02 December Friday

സൗജന്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും-ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Saturday Sep 10, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ബുണ്ടില്‍ഖണ്ഡ് എക്‌സ്‌പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്‌തുകൊണ്ട് 2022 ജൂലൈ മാസത്തില്‍ ഒരു ദേശീയ വിവാദത്തിനു കരിമരുന്നിട്ടു.

'റെവ്ദി' സംസ്‌കാരത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. നമ്മുടെ എള്ളുണ്ടപോലത്തെ ഉത്തരേന്ത്യന്‍ പലഹാരമാണ് റെവ്‌ദി. ഇത് ഉത്സവങ്ങള്‍ക്കു സൗജന്യമായി കൊടുക്കുക പതിവാണ്. റെവ്ദി സംസ്‌കാരത്തില്‍ മുഴുകിയവര്‍ക്ക് എക്‌സ്പ്രസ് ഹൈവേകള്‍ പണിയാനാവില്ല, സര്‍ക്കാരില്‍ നിന്നുള്ള സൗജന്യങ്ങള്‍ വാങ്ങുന്നതിനുപകരം സ്വന്തം കാലില്‍ നില്‍ക്കുകയാണ് ചെറുപ്പക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.

അധികം താമസിയാതെ ബിജെപി നേതാവ് അശ്വനി കുമാര്‍ സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. നിരുത്തരവാദപരമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അതിലെ ആവശ്യം. ഇവ പൊതുപ്പണം ദുര്‍വ്യയം ചെയ്യുന്നതിനോടൊപ്പം ആളുകളെ മടിയന്മാരാക്കുമത്രേ. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പ് പദ്ധതിയാണെന്നതും പ്രസ്താവ്യമാണ്. സുപ്രീംകോടതിയാകട്ടെ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച്, മൂന്നംഗ ബഞ്ചിന് റഫര്‍ ചെയ്യുകയും ചെയ്തു. എന്നു മാത്രമല്ല ചീഫ് ജസ്റ്റിസ് രമണ തന്നെ സൗജന്യങ്ങള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.


യുപി തിരഞ്ഞെടുപ്പും ബിജെപി സര്‍ക്കാരിന്റെ സൗജന്യങ്ങളും

വോട്ടിനുവേണ്ടി നിരുത്തരവാദപരമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെതിരെ ആഞ്ഞടിക്കാന്‍ പ്രധാനമന്ത്രി തിരഞ്ഞെടുക്കേണ്ട സ്ഥലം ഉത്തര്‍പ്രദേശ് തന്നെയാണ്. യുപി തിരഞ്ഞെടുപ്പു വിജയത്തിന്റെ ഒരു പ്രധാന ഘടകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യങ്ങളായിരുന്നു. യുപിയില്‍ 3.34 കോടി കുടുംബങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനു മുന്‍പായി 7.86 കോടി പിഎം ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ തുറന്നു. ഒരു കുടുംബത്തില്‍ രണ്ടുപേര്‍ക്കു വീതം അക്കൗണ്ട്! അവയില്‍ 5.33 കോടി ആളുകള്‍ക്ക് റുപ്പി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു. 3.4 കോടി പേര്‍ക്ക് 1.8 ലക്ഷം കോടി രൂപയുടെ പിഎം മുദ്രാ വായ്പകള്‍ വിതരണം ചെയ്തു. ഇതിനു പുറമേയാണ് കിസാന്‍ സമ്മാന്‍, അടല്‍ പെന്‍ഷന്‍, വഴിയോര കച്ചവടക്കാര്‍ക്കുള്ള സഹായം തുടങ്ങിയ പദ്ധതികള്‍. ആര്‍എസ്എസിന്റെ ശൃംഖലയാണ് ഇതിന്റെ വിതരണത്തിനും പ്രചാരണത്തിനുമെല്ലാം മുന്‍കൈയെടുത്തത്.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ

