30 November Monday

ഇഎംഎസ്‌ ബുദ്ധികേന്ദ്രം; ദേശാഭിമാനി കലാപകാരി ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പഴയ സർക്കുലർ

ആർ ശിവപ്രസാദ്‌Updated: Monday Oct 12, 2020

ചാരുംമൂട്    
ഇരു നിറം. അഞ്ചടി രണ്ടര ഇഞ്ച്‌ ഉയരം. നെറ്റിയിൽ കറുത്തവര. മുഖത്തിന്റെ ഇടതുവശവും കഴുത്തിനും മുന്നിലും പിന്നിലും പാടുകൾ. വലതു കണംകാലിൽ വടു. നല്ല വിക്ക്‌. പേര്‌ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌... 1950ൽ കമ്യൂണിസ്‌റ്റ്‌‌ പാർടിയെ നിരോധിച്ച കാലത്ത്‌ ‘പിടികിട്ടാപുള്ളികളെ’ കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം  പൊലീസ്‌ സ്‌റ്റേഷനുകളിലേക്കയച്ച സർക്കുലറിലാണ്‌ ഇഎംഎസിനെക്കുറിച്ചുള്ള ഈ വിവരണം. പാർടിയുടെ കേരളത്തിലെ ബുദ്ധി കേന്ദ്രം എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിനൊപ്പം ചിത്രവുമുണ്ട്‌. 

ഇഎംഎസ്‌, കേരളീയൻ, എൻ സി ശേഖർ...
ഇംഗ്ലീഷിലുള്ള ഈ  50 പേജുള്ള‌ സർക്കുലറിൽ ഇഎംഎസ്‌ ഉൾപ്പെടെ 47 നേതാക്കളുടെ ചിത്രവും ചരിത്രവുമാണുള്ളത്‌. ഒപ്പം ദേശാഭിമാനിയെക്കുറിച്ചും പരാമർശങ്ങളുമുണ്ട്‌.  നേതാക്കളുടെ പ്രവർത്തന മേഖല, സ്ഥലം, വിദ്യാഭ്യാസ യോഗ്യത, ബന്ധുക്കളുടെ വിവരങ്ങൾ,  ശരീരസവിശേഷത, അടയാളങ്ങൾ, ഉയരം എന്നിവയെല്ലാം വിശദീകരിക്കുന്നു. നേതാക്കൾ ഒളിവിൽ ഇരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും ചൂണ്ടിക്കാട്ടുന്നു.

കേരളീയരായ എൻ ചന്ദ്രശേഖരപിള്ളയെന്നും എൻ സി നായരെന്നും പേരുകളുള്ള എൻ സി ശേഖർ, കടയപുരത്ത് ആദി കേരളീയനെന്നും കുഞ്ഞപ്പ നമ്പ്യാരെന്നും അറിയപ്പെടുന്ന കെ എ കേരളീയൻ, ബാബുവെന്ന എം എസ് ദേവദാസ്, എസ് സുബ്രഹ്മണ്യ ശർമ, എൻ കെ ക‌ൃഷ്‌ണൻ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്‌. ജ്യോതിബസു, ബി ടി രണദിവെ , പി രാമമൂർത്തി, എം ബാസവപുന്നയ്യ ,ഗോദാവരി പരുലേക്കർ, ഭർത്താവ് ശ്യാം വിഷ്ണു ഭാസ്കർ പരുലേക്കർ , ഡോ.ജി എം അധികാരി, സി രാജേശ്വര റാവു തുടങ്ങിയ പ്രമുഖരുടെ വിവരണവുമുണ്ട്.


 

ജനപക്ഷത്ത്‌ ദേശാഭിമാനി
എം എസ് ദേവദാസിനെക്കുറിച്ചുള്ള ഭാഗത്ത് ദേശാഭിമാനിയെക്കുറിച്ചാണ് ഏറെ പരാമർശം. ബി എ പാസായി മലയയിലേക്ക് അധ്യാപകനായി പോയ ഇദ്ദേഹം 1942ൽ തിരികെയെത്തി ദേശാഭിമാനിയിൽ ലേഖനം എഴുതാനാരംഭിച്ചു. 1944ൽ പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റു. ദേശാഭിമാനിയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്ന കാർട്ടൂണുകളും ലേഖനങ്ങളും സർക്കാരിനോടുള്ള  ജനങ്ങളുടെ എതിർപ്പ്‌ വർധിപ്പിച്ചു. ഒപ്പം  കലാപത്തിന്‌ പ്രേരിപ്പിക്കുന്നതായും പറയുന്നു. കാർഷിക പ്രശ്നങ്ങളേറ്റെടുത്ത തീവ്രനിലപാടുകളുള്ളയാൾ എന്നാണ്‌ കെ എ കേരളീയനെ കുറിച്ചുള്ള വിവരണം. 1937ൽ അണ്ണാമലയിൽ വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കമ്യൂണിസ്റ്റ്  പ്രവർത്തനങ്ങളിൽ എസ് സുബ്രഹ്മണ്യ ശർമ വാപ്യതനായിരുന്നുവെന്ന് രേഖയിൽ പറയുന്നു. 

ബ്രിട്ടീഷ് ഇന്ത്യയിലും തുടർന്നും തൊഴിലാളി - കർഷകാദി ബഹുജനങ്ങളെ സംഘടിപ്പിച്ച് അവകാശ ബോധമുള്ളവരാക്കി മാറ്റുന്നുവെന്നാണ് നേതാക്കൾക്കെതിരായ കുറ്റകൃത്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണിതിന് പിന്നിലെന്നും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top