30 November Tuesday

'Brutus is an honourable man'...പ്രഭാവർമ്മയുടെ പംക്തി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു. എഴുതുന്നത് പ്രശസ്‌ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ (House of commons) നിരന്തരം ഏറ്റുമുട്ടിയിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളാണ് ബഞ്ചമിന്‍ ഡിസ്‌റയേലിയും (Benjamin Disraeli) വില്യം ഗ്ലാഡ്‌സ്റ്റണും (William Ewart Gladstone). രാഷ്ട്രീയ രംഗത്തു വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്നവര്‍ തമ്മില്‍ സ്വാഭാവികമായുണ്ടാവുന്നതില്‍ കവിഞ്ഞ വ്യക്തിപരമായ ശത്രുത കൂടി ഇവര്‍ക്കിടയില്‍ നിലനിന്നു; മൂന്നു പതിറ്റാണ്ടോളം. വിക്‌ടോറിയന്‍ രാഷ്ട്രീയം ചരിത്രത്തില്‍ അടയാളപ്പെട്ടത് ഇവരുടെ ശത്രുതകൊണ്ടു കൂടിയാണ്. ഡിസ്‌റയേലി ലിബറല്‍ നേതാവ്, ഗ്ലാഡ്‌സ്റ്റണ്‍ കണ്‍സര്‍വേറ്റീവ് നേതാവ്.
ഇരുവരും വ്യത്യസ്ത ഘട്ടങ്ങളില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിമാര്‍. ഒരാള്‍ പ്രധാനമന്ത്രിയായി ട്രഷറി ബഞ്ചിലിരിക്കുമ്പോള്‍ മറ്റേയാള്‍ പ്രതിപക്ഷ നേതാവായി മറുപക്ഷത്ത്. ഇങ്ങനെ മാറിയും തിരിഞ്ഞും ഏറെ വര്‍ഷങ്ങള്‍. ഗ്ലാഡ്‌സ്റ്റണ്‍ വലിയ ധാര്‍മിക വാദി. ധാര്‍മികതയുടെ പേരില്‍ പലവട്ടം അധികാരം ത്യജിച്ചയാള്‍. ഡിസ്‌റയേലിയാകട്ടെ, കരുനീക്കങ്ങളിലൂടെ ഉയര്‍ന്നുയര്‍ന്നു പോയആള്‍.

ഈ ഉയര്‍ന്നു പോക്കിന് ഇംഗ്ലീഷില്‍ ഒരുphrase ഉണ്ട് - 'plotting ones way up the greasy pole!'       

greasy pole ഡിസ്‌റയേലിയുടെ തന്നെ പ്രയോഗമാണ്. രാഷ്ട്രീയമായി പ്രയോജനപ്പെടുന്ന ബന്ധങ്ങളെ വളര്‍ത്തിയെടുത്തു നേട്ടം കൊയ്യുന്ന ആ പ്രക്രിയയില്‍ വിക്‌റ്റോറിയാ രാജ്ഞിയുമായും നല്ല ബന്ധം സ്ഥാപിച്ചു ഡിസ്‌റയേലി.

അദ്ദേഹം രാഷ്ട്രീയത്തിലേക്കു വന്നതു തന്നെ പാര്‍ലമെന്റംഗം എന്ന immunity ഉപയോഗിച്ചു ജയിലില്‍ പോകുന്നതൊഴിവാക്കാനായിരുന്നു. വലിയ കടബാധ്യത ഉണ്ടാക്കിയ കേസുകളില്‍ പെട്ടുഴലുകയായിരുന്നു അദ്ദേഹം. അന്ന് Disraeli ഗ്ലാഡ്‌സ്റ്റണെക്കുറിച്ച് 'Arch Villain' എന്നു വിശേഷിപ്പിച്ചപ്പോള്‍ ഗ്ലാഡ്‌സ്റ്റണ്‍ ഡിസ്‌റയേലിയെക്കുറിച്ചു പറഞ്ഞത്, 'Worst and most immoral minister' എന്നാണ്. Gladstone ഹോമറുടെ കൃതികളെക്കുറിച്ചു ഗവേഷണത്തിലേര്‍പ്പെട്ടപ്പോള്‍ Disraeli പൈങ്കിളി നോവല്‍ എഴുതി പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ നേതാവായാല്‍ പോര, സാഹിത്യനായകന്‍ കൂടിയാകണമെന്നതായിരുന്നു പൂതി!