പിന്നെ എന്തുകൊണ്ട് മോദി സൗജന്യങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ചു? ഗുജറാത്തിലെ സൗജന്യ പ്രഖ്യാപനത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയെ കടത്തിവെട്ടി. എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കെല്ലാം ധനസഹായം തുടങ്ങിയ നീണ്ട ലിസ്റ്റാണ് ആം ആദ്മി പാര്‍ടിയുടേത്. പഞ്ചാബില്‍ ഇത്തരം വാഗ്ദാനങ്ങള്‍കൊണ്ട് ആം ആദ്മിക്കു നേട്ടമുണ്ടായി. ബിജെപിക്ക് മേല്‍ക്കൈ ഇല്ലാത്ത ബംഗാള്‍, ആന്ധ്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒട്ടേറെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി.

കേരളമാവട്ടെ ഇത്തരമൊരു സമീപനം പണ്ടേ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ്. റിസര്‍വ് ബാങ്കിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഓരോ സംസ്ഥാനത്തിന്റെയും ബജറ്റിലെ സൗജന്യ പ്രഖ്യാപനത്തെ പട്ടികപ്പെടുത്തിയിട്ടുമുണ്ട്. ബിജെപിയെ ചെറുക്കുന്നതിന് സൗജന്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ബിജെപിയുടെ ആക്ഷേപം. കേന്ദ്രത്തിനാവാം, സംസ്ഥാനങ്ങള്‍ക്കു പാടില്ല എന്നാണ് വ്യംഗ്യം.

കോര്‍പ്പറേറ്റുകള്‍ക്കുള്ള സൗജന്യങ്ങള്‍

സുപ്രിംകോടതിയടക്കം എല്ലാവരെയും കുഴയ്ക്കുന്ന പ്രശ്നം എന്തൊക്കെയാണ് സൗജന്യത്തിന്റെ ഗണത്തില്‍പ്പെടുത്തുകയെന്ന് തിട്ടമില്ലാത്തതാണ്.

അദാനി

അദാനി

ആദ്യത്തെ പ്രശ്നം, പണക്കാര്‍ക്കു നല്‍കുന്ന സൗജന്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ്. ഉദാഹരണത്തിന് മോദി സര്‍ക്കാരിന്റെ ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ 75,000 കോടി രൂപ എഴുതിത്തള്ളി. അതുപോലെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമേഖലാ ബാങ്കുകളുടെ 10 ലക്ഷത്തിലേറെ കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളുകയുണ്ടായി. ഇതുവരെ രണ്ടുലക്ഷത്തില്‍ താഴെ കോടി രൂപ മാത്രമാണ് അസറ്റ് റീസ്ട്രക്ച്ചറിംഗ് കമ്പനികള്‍ വഴി പിരിച്ചെടുക്കാന്‍ കഴിഞ്ഞത്. കിട്ടാക്കടത്തിന്റെ സിംഹപങ്കും കോര്‍പ്പറേറ്റ് കമ്പനികളുടേതാണ്. ഇവയെയും സൗജന്യമായി പരിഗണിക്കേണ്ടതല്ലേ?

ഇതിനു പുറമേയാണ് പണക്കാര്‍ക്കു ലഭിക്കുന്ന നികുതിയിളവുകള്‍. ഓരോ വര്‍ഷത്തെയും ബജറ്റില്‍ നിയമത്തിലുള്ള സൗജന്യങ്ങള്‍മൂലം നിയമപരമായി ഒഴിവാക്കപ്പെടുന്ന നികുതി എത്രയെന്ന് കണക്ക് നല്‍കാറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇത് ഒരു ലക്ഷത്തിലേറെ കോടി രൂപ വരും.

ഇത് കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്ന പരോക്ഷമായ സൗജന്യമാണ്. ഇതിനു പുറമേ മോദി നേരിട്ടു നല്‍കിയ സൗജന്യം പ്രതിവര്‍ഷം 1.5 ലക്ഷം കോടി രൂപ വരും.

