09 December Friday

ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും...പ്രഭാവര്‍മ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Jun 28, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ. 

Idioms and phrases തുടര്‍ച്ച

എന്റെ നാട്ടില്‍ ഒരു ചായക്കടയുണ്ടായിരുന്നു. ചായയും പരിപ്പുവടയും മാത്രമേ വില്‍ക്കൂ. ഉഴുന്നുവടയോ, ഉണ്ണിയപ്പമോ മസാലദോശയോ ഒന്നും വില്‍ക്കില്ല. ചായയല്ലാതെ, കാപ്പിയും കൊടുക്കില്ല. ഈ ചായക്കടയ്ക്ക് ഒരു പേരിടണമെങ്കില്‍, രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ പറയും, ' Hobson's choice'

Hobson's choice എന്നാല്‍  no choice എന്നാണ് അര്‍ത്ഥം. കുതിര വില്‍പ്പന നടത്തുന്നയാളായിരുന്നു Hobson. ആര്‍ക്കും അവിടെച്ചെന്നു കുതിരയെ വാങ്ങാം. ഒരു കുഴപ്പമേയുള്ളൂ; Hobson തരുന്നതിനെ വാങ്ങിക്കൊള്ളണം. തെരഞ്ഞെടുക്കാനനുവദിക്കില്ല. ഇതാണ് ഇംഗ്ലീഷിലെ ' Hobson's choice'

'Turn a Nelson's eye' എന്ന് ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ബോധപൂര്‍വ്വം കാണാതിരിക്കലാണത്. Some one is doing something which you do not like. You are at liberty to turn a Nelson's eye.' Nelson എന്നാല്‍ അഡ്മിറല്‍ ലോഡ് നെല്‍സണ്‍. Trafalgar യുദ്ധത്തില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടുമായി ഏറ്റുമുട്ടിയ യുദ്ധവീരന്‍. ബ്രിട്ടീഷ് റോയല്‍ നേവിയും ഫ്രഞ്ച് - സ്പാനിഷ് സംയുക്ത നാവികസേനയും തമ്മിലായിരുന്നല്ലോ 1803 മുതല്‍ 1815 വരെ നീണ്ട ആ യുദ്ധം. യൂറോപ്പു കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയനുമായി ഏറ്റുമുട്ടി നെല്‍സണ്‍ ആ യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

വീറുറ്റ പോരാളിയായിരുന്നെങ്കിലും നെല്‍സന് ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂ. കോർസികയിലെ യുദ്ധത്തില്‍ വലം കണ്ണു നഷ്ടപ്പെട്ടിരുന്നു. വലതുഭാഗത്തെ ഒന്നും നെല്‍സണ് കാണുമായിരുന്നില്ല. അതില്‍ നിന്നാണ് 'Turning a Nelson's eye' എന്ന പ്രയോഗമുണ്ടായത്. നെല്‍സണ്‍ ബോധപൂര്‍വ്വം കാണാതിരുന്നതല്ല. പക്ഷെ പ്രയോഗത്തിലെ Nelson's eye ബോധപൂര്‍വ്വം കാണാതിരിക്കുന്നതാണ്. (Tenerif ലെ യുദ്ധത്തില്‍ നെല്‍സണ് വലതു കൈയും നഷ്ടപ്പെട്ടിരുന്നു.)

'Achilles heel' അതിശക്തന്റെ ദൗര്‍ബല്യത്തെ സൂചിപ്പിക്കുന്നു. അതിശക്തനായിരുന്നു അക്കില്ലസ് - എന്നാൽ ഒരു ദൗർബ്ബല്യവും ! -a weakness in spite of the overall strength, which can lead to downfall. അതാണ് 'Achilles heel' നനയാത്ത ഉപ്പൂറ്റിയിലൂടെയാണ് നളചരിതത്തിൽ കലി നളനെ ആവേശിക്കുന്നത് എന്നതും ഓർക്കാവുന്നതാണ്.

