01 February Wednesday

എല്ലാം ‘ശ്രീദേവി’ പറഞ്ഞതുപ്രകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2022


കൊച്ചി  
ആഭിചാരക്കൊല ആസൂത്രണം ചെയ്‌തത്‌ ഒന്നാംപ്രതി മുഹമ്മദ്‌ ഷാഫി ‘ശ്രീദേവി’ എന്നപേരിൽ ഫെയ്‌സ്‌ബുക്കിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലൂടെ. ശ്രീദേവിയായി ഫെയ്‌സ്‌ബുക് മെസഞ്ചറിലൂടെ നിരന്തരം ചാറ്റ്‌ ചെയ്‌ത്‌ റഷീദ്‌ എന്ന മറ്റൊരു പേരിൽ ഭഗവൽസിങ്ങിൽ നിന്ന്‌  പലപ്പോഴായി ഷാഫി പണവും കൈപ്പറ്റി.

തട്ടിപ്പ്‌ ലക്ഷ്യമിട്ടാണ്‌ ‘ശ്രീദേവി’യായി ഷാഫി വ്യാജ അക്കൗണ്ട്‌ തുടങ്ങിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കവി എന്ന നിലയിൽ ഫെയ്‌സ്‌ബുക്കിൽ സജീവമായിരുന്ന ഭഗവൽസിങ് ശ്രീദേവിയുമായി ചങ്ങാത്തം സ്ഥാപിച്ചതോടെ ഷാഫി ആസൂത്രണം തുടങ്ങി. സുഹൃത്തുക്കളായി തുടങ്ങിയ ചാറ്റിങ് മെല്ലെ ലൈംഗികകാര്യങ്ങളിലേക്ക്‌ നീങ്ങി. യൗവനം നിലനിർത്താനുള്ള മാർഗങ്ങൾ, കുടുംബത്തിന്‌ ഐശ്വര്യവും സമ്പത്തുമുണ്ടാക്കാനുള്ള പൂജാവിധികൾ എന്നിവ ശ്രീദേവി നിർദേശിച്ചു. ഇതിന്‌ പണം കുറേ ചെലവഴിക്കേണ്ടിവരുമെന്നും പറഞ്ഞു. ഈ സമയത്താണ്‌ കൊച്ചിയിലുള്ള സിദ്ധനായി റഷീദ്‌ എന്ന പേരിൽ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്‌ക്കും മുന്നിൽ ഷാഫിയെ ‘ശ്രീദേവി’ അവതരിപ്പിച്ചത്‌. റഷീദ്‌ വഴി തനിക്കുണ്ടായ നേട്ടങ്ങളും ശ്രീദേവി വിവരിച്ചതോടെ ഭഗവൽസിങ്ങിന്‌ വിശ്വാസമായി.

പൂജയ്‌ക്കായി പണം വേണമെന്നും അതിന്‌ റഷീദിനെ അയക്കാമെന്നും പറഞ്ഞു. പലപ്പോഴായി ഇത്തരത്തിൽ റഷീദ്‌ എന്ന പേരിൽ ഷാഫി നേരിട്ടെത്തി പണം കൈപ്പറ്റി. ദമ്പതികൾ തന്റെ വഴിക്ക്‌ നീങ്ങുന്നെന്ന്‌ ഉറപ്പായതോടെയാണ്‌ ആഭിചാരക്കൊല നടത്താൻ ശ്രീദേവിയിലൂടെ റഷീദ്‌ നിർദേശം നൽകിയത്‌. പൊലീസ്‌ കാര്യങ്ങൾ വിശദീകരിക്കുന്നതുവരെ ശ്രീദേവിയും റഷീദും ഷാഫി തന്നെയാണെന്ന കാര്യം  ദമ്പതികൾ അറിഞ്ഞിരുന്നില്ല.

