06 August Friday

കലങ്ങിയ വെള്ളത്തിലും തെളിമ; 
കുറഞ്ഞ ചെലവിൽ റേഡിയോ റിസീവർ

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday May 13, 2021


കൊച്ചി
ഇരുനൂറു മീറ്റർ ആഴമുള്ള കലങ്ങിയ വെള്ളത്തിലും തെളിഞ്ഞ ദൃശ്യങ്ങൾ തരുന്ന ഐറോവ്‌ ട്യൂണ എന്ന അണ്ടർവാട്ടർ ഡ്രോൺ. ചെലവ്‌ കുറഞ്ഞ ഡിജിറ്റൽ റേഡിയോ ബ്രോഡ്‌കാസ്‌റ്റ്‌ റിസീവർ. കളമശേരി സ്‌റ്റാർട്ടപ്‌ മിഷനിലെ സ്‌റ്റാർട്ടപുകളുടെ സംരംഭങ്ങളാണ്‌ ഐറോവ്‌ ട്യൂണയും ഡിജിറ്റൽ റേഡിയോ ബ്രോഡ്‌കാസ്‌റ്റ്‌ റിസീവറും.

സാങ്കേതികവിദ്യാദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനാണ്‌ കേരള സ്‌റ്റാർട്ടപ്‌ മിഷനു കീഴിലുള്ള ഇൻടോട്ട് ടെക്നോളജീസ്, ഐറോവ് ടെക്നോളജീസ് എന്നീ സ്‌റ്റാർട്ടപ്പുകൾ അർഹരായത്‌. സൂക്ഷ്‌മ–-ചെറുകിട–- ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തിലാണ്‌ പുരസ്‌കാരം. 15 ലക്ഷം രൂപയും ട്രോഫിയും ലഭിക്കും. ഐറോവ്‌ സ്‌റ്റാർട്ടപ് വിഭാഗത്തിലും ഇൻടോട്‌ എംഎസ്‌എംഇയിലും ആണ്‌ 15 ലക്ഷം രൂപയുടെ പുരസ്‌കാരം സ്വന്തമാക്കിയത്‌.

അണക്കെട്ടുകളുടെ വിള്ളലുകൾ പരിശോധിക്കാനും വെള്ളത്തിനടിയിൽ പൈപ്പുലൈനുകളുടെ തകരാറുകൾ കണ്ടെത്താനും പാലങ്ങളുടെ തൂണുകളുടെ കുഴപ്പങ്ങൾ തിരിച്ചറിയാനും ഐറോവ്‌ ട്യൂണ സഹായിക്കും. കളമശേരി സ്‌റ്റാർട്ടപ്‌ മിഷനിൽ പ്രവർത്തിക്കുന്ന ഐറോവ്‌ കമ്പനിയാണ്‌ ഇതിനുപിന്നിൽ. ഐഐടിയിൽനിന്ന്‌ പഠിച്ചിറങ്ങിയ പട്ടിമറ്റം തണ്ണിക്കോട്ടുവീട്ടിൽ ജോൺസ്‌ ടി മത്തായിയും എളമക്കര സ്വദേശി പി കണ്ണപ്പ പളനിയപ്പനുമാണ്‌ കമ്പനി സ്ഥാപകർ.  കപ്പലിന്റെ അടിഭാഗത്തെ കേടുപാടുകൾ കണ്ടെത്താനും തുറമുഖങ്ങളിലും ഐറോവ്‌ ട്യൂണയെ ഉപയോഗിക്കാം.

കല്ലാർകുട്ടി ഡാമിലടക്കം ഇതുപയോഗിച്ച്‌ പരിശോധന നടത്തിയിട്ടുണ്ട്‌. വിവിധ റെയിൽവേ മേൽപ്പാലങ്ങൾ പരിശോധിക്കാനും ട്യൂണ എത്തി. ഇതിൽ ഘടിപ്പിച്ച ക്യാമറ, ലാപ്‌ടോപ് കൊണ്ടോ ജോയ്‌സ്‌റ്റിക്ക്‌ കൊണ്ടോ എളുപ്പത്തിൽ നിയന്ത്രിക്കാം. അദാനിയും ഡിപി വേൾഡും ഭാരത്‌ പെട്രോളിയവുമെല്ലാം ഐറോവിന്റെ ഉപയോക്താക്കളാണ്‌.  

നിലവിലുള്ള ഡിജിറ്റൽ റേഡിയോ ബ്രോഡ്‌കാസ്‌റ്റ്‌ റിസീവറുകളുടെ ചെലവുകുറയ്‌ക്കുന്ന കണ്ടുപിടിത്തമാണ്‌ ഇൻടോട്‌ ടെക്‌നോളജീസിന്റെ ഉടമകളായ തിരുവനന്തപുരം സ്വദേശി രാജിത്‌ നായരും ആലുവ പത്മാലയത്തിൽ പ്രശാന്ത്‌ തങ്കപ്പനും നടത്തിയത്‌. ഉയർന്ന ഗുണനിലവാരവും കുറഞ്ഞ വിലയുമാണ്‌ സവിശേഷത. 10,000 രൂപമുതൽ വിലയുള്ള റിസീവറുകൾ 2000–-4000 രൂപയ്‌ക്ക്‌ ലഭ്യമാകും. ഇതുപയോഗിച്ച്‌ 300 കിലോമീറ്ററിലധികം ദൂരത്തുനിന്നുള്ള റേഡിയോ സിഗ്‌നലുകൾ ശബ്‌ദമികവോടെ കേൾക്കാം. ജപ്പാനിലെ ക്ലാരിയോൺ ഇൻടോട്ടിന്റെ ഉപയോക്താവാണ്‌. രാജിത്‌ മദ്രാസ്‌ ഐഐടി പൂർവവിദ്യാർഥിയാണ്‌. പ്രശാന്ത്‌ കോതമംഗലം എംഎ എൻജിനിയറിങ്‌ കോളേജ്‌ പൂർവവിദ്യാർഥിയും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top