23 September Saturday

ഫാസിസത്തിന്റെ അലിഖിതവും അദൃശ്യവുമായ നിഴലുകൾ -ഡോ. കവിത ബാലകൃഷ്ണൻ എഴുതുന്നു

ഡോ. കവിത ബാലകൃഷ്ണൻUpdated: Saturday May 27, 2023

ഫേസ്ബുക്കിൽ കണ്ടെത്തിയ കലാകാരിയായ ഉക്രയ്‌നിയൻ സ്നേഹിത ലിനാ സ്റ്റേർൺ, 2022 ഫെബ്രുവരിയിൽത്തന്നെ അവരുടെ യുദ്ധ ജേണൽ തുടങ്ങിയിരുന്നു. അവരുടെ വേദനയിലും സുരക്ഷിതത്വത്തിലും വല്ലാതെ ആകാംക്ഷപ്പെട്ട എന്നോട് അവർ പറഞ്ഞു; ‘ഉണ്ട്, കുറെയേറെ നാശനഷ്ടങ്ങളും ഭീകരതയുമുണ്ട് ചുറ്റിനും, പക്ഷേ ഉക്രയ്‌ൻ വളരെ വേഗം തിരികെ വരും’ 

ഡോ. കവിത ബാലകൃഷ്ണൻ

ഡോ. കവിത ബാലകൃഷ്ണൻ

ഫാസിസ്റ്റ് ചരിത്രങ്ങൾക്ക് പല അടരുകളുണ്ട്. അവയിലെല്ലാം മീശ പിരിക്കുകയും നെഞ്ച് വിരിക്കുകയും, തങ്ങൾക്ക് പ്രീതിയില്ലാത്തവരെ കൂട്ടത്തോടെ ഗ്യാസ് ചേംബറിലിട്ട് ആവിയാക്കുകയും ബുദ്ധിജീവികളെ വധിക്കുകയും, പൗരന്മാരെ തങ്ങളുടെ രാജ്യത്തിനുള്ളിൽത്തന്നെ അഭയാർഥികളാക്കുകയും കലാകാരർക്ക് ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കുകയും സ്ത്രീകളെ തരംതാഴ്‌ത്തുകയുമൊക്കെ ചെയ്യുന്ന ഭരണകൂടങ്ങൾ അരങ്ങുവാണിട്ടുണ്ട്. പ്രാദേശികവും ദേശീയവുമായ ഇന്നത്തെ ഒട്ടുമിക്ക ഭരണകൂട സന്ദർഭങ്ങളിലും ഈ അടരുകൾ ഏറിയും കുറഞ്ഞും സജീവമാണ്.

ചരിത്രപരമായ പലതരം വംശപ്പോരുകളെ  അടിസ്ഥാനമാക്കി രണ്ടു പക്ഷങ്ങൾ ഉണ്ടാക്കുകയും അത് നിരന്തര സംഘർഷങ്ങളെ അനിവാര്യമാക്കുകയും ചെയ്യുന്നു. അതിലൂടെ നഷ്ടമാകുന്നത് വംശീയതയുടെ ദുർവൃത്തത്തിന് പുറത്ത് ബഹുസ്വരവും ജനാധിപത്യപരവുമായ മറ്റൊരു ജീവിതത്തിനുള്ള സാധ്യതയാണ്. രാഷ്ട്രീയാധികാരത്തെപ്പറ്റി ഹിംസാത്മകമല്ലാത്ത ഒരു ഭാവനപോലും ഇത് അസാധ്യമാക്കുന്നു. സർഗാത്മകത എല്ലായിടത്തും ഒരു വിക്ഷുബ്ധ വിലാപമാകുന്നു. ലോകത്തെ മികച്ച ആർട്ട്  മ്യൂസിയങ്ങളും ബിനാലെകളും, എന്തിനധികം ആർട്ട് ഫെയറുകൾപോലും ഈ വിലാപങ്ങളെ ഭംഗിയായി ‘ക്യൂറേറ്റ്’ ചെയ്യുന്നുമുണ്ട്. 

ഫാസിസ്റ്റ് നൈരന്തര്യങ്ങൾ എന്നു വിളിക്കാവുന്ന ഈ നവഫാസിസത്തിന്റെ രൂപങ്ങളാകട്ടെ, അവയുടെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാപന രൂപമികവ് തന്ത്രപരമായി മുൻനിർത്തുന്നതിൽ ബദ്ധശ്രദ്ധരാണ്. അതിനാൽ അവയുടെ ഹിംസാത്മകത ഏറെയും അദൃശ്യമാണ്. മാത്രമല്ല, ഇതിനെല്ലാം മുകളിൽ കാണുന്ന പുകമറയാണ് സാമ്പത്തികവും സാംസ്‌കാരികവുമായ ദൈനംദിന ‘അന്താരാഷ്ട്ര സംഘർഷങ്ങൾ’. ഒരു പരിഹാരത്തിന് തിടുക്കപ്പെടുകയാണ് എന്ന് നിരന്തരം ഓർമിപ്പിക്കുമെങ്കിലും, ഈ സംഘർഷങ്ങളുടെ ഉപജ്ഞാതാക്കൾ അത് തീർക്കുന്നില്ല. ഉദാഹരണത്തിന് 2014ൽ തുടങ്ങിയ ഉക്രയ്‌ൻ ‐ റഷ്യ സംഘർഷം 2022 ഫെബ്രുവരിയിലെ റഷ്യൻ കടന്നുകയറ്റത്തോടെ ഒരു ദൈനംദിന യുദ്ധത്തിന്റെ മാതൃകയിൽ തുടരുകയാണ്. ലോകത്തെ ‘പ്രശ്നബാധിത പ്രദേശ’ങ്ങളിൽ ഒരെണ്ണം കൂടി അങ്ങനെ  നിർമിക്കപ്പെട്ടിരിക്കുന്നു.

വ്‌ളാഡിമിർ പുടിന്റെ റഷ്യയും വ്‌ളാഡിമിർ സെലെൻസ്‌ക്കിയുടെ ഉക്രയിനും തമ്മിലുള്ള ഈ യുദ്ധത്തിന്റെ കാര്യകാരണങ്ങളെയോ ആഗോള സാമ്പത്തിക സമൂഹത്തിൽ അതുണ്ടാക്കിയ സമ്മർദങ്ങളെയോ സംബന്ധിച്ച എന്തെങ്കിലും ‘തർക്കനിലപാട്’ അല്ല ഈ ലേഖനം പറയാൻ ശ്രമിക്കുന്നത്. മറിച്ച്‌, ഫാസിസവും കലയും തമ്മിലുള്ള ബന്ധത്തെ കലയുടെ പക്ഷത്തുനിന്നുള്ള വിക്ഷുബ്ധവിലാപത്തിന്റെ ഭാഷയിലല്ലാതെ മറ്റെന്തെങ്കിലും വിധത്തിൽ ആലോചിക്കാനാകുമോ എന്നൊരു അന്വേഷണമാണിത്‌. ഉക്രയ്‌ന്റെ സന്ദർഭം, ഈ കാര്യത്തിനുള്ള പലതരം സാധ്യതകളിൽ ഒരു സ്പെസിമെൻ മാത്രമാണ്.

സംഘർഷഭരിതമായ സാഹചര്യങ്ങളെ നിരാശാഭരിതമായ നിരന്തര തർക്കങ്ങളിലൂടെ പുനഃസൃഷ്ടിച്ച് തുടരാൻ അനുവദിക്കുന്നതിനുപകരം, ഫാസിസ്റ്റ് സ്വഭാവമുള്ള സംഘർഷങ്ങളുടെ നിർമാണത്തെ തന്നെ പ്രശ്നവൽക്കരിക്കുകയും, ആ പരിസരങ്ങളെ  മാറ്റിത്തീർക്കുകയും വേണം. അങ്ങനെ ഈ ഫാസിസ്റ്റ് ദുർഭരണ സാഹചര്യങ്ങളിലൂടെ കടന്നുപോകണം. ഈ ലോകത്ത് മനുഷ്യവംശത്തിന് ജീവിച്ചിരിക്കണം. അതിന് ആവശ്യമുള്ള മറ്റൊരു ഭാഷയെയും ജീവിതത്തെയും കലയെയും കുറിച്ചാണ് ഇവിടെ ആലോചന. ആ ഭാഷയും ജീവിതവുമാണ് ഇന്ന് ലോകത്ത് അവശേഷിച്ചിരിക്കുന്ന മൗലികതയുടെ വഴി. അതിനാണ് ‘കലാമൂല്യം’.

