04 December Saturday

കോന്നിയില്‍ കുട്ടവഞ്ചി യാത്ര; ഗജവിജ്ഞാനോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Aug 9, 2014

 

പത്തനംതിട്ട: കോന്നി ആനക്കൂട്-അടവി-ഗവി ടൂറിസം സര്‍ക്യൂട്ട് വഴി മലയോര മേഖലയില്‍ ടൂറിസം പദ്ധതിക്ക് കളമൊരുങ്ങുന്നു. ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം-അടവി-ഗവി എന്നിവ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിന് എട്ടുകോടി രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് സെപ്തറ്റംബര്‍ അഞ്ചു മുതല്‍ ഒന്‍പതുവരെ വിപുലമായ പരിപാടികളോടെ ഗജവിജ്ഞാനോത്സവം സംഘടിപ്പിക്കും. വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ കേന്ദ്രമാക്കി അടവിയെ മാറ്റും. കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്രക്ക് അവസരം ഒരുങ്ങുന്ന കോന്നിയിലെ തണ്ണിത്തോട് മുണ്ടന്‍മൂഴിയിലെ കുട്ടവഞ്ചി യാത്ര ക്രമീകരണങ്ങള്‍ മന്ത്രി അടൂര്‍ പ്രകാശ് പരിശോധിച്ചു. സെപ്തംബര്‍ അഞ്ചിന് ഗജവിജ്ഞാനോത്സവം ആരംഭിക്കും. ആനയെ അടുത്തറിയുന്നതിന് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെയായിരിക്കും പ്രവേശനം.

വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ആനയെകുറിച്ച് അറിവ് പകരുന്നതിന് എല്ലാ ദിവസവും വിദഗ്ധര്‍ നയിക്കുന്ന രണ്ടു ക്ലാസുകള്‍ നടത്തും. നാട്ടാന-കാട്ടാന സംരക്ഷണം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ആന കഥാപാത്രങ്ങളായ സിനിമകളുടെ പ്രദര്‍ശനം പ്രധാന ആകര്‍ഷണമാകും. ഇതിനുപുറമേ കുട്ടികള്‍ക്കായി പെയിന്റിങ് മത്സരം നടത്തും. എല്ലാ ദിവസവും രാത്രി ആറുമുതല്‍ ഒന്‍പതുവരെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ആനകളുടെ ഷവര്‍ ബാത്തായിരിക്കും മറ്റൊരു ആകര്‍ഷണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ആനച്ചമയ പ്രദര്‍ശനം ഒരുക്കും. ആനസവാരിക്ക് അവസരമുണ്ടാകും. ഇതിനൊപ്പം ഫോട്ടോ, വീഡിയോ എന്നിവ എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ആനത്താവളത്തിലെ മൂല്യവര്‍ധിത കേന്ദ്രത്തില്‍ 12 സ്റ്റാളുകള്‍ തുടങ്ങും.

ഗജവിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ആകര്‍ഷകമായ ബ്രോഷര്‍ തയാറാക്കും. ആനയുടെ അസ്ഥിയുടെ പൂര്‍ണരൂപം, ആനപിണ്ഡം അടിസ്ഥാനമാക്കിയുള്ള പേപ്പര്‍ നിര്‍മാണ യൂണിറ്റ്, ആനപിടിത്തത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരും. ആനക്കൂട്ടില്‍ നിലവില്‍ ഏഴ് ആനകളാണുള്ളത്. ഇതില്‍ ആറ് എണ്ണം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. 73 വയസുള്ള സോമന്‍ ആണ് ഏറ്റവും പ്രായമുള്ള ആന. ലക്ഷ്മി എന്ന കുട്ടിയാനയുടെ കുസൃതികള്‍ പ്രായഭേദമന്യേ ഏവരെയും ആകര്‍ഷിക്കും. കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമാകുന്ന വിധത്തിലാണ് ഗജവിജ്ഞാനോത്സവം ഒരുക്കുന്നത്. ഒരു ദിവസം പതിനായിരം പേരെയാണ് സന്ദര്‍ശകരായി പ്രതീക്ഷിക്കുന്നത്. എല്ലാ വര്‍ഷവും ഗജവിജ്ഞാനോത്സവം നടത്താനും ലക്ഷ്യമിടുന്നു.കാന നടുവിലൂടെ ജലയാത്ര നടത്തുന്നതുവഴി വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നുനല്‍കാന്‍ കഴിയുന്ന കുട്ടവഞ്ചി യാത്രയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി മന്ത്രി അടൂര്‍ പ്രകാശ്, കലക്ടര്‍ എസ് ഹരികിഷോര്‍, കോന്നി ഡിഎഫ്ഒ ടി പ്രദീപ്കുമാര്‍ എന്നിവര്‍ മണ്ണീറയില്‍ വള്ളത്തില്‍ യാത്രചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top