ഡിസ്‌റയേലി നല്ല പ്രസംഗകനായിരുന്നു. വാക്കുകള്‍ അനര്‍ഗളം ഒഴുകും. അതില്‍ അതുവരെ കേട്ടിട്ടില്ലാത്ത വാക്കുകള്‍ പോലുമുണ്ടാവും. ഈ പ്രവാഹത്തെ നേരിടാന്‍ ഗ്ലാഡ്‌സ്റ്റണ്‍ വിഷമിച്ചു. അതുകൊണ്ടു തന്നെ കഴമ്പില്ലാത്തതാണു ഡിസ്‌റയേലിലൂടെ പ്രസംഗമെന്നും വാക്കുകള്‍ കൊണ്ടുള്ള കാടു സൃഷ്ടിക്കല്‍ എന്നതിനപ്പുറം അതില്‍ കഥയേതുമില്ലെന്നു പറയുമായിരുന്നു ഗ്ലാഡ്‌സ്റ്റണ്‍ 'Full of sound and fury, signifying nothing' എന്നു ഷേക്‌സ്പിയര്‍ പറഞ്ഞിട്ടില്ലേ, അതിലേതുപോലെ!

അങ്ങനെയിരിക്കുമ്പോഴാണ്, പാര്‍ലമെന്റിലെ ഒരു പ്രസംഗത്തില്‍ ഡിസ്‌റയേലി Catastrophe and calamity  എന്നു പ്രയോഗിച്ചത്. ഉടന്‍ ഒരു വടി കിട്ടിയാലെന്ന പോലെ  ഗ്ലാഡ്‌സ്റ്റണ്‍ എഴുന്നേറ്റു. വാക്കുകളുടെ അനാവശ്യമായ ആവര്‍ത്തനമാണ് ഡിസ്‌റയേലി നടത്തുന്നത് എന്നും Catastrophe എന്നു പറഞ്ഞു കഴിഞ്ഞാല്‍ calamity എന്നു പ്രയോഗിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു വാക്കുകള്‍ക്കും ഒരേ അര്‍ത്ഥമാണ്. അര്‍ത്ഥമില്ലാത്ത വാക്കുകളുടെ വെടിക്കെട്ടു സൃഷ്ടിച്ച് സഭയുടെ വിലപ്പെട്ട സമയം കളയരുത് - ഗ്ലാഡ്‌സ്റ്റണ്‍ പറഞ്ഞു.

ഡിസ്‌റയേലി ആകട്ടെ, തന്റെ ഭാഗം ഇങ്ങനെ ന്യായീകരിച്ചു. "രണ്ടു വാക്കുകളും ഒരേ അര്‍ത്ഥമുള്ളതാണെന്ന് ബുദ്ധിയില്ലാത്തവര്‍ക്കു തോന്നും. എന്നാല്‍, രണ്ടിനും രണ്ട് അര്‍ത്ഥച്ഛായകളുണ്ട്. ബുദ്ധിയുള്ളവര്‍ക്കേ അതു മനസ്സിലാവൂ!" എങ്കില്‍ ആ അര്‍ത്ഥ വ്യത്യാസങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തണമെന്നായി ഗ്ലാഡ്‌സ്റ്റണ്‍. അതിനെന്താ വിഷമം എന്നു ചോദിച്ച് ഡിസ്‌റയേലി തുടര്‍ന്നു:

