29 November Tuesday

ചവിട്ടിയൊതുക്കപ്പെട്ടതിന്റെ രോഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022

image credit Ghulam Nabi Azad twitter


ന്യൂഡൽഹി
കോൺഗ്രസിൽ അടിമുടി സംഘടനാമാറ്റം ആവശ്യപ്പെട്ട്‌ 2020 ആഗസ്‌തിൽ 23 നേതാക്കൾക്കൊപ്പം സോണിയ ഗാന്ധിക്ക്‌ കത്തയച്ചതുമുതലാണ്‌ ഗുലാംനബി രാഹുൽസംഘത്തിന്‌ വെറുക്കപ്പെട്ടവനായത്‌. കോൺഗ്രസിന്‌ എപ്പോഴും സജീവമായ മുഴുവൻ സമയ പ്രസിഡന്റ്‌ വേണമെന്ന ആവശ്യവും ജി–-23 മുന്നോട്ടുവച്ചു. ഇത് രാഹുൽസംഘത്തെ ചൊടിപ്പിച്ചു.  പ്രവർത്തകസമിതി യോഗത്തിൽ രാഹുൽഭക്തർ ഗുലാംനബിയെ കടന്നാക്രമിച്ചു. പുറത്താക്കണമെന്ന ആവശ്യംവരെ ഉയർന്നു. ജമ്മു–-കശ്‌മീരിലും നേതാക്കളെ അണിനിരത്തി ഗുലാംനബിയുടെ ചിറകരിയാൻ ശ്രമമുണ്ടായി.

2022ൽ രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ ഗുലാംനബി അവഗണിക്കപ്പെട്ടു. രൺദീപ്‌ സുർജെവാല, അജയ്‌ മാക്കൻ തുടങ്ങി രാഹുൽഭക്തർക്കൊക്കെ രാജ്യസഭയിൽ മത്സരിക്കാൻ അവസരമൊരുക്കി. പാർലമെന്റിൽ കോണ്‍​ഗ്രസ് തീർത്തും ദുർബലമായ ഘട്ടത്തിലാണ്‌ ഗുലാംനബിയെപ്പോലുള്ള പരിചയസമ്പന്നരെ രാഹുൽ വെട്ടിമാറ്റിയത്‌. ഇതിനിടെ ജമ്മു–-കശ്‌മീർ കോൺഗ്രസിൽ ചില സ്ഥാനങ്ങളിൽ നിയമിച്ചത്‌ ഗുലാംനബിയെ ചൊടിപ്പിച്ചു. നിയമനം കെ സി വേണുഗോപാൽ അറിയിച്ചതിന്‌ പിന്നാലെ ഗുലാംനബി നിരാകരിച്ചു.

കീറിയെറിഞ്ഞ ഓർഡിനൻസ്‌
രണ്ടാം യുപിഎ കാലത്ത്‌ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള വിവാദ ഓർഡിനൻസിന്റെ പകർപ്പാണ്‌ 2013 സെപ്‌തംബറിൽ കോൺഗ്രസ്‌ വൈസ്‌പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി കീറിയെറിഞ്ഞത്‌. രാഹുലിന്റെ ബാലിശമായ ഈ നടപടിയാണ്‌ 2014ൽ കോൺഗ്രസിന്റെ തോൽവിക്ക്‌ വഴിവച്ചതെന്ന ആക്ഷേപമാണ്‌ ഗുലാംനബി മുന്നോട്ടുവയ്‌ക്കുന്നത്‌.  ജനപ്രാതിനിധ്യ നിയമപ്രകാരം കേസുകളിൽ ശിക്ഷിക്കപ്പെട്ടാലും അയോഗ്യരാക്കപ്പെടുന്നതിൽനിന്ന്‌ ജനപ്രതിനിധികൾക്കുണ്ടായിരുന്ന സംരക്ഷണം സുപ്രീംകോടതി എടുത്തുകളഞ്ഞിരുന്നു. ഇത്‌ മറികടക്കാനായി സർക്കാർ ഓർഡിനൻസ്‌ കൊണ്ടുവന്നു. വലിയ വിമർശം ഉയർന്നതിന്‌ പിന്നാലെയായിരുന്നു പ്രതിച്ഛായാസൃഷ്ടിക്കായുള്ള രാഹുലിന്റെ നാടകം.

കൂട്ടക്കൊഴിഞ്ഞുപോക്ക്‌
ഗുലാംനബികൂടി രാജിവച്ചതോടെ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ആശങ്കയില്‍ കോൺഗ്രസ്‌ നേതൃത്വം. ആനന്ദ്‌ ശർമയും മനീഷ്‌ തിവാരിയും പൃഥ്വിരാജ്‌ ചവാനുമടക്കം ജി–-23 ലെ നിരവധി നേതാക്കൾ അതൃപ്‌തരായി തുടരുകയാണ്‌. ഹിമാചലിലെ പ്രചാരണവിഭാഗം അധ്യക്ഷസ്ഥാനം ആനന്ദ്‌ ശർമ കഴിഞ്ഞ ദിവസം രാജിവച്ചു. സമീപ ദിവസങ്ങളിൽ കുൽദീപ്‌ ബിഷ്‌ണോയ്‌, വക്താവ്‌ ജയ്‌വീർ ഷെർഗിൽ എന്നിവർ കോൺഗ്രസ്‌ വിട്ടു. ജി–-23 ൽ ഉൾപ്പെട്ടിരുന്ന കപിൽ സിബൽ, ജിതിൻ പ്രസാദയുമെല്ലാം നേരത്തെ കോണ്‍​ഗ്രസ് വിട്ടു. 2014 മുതലാണ്‌ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ തുടങ്ങിയത്‌. ജ്യോതിരാദിത്യ സിന്ധ്യ, ആർപിഎൻ സിങ്‌ തുടങ്ങി രാഹുലിന്റെ വിശ്വസ്‌തരും പാർടിവിട്ടു. മുൻമുഖ്യമന്ത്രിമാരായ വിജയ്‌ ബഹുഗുണ, എസ്‌ എം കൃഷ്‌ണ, എൻ ഡി തിവാരി, ശങ്കർസിങ്‌ വഗേല, ബിരൻ സിങ്‌, പേമ ഖണ്ഡു, അമരീന്ദർ സിങ്‌ തുടങ്ങിയവരൊക്കെ കൊഴിഞ്ഞുപോയി. സുഷ്‌മിതാ ദേബ്‌, റിത ബഹുഗണ ജോഷി, റാവു ഇന്ദർജിത്ത്‌ സിങ്‌, ഹിമന്ത ബിസ്വ സർമ, ഡി പുരന്ദേശ്വരി, സുനിൽ ഝക്കർ, നാരായൺ റാണെ, സത്‌പാൽ മഹാരാജ്‌ തുടങ്ങിയവരൊക്കെ സമീപ വർഷങ്ങളിൽ കോൺഗ്രസ്‌ വിട്ടവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top