31 October Saturday

നമ്മുടെ കാഴ്‌ചയും വിർച്വൽ; സംവിധായകൻ ഗോകുൽരാജ്‌ ‌ ഭാസ്‌കർ സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌Updated: Sunday Aug 23, 2020

പൂർണമായും വിർച്വലായി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമ ഒരുക്കുന്നത്‌ മലയാളികളാണ്‌. നടൻ പൃഥ്വിരാജ്‌ ഇതിന്റെ പ്രഖ്യാപനം നടത്തി. കോവിഡുകാല പ്രതിസന്ധിയെ മറികടക്കാൻ ലക്ഷ്യമിടുന്ന സിനിമയെക്കുറിച്ച്‌ സംവിധായകൻ ഗോകുൽരാജ്‌ ‌ ഭാസ്‌കർ

ഓരോ പ്രതിസന്ധികളിൽനിന്നുമുള്ള അതിജീവനം‌ പുതുവഴികൾ തുറന്നുകൊണ്ടാണ്‌. കോവിഡ്‌ ലോകക്രമത്തെ തന്നെ മാറ്റുമെന്ന ചർച്ചകൾ ആഗോളമായി നടക്കുമ്പോൾ സിനിമയും പുതുവഴി വെട്ടുകയാണ്‌.  ഒടിടി റിലീസുകളിൽ തുടങ്ങുന്നു സിനിമയുടെ ഈ ഘടനാ മാറ്റം.  ഇതിനിടെയാണ്‌, ഇന്ത്യയിലെ ആദ്യ 3ഡി സിനിമ (മൈ ഡിയർ കുട്ടിച്ചാത്തൻ) പിറന്ന മലയാളത്തിൽ പുതിയ ചരിത്രംകുറിച്ച പ്രഖ്യാപനം കഴിഞ്ഞദിവസം പൃഥ്വിരാജ്‌ നടത്തിയത്‌. ഇന്ത്യയിലെ ആദ്യ വിർച്വൽ സിനിമ. ഹോളിവുഡ്‌ ചിത്രങ്ങളായ അവതാറും ദി ലയൺ കിങ്ങുമെല്ലാം ഒരുക്കിയ മാതൃകയിൽ ഒരു മലയാളം സിനിമ. ഈ ശൈലിയെ മലയാള സിനിമയ്‌ക്ക്‌ പരിചയപ്പെടുത്താൻ ഒരുങ്ങുന്ന സംവിധായകൻ ഗോകുൽരാജ്‌ ഭാസ്‌കർ സംസാരിക്കുന്നു:

എന്തും സാധ്യമാകും

എല്ലാവരും കുടുങ്ങിനിൽക്കുന്ന സമയത്ത്‌ പുതിയ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ്‌. അതിനെ മറികടന്ന്‌ സിനിമ എടുക്കാനാകും. അതിനായുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ്‌. നിലവിൽ പുറത്ത്‌ ചിത്രീകരിക്കുക ബുദ്ധിമുട്ടാണ്‌. അതിനാൽ വിർച്വൽ കണ്ടന്റിന് സാധ്യതയേറെ. സ്റ്റുഡിയോയിൽ  വളരെ കുറച്ചുപേരെ ഉപയോഗിച്ച്‌ ഈ സിനിമ ചെയ്യാം. കൊച്ചിയിലാണ്‌ ചിത്രീകരണം.  വിർച്വൽ പ്രൊഡക്‌ഷനിലൂടെ കാടും മലയും തുടങ്ങി എന്തും ഒരുക്കാം. പ്രതിസന്ധിഘട്ടത്തെ സാങ്കേതികവിദ്യയിലൂടെ  മറികടക്കാനാണ്‌ ശ്രമം.

കൂടുതൽ തയ്യാറെടുപ്പ്‌ ആവശ്യം

സാധാരണ ശൈലിയേക്കാൾ ഈ ഫോർമാറ്റിൽ സിനിമ ഒരുക്കാൻ ഏറെ തയ്യാറെടുപ്പ്‌  വേണം‌. പ്രീ പൊഡക്‌ഷൻ വളരെയധികം പങ്കുവഹിക്കും. വ്യക്തമായ പ്ലാനിങ് അനിവാര്യം. എത്ര പ്ലാൻ ചെയ്യുന്നു അത്രയും സിനിമ നന്നാകും. അടച്ചിട്ട മുറിയിൽ ആവശ്യമുള്ളതെല്ലാം ഒരുക്കണം. എല്ലാം മുൻകൂട്ടി കാണണം. അതേസമയം, കഥാപാത്രങ്ങൾ സാധാരണപോലെ അഭിനയിക്കുകയാണ്‌. അതിനാൽ അഭിനേതാക്കളുടെ ഇംപ്രവൈസേഷനും സാധിക്കും. ആ രീതിയാണ്‌ സിനിമ ഒരുക്കുന്നത്‌. സിനിമാ പ്രവർത്തകരെ കുറച്ചുകൂടി നന്നായി ഉപയോഗിക്കാനാകും.

