15 June Tuesday

ഇറ്റാലിയൻ നാവികർക്ക് രക്ഷയായത് ബിജെപി-കോൺഗ്രസ് സർക്കാരുകളുടെ കള്ളക്കളി

എം അഖിൽUpdated: Saturday Jul 4, 2020

ന്യൂഡൽഹി > കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികസേനാംഗങ്ങളെ വിചാരണചെയ്യാൻ ഇന്ത്യക്ക്‌ അധികാരമില്ലെന്ന അന്താരാഷ്ട്ര മധ്യസ്ഥകോടതി വിധിക്ക്‌ വഴിവച്ചത്‌ കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ. 2012 ഫെബ്രുവരി 15ന്‌‌ ഇറ്റാലിയൻ നാവികസേനാംഗങ്ങളുടെ വെടിവയ്‌പിൽ ‌മത്സ്യബന്ധന തൊഴിലാളികൾ കൊല്ലപ്പെട്ടത്‌ യുപിഎ സർക്കാരിന്റെ കാലത്താണ്‌. അന്ന്‌ സു‌പ്രീംകോടതിയിൽ യുപിഎ സർക്കാർ ഉദാസീന നിലപാട്‌ സ്വീകരിച്ചതോടെ‌ പ്രതികളെ കേരളത്തിലെ ജയിലിൽനിന്ന്‌ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക്‌ മാറ്റി. അവർക്ക്‌ ക്രിസ്‌മസ്‌ ആഘോഷിക്കാനും വോട്ട്‌ ചെയ്യാനും പരോൾ ലഭിച്ചു. 2014 സെപ്‌തംബറിൽ പ്രതി മാസിമിലിയാനോ ലത്തോറെയ്‌ക്ക്‌ ഇറ്റലിയിലേക്ക്‌ പോകാനും വഴിയൊരുങ്ങി.

മുതലെടുപ്പ്‌, പിന്നെ മലക്കം മറിച്ചിൽ

2014 തെരഞ്ഞെടുപ്പിൽ കടൽക്കൊല ബിജെപി മുഖ്യ പ്രചാരണവിഷയമാക്കി. ഇറ്റലിക്കാരോടുള്ള സർക്കാരിന്റെ മൃദുസമീപനത്തിനു പിന്നിൽ സോണിയ ഗാന്ധിയാണെന്നായിരുന്നു പ്രധാന ആരോപണം. ‘ഇറ്റാലിയൻ നാവികസേനാംഗങ്ങൾ നമ്മുടെ മത്സ്യബന്ധന തൊഴിലാളികളെ നിഷ്‌ഠുരമായി വകവരുത്തി. മാഡം ദേശസ്‌നേഹിയാണെങ്കിൽ ആ പ്രതികൾ ഏത്‌ ജയിലിലാണെന്ന്‌ പറയാമോ?’’- എന്നാണ്‌ 2014 മാർച്ച്‌ 31ന്‌ നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തത്‌. അരുണാചൽപ്രദേശിലും കേരളത്തിലും മോഡിതന്നെ വിഷയം ഉയർത്തി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രിയായതോടെ അദ്ദേഹം കടൽക്കൊല മറന്നു.

അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാടിൽ സോണിയ ഗാന്ധിക്കെതിരെ തെളിവ്‌ നൽകിയാൽ കടൽക്കൊല കേസ്‌ പ്രതികളെ വെറുതെ വിടാമെന്ന്‌ മോഡി വാഗ്‌ദാനം ചെയ്‌തെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. 2015 സെപ്‌തംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ മോഡി ഇറ്റാലിയൻ പ്രധാനമന്ത്രിയായിരുന്ന മത്തേയോ റെൻസിയുമായുള്ള കൂടിക്കാഴ്‌ചയിൽഈ വാഗ്‌ദാനം നൽകിയതായി ബ്രിട്ടീഷ്‌ ആയുധ ഇടപാടുകാരൻ ക്രിസ്‌ത്യൻമിഷേൽ‌ വെളിപ്പെടുത്തി‌.