"If Gladstone falls in to English Canal, that would be a catastrophe, and if somebody pulls out and rescues him, that I suppose, would be a calamity!"
സഭയാകെ ഒരു പൊട്ടിച്ചിരിയിലമര്‍ന്നു. അതിനു വീണ്ടും തിരികൊളുത്തും പോലെ ഡിസ്‌റയേലി തുടര്‍ന്നു! "സര്‍, catastrophe ഒരാളുടെ വ്യക്തി ജീവിതത്തെ മാത്രം ബാധിക്കുന്ന ദുരന്തമാണ്, എന്നാല്‍ calamity ഒരു സമൂഹത്തെയാകെ  ബാധിക്കുന്ന ദുരന്തമാണ്. ഗ്ലാഡ്‌സ്റ്റണ്‍ ഇംഗ്ലീഷ് കനാലില്‍ വീണാല്‍ അത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന ദുരന്തം! അവിടെ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതോ, നാടിനെയാകെ ബാധിക്കുന്ന ദുരന്തം!" ഏതായാലും തന്റെ മരണത്തെക്കുറിച്ചു നര്‍മ്മം കലര്‍ത്തിയാണെങ്കിലും ഇങ്ങനെ പറഞ്ഞ ഡിസ്‌റയേലി മരിച്ചപ്പോള്‍ ഗ്ലാഡ്‌സ്റ്റണ്‍ സംസ്‌കാരച്ചടങ്ങിനു പോയില്ല എന്നതു ചരിത്രം! ഏന്തോ മുടന്തന്‍ കാരണം പറഞ്ഞൊഴിഞ്ഞു. ഈ സംഭവകഥയിലെ catastrophe എന്ന വാക്കിനു പകരം ഡിസ്‌റയേലി പറഞ്ഞത് misfortune എന്നാണെന്നും ഇംഗ്ലീഷ് കനാല്‍ എന്നതിനു പകരം ഉപയോഗിച്ച വാക്ക് തെംസ് നദി എന്നാണെന്നും ഒരു പാഠഭേദം ഉണ്ട്. അതവിടെ നില്‍ക്കട്ടെ.

ആളുകളെ ഞെട്ടിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ട്. നമ്മുടെ ശശിതരൂര്‍ എം.പി. അതുപയോഗിച്ച് ഇടയ്ക്കിടെ നമ്മളെ ഞെട്ടിക്കാറുണ്ടല്ലോ.
അതിലേക്കു കടക്കും മുമ്പ് ചില രസകരമായ വാക്കുകള്‍ അവതരിപ്പിക്കട്ടെ. തുടര്‍ച്ചയായി ഒരേയക്ഷരം മൂന്നു തവണ ഇരട്ടിച്ചുവരുന്ന ഒരേയൊരു വാക്കേയുള്ളു ഇംഗ്ലീഷില്‍ - Book keeper!
 

mt എന്നീ രണ്ട് അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരേയൊരു വാക്കേയുള്ളു. ഇംഗ്ലീഷില്‍ - dreamt! Type writer ന്റെ കീബോര്‍ഡിലെ ഒരു വരിയിലെ അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ വാക്ക് Type writer എന്നതുതന്നെയാണ്!
 ഇന്നും ഉപയോഗിക്കപ്പെടുന്ന അതിദീര്‍ഘസ്ഥലനാമം
'Taumatawhakatangihangaoauauotameteaturipukakpikimaungahoronukupokaiwhenuakitanatahu' എന്നതാണ്. ന്യൂസിലാന്റിലെ ഒരു മലയുടെ പേരിലാണിത്.

വായനക്കാരെ ഭ്രമിപ്പിക്കണമെന്നു കരുതുന്ന എഴുത്തുകാരന് In the downstream of
'Taumatawhakatangihangaoauauotameteaturipukakpikimaungahoronukupokaiwhenuakitanatahu'   എന്നു പുസ്തകത്തിനു പേരു കൊടുക്കാവുന്നതാണ്.
നമുക്ക് ഞെട്ടിക്കുന്ന വാക്കുകളിലേക്കു വരാം.

