28 November Saturday

പ്രിയപ്പെട്ട ടീച്ചർ, കുട്ടികൾക്കും പൊന്നാനിക്കും

പി എ സജീഷ്‌Updated: Sunday Nov 22, 2020

  
പൊന്നാനി
കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിരിക്കെ, നാടിന്റെ പ്രിയപ്പെട്ട നേതാവായ കാലത്തെ തൊട്ടെടുക്കുകയാണ്‌ സിപിഐ എം നേതാവും മുൻമന്ത്രിമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ ടീച്ചർ. പൊന്നാനി ടൗൺ എൽപി സ്കൂൾ അധ്യാപികയായിരിക്കേ 1991ലാണ്‌ ഫാത്തിമ ടീച്ചറെ ജില്ലാ കൗൺസിലിലേക്ക്‌ മത്സരിക്കാൻ സിപിഐ എം നിർദ്ദേശിച്ചത്‌. അങ്ങനെ സർക്കാർ ജോലി രാജിവച്ച് പൊന്നാനി ഡിവിഷനിൽ മത്സരിച്ചു. സമുദായത്തിന്റെ എതിർപ്പുകളെ അതിജീവിച്ച് മികച്ച ഭൂരിപക്ഷത്തോടെ വിജയം. പോയനാളിലെ പ്രചാരണവും മത്സരങ്ങളും 84ാം വയസ്സിലും മങ്ങാതെയുണ്ട്‌ ടീച്ചറുടെ ഓർമകളിൽ.

‘‘ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. മുഴുവൻ വീടും കേറിയിറങ്ങണം. ഫ്ലക്സും പോസ്റ്ററുകളുമില്ല. ചുവരെഴുത്താണേറെയും. അതിന്റെ ആകർഷണം വേറെ തന്നെയാണ്.’’–- ചുവരെഴുത്തുകൾ വളരെ കുറഞ്ഞെന്ന വിലയിരുത്തലോടെ ടീച്ചർ പറഞ്ഞു.ഇമ്പിച്ചിബാവയൊഴികെ എല്ലാ നേതാക്കളും പ്രചാരണത്തിനിറങ്ങി. മൂന്നു വർഷം ജില്ലാ കൗൺസിൽ അംഗമായി. 1995ൽ ജയിച്ച്‌ പൊന്നാനി നഗരസഭ ചെയർപേഴ്സനായി. സ്വന്തമായി വരുമാനം ഇല്ലാത്തതിനാൽ പരിതാപകരമായിരുന്നു നഗരസഭയുടെ അവസ്ഥ. ജനകീയാസൂത്രണത്തിന്റെ വരവോടെയാണ്‌ തദ്ദേശസ്ഥാപനങ്ങളുടെ മുഖം മാറിയത്‌. 2001ൽ വീണ്ടും ജയിച്ചു. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പിൽ തെക്കേ പുറത്തുനിന്ന്‌ പരാജയപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ പ്രചാരണത്തിൽ സജീവമായിരുന്നു. പ്രായത്തിന്റെ അവശതക്കൊപ്പം കോവിഡ്‌ നിയന്ത്രണങ്ങളുമുള്ളതിനാൽ ഇക്കുറി പൊന്നാനിയിൽ മകന്റെ വീട്ടിലിരുന്ന്‌ പ്രവർത്തനങ്ങളല്ലാം വീക്ഷിക്കുകയാണ്‌. നവ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. ‘‘കോവിഡ് കാലമല്ലേ, ഇതുതന്നെയാ നല്ലത്’’–- ടീച്ചർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top