ലിനാ സ്റ്റേർൺ

ലിനാ സ്റ്റേർൺ

1989ലാണ് ഞാൻ ഒരു പതിമൂന്നുകാരിയായിരിക്കവേ ഉക്രയ്‌നിലെ ക്രിമിയയിൽ കരിങ്കടൽ തീരത്ത് ആർത്തേക്ക് പയനിയർ ക്യാമ്പിൽ പങ്കെടുത്തത്. അന്ന് ഉക്രയിൻ, സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ ഭാഗമാണ്. മറക്കാനാകില്ല, അയുദാഗിനെ! അയുദാഗ് ഒരു മലയാണ്. കരിങ്കടലിലെ വെള്ളം കുടിച്ചുവറ്റിച്ചുകൊണ്ടിരുക്കുന്നതെന്ന് ‘യങ് പയനിയർ’ കുട്ടികൾ അന്ന് കരുതിയ, കരടിയുടെ ആകൃതിയുള്ള ആ മല! നാടോടിക്കഥകളുടെ സുന്ദരതാഴ്വരയായ ആ ക്രിമിയൻ തീരമടക്കം ഉക്രയ്‌ൻ എന്ന സംസ്കൃതി തന്നെ ഇന്ന് എത്ര ദാരുണമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു! ഫേസ്ബുക്കിൽ കണ്ടെത്തിയ കലാകാരിയായ ഉക്രയ്‌നിയൻ സ്നേഹിത ലിനാ സ്റ്റേർൺ (Lina Stern), 2022 ഫെബ്രുവരിയിൽത്തന്നെ അവരുടെ യുദ്ധ ജേണൽ (War Journal) തുടങ്ങിയിരുന്നു. അവരുടെ വേദനയിലും സുരക്ഷിതത്വത്തിലും വല്ലാതെ ആകാംക്ഷപ്പെട്ട എന്നോട് അവർ പറഞ്ഞു; ‘ഉണ്ട്, കുറെയേറെ നാശനഷ്ടങ്ങളും ഭീകരതയുമുണ്ട് ചുറ്റിനും, പക്ഷേ ഉക്രയ്‌ൻ വളരെ വേഗം തിരികെ വരും’  

ഇൗ ലേഖനം എഴുതുമ്പോൾ ലിനാ സ്റ്റേർണിന്റെ ‘യുദ്ധ ജേണൽ’  നാനൂറ്റി നാൽപ്പത്തിയാറാമത്തെ യുദ്ധദിനത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് പക്ഷേ അപ്രതീക്ഷിതവും വ്യത്യസ്തവുമായ ഒരു യുദ്ധജേണലാണ്.   ഇതിലാകെ വ്യാപിച്ചിരിക്കുന്നത് ദാരുണതകളുടെ നേർച്ചിത്രങ്ങളല്ല. ഇതിലെ ചിത്രങ്ങളിൽ കാണുന്നതും വാക്കുകളിൽ വിവരിച്ചിരിക്കുന്നതും ആശുപത്രികളും ആക്രന്തനങ്ങളുമല്ല.

സാമ്പത്തിക ‐കമ്പോള ‐ഭൂമി വിഭവങ്ങൾക്കുവേണ്ടിയുള്ള യുദ്ധവും വംശഹത്യകളും ഭീകരവാദവും ഇതിനോടകം ഒട്ടധികം ‘ഫോട്ടോഗ്രാഫിക് ഫെറ്റിഷ്’ വസ്തുക്കൾ നമുക്ക് ചുറ്റും നിർമിച്ചിട്ടുണ്ട്. പലപ്പോഴും യുദ്ധമുഖത്തുനിന്നുള്ള കൺകാഴ്ച എന്ന നിലയ്ക്ക്, യഥാർഥമായതിനാൽ സത്യത്തിന്റെ ദൃക്‌സാക്ഷി വിവരണംപോലെ കാണപ്പെടുന്ന ദുരന്തഫോട്ടോകൾക്കും നാശനഷ്ടങ്ങളുടെ ചിത്രീകരണങ്ങൾക്കും ധാർമികതയെക്കുറിച്ച് വലിയ അവകാശവാദമുന്നയിക്കാം. ജനാധിപത്യവും ബഹുസംസ്‌കാര ജീവിതവുമുള്ള ഇടങ്ങളിൽ ആ വാദങ്ങൾ അതാതിടത്തെ മുതലാളിത്തത്തിനകത്ത് വേവുന്ന വിധത്തിലുള്ള രാഷ്ട്രീയസംവാദങ്ങൾക്കും വിമർശ സാംസ്‌കാരികരൂപങ്ങൾക്കും നല്ല ആകർഷകമായ വിൽപ്പനച്ചരക്കാകാനുള്ള അവസരം കൊടുക്കുന്നു.

ഇമേജുകൾ ലിനാ സ്്‌േറ്റർണിന്റെ  ‘വാർ ജേണലി’ൽനിന്നും

ഇമേജുകൾ ലിനാ സ്്‌േറ്റർണിന്റെ ‘വാർ ജേണലി’ൽനിന്നും

പക്ഷേ സംഘർഷങ്ങളെ മാറ്റിത്തീർക്കാൻ അല്‌പം  പോലും സഹായിക്കാത്തതിനാൽ അവ ഫലത്തിൽ സ്വയം ഒറ്റുകൊടുക്കുന്നു. മാന്ത്രികതയും ചരക്കുഗുണവും ഒന്നിച്ച് കാണപ്പെടുന്നതുകൊണ്ടാണ് ഇവയെ ‘ഫെറ്റിഷ്’ എന്നു വിളിക്കുന്നത്. നുണകളുടെയും സത്യങ്ങളുടെയും ഇടയിൽ കളിക്കുന്ന മാധ്യമവ്യവസായത്തിനും യുദ്ധവിരുദ്ധ രാഷ്ട്രീയ ഗീർവാണങ്ങൾ ചമയ്ക്കണം.

അതിന് ‘ലോകമനഃസാക്ഷി’യെ വിറപ്പിക്കുന്ന ഫോട്ടോകൾ വേണം.  ചരിത്രത്തെയും ഓർമയെയും പരാമർശിച്ചുകൊണ്ടുവേണമത്. അതിനായി, ഏറെയും ആശ്രയിക്കുന്നത്  ഈ ഫെറ്റിഷ് ആർക്കൈവിനെയാണ്. അതിനെ ലോകത്ത് ഒരു ഡിറ്റേക്റ്ററും ഭയക്കുന്നില്ല.

ആരുടെ കൗതുകനോട്ടമാണ് യുദ്ധം? പ്രശ്നബാധിതമല്ലാത്ത ‘വികസിതരാഷ്ട്ര’മനുഷ്യരുടെ മുതലാളിത്തത്തിന്റെ, എന്നു പറയാം.  അവർക്ക് അന്താരാഷ്ട്ര പ്രസക്തിയുള്ള ഒരു വിഷയം ആണ് യുദ്ധം; ഇന്ന് അതിന്റെ സന്ദർഭങ്ങൾ, തങ്ങൾക്ക് കമ്പോളം തുറക്കാത്ത സോവിയറ്റ് രാഷ്ട്രങ്ങളുടെ പതനമോ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പതനങ്ങളോ, ഗ്ലോബൽ ഭീകരവാദമോ, ഉത്തരകൊറിയയുടെ ആണവായുധമോ ഒക്കെയാകാം.

അതുകൊണ്ടുതന്നെ, ലോകത്തെവിടെ നിന്നുമുളള യുദ്ധഫോട്ടോഗ്രാഫിയുടെ ഫെറ്റിഷ് ആർക്കൈവ്, ഫോട്ടോറിയലിസ്റ്റ് പെയിന്റിങ് ഭാഷയിലോ വീഡിയോ ആയിട്ടോ ഒക്കെ റീസൈക്കിൾ ചെയ്യുന്ന രീതി ‘കണ്ടംപററി ആർട്ടി’ലുമുണ്ട്. വേൾഡ് ട്രേഡ് സെന്ററിന്റെ വീഴ്ച പല മട്ടിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത് വാർ മ്യൂസിയങ്ങളിൽ കാണാം. ഓർമയുടെ ഇത്തരം രാഷ്ട്രീയ പുനഃസൃഷ്ടികൾ മറ്റൊരു കച്ചവടച്ചരക്കാണ്.