'Floccinancinihilipilification' എന്നു ശശിതരൂര്‍ പ്രയോഗിച്ചപ്പോള്‍ ആരാണു ഞെട്ടാതിരുന്നത്? എന്തെങ്കിലും ഒന്നിന്റെ വില കുറച്ചു കാണുന്നതിനെയാണ് ഈ നാമപദം സൂചിപ്പിക്കുന്നത്.

പ്രസംഗങ്ങളില്‍ bombastic words ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ലോക പ്രശസ്തങ്ങളായ പ്രസംഗങ്ങളുടെ മുന്‍നിരയിലാണല്ലോ മാര്‍ക്ക് ആന്റണിയുടെ ചരമോപചാര പ്രസംഗം! ജൂലിയസ് സീസറുടെ വധത്തെ മുന്‍നിര്‍ത്തിയുള്ള ചരിത്ര പ്രധാന പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്:
 "Friends, Romans, Countrymen, lend me your ears, I come to bury Caesar not to praise him...." എത്ര ലളിതമാണ്!!

ആ പ്രസംഗം അതിലെ സവിശേഷതകൊണ്ട് എങ്ങനെ ജനമനസ്സു മാറ്റി എന്നറിയാന്‍ ഷേക്‌സ്പിയറിലേക്ക് തന്നെ  പോവുകയേ നമുക്കു  നിവൃത്തിയുള്ളു. 'And Brutus is an honourable man' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് ജനമനസ്സ് മാറ്റിയെടുത്തതിലെ ഇന്ദ്രജാലം ലാളിത്യത്തിന്റെതാണ്, സുതാര്യതയുടേതാണ്. (Julius Caesar Act III Scene 2)

ആ വഴി ഉപേക്ഷിച്ചു കഠിനപദങ്ങളിലേക്കു പോകാന്‍ താല്പര്യപ്പെടുന്നവര്‍ക്കായി ചില സങ്കീര്‍ണ പദങ്ങള്‍ ഇതാ. അര്‍ത്ഥവുമുണ്ട്. ഈവാക്കുകള്‍ കോര്‍ത്തു പ്രസംഗിക്കാം:

disapproving എന്നതിനുപകരം animadversion എന്നു പറയുക. trash നു പകരം brummagem എന്നു പറയുക. linked together എന്നുപറയേണ്ടിടത്ത് concatenated എന്നു പറയുക. disuse നെ desuetude കൊണ്ടു പകരം വെക്കുക. inciting എന്നതിനുപകരം hortatory എന്നുപയോഗിക്കുക. outer covering നെ integument കൊണ്ടും. reddish purple rock നെ porphyry കൊണ്ടും. revival നെ recrudescene കൊണ്ടും. magician നെ thaumaturgist കൊണ്ടും പകരം വെക്കുക.

ജനം ഭ്രമിച്ചവശരായിപ്പോകും. കൃത്യമായ അര്‍ത്ഥത്തിലുള്ള പര്യായങ്ങള്‍തന്നെയാണിവ. സംശയം വേണ്ട.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

പതിനാലാം ഭാഗം: അടിച്ചുപൊളിയുടെ ഇംഗ്ലീഷ്‌

പതിഞ്ചാം ഭാഗം ;സൂസനും മഴയും

പതിനാറാംഭാഗം: ഭൂതാവിഷ്ടം

പതിനേഴാം ഭാഗംനാനാജഗന്മനോരമ്യഭാഷ

പതിനെട്ടാം ഭാഗം: ഷേക്‌സ്‌പിയറുടെ സ്വന്തം വാക്കുകള്‍

പത്തൊമ്പതാം ഭാഗം: ഷേക്സ്പിയറും ശ്രീനാരായണഗുരുവും

ഇരുപതാം ഭാഗം: ജീവിച്ച വര്‍ഷവും വര്‍ഷിച്ച ജീവിതവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top