27 March Monday

സാമ്പത്തിക 
അവലോകന 
റിപ്പോർട്ട് 2021-2022

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
2022–-23 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലും മേഖലകളിലും ശക്തമായ മുന്നേറ്റം. ആരോഗ്യ, ക്ഷേമ, വ്യാവസായിക, വിനോദ സഞ്ചാര രംഗങ്ങളിൽ അടക്കം ലക്ഷ്യമിട്ടവിധം നേട്ടമുണ്ടാക്കി. ദീർഘകാല പദ്ധതികൾക്ക്‌ തുടക്കമിടാനും സാങ്കേതിക തടസ്സങ്ങൾമൂലം തുടങ്ങാനാകാത്തവ വേഗത്തിലാക്കാനുമാണ്‌ സർക്കാർ ശ്രമം. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയാൻ 2000 കോടി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്നു. സൗജന്യ അരിയുൾപ്പെടെ റേഷൻകടകൾ വഴി സാധനങ്ങൾ ലോഭമില്ലാതെ വിതരണം നിർവഹിച്ചു. വാതിൽപ്പടി റേഷൻ വിതരണ സമ്പ്രദായവും പിന്നോക്കമേഖലയ്ക്കും കോളനികൾക്കും സഹായകമായി. സർവകലാശാലകൾക്ക്‌ 200 കോടി പ്രത്യേകം വകയിരുത്തി. സ്റ്റാർട്ടപ്‌ രംഗത്തും കുതിച്ചുകയറ്റമുണ്ടായി.

വ്യാവസായിക മേഖലയിലും  ഉണർവ്‌ നേടി. നൂറു സ്റ്റാർട്ടപ്പിന്‌ രണ്ടുകോടി വീതം വായ്പ, മിഷന്‌ 90 കോടി, ഇൻഡസ്‌ട്രിയൽ ഫെസിലിറ്റേഷന്‌ 200 കോടി, വിനോദസഞ്ചാര ഹബ്ബുകൾക്ക്‌ 316 കോടി എന്നിങ്ങനെ വകയിരുത്തി.  കുടുംബശ്രീക്ക്‌ 260 കോടി നൽകി നൈപുണി വികസനരംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കി. 189 സ്ഥാപനത്തെ തെരഞ്ഞെടുത്ത്‌ ആധുനിക കോഴ്‌സുകൾ പരിശീലിപ്പിക്കുന്നു. ലൈഫ്‌ ഭവന പദ്ധതിയിലും ഫൈവ്‌ ജി വ്യാപനത്തിലും കെ–- ഫോൺ ആദ്യഘട്ട പരിപാടിയിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ ഉൾപ്പെടുന്ന മെഡിക്കൽ ഇന്നൊവേഷൻ പാർക്കിന്റെ പ്രവർത്തനത്തിലും മുന്നേറ്റമുണ്ടാക്കി.

ഐടി വികസനത്തിന്‌ 
ഹബ്ബ്‌ ആൻഡ്‌ സ്‌പോക്ക്‌
സംസ്ഥാനത്തെ ഐടി വ്യവസായം വിപുലീകരിക്കാൻ ഹബ്ബ്‌ ആൻഡ്‌ സ്‌പോക്ക്‌ മാതൃക ആസൂത്രണം ചെയ്യുമെന്ന്‌ സാമ്പത്തികാവലോകനം. ഒരു പ്രധാന കേന്ദ്രവും അനുബന്ധമായി മറ്റു കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള വികസനമായിരിക്കും. തിരുവനന്തപുരം ടെക്‌നോപാർക്ക്‌, കൊച്ചി ഇൻഫോപാർക്ക്‌, കോഴിക്കോട്‌ സൈബർ പാർക്ക്‌ എന്നിവ പ്രധാന കേന്ദ്രവും മറ്റു ജില്ലകൾ സ്‌പോക്കുകളുമായും പ്രവർത്തിക്കും.