2019ല്‍ മോദി അമേരിക്ക സന്ദര്‍ശിച്ചു. അതിനു തൊട്ടുമുമ്പ് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചു. പുതിയ കമ്പനികളാണെങ്കില്‍ 15 ശതമാനം നികുതി നല്‍കിയാല്‍ മതി. എന്തിനുവേണ്ടി ഇതു ചെയ്തു? ഒന്ന്, പ്രസിഡന്റ് ട്രംപിന്റെ ആദര്‍ശം നികുതി കുറയ്ക്കുക എന്നുള്ളതാണ്. രണ്ട്, കോര്‍പ്പറേറ്റ് നികുതി കുറയുമ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിലെ ഓഹരി വിലകള്‍ കുത്തനെ ഉയരും. അമേരിക്ക സന്ദര്‍ശനവേളയില്‍ ഇത്തരമൊരു ആരവം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് കോര്‍പ്പറേറ്റുകള്‍ക്കു നികുതി സൗജന്യം നല്‍കിയത്. ഇത് ഇന്ത്യന്‍ ബജറ്റിനെ തകിടംമറിച്ചുവെന്നുതന്നെ പറയാം.

അതിസമ്പന്നരുടെ ഇന്ത്യയില്‍ പാവങ്ങള്‍ക്കൊരു കൈത്താങ്ങ്

ഇന്ത്യയിലെ അസമത്വം ഭീതിജനകമായി വര്‍ദ്ധിക്കുകയാണ്. 1991ല്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ദേശീയ സ്വത്തിന്റെ 16.1 ശതമാനം ആയിരുന്നെങ്കില്‍ 2020ല്‍ അത് 42.5 ശതമാനമായി ഉയര്‍ന്നു. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം ആളുകളുടെ സ്വത്ത് വിഹിതം 8.8 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി താഴ്ന്നു. 1991ല്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതം 10.4 ശതമാനം ആയിരുന്നെങ്കില്‍ 2020ല്‍ അത് 21.7 ശതമാനമായി വര്‍ദ്ധിച്ചു.

അതേസമയം ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനം പേരുടെ വിഹിതം 22 ശതമാനം ആയിരുന്നത് 14.7 ശതമാനമായി താഴ്ന്നു. ഇത്തരത്തില്‍ പണക്കാര്‍ അതിസമ്പന്നരായി വളരുന്ന കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യം നല്‍കുന്നത് ധനകാര്യത്തിലെ ഏറ്റവും ഗൗരവമായ പ്രശ്നമായി ഉയര്‍ത്തുന്ന പ്രധാനമന്ത്രിയുടെ വരേണ്യ പക്ഷപാതിത്വം വളരെ വ്യക്തമാണ്.

നമ്മള്‍ കേരളത്തില്‍ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി നിലകൊണ്ടു. അതിന്റെ നേട്ടവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും ജനങ്ങളുടെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം ഏതാണ്ട് 2.25 ലക്ഷം രൂപയാണ്. എന്നാല്‍ ഗുജറാത്തിലെ സാധാരണ ജനങ്ങളെക്കാള്‍ എത്രയോ മെച്ചപ്പെട്ട ജീവിതമാണ് കേരളത്തിലെ സാധാരണക്കാരുടേതെന്ന് മാനവവിഭവ വികസന സൂചിക തെളിയിക്കുന്നു. ഇത്തരത്തില്‍ വളരെയേറെ പൊതുനേട്ടങ്ങള്‍ സൃഷ്ടിക്കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കി ഉറപ്പുവരുത്തുന്നതാണ് നല്ലതെന്ന് കേരളം സാക്ഷ്യംവഹിക്കുന്നു.

