16 January Saturday

കഥ പറയുന്ന മത്സ്യ പരാദങ്ങൾ

ഡോ. അനീഷ് പി റ്റിUpdated: Thursday Aug 6, 2020


ഓരോ ജീവിയുടെയും ശരീരം നൂറുകണക്കിന് മറ്റുജീവികളുടെ ആവാസവ്യവസ്ഥയാണ്. ഒരു മനുഷ്യന്റെ ശരീരത്തിൽ 1013 മുതൽ 1014 വരെ സൂക്ഷ്മജീവികൾ ഉണ്ടാവും എന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. നമ്മുടെ ഓരോരുത്തരുടെയും അന്നനാളത്തിൽ 1014 ബാക്റ്റീരിയ ഉണ്ടാവുമത്രെ. മനുഷ്യ ശരീരത്തിൽ മൊത്തം ഉള്ള കോശങ്ങളുടെ പത്തിരട്ടി വരും ഇത്. സമസ്ഥാപനം (homeostasis) മുതൽ തുടങ്ങി പോഷകങ്ങൾ നൽകുന്നതും രോഗങ്ങൾ സൃഷ്‌ടിക്കുന്നതുംവരെ പല കർമങ്ങൾ ഇവയ്ക്ക് ഉണ്ട്. എന്നാൽ, പല സൂക്ഷ്മജീവികളുടെയും പങ്ക് ഇനിയും വ്യക്തവുമല്ല.  

പരാദങ്ങൾ
ഒട്ടേറെ ജീവികളുടെ ശരീരത്തിലും പരജീവികൾ അഥവാ പരാദജീവികൾ (parasites) കാണാം. മനുഷ്യന്റെ  കുടലിനുള്ളിൽ കാണുന്ന വിരകൾ തന്നെ ഒരു ഉദാഹരണം. പരാദനം എന്നത് ജീവിവർഗങ്ങൾ തമ്മിലുള്ള ഒരു സഹജമായ ബന്ധമാണ്. അവിടെ ഒരു ജീവി (പരാന്നഭോജി), മറ്റൊരു ജീവിയെ (ആതിഥേയ ജീവി) ആശ്രയിച്ചു ജീവിക്കുകയും അതിനു ചില ദോഷങ്ങൾ വരുത്തുകയും ഈ ജീവിതരീതിക്ക് വേണ്ടി ഘടനാപരമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും പരജീവികളും ആതിഥേയ ജീവികളും പരിസ്ഥിതിയും തമ്മിൽ പരസ്പര പൂരകമായ ഒരു  ബന്ധമാണുള്ളത്, എന്നാൽ, ഇവയിൽ വരുന്ന മാറ്റം രോഗങ്ങൾക്ക്‌  കാരണമാകും. പരജീവികളെ ഏറ്റവും നന്നായി പഠിക്കാൻ കഴിയുന്നത് മത്സ്യങ്ങളിൽ ആണ്.

രസകരം പരാദ ജീവിതം
മത്സ്യങ്ങളിൽ പരജീവികൾ എവിടെയെല്ലാം കാണുന്നു, അവയുടെ പൊതുസ്വഭാവം എന്താണ് എന്ന്‌ അറിയുന്നത്‌ രസകരമാണ്‌. ഓരോ കടൽ ജീവികളിലും പ്രത്യേകിച്ചു മത്സ്യങ്ങളിൽ വ്യത്യസ്തമായ നിരവധി പരാദജീവികളെ കാണാം.
ചെമ്മീൻ, ഞണ്ട് തുടങ്ങിയ ജീവികൾ ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപെട്ടവയാണ്.  ഇവരുടെ കൂട്ടത്തിലും പരജീവികളെ ആശ്രയിച്ചുജീവിക്കുന്ന ചില ഇത്തിൾകണ്ണികളുണ്ട്. ക്രസ്റ്റേഷ്യനുകൾ സർവവ്യാപിയും വൈവിധ്യപൂർണവുമാണ്. അവ ശരീര രൂപത്തിൽ മാത്രമല്ല, ജീവിത രീതിയിലും ആവാസ വ്യവസ്ഥയിലും  അതിശയകരമായ വൈവിധ്യം കാണിക്കുന്നു. അവരിൽ ഭൂരിഭാഗവും സ്വതന്ത്രജീവിതമാണ് നയിക്കുന്നതെങ്കിലും ഗണ്യമായ അനുപാതം പലതരത്തിലുള്ള പരാദജീവനം പ്രകടിപ്പിക്കുന്നു, അവ വിവിധതരം ജലജീവികളെ പരാന്നഭോജികളാക്കുന്നു. ചുരുക്കത്തിൽ ശുദ്ധജലംമുതൽ കടൽവരെയുള്ള ആവാസവ്യവസ്ഥയിലെ  സ്പോഞ്ചുകൾമുതൽ സസ്തനികൾവരെയുള്ള എല്ലാ ജീവികളെയും ആശ്രയിച്ചു പരാദങ്ങളായി ഇവരുണ്ടെങ്കിലും മത്സ്യങ്ങളാണ് ഇവരുടെ പ്രധാന ഇരകൾ. 