റോസിലിയെ കൊലപ്പെടുത്തിയശേഷം ഏതാനും ആഴ്‌ചകളോളം ശ്രീദേവി ചാറ്റ്‌ ചെയ്‌തില്ല. കൊലപാതകം പുറത്തറിഞ്ഞിട്ടില്ലെന്ന്‌ ഉറപ്പായശേഷമാണ്‌ പിന്നീട്‌ ചാറ്റ്‌ തുടർന്നത്‌. പത്മയുടെ കൊലപാതകത്തിനു ശേഷവും ചാറ്റിൽ പ്രത്യക്ഷപ്പെട്ടില്ല. പൊലീസ്‌ പിടിയിലായപ്പോഴും ശ്രീദേവിയെയും റഷീദിനെയുംകുറിച്ച്‌ ദമ്പതികൾക്ക്‌  മതിപ്പായിരുന്നു.ചോദ്യം ചെയ്യലിൽ ഇരുവരും നല്ലവരാണെന്ന്‌ ലൈല ആവർത്തിച്ചുപറഞ്ഞതായും പൊലീസ്‌ പറഞ്ഞു.

മനുഷ്യമാംസം 
കഴിച്ചു ?
ആഭിചാരക്കൊലക്കേസിൽ രണ്ടാംപ്രതി ഭഗവൽസിങ്ങും മൂന്നാംപ്രതി ലൈലയും, കൊല്ലപ്പെട്ട റോസിലിയുടെ മാംസം പാകം കഴിച്ചതായി പൊലീസ്‌ സംശയിക്കുന്നു.  ഷാഫിയുടെ നിർദേശപ്രകാരമാണിത്. ഇതിന്റെ വിവരം ലഭിച്ചെങ്കിലും തെളിവ്‌ കിട്ടിയിട്ടില്ലെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു.

ആഭിചാരക്രിയകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന നിരവധി പുസ്‌തകം ഭഗവൽസിങ്ങിന്റെ വീട്ടിൽ കണ്ടെത്തി. ലൈലക്ക്‌ വായിക്കാൻ ഷാഫി നൽകിയതെന്ന്‌ കരുതുന്ന  ഈ പുസ്തങ്ങളിൽ കൊലനടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌.
ആഭിചാരക്കൊലയ്‌ക്കുമുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ കൈക്കലാക്കിയ ഷാഫി ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയംവച്ചു. ഇതും അന്വേഷിക്കുന്നുണ്ട്‌.

 

ഷാഫി ലൈംഗിക 
വൈകൃതത്തിന്‌ അടിമ
ആഭിചാരക്കൊലക്കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഗുരുതര ലൈംഗികവൈകൃതത്തിന്‌ അടിമ. ഇയാൾ സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച്‌ ലൈംഗികസുഖം കണ്ടെത്തുമായിരുന്നു. ആളുകളെ കബളിപ്പിച്ചാണ്‌ വലയിലാക്കിയിരുന്നതെന്നും എറണാകുളം സിറ്റി പൊലീസ്‌ കമീഷണർ സി എച്ച് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്മയുടെയും റോസിലിയുടെയും ജനനേന്ദ്രിയത്തിൽ ഒരേരീതിയിലാണ്‌ മുറിവേൽപ്പിച്ചത്‌. ജീവനോടെയായിരുന്നു ക്രൂരത.  2020 ആഗസ്‌ത്‌ അഞ്ചിന്‌ പുത്തൻകുരിശിൽ എഴുപത്തഞ്ചുകാരിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചതും ഇവരുടെ ജനനേന്ദ്രിയത്തിൽ  മുറിവേൽപ്പിച്ചായിരുന്നു. കൂടുതൽ വിവരം പരിശോധിക്കുകയാണെന്നും കമീഷണർ പറഞ്ഞു.

