19 September Thursday

ഡ്രോണുകളുടെ സാധ്യതകൾ

നിഖിൽ നാരായണൻUpdated: Sunday Jul 28, 2024


ഡ്രോണുകൾ അഥവാ പൈലറ്റ്‌ രഹിത ചെറുവിമാനങ്ങളുടെ  ഉപയോഗം സമീപകാലത്തായി വർധിച്ചിട്ടുണ്ട്‌. ഇവയുടെ ഗവേഷണത്തിലും വലിയ പുരോഗതിയാണ്‌ ഉണ്ടാവുന്നത്‌. കേരളത്തിലടക്കം വിവിധ പ്രകൃതിക്ഷോഭ മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിലടക്കം ഇവ ഏറെ സഹായകമാണ്‌. കർണാടകത്തിലെ ഷിരൂരിൽ കാണാതായ ലോറി കണ്ടെത്താൻ ഉപയോഗിച്ച അത്യാധുനിക ഡ്രോൺ ഉദാഹരണം. 

ഡ്രോണുകളു (Unmanned Aerial Vehicle) ടെ ചരിത്രം കൗതുകം നിറഞ്ഞതാണ്. 1849ൽ ഓസ്‌ട്രിയ വെനീസിലേക്കയച്ച യുദ്ധക്കോപ്പുകൾ നിറച്ച ബലൂണുകൾ ആയിരിക്കണം ആദ്യകാല ഡ്രോണുകൾ. ജർമൻ കപ്പലുകൾക്കെതിരെ 1916ൽ ബ്രിട്ടൻ നിർമിച്ച റസ്റ്റൻ പ്രൊക്ടർ ഏരിയൽ ടാർജറ്റാണ്‌  ആദ്യത്തെ ചിറകുകളുള്ള ഡ്രോൺ. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച്‌ നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നു ഈ വിമാനം. സൈനിക ആവശ്യങ്ങൾക്ക് ആളില്ലാ വിമാനങ്ങൾ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ഏറെയും. ചാരവൃത്തിക്കും വ്യാപകമായി ഡ്രോണുകൾ ഉപയോഗിച്ചു.  വാണിജ്യാവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാമെന്നതിലേക്ക്‌ പിന്നീടെത്തി. 2006ൽ അമേരിക്ക ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഡ്രോണുകൾക്ക് ലൈസൻസ്‌ ഏർപ്പെടുത്തി. സർക്കാർ ഏജൻസികൾ അതിർത്തികൾ നിരീക്ഷിക്കാനും രക്ഷാപ്രവർത്തനത്തിനും കാട്ടുതീ നിരീക്ഷിക്കാനും ചിത്രങ്ങൾ എടുക്കാനും അവലോകനം നടത്താനുമൊക്കെ ഈ ചെറു വിമാനങ്ങളുടെ സഹായം തേടാൻ തുടങ്ങി. 

ആധുനികകാലത്ത്‌ കൃഷിയിടങ്ങളിൽ വളം, കീടനാശിനി തളിക്കാനും സർവേ നടത്താനും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. സൈനികാവശ്യങ്ങൾക്കുള്ള നിരീക്ഷണം മുതൽ ഭക്ഷണവും ആയുധങ്ങളും കൊണ്ടുപോകാനും ചിത്രവും വീഡിയോയും എടുക്കാനും ഡ്രോണുകൾ ഇന്ന് സജീവം. ഫോട്ടോഗ്രാഫർമാരും ഇൻഷുറൻസ് കമ്പനികളും ഒക്കെ ഇത്തരം ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നു. അത്യാധുനിക സെൻസറുകളുള്ള  ഡ്രോണുകൾ പ്രകൃതിക്ഷോഭ മേഖലകളിൽ ഉപയോഗിക്കുന്നുണ്ട്‌. കാലാവസ്ഥ പഠനത്തിനും ഡ്രോണുകളെ ആശ്രയിക്കുന്നു.

പാലങ്ങൾ, ഗ്യാസ്‌ പൈപ്പ്‌ലൈനുകൾ തുടങ്ങിയവ സൂക്ഷ്‌മമായി നിരീക്ഷിക്കാനും കേടുപാടുകൾ കണ്ടുപിടിക്കാനും ഡ്രോണുകളെ ഉപയോഗിച്ചുവരുന്നു. വിനോദത്തിനും ആഘോഷങ്ങൾക്കുമൊക്കെ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്‌. ഗോളാന്തര പര്യവേക്ഷണങ്ങളിലും ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ചൊവ്വാ പര്യവേക്ഷണത്തിന്‌ ഉപയോഗിച്ച ഇൻജന്യൂറ്റി എന്ന മാർസ്‌ ഹെലിക്കോപ്‌റ്റർ ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുളളതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top