12 August Wednesday

അതിഥിത്തൊഴിലാളിക്ഷേമം : മുമ്പേ നടന്ന്‌ കേരളം

മിൽജിത്‌ രവീന്ദ്രൻUpdated: Saturday May 16, 2020


തിരുവനന്തപുരം
ആത്മനിർഭർ ഭാരത്‌ പാക്കേജിന്റെ ഭാഗമായി അതിഥിത്തൊഴിലാളികൾക്ക്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ കേരളം വർഷങ്ങൾക്കുമുമ്പ്‌ നടപ്പാക്കിയത്‌. കേന്ദ്രം പ്രഖ്യാപിച്ചതിലും വിപുലമായ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളുമാണിവയെല്ലാം‌.

അതിഥിത്തൊഴിലാളികൾക്ക്‌ താമസവും ഭക്ഷണവുമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ ഉപയോഗിക്കാനാണ്‌ കേന്ദ്രനിർദേശം. അതേസമയം, അടച്ചുപൂട്ടൽ ആരംഭിച്ചതുമുതൽ അതിഥിത്തൊഴിലാളികൾക്ക്‌ ആരോഗ്യപരിശോധനയും ചികിത്സയും ഭക്ഷണവും സംസ്ഥാനസർക്കാർ ഒരുക്കി. വിവിധ ജില്ലകളിലെ 20,861 ക്യാമ്പിലായി 3.61 ലക്ഷം തൊഴിലാളികൾക്കാണ്‌ സൗകര്യമൊരുക്കിയത്‌. 

പൊതു–- സ്വകാര്യ പങ്കാളിത്തത്തോടെ മിതമായ വാടകയ്‌ക്ക്‌ പാർപ്പിട സമുച്ചയമൊരുക്കുമെന്നാണ്‌ മറ്റൊരു കേന്ദ്രപ്രഖ്യാപനം. പാലക്കാട്‌ കഞ്ചിക്കോട്ട്‌ സംസ്ഥാന സർക്കാർ നേരത്തെ അപ്‌നാഘർ എന്ന പേരിൽ  നിർമിച്ച ഫ്ലാറ്റ്‌ സമുച്ചയത്തിൽ 620 പേർ‌ താമസിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കാൻ നടപടിയായി. ജില്ലകളിൽ കുറഞ്ഞത്‌ 1000 പേർക്കുള്ള ഫ്ലാറ്റ്‌ സമുച്ചയവും നിർമിക്കും.

മുൻ എൽഡിഎഫ്‌ സർക്കാർ  സംസ്ഥാനത്ത്‌ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയിരുന്നു.  ഈ സർക്കാർ ആവാസ്‌ എന്ന പേരിൽ വിപുലമായ പദ്ധതി തയ്യാറാക്കി. 5.9 ലക്ഷം അതിഥിത്തൊഴിലാളികളെ ഇതിനകം പദ്ധതിയുടെ ഭാഗമാക്കി. വിവിധ സംസ്ഥാനങ്ങളിലെ റേഷൻ കാർഡുള്ള തൊഴിലാളികൾക്ക്‌ സംസ്ഥാനത്ത്‌ നിലവിൽ റേഷൻ നൽകുന്നുണ്ട്‌‌. തൊഴിലാളികളുടെ മക്കൾക്ക്‌ സൗജന്യ വിദ്യാഭ്യാസം നൽകുന്നു. നാട്ടിലേക്ക്‌ മടങ്ങുന്നവർക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാകാമെന്ന്‌ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചു‌. മഴക്കാല പൂർവ ശുചീകരണത്തിനടക്കം അതിഥിത്തൊഴിലാളികളെയും ഉപയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സംസ്ഥാനം നേരത്തേ നടപ്പാക്കി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top