01 February Wednesday

ആദ്യ ആഗോളതാപനപ്രബന്ധത്തിന് 50 വയസ്സ്

ഡോ. അബേഷ് രഘുവരൻUpdated: Sunday Oct 16, 2022

ജോൺ എസ് സോയർ


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും  ലോകം ഗൗരവപൂർവം ചർച്ച ചെയ്യുകയാണ്‌. ആഗോളതാപനത്തെപ്പറ്റി  വലിയ അറിവില്ലാത്ത ഒരുകാലത്ത് ഭാവിയിൽ ഇങ്ങനെയൊരു പ്രശ്നം മാനവരാശി  അഭിമുഖീകരിക്കുമെന്ന്‌ ഒരു ശാസ്ത്രജ്ഞൻ സൂചന നൽകി. ഇതിനെപ്പറ്റിയുള്ള  ലോകത്തെ ആദ്യത്തെ ആധികാരിക പ്രബന്ധമായ ‘മനുഷ്യനിർമിത കാർബൺ ഡയോക്സൈഡും  ഹരിതഗൃഹ പ്രഭാവവും’ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചതിന്റെ സുവർണജൂബിലിയാണ് ഈവർഷം. അമ്പതുവർഷംമുമ്പ് പഠനം നടത്തിയ ജോൺ എസ് സോയർ എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്റേത്‌ വെറും പ്രവചനം മാത്രമായിരുന്നില്ല,  കൃത്യമായ വിലയിരുത്തലായിരുന്നു.

യുകെ കാലാവസ്ഥാവകുപ്പിൽ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം രണ്ടാംലോക യുദ്ധക്കാലത്ത് റോയൽ എയർഫോഴ്സിൽ ടെക്നിക്കൽ ഓഫീസറായാണ് സേവനമാരംഭിച്ചത്. പിന്നീട്‌  കാലാവസ്ഥാവകുപ്പിൽ ഗവേഷണവിഭാഗം തലവനായി. അതിനുശേഷം ലോക കാലാവസ്ഥാ ഓർഗനൈസേഷന്റെ കമീഷണറാകുകയും 62ൽ റോയൽ സൊസൈറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമാകുകയും ചെയ്തു. 63 മുതൽ 65 വരെ റോയൽ മീറ്റിരിയോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

കീലിങ്‌ കർവ്‌
സോയറിന്റെ പ്രബന്ധം പിന്നീട് മിക്ക പഠനത്തിനും അടിത്തറപാകി. കാർബൺ ബഹിർഗമനത്തെപ്പറ്റി ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതും  അതുമൂലം ഉണ്ടാകുന്ന താപനിലയിലെ വർധനയും ‘കീലിങ്‌ കർവ്' (Keeling  Curve) രേഖപ്പെടുത്തി.

ഹവായിയിലെ മൗന ലോ (Mauna Loa)  പ്രദേശത്തിന്റെ 10 വർഷത്തെ കാർബൺ ഡയോക്സൈഡ് വർധനയുടെ അളവാണ്‌ ഇങ്ങനെ  രേഖപ്പെടുത്തിയത്‌. ഹരിതവാതക പ്രഭാവത്തെപ്പറ്റിയും പ്രബന്ധത്തിൽ കൃത്യമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പ്രധാനപ്പെട്ട ഹരിതഗൃഹ വാതകങ്ങളായ മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ളൂറോ കാർബൺ, ഓസോൺ, എയറോസോൾ എന്നിവയെക്കുറിച്ച്  പരാമർശിച്ചിട്ടില്ല. 20–-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 0.6 ഡിഗ്രി ചൂട് കൂടുമെന്ന് പറയുന്നുണ്ടെങ്കിലും  അതിന്റെ കാര്യകാരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നില്ല.

2021ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ‘സ്യൂക്കുരോ മനാബെ'യുടെ ചില പഠനങ്ങളും സോയർ  പ്രബന്ധത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഇരട്ടിയാകുന്നതിനനുസരിച്ച്‌ ആഗോളതാപനില 2.4 ഡിഗ്രി സെൽഷ്യസ് വർധിക്കുന്നതായ അദ്ദേഹത്തിന്റെ പഠനവും ബോളിൻ എന്ന ശാസ്ത്രജ്ഞൻ പ്രവചിച്ച 25 ശതമാനം കാർബൺ ഡയോക്സൈഡ് വർധനയും 20–-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സംഭവിക്കാവുന്ന 0.6 ഡിഗ്രി വർധനയെന്ന സോയറിന്റെ പ്രവചനത്തെ ശരിവയ്ക്കുന്നുണ്ട്.

ലക്ഷ്യം അകലെ
അമ്പതുവർഷത്തിനിപ്പുറം, സോയറിന്റെ ആദ്യ പ്രവചനങ്ങളുടെ പ്രസക്തി ഏറിയിട്ടുണ്ട്‌. അന്നുമുതൽ ഇന്നുവരെ കാർബൺ ബഹിർഗമനത്തിന്റെ തോത് കൂടുന്നതല്ലാതെ  കുറയുന്നില്ല.  ഇന്ന് പാരീസ് കരാറിലൂടെ കാർബൺ ബഹിർഗമനം 2050 ഓടെ കഴിവതും കുറയ്ക്കണമെന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.  അതിനൊപ്പം ഐക്യരാഷ്ട്ര സംഘടന 17 സുസ്ഥിരവികസന ലക്ഷ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. പക്ഷേ, ഈ ലക്ഷ്യങ്ങളുടെ സമീപത്തേക്കുപോലും ലോകത്തിന്‌ എത്താനാകുന്നില്ല. അമേരിക്കയെ പോലെയുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങൾക്കുമേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു.

ജോൺ സോയറിന്റെ പ്രബന്ധത്തിന്റെ ജൂബിലി ആഘോഷിക്കുന്നവേളയിൽ ലോകം കൂടുതൽ ഗൗരവമായി ഈ വിഷയത്തെ കാണേണ്ടതുണ്ട്‌. കാർബൺ ബഹിർഗമന തോതുകുറയ്ക്കാനും ഭൂമിയെ ഹരിതാഭമാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം മുഴുവനായും ഇല്ലാതാക്കുകയും ഹരിത ഊർജസ്രോതസ്സുകൾ കൂടുതൽ ഉപയോഗപ്പെടുത്താനും കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top