ആറാംക്ലാസും ഗുസ്‌തിയും
ആറാംക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള മുഹമ്മദ് ഷാഫിക്കെതിരെ 10 കേസുണ്ട്. 16–-ാംവയസ്സിൽ വീടുവിട്ടിറങ്ങിയ ഇയാൾ ചെയ്യാത്ത ജോലിയില്ല. ഹോട്ടൽ നടത്തിപ്പ്, ലോറി ഡ്രൈവർ, മെക്കാനിക്ക്‌ ഇങ്ങനെ പല ജോലികൾ വിവിധസ്ഥലങ്ങളി‍ൽ താമസിച്ച്‌ ചെയ്തു. എറണാകുളത്ത്‌ ഗാന്ധിനഗറിൽ താമസിക്കുമ്പോഴായിരുന്നു കൊലപാതകങ്ങൾ.
 

ഓർക്കുന്നില്ല,  
അറിയില്ല
ആദ്യ ചോദ്യം ചെയ്യലിൽഒഴിഞ്ഞുമാറി മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി. എന്നാൽ, കൊച്ചി ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തിൽ പൊലീസ്‌ സംഘം രാപകൽ ചോദ്യം ചെയ്യൽ തുടർന്നു. ഉത്തരം നൽകാതെ കുഴപ്പിക്കാനായിരുന്നു ശ്രമം. ‘ഓർക്കുന്നില്ല, അറിയില്ല’ എന്നിങ്ങനെയുള്ള മറുപടികൾ മാത്രം. ഇതിനിടെ പത്മയുടെ മൊബൈൽ ഫോൺ സിഗ്നൽ തിരുവല്ല ഇലന്തൂരിൽ ഓഫായതായി മനസ്സിലാക്കി. തുടർന്നുള്ള അന്വേഷണം ഭഗവൽസിങ്ങിലും ഭാര്യയിലുമെത്തി. ഇരുവർക്കും ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനായില്ല. അതോടെ ഷാഫിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ദമ്പതികൾ പറഞ്ഞ വിവരങ്ങൾവച്ച് ചോദ്യം ചെയ്‌തപ്പോഴും ഷാഫി സഹകരിച്ചില്ല. ഒടുവിൽ  മൂവരേയും ഒരുമിച്ചിരുത്തിയപ്പോൾ കേസിന്റെ ചുരുളഴിഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ചത്‌ കത്തിയും വെട്ടുകത്തിയുമാണെന്ന്‌ കണ്ടെത്തി. ഭഗവൽസിങ്ങിന്റെ  കടബാധ്യതകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.  ദമ്പതികളിൽനിന്ന്‌ കൈപ്പറ്റിയ പണം ഷാഫി എങ്ങനെ ചെലവാക്കിയെന്നതും പരിശോധിക്കുന്നു.

ആഭരണം ഷാഫി കൈക്കലാക്കി
ആഭിചാരക്കൊലക്കേസിലെ ഒന്നാംപ്രതി മുഹമ്മദ്‌ ഷാഫി കൊല്ലപ്പെട്ട പത്മയുടെ അഞ്ചുപവൻ ആഭരണവും കൈക്കലാക്കി. പൂജയ്‌ക്കായും മറ്റും ഭഗവൽസിങ്ങിൽനിന്ന്‌ എത്ര പണം കൈപ്പറ്റിയിട്ടുണ്ടെന്ന്‌ അന്വേഷിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. റോസിലിയുടെ പക്കൽ ആഭരണം ഉണ്ടായിരുന്നില്ലെന്നാണ്‌ നിഗമനം.

രണ്ട്‌ കേസും 
ഒരുമിച്ച്‌ അന്വേഷിക്കും
ആഭിചാരക്കൊലയിലെ രണ്ടു കേസും ഒരുമിച്ച് അന്വേഷിക്കും. കൊച്ചി സിറ്റി ഡിസിപിക്കാണ്‌ മേൽനോട്ടചുമതല. സമാനരീതിയിൽ മറ്റേതെങ്കിലും സ്ത്രീകളെ കാണാതായതും പരിശോധിക്കും. റോസിലിയെ കാണാനില്ലെന്ന പരാതിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഏറെ വൈകിയാണ്‌ പരാതി ലഭിച്ചതെന്നും കമീഷണർ പറഞ്ഞു.

