01 October Sunday

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും

പുത്തലത്ത്‌ ദിനേശൻUpdated: Sunday Aug 14, 2022

വ്യത്യസ്‌ത‌മായ നിരവധി ധാരകളുടെ മഹാപ്രവാഹമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. അതിൽ സവിശേഷസ്ഥാനം കമ്യൂണിസ്റ്റുകാർക്കുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോൾത്തന്നെ തൊഴിലാളികളും കർഷകരുമുൾപ്പെടെ അവശജനവിഭാഗങ്ങളുടെ ശബ്ദമായി മാറാനും കമ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു. ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥയെ തകർക്കുകയും ഗുണപരമായ മറ്റൊന്ന് സംഭാവന ചെയ്യാൻ ബ്രിട്ടീഷുകാർക്ക് കഴിയാത്തതുമാണ് 1857ലെ സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ചതെന്ന് മാർക്സ് വിലയിരുത്തി. സമരം പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ജനതയിൽ യോജിപ്പുണ്ടാക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ആത്യന്തിക വിജയം ഇന്ത്യൻ ജനതയ്ക്കായിരിക്കുമെന്നും മാർക്സ് ചൂണ്ടിക്കാട്ടി. 

സാമ്രാജ്യത്വത്തിനെതിരെ കമ്യൂണിസ്റ്റ് പാർടി സ്വതന്ത്ര വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ദേശീയപ്രസ്ഥാനവുമായി സഹകരിക്കണമെന്ന നിലപാട് ലെനിൻ മുന്നോട്ടുവച്ചു. കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച് ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകൾതൊട്ടുതന്നെ പൂർണസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം നടത്തി. ഇതിനായി ഒരു കാര്യപരിപാടി തയ്യാറാക്കി രാജ്യത്തെമ്പാടും വിതരണം ചെയ്തു. 1921ലെ അഹമ്മദാബാദ് കോൺഗ്രസിൽ ഹസ്രത്ത് മോഹാനി എന്ന കമ്യൂണിസ്റ്റുകാരൻ പൂർണ സ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചു. 1922ലെ ഗയയിലെ സമ്മേളനത്തിലും ആവർത്തിച്ചു. കമ്യൂണിസ്റ്റുകാർ മുന്നോട്ടുവച്ച ഈ ആവശ്യം 1930ലെ ലാഹോർ കോൺഗ്രസിലാണ് അംഗീകരിക്കപ്പെട്ടത്. എന്തിനാണ് അഹമ്മദാബാദ് കോൺഗ്രസിൽ ആ പ്രമേയം എതിർക്കപ്പെട്ടതെന്ന് മനസ്സിലാകുന്നില്ലെന്ന്‌ പിൽക്കാലത്ത്‌ കോൺഗ്രസ് ചരിത്രകാരൻ പട്ടാഭി സീതാരാമയ്യ എഴുതി. 

കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനത്തെ മുളയിലേ നുള്ളാൻ ഗൂഢാലോചനക്കേസുകളുടെ പ്രവാഹമുണ്ടായി. പെഷാവർ, കാൺപുർ കേസുകൾ അതിൽ ചിലതുമാത്രം. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റുകാർ കർഷകത്തൊഴിലാളി പാർടി രൂപീകരിച്ച് അതിൽ പ്രവർത്തിച്ചു. ഇതേത്തുടർന്ന് മീററ്റ് ഗൂഢാലോചനക്കേസ്‌ എത്തി. 21 പാർടി നേതാക്കളെയാണ് ശിക്ഷിച്ചത്. രാജ്യത്തെമ്പാടും തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടങ്ങൾ ഈ കാലയളവിൽ ഉയർത്തിക്കൊണ്ടുവന്നു. 1929ൽ നടന്ന 200 പണിമുടക്കിൽ അഞ്ച്‌ ലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്. കർഷകരുടെയും തൊഴിലാളികളുടെയും നിരവധി പോരാട്ടങ്ങൾ ഈ കാലഘട്ടത്തിൽ ഉയർന്നുവന്നു. പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ട് തൊഴിലാളികളുടെ വമ്പിച്ച പ്രകടനം കൽക്കട്ടയിൽ കമ്യൂണിസ്റ്റുകാർ നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ 1930ൽ പൂർണസ്വാതന്ത്ര്യപ്രമേയം കോൺഗ്രസ് അംഗീകരിച്ചു. 