  ഐടിമേഖലയ്‌ക്ക്‌ കഴിഞ്ഞ ബജറ്റിൽ 525.25 കോടി വകയിരുത്തിയതിൽ 334.59 കോടി ഇതുവരെ ചെലവഴിച്ചു. 2022-–-23 വാർഷിക പദ്ധതിയിൽ 559 കോടിയാണ്‌ വകയിരുത്തിയത്‌. കെ–- ഫോൺ പദ്ധതിയിലൂടെ ഏറ്റവും ഉയർന്ന ഇന്റർനെറ്റ്‌ കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളം മാറും. 1000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ രണ്ടാംഘട്ട ഇൻസ്റ്റലേഷൻ പൂർത്തിയായി.

ടെക്‌നോപാർക്ക് മൂന്നാംഘട്ടം കമീഷൻ ചെയ്‌തതോടെ 380 ഏക്കർ സ്ഥലവും 9.7 ദശലക്ഷം ചതുരശ്രയടി ഇടവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി പാർക്കുകളിൽ ഒന്നായി മാറി. സ്റ്റാർട്ടപ്പുകളുടെ എണ്ണം മുൻവർഷത്തെ 3143ൽ നിന്ന്‌ 3650 ആയി വർധിച്ചു. ടെക്‌നോപാർക്കിലെ കമ്പനികളുടെ എണ്ണം 465 ആയി ഉയർന്നു. കയറ്റുമതി 2016–--17ൽ 5000 കോടിയായിരുന്നത്‌ 9300 കോടിയായി. ഇൻഫോപാർക്കിലെ ജീവനക്കാരുടെ എണ്ണം 63,300 ആയി വർധിച്ചു. കമ്പനികളുടെ എണ്ണം 420ൽനിന്ന്‌ 546 ആയും കയറ്റുമതി 5700 കോടിയിൽനിന്ന്‌ 8500 കോടിയായും ഉയർന്നു. കോഴിക്കോട്‌ സൈബർ പാർക്കിൽ 1688 തൊഴിലവസരം സൃഷ്ടിച്ചു. കയറ്റുമതി വരുമാനം 55.70 കോടിയായി.
 

ഗ്രാഫ്‌ ഉയർത്തി 
വ്യവസായം
സംസ്ഥാനത്തെ വ്യവസായമേഖല മുൻവർഷത്തേക്കാൾ 17.29 ശതമാനം വളർച്ച കൈവരിച്ചെന്ന്‌ സാമ്പത്തിക അവലോകനം. നിക്ഷേപം ആകർഷിക്കാനും ബിസിനസ്‌ സുഗമമാക്കാനും വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കാനും സംസ്ഥാനം സജീവമായ നടപടി സ്വീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തിലും വൻ മുന്നേറ്റമുണ്ടായി. വ്യവസായവകുപ്പിനു കീഴിലുള്ള 21 പൊതുമേഖലാ സ്ഥാപനം പ്രവർത്തനലാഭം നേടി. മുൻ വർഷം ഇത്‌ 16 ആയിരുന്നു. ഈ വർഷം 3892.14 കോടിയാണ്‌ ആകെ വിറ്റുവരവ്‌. മുൻവർഷത്തേക്കാൾ 17.8 ശതമാനം വർധന. കെഎംഎംഎൽ, ടിസിസിഎൽ, കെൽട്രോൺ, ടൈറ്റാനിയം എന്നിവ ലാഭം നേടി. 17 ടെക്‌സ്‌റ്റൈൽ മില്ലുകളിൽ അഞ്ചെണ്ണം പ്രവർത്തനലാഭം നേടി. ബാക്കിയുള്ളവ നഷ്ടം ഗണ്യമായി കുറച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൻഎൽ ഏറ്റെടുത്ത്‌ കെപിപിഎല്ലായി പുനരുജ്ജീവിപ്പിച്ച്‌, വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. ഭെൽ–-ഇഎംഎല്ലും ഇത്തരത്തിൽ ഏറ്റെടുത്തു.

ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ ഉപകരണങ്ങൾ, സപ്ലൈസ്‌ തുടങ്ങിയ ആധുനിക വ്യവസായങ്ങൾ പുതു പ്രതീക്ഷ നൽകുന്നു. സംസ്ഥാനത്തെ ഐടി, ഇലക്‌ട്രോണിക്‌സ്‌ മേഖലകളും സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ ഉൽപ്പാദനവും ആഗോളതലത്തിലേക്ക്‌ വളരുന്നു. പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കാനും നടപടി സ്വീകരിക്കുകയാണ്‌. കിൻഫ്ര പാർക്കുകൾ വലിയ സ്വീകാര്യത നേടി. 18 മാസത്തിനുള്ളിൽ 250 യൂണിറ്റാണ്‌ കിൻഫ്ര പാർക്കുകളിൽ ആരംഭിച്ചത്‌. ഇതുവഴി 1800 കോടിയുടെ നിക്ഷേപവും 23,000 തൊഴിലവസരവും ഉണ്ടായി.
 

നികുതി വരുമാനം 
വർധിച്ചു
സംസ്ഥാനത്തിന്റെ തനത്‌ നികുതി വരുമാനം വളർച്ചയുടെ പാതയിലാണെന്ന്‌ ആസൂത്രണ ബോർഡ്‌. കഴിഞ്ഞവർഷം വളർച്ച നിരക്ക് 22.41 ശതമാനം. ജിഎസ്ടി, വിൽപ്പന നികുതി, മൂല്യവർധിത എന്നിവയുടെ സമാഹരണത്തിലെ മുന്നേറ്റമാണ്‌ മികച്ച വളർച്ച നിരക്ക്‌ ഉറപ്പാക്കിയതെന്ന്‌ ബോർഡിന്റെ സാമ്പത്തികാവലോകന റിപ്പോർട്ടിൽ പറഞ്ഞു.  പൊതുകടത്തിന്റെ വളർച്ച നിരക്ക്‌ പിന്നോട്ടാണെന്നും റിപ്പോർട്ട്‌ വിലയിരുത്തുന്നു.

മുൻവർഷത്തെ 14.34 ശതമാനം കഴിഞ്ഞവർഷം 10.16 ശതമാനമായി. വർഷാവസാന പൊതുകടം 2,19,975 കോടി രൂപയാണ്‌. ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ 25.9 ശതമാനമായിരുന്ന പൊതുകടം -24.26 ശതമാനമായി. സമീപ വർഷങ്ങളിൽ വിവിധ മേഖലയിലെ മൂലധന പദ്ധതികൾക്കായുള്ള സർക്കാർ വകയിരുത്തൽ വർധിച്ചു. കഴിഞ്ഞവർഷം മൂലധനച്ചെലവ് 17,046 കോടിയാണ്‌. മുൻവർഷം 15,438 കോടിയും.

കൊഴിഞ്ഞുപോക്ക്‌ കുറഞ്ഞു ; 0.04% മാത്രം
2021–-22ൽ സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ വെറും 0.04 ശതമാനംമാത്രം. 2019–-20ൽ ഇത്‌ 0.11 ശതമാനം ആയിരുന്നെന്നും സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു. ദേശീയ നിരക്ക്‌ 12.60 ശതമാനം ആണെന്നിരിക്കെയാണ്‌ കേരളത്തിന്റെ ഈ നേട്ടം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാർഥികളുടെ കൊഴിഞ്ഞുപോകൽ ഏറ്റവും കുറവും കേരളത്തിലാണ്. ലോവർ പ്രൈമറി തലത്തിൽ കൊഴിഞ്ഞുപോകൽ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ് (0.17 ശതമാനം). അപ്പർ പ്രൈമറി തലത്തിൽ കോട്ടയത്തും (0.10 ശതമാനം)  ഹൈസ്കൂൾ തലത്തിൽ ഇടുക്കിയിലുമാണ്‌ (0.23 ശതമാനം) കൊഴിഞ്ഞുപോകൽ കൂടുതൽ. 2021–--22ൽ പട്ടികജാതി വിഭാഗത്തിലെ കൊഴിഞ്ഞുപോകൽ നിരക്ക് 0.04 ശതമാനമായും പട്ടികവർഗവിഭാഗങ്ങളിലെ കൊഴിഞ്ഞുപോക്ക് 0.30 ശതമാനവുമായും കുറഞ്ഞിട്ടുണ്ട്.   0.14 ശതമാനമുള്ള ഇടുക്കിയാണ്‌ മുന്നിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top