ലിനാ സ്റ്റേർണിന്റെ യുദ്ധജേണലുകളിൽ ഉള്ളത് ഇതൊന്നുമല്ല. മറിച്ച് ലിനാ ജീവിക്കുന്ന ഒഡേസ എന്ന സ്ഥലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും അസാമാന്യവും വൈരുധ്യാത്മകവുമായ  സൗന്ദര്യമാണ്! ഫോട്ടോ / ആർട്ട് കൊളാഷുകളാണ്.

ദൃശ്യസാഹിത്യം (visual Literature)! ഏതു യുദ്ധത്തിനിടയിലും പതിവുപോലെ ഉദിക്കുന്ന സൂര്യൻ, അലയടിക്കുന്ന കടൽത്തീരം, മനുഷ്യർ കളിച്ച് ഉപേക്ഷിച്ചുപോയ ബലൂണുകൾ, കാറ്റിൽ ഉലയുന്ന വൃക്ഷങ്ങൾ. ഇവയൊന്നും ‘പ്രകൃതി സൗന്ദര്യത്തിന്റെ’ ആ പഴയ വാഴ്ത്തുകളല്ല. ഇത് പ്രകൃതിയും മനുഷ്യവംശവും തമ്മിലുള്ള മറ്റൊരു ഡയലോഗാണ്. തന്റെ ഇരുന്നൂറ്റി ഇരുപത്തിയെട്ടാമത്തെ പേജിൽ ചിത്രങ്ങളോടൊപ്പം ലിനാ എഴുതുന്നു:

‘‘ഏരീസിലെ പൗർണമി... തീയും വെള്ളവും... ജലരാജ്ഞിയായ ചന്ദ്രനും ആളിക്കത്തുന്ന ഏരീസും തീക്ഷ്ണവൈരുധ്യങ്ങളുടെ ചേർപ്പാണ്; ഉദാഹരണത്തിന് ‘ക്രിമിയൻ പാലം’. A False Putin Construction...  ഒഡേസയിൽ സുന്ദരമായ കാലാവസ്ഥ. ഊഷ്മളമായ ഒക്ടോബർ. 

അതിന് തൊട്ടുമുമ്പത്തെ ദിവസം ‘ക്രിമിയൻ പാലം’  (അധിനിവേശപ്രദേശവും റഷ്യയും തമ്മിൽ ബന്ധിപ്പിക്കാൻ പുട്ടിൻ നിർമിച്ചത്) തീയിട്ട് നശിപ്പിക്കപ്പെടുകയും ട്രാഫിക് തടസ്സപ്പെടുകയും ചെയ്തിരുന്നു.  ലിനാ ജേണലിൽ ചേർക്കുന്ന ചിത്രങ്ങൾ  2022 ൽ ഉക്രയ്‌നിൽജീവിച്ചിരുന്ന ഒരു കലാകാരിയുടെ ജീവിതത്തിന്റെ തെളിവുകളാണ്. അതിൽ ശരികേടിന്റെ ആ പാലം കാണില്ല. മറിച്ച് അത് നിർമിച്ചതിന്റെയും നശിപ്പിച്ചതിന്റെയും മനോഭാവമായ തീയും വെള്ളവും ആണ് ഉള്ളത്.

വാസ്തവത്തിൽ ലിനാ സ്റ്റേർൺ ഒരു അസീമിക് (Asemic)  ആർട്ടിസ്റ്റ് ആണ്. ഭാഷയെക്കുറിച്ചുള്ള മറ്റൊരു ദർശനമാണ് ‘അസീമിക്’. അത് വിശദമാക്കാം. അർഥങ്ങളുടെ ദുർഭരണത്തെയാണ് നാം പൊതുവേ ഭാഷ എന്നുപറയുന്നത്. അർഥം (Specific Semantic Content)  ഇല്ലാത്തൊരു വാക്കോ, ലിപിയോ പ്രയോഗമോ തന്റെ സന്നിധിയിലേക്ക് കടത്താത്ത, ചട്ടങ്ങളുടെയും ക്രമങ്ങളുടെയും നിയമങ്ങളുടെയും രേഖപ്പെടുത്തപ്പെട്ട ലോകമാണ് ‘ഭാഷ’യുടെ പരിധിയിൽ സ്വതവേ പെടുക.

എഴുത്തും അച്ചടിയുമാണ് ഭാഷയുടെ ഏറ്റവും വലിയ മാനകസ്വഭാവം വഹിക്കുന്ന മേഖലകൾ. എന്നാൽ കാണൽ എന്ന പ്രക്രിയ തന്നെ വളരെ യാദൃച്ഛികവും സർവവ്യാപിയും  (random and Pervasive)  ആയതുകൊണ്ട്, ചിത്രങ്ങൾ കൊണ്ട് അർഥങ്ങളുടെ നിർമാണ ദുർഭരണം നടത്തുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ ‘കല’ എന്ന നിലയ്ക്കുള്ള ചിത്രരചനയുടെ അതിദീർഘമായ വ്യവഹാരം പലതരം സുനിശ്ചിതമായ അർഥം വഹിക്കുന്ന നോട്ടക്രമങ്ങളും കാഴ്ചപ്പുറങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഒറ്റനോട്ടത്തിൽ ‘എഴുത്ത്’ എന്നു തോന്നിയാലും അർഥം വഹിക്കുന്ന ഒന്നും ഇല്ലാതിരുന്നാലോ? ഭാഷയുടെ ‘ഭരണം’ തന്നെ ഇല്ലാതാക്കാം. അതാണ് അസീമിക് എഴുത്ത്.

ഒറ്റനോട്ടത്തിൽ ‘ചിത്രം’ എന്നു തോന്നിയാലും ഒന്നിനും ദൃക്‌സാക്ഷ്യം വഹിക്കുന്ന ഒന്നുംതന്നെ ഇല്ലാതിരുന്നാലോ? നോട്ടം കൊണ്ടുള്ള ‘സത്യം’, ആ കണ്ടതിലപ്പുറം എന്തെങ്കിലുമാണെന്ന് ചിന്തിക്കാം. അതാണ് അസീമിക് കാഴ്ച. അത് ‘താൻ കലാസൃഷ്ടിയാണ്’ എന്ന സ്വയം മോടിയിൽ കാണപ്പെടുന്നതുമില്ല. കേവലമായ അമൂർത്തതയോ (abstraction) ദൃക്‌സാക്ഷിഭാഷയോ (reportage)  അല്ല. തുച്ഛമായ ദൈനംദിന പരിശ്രമങ്ങളുടെ പല അടരുകളിൽ പ്രപഞ്ചജീവിതം നിഴലിച്ചതുപോലെ കാണുന്ന ഒരു കാഴ്ചയാണ് അസീമിക് കാഴ്ച.

മൂന്ന് വൃദ്ധകളായ സ്ത്രീകൾ, മൂന്നു നായ്ക്കൾ, കടൽ, ആകാശം; ഒരു അദൃശ്യപൂച്ചയും(Visual Literature, September 2022)  പരിസ്ഥിതിയുടെ പ്രാഥമിക തത്ത്വം, ‘എല്ലാം എല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു’ എന്നതാണ്. യുദ്ധം, ന്യൂക്ലിയറോ അല്ലാത്തതോ ആയിക്കൊള്ളട്ടെ, ഈ ഗ്രഹത്തിലെ എല്ലാവരെയും അത് ബാധിക്കുന്നു. 

സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധംകൊണ്ടുണ്ടാകുന്ന ജൈവമണ്ഡല വികാസത്തിന്റെ അങ്ങേയറ്റം എന്നു നിർവചിക്കപ്പെടുന്ന  Noosphere എന്ന തത്വചിന്താപരമായ സാങ്കൽപ്പിക മേഖലയെക്കുറിച്ച് ലിനാ മറ്റൊരു യുദ്ധദിനപ്പേജിൽ എഴുതി. മനുഷ്യന്റെ ചിന്തയും ശാസ്ത്രീയ യുക്തിയും ചേർന്ന്‌ ഭൗമശാസ്ത്രപരമായ അടുത്ത അടരുകൾ നിർമിക്കുന്നു എന്ന സങ്കൽപ്പനമാണത്. മനുഷ്യന്റെ സ്വപ്നങ്ങളാൽ നയിക്കപ്പെടുന്ന ഗ്രഹപരിണാമത്തിന്റെ അടുത്ത നിലയാണത്.