1935ൽ സാമ്രാജ്യത്വത്തിനെതിരെ ബൂർഷ്വാസിയുമായി സഹകരിച്ച് മുന്നോട്ടുപോകുന്ന നയം കമ്യൂണിസ്റ്റ് പാർടി സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസുമായി യോജിച്ച് പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. ഈ ഘട്ടത്തിലാണ് രണ്ടാം ലോക മഹായുദ്ധം വരുന്നത്. യുദ്ധത്തിനെതിരായ നിലപാട് കോൺഗ്രസും കമ്യൂണിസ്റ്റ് പാർടിയും സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലുള്ള യുദ്ധവിരുദ്ധ പ്രക്ഷോഭമാണ് മൊറാഴയിലും തലശേരിയിലും മട്ടന്നൂരിലുമൊക്കെ നടന്നത്. -എന്നാൽ, റഷ്യ യുദ്ധത്തിൽ പ്രവേശിച്ചതോടെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുകയെന്ന നിലയിലും ഫാസിസത്തെ പരാജയപ്പെടുത്തിക്കൊണ്ട് മാത്രമേ സ്വാതന്ത്ര്യം സാധ്യമാകുകയുള്ളൂ എന്ന നിലപാടിൽ കമ്യൂണിസ്റ്റ് പാർടി ഉറച്ചുനിന്നു. ആ നിലപാടിൽനിന്ന് കോൺഗ്രസ്‌ പിന്മാറി. ബ്രിട്ടനിൽ സമ്മർദംചെലുത്തി ചില നേട്ടങ്ങളുണ്ടാക്കാൻ ക്വിറ്റ് ഇന്ത്യാ സമരം കോൺഗ്രസ്‌ പ്രഖ്യാപിച്ചു. ആ സമരം അടിച്ചമർത്തപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ കാണിക്കുന്ന അക്രമത്തിനെതിരെ പാർടി നിലകൊണ്ടു. ഫാസിസത്തിന്റെ പരാജയമാണ് ഇന്ത്യക്കുൾപ്പെടെ സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്. എന്നാൽ, സാർവദേശീയ സ്ഥിതിഗതികളെക്കൂടി വിലയിരുത്തി എടുത്ത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പോരായ്മ വന്നതായും പിന്നീട് വിലയിരുത്തി. 

ക്വിറ്റ് ഇന്ത്യാ സമരത്തിനുശേഷം കോൺഗ്രസുകാർ സമരങ്ങളിൽനിന്ന് പിന്മാറിയപ്പോൾ കമ്യൂണിസ്റ്റുകാർ പോരാട്ടം തുടർന്നു. ഐഎൻഎ ഭടന്മാരുടെ വിചാരണയ്‌ക്കെതിരെയും കമ്യൂണിസ്റ്റുകാർ നിലകൊണ്ടു. 1943 മാർച്ച് 29നാണ് കയ്യൂർ സഖാക്കൾ രക്തസാക്ഷികളായത്. സാമ്രാജ്യത്വ, ജന്മിത്തത്തിനെതിരായ പോരാട്ടങ്ങൾ പിന്നെയും കമ്യൂണിസ്റ്റുകാർ തുടർന്നു. 

നൂറുകണക്കിനു സഖാക്കൾ രക്തസാക്ഷിത്വം വരിച്ച പുന്നപ്ര–-വയലാർ സമരവും തെലങ്കാന സായുധസമരവും ആർക്കാണ് മറക്കാനാകുക. തേഭാഗസമരത്തിൽ 70 കർഷകരാണ് രക്തസാക്ഷികളായത്‌. നാവിക കലാപത്തിനൊപ്പം ഉറച്ചുനിന്നതും കമ്യൂണിസ്റ്റുകാരാണ്. വടക്കേ മലബാറിലെ കരിവെള്ളൂരിലും കാവുമ്പായിയിലും ഇത്തരം പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകാർ രക്തസാക്ഷികളായി. 

കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കപ്പെട്ട ഘട്ടംതൊട്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് വലുതാണ്. എണ്ണമറ്റ ത്യാഗങ്ങളുടെ നിരവധി അധ്യായങ്ങളുണ്ട് സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകാരുടേതായി. 

കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുമുമ്പ് ദേശീയപ്രസ്ഥാനത്തിന്റെ പൊതുധാരയിൽനിന്ന് വ്യത്യസ്തമായി നടന്ന കല്ലറ, പാങ്ങോട്, കടയ്ക്കൽ തുടങ്ങിയ സമരങ്ങളുമുണ്ട്. അതുപോലെ ദേശീയതലത്തിൽ അനുശീലൻ, യുഗാന്തർ, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിപോലുള്ള സംഘടനകൾ ഉണ്ടായിരുന്നു. സോവിയറ്റ് വിപ്ലവം നടന്നതോടെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഇവരെ ആകർഷിച്ചു. അതോടെ ബദൽരാഷ്ട്രീയത്തിന്റെ വഴി എന്നനിലയിൽ അവർ കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകരും നേതാക്കളുമായി തീർന്നു. ഭഗത് സിങ്ങുൾപ്പെടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ എത്തിച്ചേരുന്നത് ഈ വഴിയിലൂടെയാണ്. 

കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ചരിത്രം ആർക്കും എഴുതാനാകില്ല. ഇന്ത്യയിലെ ഒരിടത്തെയും സ്വാതന്ത്ര്യസമര ചരിത്രം കമ്യൂണിസ്റ്റുകാരെ മാറ്റിനിർത്തി എഴുതാനാകില്ല. കാരണം, അതിലത്രയേറെ ഇഴുകിച്ചേർന്നതാണ് കമ്യൂണിസ്റ്റുകാരുടെ ത്യാഗവും സമരവും പോരാട്ടവുമെല്ലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top