06 December Monday

കര്‍സേവയുമായി കേന്ദ്ര ഏജന്‍സികള്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


ന്യൂഡൽഹി
ഇഡി, സിബിഐ, ആദായനികുതി വകുപ്പ്‌, എൻഐഎ‌ ‌എന്നിവ ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ കര്‍സേവകരായി. മൂന്നു വർഷത്തിനിടയില്‍ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ‘പ്രത്യേക തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി’ പരിശോധിക്കാം.

മഹാരാഷ്ട്ര
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്നേ, 2019 സെപ്‌തംബറിൽ എൻസിപി അധ്യക്ഷൻ ശരദ്‌ പവാറിനെയും മരുമകന്‍ അജിത്‌ പവാറിനെയും ഇഡി നോട്ടമിട്ടു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ ശരദ്‌ പവാറിനെ വിളിപ്പിച്ചു.  പ്രവർത്തകര്‍ക്കൊപ്പം റാലിയായി ഇഡി ഓഫീസിൽ എത്താമെന്ന് പവാര്‍ അറിയിച്ചതോടെ ഇഡി ചോദ്യംചെയ്യൽ മാറ്റി. ‌എംഎൻഎസ്‌ അധ്യക്ഷൻ രാജ്‌ താക്കറേയെ സമാന കേസിൽ 2019 ആഗസ്‌തിൽ ‌ ഇഡി ചോദ്യംചെയ്‌തു.

കർണാടകം
2017 ആഗസ്‌തില്‍ മന്ത്രിയായ ഡി കെ ശിവകുമാറുമായി ബന്ധമുള്ള 70 ഇടത്ത് ആദായനികുതി വകുപ്പ്‌ റെയ്ഡ്. ഗുജറാത്ത്‌ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റം തടയാൻ കോൺഗ്രസ്‌ എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിൽ പാര്‍പ്പിക്കാന്‍ ശിവകുമാർ നേതൃത്വം നൽകിയതിനു പിന്നാലെയാണ്‌ ഇത്. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ് പിന്നീട് ഉദ്യോ​ഗസ്ഥരെത്തിയത്. 2019ൽ  ഇഡി ശിവകുമാറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. സിബിഐയും കേസെടുത്തു.

രാജസ്ഥാൻ
സച്ചിൻ പൈലറ്റിന്റെ വിമതനീക്കത്തില്‍ കോണ്‍​ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയിലായപ്പോൾ, മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ അടുപ്പക്കാരായ രാജീവ്‌ അറോറ, ധർമേന്ദ്ര റാത്തോഡ്‌ എന്നിവരുടെ വീടുകളിലും മറ്റും ആദായനികുതി വകുപ്പും ഇഡിയും റെയ്ഡ് നടത്തി. പൊലീസ്‌ ഉദ്യോഗസ്ഥൻ വിഷ്‌ണുദത്ത്‌ ബിഷ്‌ണോയ്‌ ആത്മഹത്യ ചെയ്‌ത കേസിൽ കോൺഗ്രസ്‌ എംഎൽഎ ഒളിമ്പ്യൻ കൃഷ്‌ണ പൂനിയയെ കഴിഞ്ഞ ജൂലൈയിൽ സിബിഐ ചോദ്യംചെയ്‌തു. മുഖ്യമന്ത്രിയുടെ സഹോദരൻ അഗ്രസെൻ ഗെലോട്ടിനെ വളം അഴിമതിക്കേസിൽ ഇഡി ചോദ്യംചെയ്‌തു.

മധ്യപ്രദേശ്‌
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌, അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അടുപ്പക്കാരുടെ 52 ഇടത്ത്‌ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി.

ഛത്തീസ്‌ഗഢ്‌
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌, 2018ല്‍ അന്നത്തെ പിസിസി അധ്യക്ഷൻ ഭൂപേഷ്‌ ബാഗലിന്റെ പേരിൽ  സിബിഐ കേസെടുത്തു.