ലൈലക്ക്‌ ഭക്തി കൂടിയത് 
രണ്ടാംവിവാഹശേഷം
വിവാഹശേഷമാണ് ലൈലയുടെ ഭക്തിയും വിശ്വാസവും കൂടിയതെന്ന്‌ സഹോദരൻ. രണ്ടും മൂന്നും മാലയും കൈയിൽ നിറയെ ചരടും കെട്ടുമായിരുന്നു. എതിർക്കുമ്പോൾ  ലൈല മറുത്ത്  സംസാരിക്കുന്നതിനാൽ പിന്നീട് ഒന്നും പറഞ്ഞില്ല. 2020 ഒക്ടോബറിൽ അമ്മ മരിച്ച്‌, അതിന്റെ ചടങ്ങുകൾ  കഴിഞ്ഞപ്പോൾ ദോഷമുണ്ടെന്നും പരിഹാരക്രിയ നടത്തിയില്ലെങ്കിൽ കുടുംബത്തിൽ അ‍ഞ്ച് മരണം ഉണ്ടാകുമെന്നും ലൈല പറഞ്ഞു. ലൈലയും ഭർത്താവും മകനും ഒരു സഹോദരനും ചേർന്ന് ചടങ്ങ് നടത്തി. യോജിപ്പില്ലാതിരുന്നതിനാൽ സഹകരിച്ചില്ല. അതോടെ അകന്നു, യാതൊരുബന്ധവുമില്ല. ശാരീരിക അസ്വസ്ഥകളുള്ള സഹോദരന് വിട്ടു നൽകിയ കുടുംബവീട് പിന്നീട്‌ ലൈലയുടെ മകന്റെ പേരിലേക്ക്  മാറ്റി. ലൈലയുടെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. അയാൾ മുങ്ങിമരിച്ചതിനുശേഷമാണ്‌, ആദ്യ ഭാര്യയുമായി പിരിഞ്ഞുനിൽക്കുന്ന ഭ​ഗവൽസിങ്‌ ലൈലയെ വിവാഹം ചെയ്തത്.  സാമ്പത്തിക ബാധ്യതയുള്ളതായി അറിവില്ല.  ലൈലയടക്കം അഞ്ചുപേരിൽ മൂത്ത ആൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഒരു സഹോദരി പുണെയിലുമാണ്.

വിഷാദരോഗിയെന്ന്‌ ലൈല
പ്രതികളെ 26 വരെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി റിമാൻഡ് ചെയ്തു. പ്രതികൾ സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന്‌ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടുതൽ ഇരകളുണ്ടോയെന്ന്‌ കണ്ടെത്തണം. പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്‌റ്റെന്ന്‌ പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. ബി എ ആളൂർ പറഞ്ഞു. താൻ വിഷാദരോഗിയാണെന്ന് ലൈല കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട്‌ പൊലീസ്‌ അപേക്ഷ നൽകും. ബുധനാഴ്ച കോടതിയിൽനിന്ന്‌ പുറത്തിറക്കുന്നതിനിടെ "നരഭോജികൾ' എന്ന്‌ വിളിച്ച്‌ ബഹളമായതോടെ പണിപ്പെട്ടാണ്‌ പൊലീസ്‌ പ്രതികളെ ജീപ്പിലേക്ക്‌ കയറ്റിയത്‌.