 അതിശക്തനായാണ് ഗ്രീക്ക് മിഥോളജിയിലെ പ്രധാനിയായ അക്കില്ലസ് വളര്‍ന്നു വന്നത്. ഈ ശക്തിക്ക് അടിസ്ഥാനം കുഞ്ഞായിരുന്നപ്പോള്‍ അമ്മ ഫിത്തിയ Styx  നദിയില്‍ അക്കില്ലസിനെ മുക്കിയെടുത്തതാണ്. heel ല്‍, ഉപ്പൂറ്റിയില്‍ പിടിച്ചാണു മുക്കിയത്. അതുകൊണ്ട് ഉപ്പൂറ്റി നനഞ്ഞില്ല. അവിടം മാത്രം ദുര്‍ബലമായി നിന്നു. ' 'Redoubtable Achilles' എന്നത് സംശയാലുവായ  അക്കില്ലസ് എന്ന് ആരോ പരിഭാഷപ്പെടുത്തിക്കണ്ടത് ഇത്തരുണത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു! ട്രോജന്‍ യുദ്ധത്തിലെ അഗമ്‌നോണ്‍ സേനയുടെ നായകനായിരുന്നു. സുന്ദരന്‍, കരുത്തന്‍, ധീരന്‍. അക്കില്ലസിനെ ഉപ്പൂറ്റിയിലല്ലാതെ എവിടെയടിച്ചും വീഴ്ത്താനാവില്ല. ഉപ്പൂറ്റി ദൗര്‍ബല്യമായി! അതിശക്തന്റെ ഏക ദൗര്‍ബല്യം എന്ന അര്‍ത്ഥത്തിലാണ് Achilles heel ഉപയോഗിക്കുന്നത്.

കാര്യത്തിലേക്കു കടക്കാതെ, അനുബന്ധവും അപ്രധാനവുമായ വിഷയങ്ങളില്‍ വ്യാപരിക്കലാണു 'beating around the bush' പല പ്രസംഗങ്ങളിലും ഇതു കാണാം.

'Procrustian bed' വയലാര്‍ കവിതകള്‍ പരിചയിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാവുന്നതാണ്.

"നില്‍ക്കുക രാജകുമാരാ നില്‍ക്കുക, നില്‍ക്കുക രാജകുമാരാ' എന്നാണ് ആ കവിത തുടങ്ങുന്നത്. പ്രോക്രൂസ്റ്റസാണ് രാജകുമാരനോടു നില്‍ക്കാന്‍ പറയുന്നത്. വഴിപോക്കരെ ക്ഷണിച്ചു വീട്ടിലേക്കു കൊണ്ടുപോവുകയും വീട്ടിലെ കട്ടിലില്‍ കിടത്തി, കട്ടിലിന്റെ അളവിലാക്കുകയും ചെയ്യും. അതായത്, നീളം കട്ടിലിനെക്കാളധികമെങ്കില്‍ വെട്ടിമുറിക്കും. കുറവെങ്കില്‍ വലിച്ചു നീട്ടും! ഇതാണ് യവനേതിഹാസത്തിലെ കട്ടില്‍. ഇതുതന്നെയാണ് ഈ പ്രയോഗത്തിനു പിന്നിലുള്ളത്!

'Blessing in disguise' പൊതുവെ എല്ലാവര്‍ക്കും പരിചിതമാണ്. ആദ്യം ആപത്താണെന്നു തോന്നും; എന്നാല്‍ പിന്നീടത് അനുഗ്രഹമാവും. A dime a dozen എന്നാല്‍ വളരെ സാധാരണം എന്നാണ്. Beating a dead horse എന്നാല്‍, അവസാനിച്ചു കഴിഞ്ഞ ഒരു കാര്യത്തിനായി അനാവശ്യമായി ഊര്‍ജ്ജം പാഴാക്കലാണ്. ആവശ്യപ്പെടുന്ന നിമിഷം തന്നെ ചെയ്തുകൊടുക്കലാണ്, doing something at the drop of a hat

Cutting corners എന്നതിനര്‍ത്ഥം, പണമോ സമയമോ ലാഭിക്കാന്‍ വേണ്ടി വേണ്ടതു വേണ്ടപോലെ ചെയ്യാതിരിക്കലാണ്. Devils advocate ആവുക എന്നു പറഞ്ഞാല്‍ നിഷ്ക്കരുണം ശക്തമായ എതിര്‍വാദം ഉയര്‍ത്തിക്കൊണ്ടുവരുന്നയാളാവുക എന്നുതന്നെ! കരൺ ഥാപ്പറിന്റെ  devils advocate C N N- I B N ൽ കണ്ടിരിക്കുമല്ലൊ.

getting a second wind എന്നത് തളര്‍ന്ന ശേഷം ഊര്‍ജ്ജം നേടലാണ്. giving some one cold shoulder എന്നു പറഞ്ഞാല്‍ അവഗണിക്കുന്നു എന്നാണ്. Raj turned up only late in the night. His wifegave him a cold shoulder!

Going on a wild goose chase എന്നതിനര്‍ത്ഥം കാര്യമില്ലാത്ത പ്രവൃത്തി ചെയ്യുക എന്നതാണ് Heard it on the grape wine എന്നാല്‍, 1 കിംവദന്തികളാണ്; ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചരണങ്ങളാണ്.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top