ഇവിടെ സ്വപ്നം എന്നത് ഭാവനയുടെ സജീവതയും, വേണ്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഉദാഹരണത്തിന് ഒരു മുഹൂർത്തത്തിൽ ഒരാൾക്ക് ഭയപ്പെടണോ, സൗന്ദര്യപ്പെടണോ എന്നതിൽനിന്നും ഒരാൾ തെരഞ്ഞെടുക്കുന്നതുപോലെയിരിക്കും, അപ്പപ്പോൾ അയാൾക്ക്  സംഭവിക്കുന്നതും. സ്വതന്ത്രവും സന്തുഷ്ടവുമായ സ്വപ്നാടകരുടെ ഇടമായി ഈ ഭൂമിയുടെ പരിണാമം നടക്കാൻ യാതൊരു പ്രയാസവുമില്ല. പക്ഷേ എല്ലാ യുദ്ധങ്ങളും അതിന്റെ വേഗത കുറയ്ക്കുന്നു. ലിനാ സ്റ്റേർണിന്റെ യുദ്ധ ജേണൽ ഇത്തരം എഴുത്തും കാഴ്ചയും ചേർന്നതാണ്.

മറിച്ച്

ചിന്ത അടഞ്ഞുപോയ, മനുഷ്യഭാവനയുടെ അസ്തപ്രജ്ഞതയിലാണ് ഫാസിസ്റ്റ് അധികാരത്തിന്റെയും ഹിംസയുടെയും സ്റ്റീരിയോടൈപ്പിങ്ങിന്റെയും വ്യവസ്ഥയും ക്രമവും പുലരുന്നത്. അതുകൊണ്ടുതന്നെ ദേശഭക്തി, പ്രതികാരം, ആത്മബലി തുടങ്ങിയ യുക്തികൾകൊണ്ടാണ് ഫാസിസം സ്വയം സാധൂകരിക്കുന്നത്.

ചിന്ത അടഞ്ഞുപോയ, മനുഷ്യഭാവനയുടെ അസ്തപ്രജ്ഞതയിലാണ് ഫാസിസ്റ്റ് അധികാരത്തിന്റെയും ഹിംസയുടെയും സ്റ്റീരിയോടൈപ്പിങ്ങിന്റെയും വ്യവസ്ഥയും ക്രമവും പുലരുന്നത്. അതുകൊണ്ടുതന്നെ ദേശഭക്തി, പ്രതികാരം, ആത്മബലി തുടങ്ങിയ യുക്തികൾകൊണ്ടാണ് ഫാസിസം സ്വയം സാധൂകരിക്കുന്നത്. അതുകൊണ്ടാണ് അവ ദൃക്‌സാക്ഷി തെളിവ് കാണിച്ച് സംഭ്രമിപ്പിക്കുന്നത്.

പൊതുവേ നിങ്ങൾ കണ്ടതിനപ്പുറം ഒന്നുമില്ല, ചിന്തിക്കുന്നതെന്തിന്, എന്ന് ഒരു ചിത്രത്തിലെ ‘ദൃക്‌സാക്ഷി റിയലിസം’, അതിൽനിന്നും ഉണ്ടാകാനിടയുള്ള കാഴ്ചയെ തടയുന്നു. പക്ഷേ ഫാസിസത്തിന്റെ പ്രവർത്തന ശൈലി പുറമേക്ക് കാണപ്പെടുന്നതിലും സൂക്ഷ്‌മമാണ്. അവ ഏറെയും അദൃശ്യമാണ്. അത് മനസ്സിലാക്കുമ്പോൾ, മനുഷ്യജീവിതം അദൃശ്യമായ ഫാസിസ്റ്റ് ക്രമങ്ങളെ തിരിച്ച്‌ പുറത്തിടാൻ തുടങ്ങുന്നു.

സംഭ്രമങ്ങളില്ലാത്ത ലിനായുടെ അസീമിക് ഭാഷ ചെയ്യുന്നത് അതാണ്. അപ്പോൾ എഴുത്തിന്റെയും കാഴ്ചയുടെയും പൊതുവായ ഫാസിസ്റ്റ് യുക്തിയുടെ ഭരണത്തിൽനിന്നും, ഭയജനകമായ ആത്മബലിയിൽനിന്നും രക്ഷപ്പെടാനുള്ള പരിശ്രമം ഒരാൾ തുടങ്ങുന്നു. ആ രക്ഷപ്പെടലിന്റെ സ്വഭാവം തന്നെ പരീക്ഷണാത്മകത ആണ്. Experimental in nature.

ആ രക്ഷപ്പെടലാണ് ലിനായുടെ ‘അസീമിക് റൈറ്റിങ്’ എന്നു പറയുന്നത്. അത് എഴുത്തും കലയും മാത്രമല്ല. ജീവിതത്തിന്റെ തന്നെ വ്യവസ്ഥേതരമായ മറ്റൊരു സാധ്യതയിൽ ആയിരിക്കുന്നതിനുള്ള ശ്രമമാണത്.

ആശയങ്ങളുടെയും സങ്കൽപ്പങ്ങളുടെയും എല്ലാതരം ദുർഭരണങ്ങളെയും ‘ഫാസിസം’ എന്നു വിളിക്കാമെങ്കിൽ, ‘അസീമിക്’ ഭാഷ അതിൽനിന്നൊരു രക്ഷാമാർഗം തേടലാണ്. ജീവിക്കണമെങ്കിൽ ‘നോർമ’യെ അനുസരിച്ചുള്ളതല്ലാത്ത ഒരുതരം  ‘അനുഗ്രഹിക്കപ്പെട്ട ഡൗൺ സിൻഡ്രോം’,  മനുഷ്യർക്ക് ആവശ്യമായി വരുന്നു.ഏതു ദുരന്തത്തിലും അത് തുറന്നുതരുന്നത് ജീവിതത്തിന്റെ, അപ്രതീക്ഷിതമായ സൗന്ദര്യത്തിന്റെ ചെറുസാധ്യതയാണ്.

ആശയങ്ങളുടെയും സങ്കൽപ്പങ്ങളുടെയും എല്ലാതരം ദുർഭരണങ്ങളെയും ‘ഫാസിസം’ എന്നു വിളിക്കാമെങ്കിൽ, ‘അസീമിക്’ ഭാഷ അതിൽനിന്നൊരു രക്ഷാമാർഗം തേടലാണ്. ജീവിക്കണമെങ്കിൽ ‘നോർമ’യെ അനുസരിച്ചുള്ളതല്ലാത്ത ഒരുതരം  ‘അനുഗ്രഹിക്കപ്പെട്ട ഡൗൺ സിൻഡ്രോം’,  മനുഷ്യർക്ക് ആവശ്യമായി വരുന്നു.ഏതു ദുരന്തത്തിലും അത് തുറന്നുതരുന്നത് ജീവിതത്തിന്റെ, അപ്രതീക്ഷിതമായ സൗന്ദര്യത്തിന്റെ ചെറുസാധ്യതയാണ്. അത് ഭരണകൂടത്തിന്റെ ഭാഗമായ ഇടനിലക്കാർ ഭയചകിതർക്കായി സൃഷ്ടിച്ചുതരുന്ന സംഘർഷങ്ങളുടെ നറേറ്റീവുകളെ പുനഃസൃഷ്ടിക്കുന്നില്ല. അവയുടെ കുഴലൂത്ത് നടത്തുന്നില്ല. അവയുടെ പേരിൽ പക്ഷം പിടിച്ച്‌ വാദിക്കുന്നില്ല.

ബോധപൂർവം ഒഴിവാക്കുന്നുണ്ട് താനും. അതുകൊണ്ടുതന്നെ യുദ്ധമ്യൂസിയങ്ങളോ, രാഷ്ട്രചരിത്രങ്ങളോ, പ്രത്യയശാസ്ത്രങ്ങളുടെ മെഷിനറികളോ, കലയുടെ കമ്പോളസംസ്‌കാരചരിത്രംപോലുമോ, അവരുടെ ചരിത്രപാഠങ്ങളിൽ ഈ ‘ആത്മരക്ഷാമാർഗി’കളെ ഉൾപ്പെടുത്തണമെന്നില്ല. വളരെ സാധാരണമായ ജീവിതം നയിക്കുന്ന, യുദ്ധം അപ്രസക്തമാണെന്ന് കരുതുന്ന, ഫാസിസ്റ്റിനെ ഭയക്കാത്ത ചില മൂലകളിൽ ഈ പ്രതിരോധം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത് കാണാം. ഇന്ന് ലോകമെമ്പാടും ചിതറിക്കാണുന്ന അത്തരം മനുഷ്യസമൂഹങ്ങളെ ലിനാ വിളിക്കുന്നത്  ‘self organising societies’ എന്നാണ്. അവർ തന്നെയാണ് ഏതു ഡിക്റ്റേറ്ററുടെയും പ്രതീക്ഷ തെറ്റിക്കുന്നത്. നാളെ ലിനായും അവരുടെ തലമുറ തന്നെയും അപ്രത്യക്ഷരായാലും  ഈ യുദ്ധജേണലുകളിൽ അതിനുള്ള തെളിവുണ്ട്.

