25 March Monday

നൊബേലിനരികെ 9 വട്ടം

ഡോ. എൻ ഷാജിUpdated: Tuesday May 15, 2018


പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ‘ടാക്കിയോണുകൾ’ എന്ന് പേരിട്ട കണികകളെ സംബന്ധിച്ച പരികൽപ്പനയാണ്  സുദർശന്റെ മുഖ്യസംഭാവന. അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത പ്രഭാഷണങ്ങളും നടത്താറുണ്ട്. എണ്ണയിടാൻ അച്ഛൻ താഴേക്കെടുത്ത കൂറ്റൻ  ഘടികാര ചക്രങ്ങളാണ് തന്നിൽ ശാസ്ത്രകൗതുകം ഉണർത്തിയതെന്ന് പറയുമായിരുന്നു. സ്കൂളിൽ  പ്രിയപ്പെട്ട മലയാളം മുൻഷിയെക്കുറിച്ചും ഓർക്കാറുണ്ടായി. ലളിത വേഷമായിരുന്നു മുൻഷിയുടേത്. പറഞ്ഞുതുടങ്ങിയാൽ എല്ലാം മാന്ത്രികമാകും.പദഛേദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം‐ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകതലങ്ങളുണ്ടാകാം എന്ന അറിവാണ് കിട്ടിയത്. ജീവിതത്തിലെ  നല്ല പഠനം അതായിരിക്കണം. പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് പ്രചോദിപ്പിച്ചത് ആ  ക്ലാസായിരുന്നു’’വെന്നും വിശദീകരിച്ചു.

പത്മവിഭൂഷൻ, പത്മഭൂഷൻ, തേഡ് വേൾഡ് അക്കാദമി ഓഫ് സയൻസ് പുരസ്കാരം, ബോസ് മെഡൽ, മജോറാണ പുരസ്കാരം തുടങ്ങിയവ സുദർശന് ലഭിച്ചെങ്കിലും  ഒമ്പത് പ്രാവശ്യം നൊബേൽ സമ്മാനം വഴുതിപ്പോയി. അതിന്‌ കാരണം   ചിലരുടെ ഇടപെടലാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തൽ സ്വന്തമാക്കി സമ്മാനം വാങ്ങുകയും പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, മറെ ഗെൽമാൻ എന്നിവരെ എടുത്തു പറയുകയും ചെയ്തു. വേദാന്തത്തെയും ഊർജതന്ത്രത്തെയും കൂട്ടിയിണക്കിയ സുദർശൻ, ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിലൂടെ  ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതിയതായി ചിലർ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും അതിന് പരീക്ഷണങ്ങളുടെ പിൻബലം  ലഭിച്ചിട്ടില്ല. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നാണ് വിശേഷിപ്പിച്ചത്.  “പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിന് സുദർശൻ 2005 ൽ നൊബേൽ സമ്മാനത്തിന്റെ വാതിൽവരെയെത്തി. ഒരു വർഷം മൂന്നിൽ കൂടുതൽ പേരെ പരിഗണിക്കില്ലെന്ന ന്യായത്തിൽ സ്വീഡിഷ് അക്കാദമി  ഒഴിവാക്കി. നൊബേൽ സമ്മാനം ലഭിക്കാത്തവർക്ക് നൽകുന്ന  ഡിറാക്  മെഡൽ  സമാശ്വാസമായി.

സുദർശന്റെ കണ്ടെത്തലുകളിൽ  ഏറ്റവും പ്രസിദ്ധം  ഗവേഷണ വിദ്യാർഥിയായിരിക്കേ പ്രസിദ്ധീകരിച്ച വി ‐ എ സിദ്ധാന്തമാണ്. സ്വന്തം  ഗൈഡായ മാർഷക്കിനൊപ്പം നടത്തിയ ആ ഗവേഷണം പ്രസിദ്ധപ്പെടുത്തുന്നതിന് നേരിട്ട കാലതാമസം അത്യുന്നത ബഹുമതി  നഷ്ടപ്പെടുത്തി. പരമാണുക്കൾക്കിടയിലെ അടിസ്ഥാന ബലങ്ങളിലൊന്നായ അശക്തബലത്തെ  സംബന്ധിച്ചായിരുന്നു അത്. പിന്നീട് ക്വാണ്ടം ഒപ്റ്റിക്സിൽ വിപ്ലവം കൊണ്ടുവന്ന സുദർശൻ ‐ ഗ്ലോബർ സിദ്ധാന്തത്തിന്റെ പേരിൽ ഗ്ലോബർക്ക് നൊബേൽ ലഭിച്ചെങ്കിലും അദ്ദേഹം  തഴയപ്പെട്ടു.1953 മുതൽ 2015 വരെ അഞ്ഞൂറിലധികം പ്രബന്ധങ്ങൾ  വെളിച്ചംകണ്ടു. കൂടാതെ സഹപ്രവർത്തകരോടൊപ്പം ആറ്  പുസ്തകങ്ങളും  രചിച്ചു.

കോട്ടയം സി എം എസിലെയും മദ്രാസ് ക്രിസ്ത്യൻ കോളേജിലെയും പഠനശേഷം മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗവേഷകനായി. കുറച്ചു കാലം ബംഗളൂവിെല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലും ഫിസിക്സ് ഗവേഷണത്തിന് നേതൃത്വം നൽകി. 1957 ൽ ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റായി.

58 ൽ അവിടെനിന്ന് പിഎച്ച്ഡി. 1957–’59 കാലത്ത് ഹാർവാർഡിൽ അധ്യാപകൻ. 59 ൽ റോച്ചസ്റ്ററിലേക്ക് മടക്കം. 64 ൽ സിറാക്കുസ് പ്രോഗ്രാം ഇൻ എലിമെന്ററി പാർടിക്കിൾസിൽ ഡയറക്ടറും പ്രഫസറുമായി. 69 മുതൽ  ടെക്സസ് സർവകലാശാലയിൽ. കോട്ടയം കേന്ദ്രമായി  രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോൾ അധ്യക്ഷൻ. ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ കേരള ശാസ്ത്ര പുരസ്കാരം 2012ൽ നൽകി മലയാളം ആദരിക്കുകയുമുണ്ടായി.

സി എം എസ് കോളേജ് ഇരുനൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി പൂർവവിദ്യാർഥിയായ സുദർശനെ പ്രത്യേകം ഓർമിച്ചു. എൺപത് വയസ്സ് തികഞ്ഞ അവസരത്തിൽ  കേളേജ് ഫിസിക്സ് വിഭാഗം അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.ശാസ്ത്രരംഗത്ത് ഉന്നത  സംഭാവന നൽകിയെങ്കിലും രാഷ്ട്രീയ‐ സാമൂഹിക നിലപാടുകൾ ചിലപ്പോഴെല്ലാം   വലതുപക്ഷത്തോടൊപ്പമായിരുന്നുവെന്നത് വിമർശ വിധേയമായിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
 Top