മിഷേലിന്റെ ആരോപണം കേന്ദ്രസർക്കാർ തള്ളിയെങ്കിലും കടൽക്കൊല കേസിൽ സുപ്രീംകോടതിയിൽ സർക്കാർ മലക്കംമറിഞ്ഞു. പ്രതിയായ സാൽവത്തോറെ ജിറോണിന്‌ ‘മാനുഷിക പരിഗണന’യുടെ അടിസ്ഥാനത്തിൽ നാട്ടിൽ പോകാൻ അനുമതി നൽകണമെന്ന‌ വിചിത്ര നിലപാട്‌ സ്വീകരിച്ചു. 2016 മെയിൽ ഇയാളും ഇറ്റലിയിലേക്ക്‌ വിമാനംകയറി.

മുഖ്യപ്രതികൾ രണ്ടുപേരും ജന്മദേശത്ത്‌ എത്തിയതോടെ അന്താരാഷ്ട്ര കോടതിയിലെ നടപടികൾ പേരിനുമാത്രമായി. ‘ഞങ്ങളുടെ സേനാംഗങ്ങൾക്കെതിരായ കേസ്‌ ഞങ്ങൾ അന്വേഷിച്ചുകൊള്ളാം’ എന്ന ഇറ്റലിയുടെ വാദം ഹേഗിലെ കോടതിയും അംഗീകരിച്ചതോടെ കടൽക്കൊലപാതകം എന്ന അധ്യായത്തിനുമുന്നിൽ‌ കേന്ദ്രസർക്കാർ മുട്ടുമടക്കി.

കേന്ദ്രം നഷ്ടപ്പെടുത്തിയത്‌ രാജ്യത്തിന്റെ പരമാധികാരം

രാജ്യാതിർത്തിയിൽ നടന്ന കുറ്റകൃത്യമായ കടൽക്കൊല കേസിൽ മോഡിസർക്കാർ നഷ്ടപ്പെടുത്തിയത്‌ രാജ്യത്തിന്റെ പരമാധികാരം. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നടന്ന കുറ്റകൃത്യത്തിലെ പ്രതികളെ രാജ്യത്ത്‌ വിചാരണ ചെയ്യാനുള്ള നിയമപരമായ അവകാശമാണ്‌ സർക്കാർ കളഞ്ഞുകുളിച്ചത്‌. ഇത്‌ തെറ്റായ കീഴ്‌വഴക്കങ്ങൾക്ക്‌ തുടക്കംകുറിക്കും. ഭാവിയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.

രാജ്യത്തിന്റെ കരയതിർത്തിപോലെ പ്രധാനമാണ്‌ സമുദ്രാതിർത്തി കാത്തുസൂക്ഷിക്കുന്നതും. കേരളതീരത്താണ്‌  ഇറ്റാലിയൻ കപ്പലിലെ സൈനികർ നിരപരാധികളായ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊന്നത്‌. ഈ കേസ്‌ രാജ്യാന്തര ട്രിബ്യൂണലിലേക്ക്‌ മാറ്റിയത്‌ ഒത്തുകളിയുടെ ഭാഗമായാണ്‌. രാജ്യത്ത്‌ നടന്ന ഭീകരാക്രമണ കേസിന്റെ വിചാരണ രാജ്യാന്തര ട്രിബ്യൂണലിന്‌ വിട്ടുകൊടുക്കുന്നതിനു സമാനമാണിത്‌.