യുദ്ധത്തിന്റെ 271, 272 ദിനങ്ങൾ

‘‘നാല് വൃദ്ധകളും ഒരു പൂച്ചയും കരിങ്കടൽ തീരത്ത് ചീട്ടു കളിക്കുന്നു. ഈ വർഷം ഒഡേസയിലെ ശരത്‌ക്കാലം ഊഷ്മളമാണ്. തണുപ്പിൽനിന്നും രക്ഷനേടാനുള്ള ചൂടും അത് പകരാനുള്ള  വൈദ്യുതിബന്ധവും പന്ത്രണ്ടു മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടാലും ജീവിക്കാനാകും.
യുദ്ധം തുടരുകയാണ്... ’’

പലപ്പോഴും യുദ്ധംകൊണ്ട് നശിക്കുന്ന ഒരു രാജ്യത്തെ പൗരയെന്ന നിലയിൽ ലിനായുടെ ജീവിതം ഒരു ‘കലാകാരി’യെന്ന ആത്മബോധത്തെപോലും അസാധ്യമാക്കുന്ന അവസ്ഥയിലാണ്. ‘a peculiar Contemporary artist’എന്നാണ് അവർ സ്വയം പരിചയപ്പെടുത്തുന്നത്. അല്ലെങ്കിൽത്തന്നെ, ഏതെങ്കിലും വിധത്തിൽ മഹത്വമുള്ള കല വാഴുന്ന ഒരു ഇടമായി ആരാണ് സോഷ്യൽ മീഡിയയെ പരിഗണിക്കുന്നത്, അത് ഏതെങ്കിലും വിധത്തിൽ ഒരു ‘വ്യാപാര അക്കൗണ്ടിൽ’ കാണപ്പെടാത്തിടത്തോളം!  പക്ഷേ ജീവിതവും ചരിത്രവും ഇവിടെനിന്ന് ഇങ്ങനെ ചിലപ്പോഴൊക്കെ കണ്ടെടുക്കപ്പെടാം. വൈദ്യുതിബന്ധം മാത്രമല്ല, ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ടപ്പോൾ കശ്മീർ ഇന്ത്യയിലും സമാന അന്തരീക്ഷം സൃഷ്ടിച്ചു.

ഫാസിസ്റ്റ് ഹിംസയുടെ പുറമേക്ക് കാണുന്ന രൂപത്തിന്, ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്ന അതിർത്തി തർക്കങ്ങളോ മതവർഗീയവിഘടനവാദങ്ങളോപോലുള്ള ഏതെങ്കിലും പ്രത്യയശാസ്ത്രമുണ്ടാകും. പക്ഷേ ചരിത്രപരമായി തങ്ങൾ പ്രശ്നങ്ങൾ നിർമിച്ചുവച്ച ഇടങ്ങളിലെ (conflict areas) ജനങ്ങളുടെ ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങളും അത് നല്കുന്ന സ്വാധികാരവും തീർത്തും അസാധ്യമാക്കുംവിധം നടത്തുന്ന ദൈനംദിന ബന്ധവിച്ഛേദമാണ് ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അദൃശ്യരൂപം. തങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്ന ഇടങ്ങളിലെ മനുഷ്യരെ അസ്തപ്രജ്ഞരാക്കുക. എന്നിട്ട് അവരിൽ തങ്ങളുടെ സംഘർഷങ്ങളുടെ നരേറ്റീവുകൾ അടിച്ചേൽപ്പിക്കുക. തങ്ങളിൽ സ്വാധികാരം അസാധ്യമാക്കുന്നവിധം സമൂഹവുമായുള്ള ബന്ധം വിച്ഛേദിക്കുക (അങ്ങനെ വീട്ടിനു പുറത്തും പൗരന്മാരുടെDomestication സാധ്യമാക്കുക) തന്നെയാണ് അതിന്റെ പ്രവർത്തനരീതി.

സ്ത്രീകളെ ജന്മം മുതൽ മരണം വരെ പുരുഷാധിപത്യമെന്ന ഫാസിസ്റ്റ് ‘ഡൊമസ്റ്റിക്കേഷനി’ൽ ആക്കുന്നതിന്റെ മുഖ്യതന്ത്രം, സ്വത്തവകാശവും സ്വത്തിന്മേലുള്ള വിനിയോഗസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുക എന്നതാണ്. പക്ഷേ സംരക്ഷണം, സ്തുതികൾ, വാഴ്‌ത്തുകൾ, സമീപകാലത്തായി ശാക്തീകരണം മുതലായ ഉദാരവും മൃദുവുമായ നരേറ്റീവുകളിൽ പൊതിഞ്ഞിട്ടാണ് ആ രീതി അവതരിക്കുന്നത് എന്നതിനാൽ സ്ത്രീജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഫാസിസമെന്ന വിദ്വാനെ ഏതെങ്കിലുമൊരു ഭരണാധികാരിയുടെ / പുരുഷന്റെ  രൂപത്തിൽ നേരിൽ കാണാൻ ഇന്ന് പറ്റാതാകുന്നു. 

സർവവ്യാപിയാണെങ്കിലും അവന് നാമമില്ല, രൂപമില്ല. പലപ്പോഴും പുരുഷന്റെ മൂല്യങ്ങളോടെ സ്വന്തം ഉള്ളിലും വീട്ടിലും ഫാസിസം വസിക്കുമ്പോഴും സ്ത്രീകൾ അവനെ അന്യനിൽ, അപരനിൽ, ആക്രമിയിൽ തേടിക്കണ്ടെത്തി, വിക്ഷുബ്ധ നിസ്സഹായതയുടെ ഭാഷയിൽമാത്രം പ്രതിഷേധിക്കും. അല്ലെങ്കിൽ ആധിപത്യത്തിന്റെ പ്രതിലോമപരമായ ബദൽ രൂപങ്ങൾ നിർമിക്കാൻ ശ്രമിക്കും.

പക്ഷേ സൂക്ഷ്മാണുവും പരമാണുവുമാണ് ഫാസിസം. തന്റെ തന്നെ ജീവിത സ്വാധികാരം ഇഞ്ചിഞ്ചായി  നഷ്ടപ്പെടുത്തുന്ന ഏതവസ്ഥയുടെയും പേരാണത് എന്ന കാര്യം തിരിച്ചറിയുന്നതോടെ മാത്രമേ ഒരു മനുഷ്യന്റെ ഫാസിസ്റ്റ് വിരുദ്ധപ്രക്ഷോഭം എന്നത്, സ്വന്തം സാഹചര്യങ്ങളെ ജീവിതോൻമുഖമായി മാറ്റിത്തീർക്കാനുള്ള ആഴത്തിലുള്ള ശ്രമമായിക്കൂടി മാറുകയുള്ളൂ. ഭരണകൂടം അതെന്താണോ ആകേണ്ടിയിരുന്നത്, അതായി മാറുന്നതിനുള്ള സ്വപ്നം അപ്പോഴേ അയാൾ കാണുകയുള്ളൂ. അതിസൂക്ഷ്മമായ നിലയിൽ അത് ഒരു മുന്നോടി പോലെയാകും കാണുക.

യുദ്ധത്തിന്റെ 269, 270 ദിനങ്ങൾ

‘‘ഞാൻ തോറ്റിരിക്കുന്നു. ഞാൻ പിന്മാറുകയാണ്. 1991ലെ അതിർത്തി രേഖയിലേക്ക് ഞാനെന്റെ സൈന്യത്തെ പിൻവലിക്കുകയാണ്. ഞാൻ ക്രിമിയയിൽനിന്നും മടങ്ങുന്നു. യുദ്ധംകൊണ്ട് ഉക്രയ്‌നുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയാണ് ഞാൻ. ക്ഷമിക്കണം. ഞാൻ തോറ്റു. ഈ യുദ്ധം തീർന്നിരിക്കുന്നു...’’

പുടിന്റെ ക്രിസ്തുമസ് ദിന സന്ദേശം, 2023 ജനുവരി ഏഴാം തീയതി അല്ലെങ്കിൽ 2022 ഡിസംബർ ഇരുപത്തി അഞ്ച്.