സ്വകാര്യവല്‍ക്കരണ അജന്‍ഡയുടെ ഭാഗം

ഈ വിമര്‍ശനത്തിനു മറുപടിയായി എല്ലാവിധ സബ്സിഡികളും നിര്‍ത്തലാക്കുന്നതിനെക്കുറിച്ചല്ല വൈദ്യുതിപോലുള്ള സേവനങ്ങള്‍ സൗജന്യമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ് തങ്ങളുടെ വിമര്‍ശനമെന്നാണ് മോദി ഭക്തര്‍ പറയുന്നത്. വൈദ്യുതിയും റെയില്‍ ഗതാഗതവും റോഡ് ട്രാന്‍സ്പോര്‍ട്ടും എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള അജന്‍ഡയാണ് മോദിക്കുള്ളത്. ഇതിനൊരു തടസ്സം പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സൗജന്യങ്ങളാണ്. ഉദാഹരണത്തിന് കൃഷിക്കാര്‍ക്ക്, വൈദ്യുതി സൗജന്യമാണ്; ഇതു നിര്‍ത്തലാക്കിയാലേ സ്വകാര്യവല്‍ക്കരണം ഫലപ്രദമാകൂ. എന്നാല്‍ അതിനെ തൊട്ടപ്പോള്‍ വലിയ ചെറുത്തുനില്‍പ്പാണ് ഉണ്ടായത്. ഇതുപോലെ കൂടുതല്‍ വിഭാഗങ്ങള്‍ക്കു വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കുന്നത് സ്വകാര്യവല്‍ക്കരണത്തിനു തട മാകും. ഇപ്പോള്‍തന്നെ റെയില്‍വേ സൗജന്യങ്ങളും കുറച്ചു തുടങ്ങിയിട്ടുണ്ട്.

ഒരുകാലത്ത് നിരുത്തരവാദപരമായ സൗജന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട സ്കൂള്‍ ഉച്ചഭക്ഷണം പോലുള്ളവ പിന്നീട് ദേശീയതല പോഷകാഹാര പരിപാടിയായിട്ട് അംഗീകരിക്കപ്പെട്ടു. തൊഴിലുറപ്പിന്റെ തുടക്കവും ഇത്തരത്തില്‍ മഹാരാഷ്ട്രയില്‍ നടത്തിയ ഒരു പരീക്ഷണമായിരുന്നു. ലാപ്ടോപ്പ് വിതരണം ഡിജിറ്റല്‍ ഡിവൈഡ് തടയുന്നതിനും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരു നടപടിയായി കാണാം.

അതൊക്കെ ശരിയായിരിക്കാം. പക്ഷേ, കളര്‍ ടെലിവിഷനും ഗാര്‍ഹികോപകരണങ്ങളും സാരിയും മറ്റുമൊക്കെ നല്‍കുന്നതോ? അതതു സാഹചര്യത്തെ ആശ്രയിച്ചിരിക്കും എന്നതാണ് മറുപടി. കോവിഡു കാലത്ത് കുട്ടികളുടെ പഠനത്തിനുവേണ്ടി നമ്മളും കളര്‍ ടെലിവിഷന്‍ നല്‍കിയില്ലേ? സ്ത്രീകളുടെ അടുക്കള തൊഴില്‍ഭാരം കുറയ്ക്കുന്നതിനുവേണ്ടി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി കേരളത്തിലും മുന്നോട്ടു വച്ചിട്ടില്ലേ? കുട്ടികളുടെ സ്കൂള്‍ യൂണിഫോം പദ്ധതി കൈത്തറിക്ക് ഒരു കൈത്താങ്ങല്ലേ? ഇതൊക്കെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവാം. അവ രാഷ്ട്രീയ മണ്ഡലത്തില്‍ തര്‍ക്കിച്ചു തീര്‍ക്കുന്നതാണ് അഭികാമ്യം. അല്ലാതെ കോടതി വിധിയുടെയോ നിയമനിര്‍മ്മാണത്തിന്റെയോ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതല്ല.