കേസിലെ പ്രതികളെ ഇന്ത്യയിലെ നിയമപ്രകാരം വിചാരണ ചെയ്യാൻ കഴിയില്ലെന്ന ഇറ്റലിയുടെ വാദത്തെ ചെറുത്തുതോൽപ്പിക്കാൻ കേന്ദ്രസർക്കാരിന്‌ കഴിഞ്ഞില്ല. നഷ്ടപരിഹാരം ലഭിക്കുമെന്നതിൽ വിജയം അവകാശപ്പെടുന്നത്‌ അസംബന്ധമാണെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു. ഇന്ത്യയിൽ വിചാരണ നടന്നാൽപ്പോലും കപ്പൽ ഉടമകളിൽനിന്ന്‌ നഷ്ടപരിഹാരം നേടിയെടുക്കാൻ കഴിയും. സൈനികരെ ഇറ്റലിയിലെ നിയമപ്രകാരം കുറ്റവാളികളായി കാണില്ലെന്ന്‌ അവിടത്തെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌.

കേസ്‌ അവസാനിപ്പിക്കരുത്‌: മുഖ്യമന്ത്രി

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികസേനാംഗങ്ങൾക്കെതിരായ കേസ്‌ അവസാനിപ്പിക്കുന്നതിനോട്‌ യോജിപ്പില്ലെന്നും സംസ്ഥാനത്തിന്റെ വികാരം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ വിചാരണ പാടില്ലെന്ന്‌ പറഞ്ഞത്‌ അത്യന്തം നിർഭാഗ്യകരമാണ്‌. കേസിൽ ശക്തമായ വാദമുയർത്താൻ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടില്ലെന്നും വീഴ്‌ച സംഭവിച്ചെന്നുമാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്‌. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ശക്തമായ തുടർനടപടികൾ രാജ്യം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


 

വിജയം ആഘോഷിച്ച്‌ ഇറ്റലി

ജയന്‍ ഇടയ്ക്കാട് 
‘ഇന്ത്യയുടെ അനീതിക്കെതിരെ നീതിയുടെ വിജയം. എല്ലാവരെയും കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടണമെന്നാണ്‌ ആഗ്രഹം. കൊറോണയായതിനാൽ കഴിയുന്നില്ല’– പ്രതികളിലൊരാളായ മാസിമിലാനോ ലത്തോറെ ഫെയ്സ്‌ബുക്കിൽ കുറിച്ചു. വെള്ളിയാഴ്‌ച ഇറങ്ങിയ പ്രമുഖ പത്രം ‘റിപ്പബ്ലിക്ക’‌ ഒടുവിൽ വിജയം ഇറ്റലിക്കെന്നാണ്‌‌ വിശേഷിപ്പിച്ചത്‌. ‘പുഞ്ചിരിയോടെ ഇരുവരും’ എന്ന തലക്കെട്ടിൽ കേസിലെ പ്രതികളുടെ ചിത്രം സഹിതമാണ്‌ ‘ലാ ഗസറ്റ’  വാർത്ത നൽകിയത്‌. മിടുക്കരായ സൈനികർ എന്ന്‌ ‘റക്‌സേൻ ഇറ്റാലിയ’ വിശേഷിപ്പിച്ചു. ഒന്നും നഷ്‌ടപ്പെടുത്താത്ത വിധി, ഏറെ സന്തോഷപ്രദം എന്ന്‌ ഇറ്റലിയിലെ ദേശീയ ടെലിവിഷൻ ചാനലിൽ വിദേശകാര്യമന്ത്രി ലൂയിജി ഡിമായിയോ പ്രതികരിച്ചു.

വിധിവന്നശേഷം ആഹ്ലാദത്തിലാണ് ഇറ്റലിയെന്ന്‌ വെനീസിൽ താമസിക്കുന്ന കൊല്ലം സ്വദേശി ജോൺ കെന്നഡി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. പ്രതികളായ സൈനികർ ദക്ഷിണ ഇറ്റലിക്കാരാണ്‌. മാസിമിലാനോ ലാത്തോറിന്റെ പുനർവിവാഹം ജൂൺ രണ്ടിനായിരുന്നു. പ്രതികൾക്കെതിരെ റോമിൽ കേസ്‌ തുടരുമെന്ന്‌ ഇറ്റാലിയൻ സർക്കാർ അന്താരാഷ്‌ട്ര കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും അത്‌ പാലിക്കുമെന്ന്‌ ഉറപ്പില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top