നവംബർ ഇരുപതിന്റെ ലിനായുടെ ഈ പോസ്റ്റ് വായിക്കുമ്പോൾ, ജനതയുടെ ‘വിഷ്ഫുൾ തിങ്കിങ്ങിന്റെ’ പാരമ്യത്തിൽ ഭരണകൂടത്തിന്റെ നിർദയരൂപം തെളിയുന്നു.

ഭരണാധികാരികളുടെ അതിർത്തിയുദ്ധത്തെ ഏറെ പരിഹാസ്യമാക്കുന്ന തന്റെ തന്നെ നിത്യനിഷ്പക്ഷതയാണ് ലിനായുടെ അസീമിക് ചിത്രങ്ങൾ. അവർ ബ്രഷ് കൊണ്ടുണ്ടാക്കുന്ന അടയാളങ്ങളുടെ സമൃദ്ധിയിലാകട്ടെ  നമുക്ക് കണ്ണുകൊണ്ട് അനുഭവിക്കാനാകുന്ന ഒരു മഞ്ഞുകാലം കൂടി വന്നുചേരുന്നു.

ഭരണാധികാരികളുടെ അതിർത്തിയുദ്ധത്തെ ഏറെ പരിഹാസ്യമാക്കുന്ന തന്റെ തന്നെ നിത്യനിഷ്പക്ഷതയാണ് ലിനായുടെ അസീമിക് ചിത്രങ്ങൾ. അവർ ബ്രഷ് കൊണ്ടുണ്ടാക്കുന്ന അടയാളങ്ങളുടെ സമൃദ്ധിയിലാകട്ടെ  നമുക്ക് കണ്ണുകൊണ്ട് അനുഭവിക്കാനാകുന്ന ഒരു മഞ്ഞുകാലം കൂടി വന്നുചേരുന്നു. വേണ്ടത്ര മഞ്ഞുകാല പുതപ്പുകളും ഉടുപ്പുകളും തന്റെ അലമാരിക്കകത്തുണ്ടെന്ന് ലോകത്തിന്റെ ഏതൊക്കെയോ കോണിലിരുന്ന് ഈ ജേണൽ (എഫ്ബി പോസ്റ്റുകൾ) കാണുന്ന ചിലർ ചോദിക്കുന്ന ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾക്ക്‌ ലിനാ ഉത്തരം പറയുന്നു.

ജനങ്ങളുടെ സ്വപ്നം യഥാർഥത്തിൽ രേഖപ്പെടുന്നത് അവരുടെ സംഘടിതരാഷ്ട്രീയ മാനിഫെസ്റ്റോകളിലും ഐക്യദാർഢ്യത്തിലും മാത്രമല്ല. ആരും കാണാത്തതോ ശ്രദ്ധിക്കാത്തതോ ആയ മൂലകളിൽ ഇങ്ങനെയും അത് കാണപ്പെടാം. അവരുടെ കലയും ചുറ്റുമുള്ള മനുഷ്യരും അവരുടെ പ്രതീക്ഷകളും അവിടെ ഒരുമിച്ച് വിന്യസിക്കുന്നു, ലിനാ സ്റ്റേർണിന്റെ യുദ്ധ ജേണലുകളിലേതുപോലെ. 

അതേക്കുറിച്ചൊന്നും ഒട്ടും തിരിച്ചറിവില്ലാതെ ഭരണകൂടങ്ങൾ ജനത്തിന്‌ ഏൽപ്പിക്കുന്ന  നിത്യജീവിത ഭീകരതകൾ അസാമാന്യമാം വിധം അവരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്.

യുദ്ധത്തിന്റെ മുന്നൂറാമത്തെ ദിനം

‘‘ഒരു പേഴ്സ്യൻ പൂച്ചയുടെ ഓറഞ്ച് നിറത്തിലുള്ള രോമം.
ലോലസംവേദിയായ കല, അസീമിക് ടെക്സ്റ്റ്, Madreperla Book (middle of the book). December, 2022 

മഞ്ഞുകാല സംക്രമത്തിന് സമർപ്പിതം
മൂന്നു ദിവസമായി സൂര്യന് ധൃതിയില്ല. കഴിഞ്ഞ ഒരു വർഷത്തെ അപ്പാടെ തിരിച്ചറിയാനാകുന്നുണ്ട്. പോകാനുള്ളതൊക്കെ പോകട്ടെന്നുവയ്ക്കാനും കഴിയുന്നുണ്ട്... ഒരു പുതിയ ചക്രവാളം.

മഞ്ഞുകാല സൂര്യനെപ്പോലെത്തന്നെയാണ് യുദ്ധവും. അതിനും ധൃതിയില്ല. ഉക്രയ്‌നിന്റെ വിജയത്തിനായുള്ള മികച്ച പശ്ചാത്തലം അതൊരുക്കുന്നു.   
തണുത്തുറഞ്ഞ ദിനങ്ങളാണിനി ഒഡേസയിൽ...’’
ഒരു ജനതയുടെ സമാധാനകാംക്ഷകളുടെ പാരമ്യം കാണുമ്പോൾ,  യഥാർഥത്തിൽ, അവരനുഭവിക്കുന്ന പതനങ്ങളാണ് തെളിയുന്നത്.

വൈദ്യുതിവാർത്താവിനിമയ ബന്ധങ്ങളുടെ വിച്ഛേദം ഫലത്തിൽ  മനുഷ്യരുടെ ജീവിതത്തിൽ അവർ നിർമിക്കുന്ന ബദൽ സംവിധാനങ്ങളുടെ ഒരു പാവം പിടിച്ച സാന്നിധ്യം സൃഷ്ടിക്കും. ബദൽ വെളിച്ചങ്ങളായ മെഴുകുതിരികൾ! അവ രാത്രികളിൽ പ്രകാശ മണ്ഡലങ്ങൾ സൃഷ്ടിക്കുമ്പോൾ ജീവിതത്തിന്റെ കൊടിപ്പടം തീരെ താഴ്‌ത്താതെ, അസാമാന്യ സൗന്ദര്യത്തിലേക്ക് കാഴ്ചയെ ഒരുക്കിവയ്ക്കുന്ന ലിനാ സ്റ്റേണിനെ കാണാം. ‘ലൈറ്റ് മണ്ഡല’ എന്നൊരു സീരീസ് തന്നെ പല ദിവസങ്ങളിലായി ഈ യുദ്ധജേണലിൽ കാണാം. കലാചരിത്രത്തിൽ ‘മണ്ഡല ആർട്ട്’ പ്രപഞ്ച വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന താന്ത്രിക ജ്യാമിതീയ പ്രതലനിർമിതികളാണ്. ധ്യാനിക്കാനും ശാന്തി നേടാനുമുള്ള അതിഭൗതിക ക്രമങ്ങൾ. പക്ഷേ ഇവിടെ വളരെ ഭൗതികമായ യുദ്ധകാലത്തെ നിർബന്ധിത ‘പവർ കട്ടി’ന്റെ സന്ദർഭമാണ് ഈ മണ്ഡലത്തെ സൃഷ്ടിക്കുന്നത്!

യുദ്ധത്തിന്റെ 291 ാം ദിനം  

‘‘ടെട്രാഹെഡ്രൻ, കെയോസ് & സ്ട്രക്ചർ
‘പ്രകാശ മണ്ഡല’ – വലിയ ആപ്പിളും മെഴുകുതിരികളും, ഡിസംബർ 2022  .

ഒഡേസ പ്രദേശത്ത് അടിയന്തരമായ ‘അടച്ചിടലുകൾ’ തുടരുന്നു. പക്ഷേ വെളിച്ചം പതുക്കെപ്പതുക്കെ വീടുകളിലേക്ക് തിരിച്ചു വരുന്നു.
Ukroboronprom  വികസിപ്പിച്ച ഡ്രോണുകൾക്ക് ആയിരം കിലോമീറ്ററോളം പറക്കാൻ ശേഷിയുണ്ട്. അതിന്റെ യുദ്ധസന്നദ്ധഭാഗത്തിന് എഴുപത്തിയഞ്ച് കിലോ ഭാരമുണ്ട്. കീവീൽ നിന്നും മോസ്‌േകായിലേക്ക് എണ്ണൂറ്റിഅറുപത്തിമൂന്നു കിലോമീറ്റർ ദൂരമുണ്ട്.
ഒഡേസയിൽ മഞ്ഞാണ്. വൈദ്യുതി വൈകുന്നേരത്തോടെ വന്നേക്കും.