 

അകത്തും പുറത്തും
മത്സ്യങ്ങളിൽ പ്രധാനമായും  ശരീര ഉപരിതലം, ചെകിള അറ, വായ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്‌. ചിലപ്പോൾ തലയുടെ മുകൾഭാഗം, കീഴ്ഭാഗം, വാൽ ഭാഗം, ചിറകിന് സമീപം, കണ്ണിന്റെ ഭാഗം തുടങ്ങിയഭാഗങ്ങളിൽ ശരീരം തുളച്ചു രക്തം എടുക്കുന്നരീതിയും സ്വീകരിക്കാറുണ്ട്. 

ആതിഥേയ ജീവിയെ തെരഞ്ഞെടുക്കുന്നതിലുള്ള ഇവയുടെ  വൈവിധ്യം,  വാസസ്ഥലം കണ്ടെത്തുന്നതിലുള്ള മിടുക്ക്, ജീവിതരീതി, പ്രതുല്പാദനം, ജീവിതചക്രം, ശരീരവളർച്ച, ആതിഥേയജീവിക്കുണ്ടാക്കുന്ന ദോഷങ്ങൾ തുടങ്ങിയവയെല്ലാം ലോകത്തെമ്പാടുമുള്ള ഗവേഷകരുടെ പഠന വിഷയമാണ്‌.

എന്നാൽ, ഇന്ത്യയിൽ അവയെക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിൽ ഒതുങ്ങുന്നു. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ്‌‌ ഫിഷറീസ് വകുപ്പ്‌ ഇത്തരത്തിലുള്ള പഠനരംഗത്ത്‌ ‌ മുന്നിലാണ്‌.

നിരവധി ഇനങ്ങൾ
പ്രധാനമായും ആറുവിഭാഗത്തിൽപെട്ട ക്രസ്റ്റേഷ്യനുകളാണ് പരാദജീവികളുടെ ഗണത്തിലുള്ളത്‌. ഇവയിൽ  പ്രധാനമായും രണ്ടു വിഭാഗമാണ് മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നത്. അവയിൽ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് ഐസോപോഡുകൾ. ഇവയിൽ പ്രധാനമായും മൂന്നു കുടുംബങ്ങളിലായി ഏകദേശം ആയിരത്തിനാന്നൂറിൽപരം  പരാദജീവികളാണുള്ളത്. ഇവയിൽ ബൊപ്പിരിടെ എന്ന കുടുംബത്തിലെ ഐസോപോഡുകളുടെ ഇരകൾ പ്രധാനമായും ചെമ്മീൻ, സന്യാസി ഞണ്ട്  തുടങ്ങിയവയാണ്‌. ഗ്നാത്തിഡേ എന്ന കുടുംബത്തിലെ ലാർവകൾ (പ്രാണിസ ലാർവ) മത്സ്യങ്ങളെ ആശ്രയിച്ചും ജീവിക്കുന്നു. മൂന്നാമത്തെ കുടുംബമായ സൈമോതോയിഡെ  മുഴുവൻസമയ മത്സ്യ പരാദങ്ങളാണ്. ലോകത്താകമാനം നാല്പത്തിരണ്ടു ജനുസുകളിലായി മുന്നൂറ്റിയെൺപതോളം ഇനങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിൽ അറുപതിനം മാത്രമാണുള്ളത്.  ഇതിൽ   ഇരുപതോളം  ആദ്യമായി കണ്ടെത്തിയതും ഇന്ത്യയിൽനിന്ന്‌

ഇവയിൽ സൈമോത്തോവ (Cymothoa), ഗ്ലോസോബിയൂസ്(Glossobius), സെറാടോതോ(Ceratothoa), ലോബൊതൊറസ് (Lobothorax) എന്നീ ജനുസിൽപെട്ടവ മത്സ്യങ്ങളുടെ വായിൽ നാക്കിനുമുകളിൽ കാണുന്നവയാണ്, ഇവയെ ഒറ്റനോട്ടത്തിൽ കണ്ടാൽ മത്സ്യങ്ങളുടെ നാക്കാണെന്നേ തോന്നൂ. ഈ വിഭാഗക്കാരെ പൊതുവെ ‘tongue replacing parasites' എന്നറിയപ്പെടാറുണ്ട്.  ജോറിമ (Joryma), മൊത്തോസിയാ (Mothocya), എൽതുസ (Elthusa), നോറീലിക്ക (Norelica)  തുടങ്ങിയവ പ്രധാനമായും ചെകിള അറയിലാണ്‌ കാണുന്നത്‌.   സാധാരണയായിക്കാണാറുള്ള ‘അയല കൂറ' എന്നറിയപ്പെടാറുള്ള നോറീലിക്ക ഇൻഡിക്ക (Norelicaindica) എന്നയിനം അയല മത്സ്യങ്ങളിൽ സർവസാധാരണമാണ്.

