത്രമേ സുരക്ഷിതമായ ഉയര്‍ന്നുപറക്കല്‍ സാധ്യമാവുകയുള്ളു. ഇത്തരത്തില്‍ ഭാരം ക്രമപ്പെടുത്തുന്ന പ്രക്രിയ അത്ര നിസ്സാരമല്ലാത്ത സാമ്പത്തികനഷ്ടം വ്യോമയാന സര്‍വീസുകള്‍ക്ക് വരുത്തിവച്ചേക്കാം.

1980കള്‍ക്കുശേഷം ആഗോള താപനിലയില്‍ ഒരു ഡിഗ്രി സെന്റീഗ്രേഡിനടുത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ധന അതിന്റെ പ്രഭാവം ഇതിനകം കാണിച്ചുതുടങ്ങിയിട്ടുമുണ്ടാകാം. കഠിനമായ ചൂടുമൂലം (48 ഡിഗ്രി സെന്റീഗ്രേഡിനടുത്ത്) അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 40 സര്‍വീസുകളോളം റദ്ദാക്കേണ്ടിവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. 2100-ഓടെ ആഗോളതാപനിലയില്‍ 3ീര ന്റെ വര്‍ധന പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ശക്തിയേറിയ ഉഷ്ണതരംഗങ്ങള്‍ സര്‍വസാധാരണമാകാന്‍ ഇടയുണ്ട്.

2080-ഓടെ വിമാനത്താവള റണ്‍വേകളിലെ ദൈനംദിന താപനില ഇന്നത്തേതിനെക്കാള്‍ നാലുമുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ്വരെ വര്‍ധിക്കുമെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ ഉഷ്ണതരംഗങ്ങളാവാം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നു കരുതുന്നത്. വ്യോമയാനമേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന ദുര്‍ഘടങ്ങളെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങള്‍ നടന്നിട്ടില്ല. ആഗോളതപാനം സംബന്ധിച്ച പഠനങ്ങളില്‍, എപ്രകാരമാണ് വ്യോമയാനമേഖല അന്തരീക്ഷ താപനത്തിന് ആക്കംകൂട്ടുന്നതെന്ന കാര്യത്തില്‍ മാത്രമാണ് ശ്രദ്ധപതിപ്പിച്ചിട്ടുള്ളത്, മറിച്ച് ആഗോളതപാനം എപ്രകാരമാണ് വ്യോമയാനമേഖലയ്ക്ക് ആഘാതമേല്‍പ്പിക്കുന്നത് എന്നതിലല്ല. ആഗോള ഹരിതഗൃഹവാതക ഉത്സര്‍ജനത്തില്‍ വ്യോമഗതാഗത മേഖലയുടെ സംഭാവന വെറും രണ്ടുശതമാനം മാത്രമാണെന്നോര്‍ക്കുക. അന്തരീക്ഷം ചൂടേറുന്ന അവസ്ഥയില്‍ പ്രധാനപ്പെട്ട വ്യോമഗതാഗത പഥങ്ങളില്‍ അപകടകരങ്ങളായ അന്തരീക്ഷ വിക്ഷോഭങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന ശീര്‍ഷകവാതങ്ങള്‍ക്ക് പറക്കല്‍സമയം ദീര്‍ഘിപ്പിക്കാന്‍കഴിയും . സമുദ്രനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ ചില പ്രധാന വിമാനത്താവളങ്ങള്‍ക്ക് നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.     

വരുന്നത് ചൂടേറിയ ദിനങ്ങള്‍
ആഗോളതാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ നടപടികളൊന്നുംതന്നെ കൈക്കൊള്ളാത്തപക്ഷം ചൂടേറിയ ദിനങ്ങളില്‍ ചില വ്യോമയാനങ്ങളില്‍ ഇന്ധനം, ലഗേജ് എന്നിവയുടെ ഭാരത്തില്‍ നാലുശതമാനംവരെ കുറവുവരുത്തേണ്ടിവരാമെന്ന് വിലയിരുത്തുന്നു. എന്നാല്‍ കാര്‍ബണ്‍ ഉത്സര്‍ജനം അടിയന്തര പ്രാധാന്യത്തോടെ കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നപക്ഷം ഈ കുറവ് അര (0.5)ശതമാനത്തിലേക്കെത്തിക്കാനുമാവും. ചെറിയ ലാഭവിഹിതത്തില്‍ നടത്തുന്ന ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ രണ്ട് അവസ്ഥകളും നിര്‍ണായകമാണ്.