തന്റേതല്ലാത്ത കാരണം കൊണ്ട് യുദ്ധവിധേയമാകുന്ന ഒരാൾ പോലും തന്റെ ദേശത്തിന്റെ വിജയം കാംക്ഷിക്കുന്നുണ്ട്. അത് അയാളുടെ ‘ദേശീയത’ കൊണ്ടല്ല. ജീവിതം നടന്നുപോകാൻ വേണ്ടിയാണ്. വൈദ്യുതി, വെള്ളം, വെളിച്ചം, തൊഴിൽ, വിനിമയ സംവിധാനങ്ങൾ, സഞ്ചാരസ്വാതന്ത്ര്യം ഇതൊക്കെയാണ് ആവശ്യം. ലിനയ്ക്ക് ‘ഉക്രയ്‌ൻ വിജയകാംക്ഷ’ ഉണ്ട്. അത് വളരെ യാഥാർഥ്യ ബോധമുള്ളതായിരിക്കാൻ അവർ സ്വയം പ്രേരിപ്പിക്കുന്നുണ്ട്.

പരിമിതമോ, സുശക്തമോ ആകട്ടെ, തന്റെ ദേശത്തിന്റെ യുദ്ധസന്നാഹങ്ങളുടെ ലഭ്യതയെപ്പറ്റി തനിക്കാവശ്യമുള്ളതുമാത്രം അറിഞ്ഞുവച്ച് അതിന്റെ ബലത്തിൽ ഒരു ശാന്തതയും ജീവിതത്തുടർച്ചയും സ്വപ്നം കാണുന്ന പൗര!  
ഫാസിസത്തിന്റെ അലിഖിതവും അദൃശ്യവുമായ നിഴലുകളാണ് ലിനാ സ്റ്റേർണിന്റെ യുദ്ധ ജേണലുകളിൽ വീണുകിടക്കുന്നത്.

സ്വയംപര്യാപ്തമായ ഒരു സമൂഹം ഉണ്ടാകുന്നത് ഉൽപ്പാദനവിതരണ സമ്പ്രദായങ്ങളിലെ പൊതുവായ അവകാശം പങ്കുവയ്ക്കുമ്പോൾ മാത്രമല്ല, അങ്ങനെയൊന്നിന്റെ പരീക്ഷണത്തിനും പതനത്തിനുംശേഷം, ഏതു ഭരണകൂടങ്ങളെയും അക്കാര്യത്തിൽ അമിതമായി ആശ്രയിക്കാവുന്നതല്ല എന്ന ഒരുതരം കരുതൽ, സമ്പൂർണ അധിനിവേശത്തിന്റെ ഈ നാളുകളിലെങ്കിലും ആ ജനങ്ങൾക്ക് കൈവരുന്നുണ്ടോ? ലിനായുടെ ജേണലിൽ അത്തരം സൂചനകളുണ്ട്.

യുദ്ധത്തിന്റെ 273, 274 ദിനങ്ങൾ

‘‘ഒരു വലിയ സൂപ്പർ മാർക്കറ്റിൽ വൈദ്യുതി വിച്ഛേദമുണ്ടായാൽ അത് പിടിച്ചുപറിയും കളവും പോലുള്ള പല വലിയ തോതിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കേണ്ടതാണ്. പക്ഷേ ഇല്ല... പലരും അവരുടെ മൊബൈൽ വെളിച്ചം ഓണാക്കി, പുറത്തേക്കുള്ള വഴി കണ്ടെത്താൻ ശ്രമിച്ചു; സമാധാനപരമായി, പരിഭ്രമിക്കാതെ...
എല്ലാ പൊതുസ്ഥലങ്ങളിലും മൊബൈൽ ചാർജ്‌ ചെയ്യാം.

ട്രാമുകൾ സർവീസ് നടത്തുന്നില്ല, പക്ഷേ എല്ലാവരും നടക്കുന്നു.

റാഷിസ്റ്റുകൾ ആഗ്രഹിക്കുന്നുണ്ട്, ലോകാവസാനം. അത് നടക്കാൻ പോകുന്നില്ല. എന്തായാലും ഞാൻ എന്റെ ചുകന്ന ലിപ്സ്റ്റിക് വാങ്ങിക്കഴിഞ്ഞു. ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഒഡേസയിൽ. വായുവിൽ വസന്തത്തിന്റെ മണമുണ്ട് ’’.

റഷ്യയും ഫാസിസവും ചേർന്ന വാക്കാണ് ‘റാഷിസം’. ഇക്കാര്യത്തിൽ, ഒരാൾക്ക് റഷ്യയുടെയോ ഉക്രയ്‌ന്റെയോ പക്ഷം ചേരാം. ജർമൻ ആര്യന്റെയോ, ജൂതന്റെയോ എന്നപോലെ. കറുത്തവന്റെയോ, വെളുത്തവന്റെയോ എന്നപോലെ. കിട്ടുന്നത് അപഭംഗം സംഭവിച്ച ചിത്രമായിരിക്കും. അതുപയോഗിച്ച്  ഭരണാധികാരികൾ ഭരിക്കുമ്പോൾ, ജനങ്ങൾ തങ്ങളുടെ മുൻഗണനകൾ തിരിച്ചറിഞ്ഞ് സ്വയം മറ്റൊരുവിധത്തിൽ ക്രമപ്പെടുത്തി ജീവിക്കാൻ ശ്രമിക്കേണ്ടിവരുന്നു! അക്രമം കണ്ടെത്തലാണ് ഏതിടത്തും കലയുടെ തുടർച്ചകൾ സൃഷ്ടിക്കുന്നത്.

ഫാസിസത്തിന്റെ നിഴൽരൂപങ്ങൾ, അത് ആരുടേതായാലും, തോൽക്കുന്നത് അവിടെയാണ്; തങ്ങൾ കൊല്ലാൻ ശ്രമിച്ചവർ സ്വന്തം മുൻഗണനകളോടെ ജീവിക്കുമ്പോൾ. അവരുടെ ഭിന്നതകളെ തോൽപ്പിക്കുന്നത് കലയുടെ രുചിഭേദങ്ങളാണ്. സിവിലൈസേഷണൽ മഹത്വങ്ങൾ മണ്ണടിഞ്ഞിടത്ത് തുടരുന്ന ആ ജീവിതത്തിൽ ‘ഗ്ലിച്ചുകൾ’(Glitches) ഉണ്ടായേക്കാം. ഒരു ‘പെർഫെക്‌ട്‌ ചിത്ര’ത്തിൽ വരുന്ന ഇളക്കങ്ങളും ചെരിവും ഏണുകോണുകളുമാണ് ‘ഗ്ലിച്ചുകൾ’.

യുദ്ധത്തിന്റെ 232, 233 ദിനങ്ങൾ

‘‘Street Glitch, daily photography. October, 2022.
എനിക്ക് ഓർമവച്ച കാലം മുതൽ, അപഭംഗം സംഭവിച്ച കണ്ണാടികൾകൊണ്ട് കളിക്കാൻ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. എനിക്ക് പുറത്തു കടക്കാനറിയാം. അല്ലെങ്കിൽ ഒരു വികൃതക്കാഴ്ച കാണിക്കുന്ന യാഥാർഥ്യം മാത്രമായിരിക്കും സാധ്യമാകുന്ന ഒരേയൊരു കാര്യം. ആകാശമാർഗേണയുള്ള പ്രതിരോധം ഫലം ചെയ്യുന്നു!’’

അപഭംഗം സംഭവിച്ച വികൃതക്കാഴ്ചകളുടെ തുടർച്ച  

ഇന്ത്യയിൽ ഇന്ന് നടക്കുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ ഉണർവ്‌, തീർത്തും വിഷമയമായ ഒരു സാംസ്‌കാരിക ദുർവൃത്തമാണ് ചമച്ചിരിക്കുന്നത്. പക്ഷേ ഈ ഫാസിസ്റ്റ് രംഗം പ്രത്യക്ഷ യുദ്ധത്തിന്റേതല്ല. ഇത് ലോകവ്യാപകമായി വികസിച്ചിരിക്കുന്ന ഫണ്ടമെന്റലിസത്തിന്റെയും ഫാസിസത്തിന്റെയും പരോക്ഷവും അവ്യക്തവും വികൃതവുമായ ചില പ്രചാരവേലകളുടെ രംഗവേദി കൂടിയാണ്.