ഭ​ഗവല്‍സിങ്ങിന്‌ 
ജ്യോതിഷിവേഷവും
ആഭിചാരക്കൊലയിൽ പ്രതിയായ ഭഗവൽസിങ് ജ്യോതിഷിയായും പ്രവർത്തിച്ചതായി ബന്ധുക്കൾ പറഞ്ഞു. വിവിധ ആളുകളുടെ നക്ഷത്രം നോക്കി കർമം ചെയ്യാൻ നിർദേശിക്കാറുണ്ടായിരുന്നു. പാരമ്പര്യമായി  വൈദ്യകുടുംബമായിരുന്ന ഇയാൾ കോഴഞ്ചേരി സെന്റ്തോമസ് കോളേജിലെ ഡിഗ്രി പഠനശേഷമാണ്‌ ജ്യോതിഷ രംഗത്തേക്ക്‌  പ്രവേശിച്ചത്‌. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. നേഴ്‌സായ ഇവർ കുടുംബസമേതം ഗൾഫിലാണ്‌. ലൈലയിൽ ജനിച്ച മകൻ രണ്ടുവർഷം മുമ്പാണ്‌ വിദേശത്തേക്ക്‌ പോയത്‌. വളരെ ഉൾവലിഞ്ഞ്  കഴിയുന്ന  പ്രകൃതക്കാരനായ ഭഗവൽസിങ്‌ അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

നിർണായകമായി സിസിടിവി ദൃശ്യം
ആഭിചാരക്കൊല പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായത്‌ സിസിടിവി ദൃശ്യം. പത്മയെ കാണാതായ പരാതി ലഭിച്ചതിനുപിന്നാലെ നാൽപ്പത്‌ കേന്ദ്രത്തിലെ സിസിടിവി ദൃശ്യം പൊലീസ്‌ പരിശോധിച്ചിരുന്നു. ലോട്ടറി വിൽപ്പനക്കാരിൽനിന്നാണ്‌ മുഹമ്മദ്‌ ഷാഫിയെപറ്റി വിവരം കിട്ടിയത്‌. പത്മ ലോട്ടറി വിൽപ്പന നടത്തുന്ന ദൃശ്യം പലയിടത്തുനിന്നും ലഭിച്ചു. ഇവരെ കാണാതായ 26ന്‌ പകൽ പത്തരയോടെ ചിറ്റൂർ റോഡിൽനിന്ന്‌ കാറിൽ കയറിയതായി കണ്ടെത്തി. ഇതിന്റെ 100 മീറ്റർ അകലെയാണ്‌ ഷാഫിയുടെ ഭക്ഷണശാല. രാവിലെ പത്മ ആ കടയിൽനിന്നിറങ്ങുന്ന  ദൃശ്യവും ലഭിച്ചു. കാറിന്റെ ഉടമയെ തിരിച്ചറിയാൻ  ഗാന്ധിനഗറിൽ ഷാഫിയുടെ അയൽവീട്ടിലെ സിസിടിവി പരിശോധിച്ച്‌ ഉറപ്പിച്ചു.

കാർ പോയ വഴിതേടിയായി പിന്നത്തെ അന്വേഷണം. കൊച്ചിയിൽനിന്ന്‌ തിരിച്ച കാർ കുമ്പളം ടോൾ പ്ലാസയിലെത്തിയില്ല. എന്നാൽ അരൂരിൽ കണ്ടു. ടോളിലെ സിസിടിവി വെട്ടിക്കാൻ കുണ്ടന്നൂരിൽനിന്ന്‌ തോപ്പുംപടി വഴിയാണ്‌ ഷാഫി സഞ്ചരിച്ചത്‌. അരൂരിലെത്തിയ കാർ പത്തനംതിട്ടവരെ റോഡിലെ ദൃശ്യങ്ങൾ ശേഖരിച്ചു. പത്മയുടെ മൊബൈൽഫോൺ ലൊക്കേഷനും കോൾ വിശദാംശവും  പൊലീസ്‌ ശേഖരിച്ചിരുന്നു. ഇത്‌ പിന്തുടർന്ന്‌ പൊലീസെത്തിയത്‌ ഇലന്തൂരിൽ. രണ്ടാംപ്രതി ഭഗവൽസിങ്ങിന്റെ വീടിനടുത്തുള്ള തൊടുപുഴ സ്വദേശിയുടെ വീട്ടിലെ സിസിടിവിയിൽ കാര്യങ്ങൾ വ്യക്തമായി. വൈകിട്ടോടെ വാഹനം ഭഗവൽസിങ്ങിന്റെ വീട്ടിലെത്തി രാത്രി വൈകി മടങ്ങി. 27ന്‌ രാവിലെയാണ്‌ ഷാഫി തിരിച്ച്‌ കൊച്ചിയിലെത്തിയത്‌.

