രാഷ്ട്രീയത്തിൽ കൂടുവിട്ട് കൂടുമാറുന്നവരെയാണ് ‘ആയാറാം ഗയാറാം’ എന്ന് പരിഹസിക്കുന്നത്. 1967ൽ ഹരിയാനയിലെ ഹസൻപൂർ(ഹോഡൽ) മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ സ്വതന്ത്ര അംഗം ഗയാലാൽ ഒരേ ദിവസം മൂന്നുപാർട്ടികളിലേക്ക് കൂറുമാറി. ഗയാലാൽ കോൺഗ്രസ്കാരനായിരുന്നു. മുനിസിപ്പൽ വൈസ് ചെയർമാനും. എന്നാൽ 1967 ലെ തെരഞ്ഞെടുപ്പിൽ ഹസ്സൻപൂരിൽ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രനായി മൽസരിച്ച ഗയാലാൽ വിജയിച്ചു. സ്വാഭാവികമായും ഗയാലാൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ തനിക്ക് ടിക്കറ്റ് നിഷേധിച്ച പണ്ഡിത് ഭഗവത് ദയാൽ ശർമയെ മുഖ്യമന്ത്രിയാക്കരുതെന്ന് ഗയാലാൽ ആവശ്യപ്പെട്ടു. ചൗധരി ചാന്ദ് റാമിനെയാണ് മുഖ്യമന്ത്രിയാക്കുക എന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകി. എന്നാൽ മുഖ്യമന്ത്രിയായത് ഭഗവത് ദയാൽ. ഗയാലാൽ കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു.
വിശ്വാസവോട്ടെടുപ്പിൽ സർക്കാർ വീണു. 16 സ്വതന്ത്രർ ചേർന്ന് രൂപീകരിച്ച നവീൻ ഹരിയാണ പാർടിയും കോൺഗ്രസിലെ ഒരു ഡസനോളം വിമത എംഎൽഎമാരും ചേർന്ന് രൂപീകരിച്ച ഹരിയാണ കോൺഗ്രസും യുനൈറ്റഡ് ഫ്രണ്ടിന് രൂപം നൽകി. ഗയാലാലും ഇതിന്റെ ഭാഗമായി. എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും കോൺഗ്രസിലേക്ക്ന്തു മടങ്ങി.
മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ കൂറുമാറ്റങ്ങൾ. അന്ന് യുനൈറ്റഡ് ഫ്രണ്ട് മുഖ്യമന്ത്രിയായിരുന്ന റാവു ബീരേന്ദ്രസിങാണ് "ഗയാറാം ഇപ്പോൾ ആയാറാ'മായെന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. എന്നാൽ ഇതേ റാവു ബീരേന്ദ്രസിങിന്റെ മകൻ റാവു ഇന്ദ്രജിത് സിങ് കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂറുമാറി എംപിയും മോഡി മന്ത്രിസഭയിൽ അംഗവുമായി. ഗയാലാലിന്റെ മകനായ ഉദയ്സിങ് കോൺഗ്രസിലേക്ക് മാറിയതിന് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിട്ടു.
കൂറുമാറ്റ നിരോധന നിയമം
പ്രതിഫലം പറ്റിയുള്ള രാഷ്ട്രീയ കൂറുമാറ്റങ്ങളെ പ്രതിരോധിക്കുന്നതിനാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. ഒരു രാഷ്ട്രീയ പാർടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ശേഷം ആ പാർടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവയ്ക്കുകയോ ആ രാഷ്ട്രീയപാർടിയുടെ നിർദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ പ്രസ്തുത അംഗത്തിന് സഭാംഗത്വം നഷ്ടപ്പെടും. ഇതാണ് കൂറുമാറ്റ നിരോധനനിയമം.