160 സീറ്റുള്ള ഒരു സാധാരണ വ്യോമയാനത്തെ സംബന്ധിച്ചിടത്തോളം നാലുശതമാനം ഭാരക്കുറവ് വരുത്തുകയെന്നത് പന്ത്രണ്ടോ, പതിമൂന്നോ യാത്രക്കാരെ ഒഴിവാക്കേണ്ടിവരുന്നതിന് സമമാകാം. അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങളോട് സഹിഷ്ണുത കുറഞ്ഞ വ്യോമയാനങ്ങളുടെ കാര്യത്തിലാണ് സ്ഥിതി കൂടുതല്‍ വഷളാവുന്നത്. ഇതുകൂടാതെചൂടേറിയ പ്രദേശങ്ങളില്‍ നീളംകുറഞ്ഞ റണ്‍വേകളോടുകൂടിയ വിമാനത്താവളങ്ങള്‍,ഉയര്‍ന്ന സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന (ഇവിടങ്ങളില്‍ സ്വാഭാവികമായും വായുവിന്റെ സാന്ദ്രത കുറവാകും) വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും വ്യോമയാനങ്ങള്‍ക്ക് പറന്നുയരാനുള്ള പ്രശ്നങ്ങള്‍നേരിടേണ്ടിവന്നേക്കാം. ഉദാഹരണമായി,നീളംകുറഞ്ഞ റണ്‍വേയോടുകൂടിയ ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിന്റെ കാര്യമെടുക്കാം. അത്യുഷ്ണം അനുഭവപ്പെടുന്നദിനങ്ങളില്‍ ഈ വിമാനത്താവളത്തില്‍നിന്ന് ഒരു ബോയിങ് 731- 800 മോഡല്‍വിമാനത്തിന്പറന്നുയരണമെങ്കില്‍ ദിവസത്തിന്റെപകുതിസമയവും ഭാരം കുറയ്ക്കേണ്ട അവസഥയുണ്ടാകാം.ദുബായിലെ റണ്‍വേകള്‍ ദൈര്‍ഘ്യമേറിയവയാണ്; പക്ഷേ എല്ലായ്പ്പോഴും കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥാവിശേഷമുള്ളതിനാല്‍ ഇതേ പ്രതിസന്ധിതന്നെ വ്യോമയാനങ്ങള്‍ക്ക് ഇവിടെയും അഭിമുഖീകരിക്കേണ്ടിവരും. ഉപോഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്നവിമാനത്താവളങ്ങള്‍ (ഉദാ:ജോണ്‍ എഫ് കെന്നഡി, ന്യൂയോര്‍ക്ക്, ഹിത്രു, ലണ്ടന്‍, ചാള്‍സ് ഡി ഗൌല്ലെ,പാരീസ്)മിതമായചൂട് അനുഭവപ്പെടുന്നഭൂപ്രദേശങ്ങളിലുള്ളവയാകയാല്‍ പ്രായേണ പ്രശ്നവിമുക്തമാണ്.പുതിയ എന്‍ജിന്‍, പുതിയ രൂപകല്‍പ്പന എന്നിവ അവലംബിക്കുകവഴിയോ അഥവാ വിശാലമായ റണ്‍വേകള്‍ ഉണ്ടാക്കുകവഴിയോ ഈ പ്രശ്നങ്ങളെ ലഘൂകരിക്കാനായേക്കാം.എന്നാല്‍, ഇത്തരം ഭേദഗതികളെല്ലാംതന്നെവളരെചെലവേറിയവയാണ്.ജനത്തിരക്കേറിയ നഗരങ്ങളില്‍ വിശാലമായ റണ്‍വേകള്‍ പ്രായോഗികവുമല്ല.

 

പ്രധാന വാർത്തകൾ
 Top