എന്നാൽ, നെറോസില (Nerocila), ആനിലോകര (Anilocra), റെനോസില (Renocila) തുടങ്ങിയ ജനുസിൽപെട്ടവ മത്സ്യങ്ങളുടെ ശരീരത്തിന് പുറത്തുകാണപ്പെടുന്നു, ഇവയിൽ റെനോസില (Renocila) എന്ന ജനുസിൽപ്പെട്ട ഒരു പുതിയ ജീവിയെ ആൻഡമാൻ തീരക്കടൽ മേഖലയിൽനിന്നു ഗവേഷകർ കണ്ടെത്തിയിരുന്നു.

കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ്‌ ഫിഷറീസ് വകുപ്പിൽ  ഗവേഷണാനന്തര പഠനം നടത്തുന്ന ഡോ. അനീഷ് പി ടി, ഓസ്‌ട്രേലിയിലെ ക്വീൻസ് ലാൻഡ് മ്യൂസിയത്തിലെ ഡോ. നീൽ ബ്രൂസ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. കെ കെ ബിനീഷ്,  കുസാറ്റ്‌ പ്രൊഫസർ എ എ മുഹമ്മദ് ഹത്ത, എം നഷാദ് എന്നിവരാണ്‌ ഈ പരാദ ജീവിയെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്.   വകുപ്പ് മേധാവിയും അറിയപ്പെടുന്ന ജലജീവി ഗവേഷകനുമായ ഡോ. എ ബിജുകുമാറിനോടുള്ള ആദരസൂചകമായി ജീവിക്ക്‌  "റെനോസില ബിജുയി’ എന്ന പേരുനല്കി.  അന്താരാഷ്ട്ര ഗവേഷണ ജേർണൽ "മറൈൻ ബയോളജി റിസർച്ച്’ പുതിയ ലക്കത്തിൽ ഗവേഷണ വിവരം  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കോപ്പിപോഡുകൾ
ശുദ്ധജല, ഉപ്പുവെള്ള ആവാസ വ്യവസ്ഥകളിലും കാണുന്ന ചെറിയ ക്രസ്റ്റേഷ്യനുകളാണ് കോപ്പിപോഡുകൾ (copepoda). ഇവരിൽ ഒരു വലിയ അനുപാതം മറ്റു ജലജീവികളെ ആശ്രയിച്ചുജീവിക്കുന്നവരാണ്. ലോകത്താകമാനം ഏകദേശം നാലു കുടുംബങ്ങളിലായി നാലായിരത്തിലധികം ജീവികളാണുള്ളത് അവയിൽ ഏതാണ്ട് ആയിരത്തോളം ജീവികളെയാണ് ഇന്ത്യയിൽ കാണാറുള്ളത്. ഇവയിൽ കാലിജിടെ (Caligidae) കുടുംബത്തിൽപെട്ട കടൽ പേൻ (Sea lice) എന്നറിയപ്പെടുന്ന  ജീവികൾ വളർത്തു മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കാറുണ്ട്. മത്സ്യശരീരം തുളച്ചുകയറി രക്തം കുടിക്കുന്നവയുമുണ്ട്‌.

അടുത്തിടെ അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽനിന്ന്‌ മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു പരാദ ജീവികളെ കണ്ടെത്തിയിരുന്നു. അവയിൽ ഒന്നിന്   പ്രശസ്‌‌ത ശാസ്ത്രജ്ഞൻ ഡോ. എൻ  കൃഷ്ണപിള്ളയുടെ സ്മരണാർഥം അക്കാന്തോകോൺഡ്രിയ കൃഷ്ണയ് എന്ന പേര് നൽകി.ഇന്ത്യയിൽ  ക്രസ്റ്റേഷ്യൻ ജീവികളുടെ ഗവേഷണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവുമധികം പുതിയ ജീവികളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്‌ കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ്‌‌ ഫിഷറീസ് വകുപ്പാണ്‌.ഈ വർഷം ഇതുവരെ ആറു പുതിയ ജീവികളെ ഇവർ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top