12 July Sunday

ഖത്തറിൽനിന്ന്‌ സന്ദേശം; വീട്ടിൽ ടിവി; ഡിവൈഎഫ്‌ഐ ടിവി ചലഞ്ച്‌ ക്യാമ്പയിൻ നാടേറ്റെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

തിരുവനന്തപുരം > ‘‘സഖാവേ എന്റെ മകന്‌ പഠിക്കാൻ ഒരു കുഞ്ഞ്‌ ടിവി വേണം. ജോലി നഷ്ടപ്പെട്ട്‌ നാലുമാസമായി ഞാൻ ഖത്തറിലാണ്‌. ഇപ്പോൾ വാങ്ങി നൽകാൻ നിർവാഹമില്ല’’. ചൊവ്വാഴ്‌ച രാത്രി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലേക്ക്‌ വന്ന കരുനാഗപ്പള്ളി സ്വദേശിയായ പ്രവാസിയുടെ സന്ദേശം. വിഷമിക്കേണ്ട നമുക്ക്‌ പരിഹാരമുണ്ടാക്കാമെന്ന്‌ റഹീമിന്റെ മറുപടിയും.  ബുധനാഴ്‌ച ആ പ്രവാസിയുടെ ഫെയ്‌സ്‌ബുക്കിലൂടെ മറ്റൊരു പോസ്റ്റ്‌ എത്തി.- ‘ടിവി വേണമെന്നു പറഞ്ഞ്‌ 10 മണിക്കൂറെടുത്തില്ല. എന്റെ വീട്ടിൽ ടിവിയെത്തി. നല്ലയിനം ടിവിയും സൗജന്യ കണക്‌ഷനും. ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ ഞാൻ നന്ദിയും കടപ്പാടും അറിയിക്കുന്നു.’

റഹീം വിവരം കൈമാറിയതനുസരിച്ച്‌ കരുനാഗപ്പള്ളിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ പ്രവാസിയുടെ മകനായി ടിവി എത്തിച്ചത്‌. സംസ്ഥാനത്ത്‌ ഓൺലൈൻ, ടിവി പഠനം ആരംഭിച്ച സാഹചര്യത്തിൽ വീട്ടിൽ ടിവി ഇല്ലാത്ത കുട്ടികൾക്കായി ഡിവൈഎഫ്‌ഐ ആരംഭിച്ച ‘ടിവി ചലഞ്ച്‌’ ക്യാമ്പയിൻ നാടേറ്റെടുക്കുകയാണ്‌. ക്യാമ്പയിൻ ആരംഭിച്ച്‌ മണിക്കൂറുകൾക്കകം നിരവധി ടിവികളാണ്‌ എത്തിയത്‌. പുതിയതും ഉപയോഗിച്ചുകൊണ്ടിരുന്നതുമെല്ലാം അതിൽ ഉൾപ്പെടും. ഡിവൈഎഫ്‌ഐ ആരംഭിച്ച കോൾ സെന്ററിലേക്ക്‌ വിളിച്ച്‌ നടി മഞ്‌ജു വാര്യരും സംവിധായകരായ ആഷിഖ്‌ അബുവും ബി ഉണ്ണിക്കൃഷ്‌ണനും നടൻ സന്തോഷ്‌ കീഴാറ്റൂരും അടക്കമുള്ള നിരവധി പേർ ടിവി നൽകാമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ബുധനാഴ്‌ചതന്നെ ടിവി ലഭിച്ചുതുടങ്ങിയതോടെ വിതരണവും തുടങ്ങി. സംസ്ഥാനതല വിതരണോദ്‌ഘാടനം അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ഡിവൈഎഫ്‌ഐ ആരംഭിച്ച കോൾസെന്ററിലും ഔദ്യോഗിക ഫെയ്‌സ്‌ ബുക്ക്‌ പേജിലും ഭാരവാഹികളുടെ പേജുകളിലുമെല്ലാം ചലഞ്ച്‌ ഏറ്റെടുത്ത്‌ നിരവധി പേരെത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top