ജനങ്ങള്‍ തീരുമാനിക്കട്ടെ

ഗുജറാത്തില്‍ ആം ആദ്മി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യങ്ങളോടു ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രചാരണവേളയില്‍ തുറന്നു കാണിക്കുക. അവ നടപ്പാക്കാനുള്ള പണത്തിന്റെ കണക്ക് ആവശ്യപ്പെടുക. ഈ പണംകൊണ്ട് പകരം ചെയ്യാവുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വയ്ക്കുക. ജനങ്ങള്‍ തീരുമാനിക്കട്ടെ. അതാണു ജനാധിപത്യം. നവലിബറല്‍ ചിന്താഗതിക്ക് അന്യമായൊരു സരണിയാണ് ജനാധിപത്യം.

തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് എന്തു വാഗ്ദാനം ചെയ്താലും തങ്ങളുടെ ഇംഗിതപ്രകാരം രൂപംകൊള്ളുന്ന ധന ഉത്തരവാദിത്വ നിയമം പോലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലേ ഭരണം പാടുള്ളൂവെന്നാണ് അവരുടെ വാദം. ഇത്തരത്തില്‍ ജനങ്ങള്‍ക്കു നല്‍കാവുന്ന സൗജന്യങ്ങള്‍ക്കു യാന്ത്രികമായ പരിധി കല്‍പ്പിക്കാനുള്ള നീക്കങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

ഇത്തരമൊരു നിലപാട് ഇന്ത്യാ രാജ്യത്തെ ശ്രീലങ്കയുടെ അവസ്ഥയിലേക്കു കൊണ്ടുപോകുമെന്നു പറഞ്ഞ് ഭയപ്പെടുത്താനാണു ശ്രമം. രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുന്ന രീതിയില്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ നിയന്ത്രിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയമങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. ധന ഉത്തരവാദിത്വ നിയമപ്രകാരം റവന്യു കമ്മി പാടില്ല. വായ്പയെടുക്കുന്ന പണംകൊണ്ട് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകളോ സബ്സിഡിയോ നല്‍കാന്‍ പാടില്ല. ഇങ്ങനെയൊരു നിയന്ത്രണം നിലവിലുള്ളപ്പോള്‍ അതിനപ്പുറം കടന്ന് എന്തെല്ലാം തരത്തിലുള്ള റവന്യു ചെലവുകളാവാം എന്നതു നിര്‍ദ്ദേശിക്കാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമം ഉണ്ടാക്കാനാണ് ശ്രമം.

പ്രതിക്കൂട്ടില്‍ കേന്ദ്ര സര്‍ക്കാര്‍

ഇത്തരമൊരു പ്രചാരണവുമായി സംസ്ഥാനങ്ങള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത്. 2003-04 കാലത്താണ് ധന ഉത്തരവാദിത്വ നിയമം ഉണ്ടായത്. നാളിതുവരെ റവന്യുക്കമ്മി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ റവന്യു കമ്മി ജിഡിപിയുടെ 23 ശതമാനം വീതം വരും. അതേസമയം സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി റവന്യു കമ്മി കുറച്ചുകൊണ്ടുവന്നു.

കഴിഞ്ഞ പതിറ്റാണ്ടില്‍ സംസ്ഥാനങ്ങളുടെ റവന്യുകമ്മി ഇല്ലാതായി. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ റവന്യു കമ്മി ഉള്ളത്. അത് നമ്മുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഉയര്‍ന്ന ചെലവുകള്‍ മൂലമാണ്. അതുകൊണ്ട് നമ്മുടെ റവന്യു കമ്മി ഇല്ലാതാക്കണമെങ്കില്‍ നമ്മുടെ റവന്യു വരുമാനം ഗണ്യമായി ഉയരണം. അതിനു സഹായകരമായ സമീപനം ജിഎസ്ടിയിലും കേന്ദ്ര നികുതി വിഹിതത്തിലും ഉണ്ടാവണം.
ഏതായാലും ഒരു കാര്യം വ്യക്തം. സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ധനകാര്യം കൈകാര്യം ചെയ്തിട്ടുള്ളത്. തിരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top