വഴിയൊരുക്കിയ 9 വർഷം

സിനിമയെന്ന അഭിനിവേശം സാധ്യമാക്കാൻ താണ്ടിയത് വർഷങ്ങളാണ്‌. മാവേലിക്കര ഫൈൻ ആർട്‌സ്‌ കോളേജിലാണ്‌ പഠിച്ചത്‌. അതിനുശേഷം വിഎഫ്‌എക്‌സ്‌ മേഖലയിൽ. ചാനലുകളിൽ ക്രിയേറ്റീവ്‌ ഡയറക്ടറായി ജോലി ചെയ്‌തു. പിന്നീട്‌  പല സിനിമയുടെ ഭാഗമായി. സാങ്കേതികവിദ്യയെ സിനിമയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് സ്വയം‌ പഠിച്ചു. സ്റ്റുഡിയോയിൽ പൂർണ സിനിമ എടുക്കുന്നതിനെക്കുറിച്ച്‌  ഒമ്പതു വർഷമായി നടത്തുന്ന‌ ഗവേഷണമാണ്‌ ഈ പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നത്‌.

സർഗാത്മകതയ്‌ക്ക്‌ പരിധിയില്ല

എന്റെ ആശയം സ്റ്റുഡിയോ കേന്ദ്രീകൃത സിനിമയാണ്‌‌. ഹോളിവുഡിലെല്ലാം കൂടുതൽ ഇങ്ങനെയാണ്‌. നിയന്ത്രിത ഇടത്തിൽ സിനിമ എന്നതാണ്‌ ആഗ്രഹം. നിലവിലെ സാഹചര്യത്തിനൊപ്പം ഇങ്ങനെയുള്ള സാങ്കേതികവിദ്യ അറിഞ്ഞിരിക്കുക. ഇത്‌ എല്ലാവരെയും പരിചയപ്പെടുത്തുക കൂടിയാണ്‌ ലക്ഷ്യം. ഈ ശൈലിയിൽ സർഗാത്മകതയ്‌ക്ക്‌ പരിധിയില്ല. എന്തും സാധ്യമാകും.  ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലും ചെയ്യാൻ പറ്റുമെന്ന വിശ്വാസമാണ്‌ ഇപ്പോൾ സിനിമ ചെയ്യാൻ തീരുമാനിച്ചത്‌.

പുരാണകഥ

വലിയ ക്യാൻവാസിൽ അന്താരാഷ്ട്ര തലത്തിലെത്തുന്ന പാൻ ഇന്ത്യൻ സിനിമയാണ്‌.‌ അഞ്ചു ഭാഷയിലായാണ്‌‌ ഒരുക്കുന്നത്‌. വലിയ ബജറ്റ്‌ ആവശ്യമാണ്‌‌.  കേരളത്തിൽ വളരെ പരിചിതമായ പുരാണകഥയാണ്‌  ഇതിവൃത്തം.

പൃഥ്വിരാജിലേക്ക്‌

ഈയൊരു സാങ്കേതികവിദ്യയിൽ സിനിമ ചെയ്യാൻ ഒരുപാടുപേരെ സമീപിച്ചിരുന്നു. ആളുകളെ ഇത്‌ മനസ്സിലാക്കുകയെന്നത്‌ ഒരു പണിയായിരുന്നു. ചൂണ്ടിക്കാണിക്കാൻ മുൻ ഉദാഹരണങ്ങളില്ല. അതെല്ലാം പ്രശ്‌നങ്ങളായിരുന്നു.  നിർമാതാവ്‌ ലിസ്റ്റിൻ സ്റ്റീഫൻ വഴിയാണ്‌ പൃഥ്വിരാജിൽ എത്തിയത്‌.  എഴുത്ത്‌‌ പൂർത്തിയായപ്പോൾ കഥാപാത്രത്തിനു ചേരുന്ന നടൻ പൃഥ്വിരാജാണെന്ന്‌ മനസ്സിലായി. വിർച്വൽ പ്രൊഡക്‌ഷൻ  പൃഥ്വിരാജിന്‌ മനസ്സിലാക്കിക്കൊടുത്തു. അങ്ങനെയാണ്‌  ഇത്‌ സാധ്യമായത്‌.

വെല്ലുവിളി ഏറ്റെടുക്കുന്നു  

 വിർച്വൽ പ്രൊഡക്‌ഷനിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ശൈലിയാണ്‌‌ പരീക്ഷിക്കുന്നത്‌.  വളരെ വെല്ലുവിളി നിറഞ്ഞ ആശയത്തിലേക്ക്‌ സാങ്കേതികവിദ്യയെ കൊണ്ടുവരികയാണ്‌.  ഇന്ത്യക്ക്‌ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരും സിനിമയുടെ ഭാഗം‌.  ഈ സാങ്കേതികവിദ്യ പഠിച്ച ഒരാൾ എന്നനിലയിൽ മികച്ച ടീം വേണമെന്നും നിർബന്ധമുണ്ടായിരുന്നു.  ഏറ്റവും അറിയുന്ന മേഖലയിലാണ്‌ നന്നായി ചെയ്യാനാകുക. എന്തായാലും സിനിമയിൽ ഇതൊരു ഗെയിം ചേയിജിങ് വർക്കാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top