അതോടെ ഇയാൾ പൊലീസ്‌ നിരീക്ഷണത്തിലായി. ആറന്മുള പൊലീസ്‌ ഭഗവൽസിങ്ങിന്റെ വീടും നിരീക്ഷണത്തിലാക്കി. ഷാഫിയുടെ ഭക്ഷണശാലയിലെ ജോലിക്കാരെയും ചോദ്യം ചെയ്‌തു. ഷാഫി പറഞ്ഞതിലെ പൊരുത്തക്കേട്‌ ഇതോടെ പുറത്തായി. തുടർന്ന്‌ കഴിഞ്ഞ ഒമ്പതിന്‌ കൊച്ചിയിൽനിന്നുള്ള പൊലീസ്‌ സംഘം ഇലന്തൂരെത്തി ഭഗവൽസിങ്ങിനെയും ഭാര്യയെയും ചോദ്യം ചെയ്‌തതോടെ എല്ലാം മറനീക്കി പുറത്തായി.

ആഭിചാരക്കൊല നടന്ന ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിൽ റോസിലിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലം മൊബൈൽഫോണിൽ 
പകർത്തുന്ന നാട്ടുകാരൻ

ആഭിചാരക്കൊല നടന്ന ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിൽ റോസിലിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലം മൊബൈൽഫോണിൽ 
പകർത്തുന്ന നാട്ടുകാരൻ

 

നാൾവഴി
ജൂൺ 8: കാലടി മറ്റൂരിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന റോസിലിയെ കാണാതായി.
ആഗസ്‌ത്‌ 18: റോസിലിയെ കാണാനില്ലെന്ന്‌ മകൾ മഞ്‌ജു കാലടി പൊലീസിൽ പരാതി നൽകി.
സെപ്‌തംബർ 26: എറണാകുളം ചിറ്റൂർ റോഡിൽ കൃഷ്‌ണ ആശുപത്രി പരിസരത്തുനിന്ന്‌ പത്‌മയെ ഒന്നാംപ്രതി ഷാഫി കാറിൽ കയറ്റിക്കൊണ്ടുപോയി.  വൈകിട്ട്‌ നാലോടെ ഭഗവൽസിങ്ങിന്റെയും ലൈലയുടെയും വീട്ടിലെത്തിച്ച്‌  കൊന്നു. രാത്രി ഷാഫി കൊച്ചിക്ക്‌ മടങ്ങി.
സെപ്‌തംബർ 27:  പത്‌മയെ കാണാനില്ലെന്ന്‌ സഹോദരി പളനിയമ്മ കടവന്ത്ര പൊലീസിൽ പരാതി നൽകി.
ഒക്‌ടോബർ 9:  പൊലീസ്‌ ഇലന്തൂരിലെത്തി ഭഗവൽസിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്‌തു.
ഒക്‌ടോബർ 11 : രാവിലെ 10.06ന്‌  ഷാഫിയും പകൽ 3.15ന്‌ ഭഗവൽസിങ്ങും ലൈലയും അറസ്‌റ്റിലായി.  മൃതദേഹാവശിഷ്‌ടങ്ങൾ ഭഗവൽസിങിന്റെ വീട്ടുവളപ്പിൽനിന്ന്‌ വൈകിട്ട്‌ കണ്ടെടുത്തു. അർധരാത്രിയോടെ പ്രതികളെ കൊച്ചിയിൽ എത്തിച്ചു.
ഒക്‌ടോബർ 12: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top