തമിഴ്‌നാട്‌
കഴിഞ്ഞ സെപ്‌തംബറിൽ ഡിഎംകെ നേതാവ്‌ പൂഞ്ചോലൈ‌ ശ്രീനിവാസന്റെയും ഏതാനും ബാങ്ക്‌ ഉദ്യോഗസ്ഥരുടെയും പേരിൽ സിബിഐ കേസെടുത്തു. ഡിഎംകെ എംപി ജഗത്‌രക്ഷകന്റെയും കുടുംബത്തിന്റെയും 89 കോടിയുടെ വസ്‌തുവകയും മറ്റൊരു എംപി ഗൗതം ശിഖമണിയുടെ 8.6 കോടിയുടെ സ്വത്തും ഇഡി പിടിച്ചെടുത്തു. ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിന്റെ മകൾ സെന്താമരയുടെയും മരുമകൻ ശബരീശന്റെയും സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌.

ആന്ധ്രപ്രദേശ്‌
നിയമസഭാ തെരഞ്ഞടുപ്പിനു തൊട്ടുമുമ്പ്‌, ടിഡിപി എംപിയും വ്യവസായിയുമായ വൈ എസ്‌ ചൗധരിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്‌. തെരഞ്ഞെടുപ്പിനുശേഷം ചൗധരി ബിജെപിയിൽ ചേർന്നു. ടിഡിപി എംപി സി എം രമേശനും ആദായനികുതി വകുപ്പ്‌ അന്വേഷണം തുടങ്ങിയതോടെ ബിജെപിയിൽ എത്തി.

ജമ്മു–-കശ്‌മീർ
പിഡിപി നേതാവ്‌ വഹീദുർ റഹ്‌മാന്‍  ജമ്മുകശ്‌മീർ ജില്ല വികസന കൗൺസിൽ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ഭീകരബന്ധംആരോപിക്കപ്പെട്ട് അറസ്‌റ്റിലായി. മത്സരിക്കാൻ പത്രിക നൽകിയശേഷമാണ്‌  എൻഐഎയുടെ അറസ്റ്റുണ്ടായത്. ജയിലിൽ കിടന്ന്‌ മത്സരിച്ച് ജയിച്ചു. ജാമ്യം കിട്ടിയെങ്കിലും രഹസ്യാന്വേഷണവിഭാഗം അറസ്‌റ്റുചെയ്‌തു. ഇപ്പോഴും ജയിലില്‍. രാഷ്ട്രീയ പാർടികൾ രൂപീകരിച്ച ഗുപ്‌കാർ സഖ്യത്തിന്റെ അധ്യക്ഷനായി ഫാറൂഖ്‌ അബ്ദുള്ളയെ തെരഞ്ഞെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു.

ബംഗാൾ
മുകുൾ റോയ്‌ നിരവധി നിരവധി നേതാക്കളെ കേസിൽ കുടുക്കി തൃണമൂലിൽ നിന്ന്‌ ബിജെപിയിലേക്ക്‌ ചാടിച്ചു. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക്‌ ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെ കൽക്കരിക്കേസില്‍ കഴിഞ്ഞമാസം സിബിഐ ചോദ്യംചെയ്‌തു. ചിട്ടി തട്ടിപ്പുകേസിൽ മന്ത്രി പാർഥ ചാറ്റർജി, മുൻമന്ത്രി മദൻമിത്ര എന്നിവർക്ക്‌ ഇഡി സമൻസ്‌. ടിഎംസി സ്ഥാനാർഥി വിവേക്‌ ഗുപ്‌തയെ കഴിഞ്ഞമാസം ചിട്ടി തട്ടിപ്പുകേസിൽ ഇഡി ചോദ്യംചെയ്‌തു.

ഹരിയാന
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഭൂപീന്ദർസിങ്‌ ഹൂഡയുടെ പേരിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ‌ കേസെടുത്തു. മനേസർ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട്‌ സിബിഐയും കേസെടുത്തു.

പഞ്ചാബ്
കാർഷിക നിയമങ്ങൾക്കെതിരായി പഞ്ചാബ്‌ നിയമസഭ ബിൽ പാസാക്കിയതിനു പിന്നാലെ‌ നവംബറിൽ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്ങിന്റെ മകൻ റനീന്ദർസിങ്ങിനെ വിദേശ നാണ്യ വിനിമയ കേസിൽ ഇഡി ചോദ്യംചെയ്‌തു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top