ഇന്ത്യയിൽ ഇന്ന് നടക്കുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ ഉണർവ്‌, തീർത്തും വിഷമയമായ ഒരു സാംസ്‌കാരിക ദുർവൃത്തമാണ് ചമച്ചിരിക്കുന്നത്. പക്ഷേ ഈ ഫാസിസ്റ്റ് രംഗം പ്രത്യക്ഷ യുദ്ധത്തിന്റേതല്ല. ഇത് ലോകവ്യാപകമായി വികസിച്ചിരിക്കുന്ന ഫണ്ടമെന്റലിസത്തിന്റെയും ഫാസിസത്തിന്റെയും പരോക്ഷവും അവ്യക്തവും വികൃതവുമായ ചില പ്രചാരവേലകളുടെ രംഗവേദി കൂടിയാണ്. അമേരിക്കയിൽ ക്രൈസ്തവ നാമത്തിലും ഇന്ത്യയിൽ ഹിന്ദുനാമത്തിലും ജപ്പാനിലും ചൈനയിലും മറ്റും ഉയർന്നിരിക്കുന്ന പുത്തൻ മതപരതകളിലും, മധ്യേഷ്യൻ ഇസ്ലാമികവാദത്തിലും എല്ലാംതന്നെ പ്രത്യക്ഷത്തിൽ ഉയർന്നുകാണുന്ന നരേറ്റീവുകൾ മതപരതയുടേതും വംശീയതയുടേതുമാണെങ്കിലും അവയ്ക്ക് കൂടുതൽ തീക്ഷ്‌ണവും പരോക്ഷവുമായ ലക്ഷ്യങ്ങളുണ്ട്. അതിനു യഥാർഥത്തിൽ ബന്ധമുള്ളത് മതവുമായോ വംശവുമായോ അല്ല. ആഗോളസമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം എന്ന സാമ്രാജ്യത്ത മത്സരങ്ങളാണ് ശക്തിപ്പെടുന്നത്.

തൊഴിലിന്റെയും വികസനത്തിന്റെയും നിലനിൽപ്പിന്റെയും ഒരേയൊരു സ്രോതസ്സും മാനദണ്ഡവുമായി ഈ മത്സരങ്ങൾ മാറുന്നു. എന്നാൽ അതിൽ വർധിച്ചുകാണുന്ന സ്ത്രീകളുടെയും കറുത്തവരുടെയുമൊക്കെ പങ്കാളിത്തം വിവിധ ലോക സംസ്‌കാരങ്ങളിലെ പുരുഷാധികാരത്തെ വിറളി പിടിപ്പിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ മുൻകൈയിൽ വികേന്ദ്രീകരിച്ചു കൊണ്ടിരുന്ന കുടുംബം എന്ന പുരുഷാധികാരവ്യവസ്ഥ മഹത്വനഷ്ടം നേരിടുകയാണ്. ആ  അധികാരത്തെയും പദവിമൂല്യങ്ങളെയും തിരിച്ച്‌ പഴയമട്ടിലാക്കാനുള്ള കേന്ദ്രീകൃതശ്രമം അതിലേറെ ശക്തിപ്പെടുന്നു. സൂക്ഷ്മവും അദൃശ്യവും പരസ്പരബന്ധിതവുമായ ഈ പ്രവൃത്തികളാണ് ഇന്ന് ഫാസിസത്തെ അപഭംഗം സംഭവിച്ച വികൃതക്കാഴ്ചകളുടെ തുടർച്ചയായി മാറ്റിയിരിക്കുന്നത്.

വിശപ്പ്, വിഭവ വിതരണത്തിലെ അസമത്വം, പ്രകൃതിവിഭവ ചൂഷണവും ദൗർലഭ്യവും, തൊഴിലുകളുടെ മൂല്യശോഷണം തുടങ്ങിയവ അനുഭവിച്ചുകൊണ്ട് അധികാരപ്രയോഗത്തിന് ഇരയാകുന്നവർക്ക് ഈ ദുർവൃത്തത്തിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്. ജീവിതത്തെ കൂടുതൽ ബാധിക്കുന്ന അടിസ്ഥാനകാര്യങ്ങളിൽനിന്നും ശ്രദ്ധ തിരിക്കുന്ന പ്രത്യക്ഷ ഫാസിസ്റ്റ് നറേറ്റീവുകളുടേതാണ് ഈ ദുർവൃത്തം.

അതിനോടു പട വെട്ടിക്കൊണ്ട് പുറത്തുകടക്കുക തീർത്തും സാധ്യമല്ല. അതിസൂക്ഷ്മമായ ജീവിത വ്യതിയാനങ്ങളുടെ (a life in dissent)അനവധി സന്ദർഭങ്ങൾ സൃഷ്ടിച്ചുകൊണ്ടേ, ലോകജനതയുടെ ഭൂരിഭാഗത്തെയും ഇരയാക്കുന്ന ഫാസിസത്തിന്റെ അദൃശ്യഘടനകൾ വെളിപ്പെടുത്താനാകൂ.

ഫാസിസത്തിനെതിരെ (എല്ലാ വിധത്തിലുമുള്ള അധികാരകേന്ദ്രീകരണത്തിനെതിരെ)  ജീവിതവ്യതിയാനങ്ങൾകൊണ്ട് മനുഷ്യർ തീർക്കുന്ന കലക്ടീവുകൾ ആണ് കലയുടെ പ്രതിരോധസാധ്യത. പക്ഷേ ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലെ മധ്യവർഗസ്വഭാവം ഇവിടെ കലയിലൂടെയുള്ള പ്രതിരോധത്തെ ആന്തരികമായി അസാധ്യമാക്കുന്നുണ്ട്. ഇന്ത്യൻ കലാരംഗം ഇന്ന് അതിശക്തമായ നവസ്ഥാപനവൽക്കരണങ്ങൾക്ക് വിധേയമാണ്. കലയിൽ ഏർപ്പെട്ടുകൊണ്ടുമാത്രം ജീവിക്കാൻ പ്രാപ്തമാകുന്ന ഒരു ആധുനിക കലാകാരതലമുറയും അതിനായുള്ള ഒരു ‘ലിബറൽ കലാലോകവും’ ഒട്ടൊക്കെ ഇന്ന് ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്.

മൂലധന സാമ്രാജ്യത്വത്തിന്റെ ആണൂറ്റചരിത്രത്തിൽ, ഫാസിസവും, സ്ത്രീഗാലറിസ്റ്റുകൾ ഒക്കെ ധാരാളമായുള്ള ‘ലിബറൽ ആധുനികത’യും കലയുമൊക്കെ ഒരുമിച്ചു ദീർഘകാലമായി ഇന്ത്യയിൽ പുലരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗിയുടെതായ കലാലോകത്ത് ഫാസിസത്തെ ചെറുക്കുന്ന ഒരു ജീവിതമാതൃക എടുത്തുപറയാനില്ലെന്നതാണ് വാസ്തവം.

ഇന്ത്യ എന്ന രാജ്യത്തിന്റെ നാട്ടുജനജീവിതത്തിന്റെ വൈവിധ്യത്തിലും ബഹുസ്വരതയിലുമാണ് അതിന്റെ ഭാവനാജീവിതവും രാഷ്ട്രീയസാംസ്‌കാരിക ചരിത്രവുമിരിക്കുന്നത്. അതിലൂടെ വികസിക്കുന്ന ഒരു കലാചരിത്രമാകട്ടെ രൂപപ്പെടുന്നില്ല, കീഴാളമായ അത് ആധുനികതയുടെ പേരിൽ പരിഗണിക്കപ്പെടുന്നതുപോലുമില്ല. എല്ലാ കൾച്ചറൽ നരേറ്റീവുകളും നല്ലൊരു ജീവിതത്തിലേക്ക് ഉപയോഗശൂന്യമായിപ്പോകുന്ന ഒരു ഘട്ടം അന്തരാ അനുഭവിക്കുന്ന ഇന്ത്യയിലെ മനുഷ്യരിൽനിന്നും വ്യത്യസ്തരല്ലാത്ത കലാകാരർ ഭൂരിപക്ഷമാകുംവരെ ഇന്ത്യൻ മധ്യവർഗിയുടെ ലോകം അതിന്റെ ഫാസിസ്റ്റ് ഘടനകൾ വെളിപ്പെടുത്തില്ല. 

ഏതെങ്കിലും ‘കലാലോകത്തു’നിന്നല്ല, മറിച്ച് പരിപൂർണനാശത്തിന്റെ യുദ്ധമുഖത്തുനിന്നുമാണ് ലിനാ സ്റ്റേർണിന്റെ യുദ്ധജേണൽ സോഷ്യൽ മീഡിയയിലൂടെ തരുന്ന ആത്യന്തികമായ ജീവിതവ്യതിയാനവും നമ്മൾ കാണുന്നത്. എല്ലാ കൾച്ചറൽ നരേറ്റീവുകളും അപ്രസക്തമാകുന്ന, ദീർഘകാലമായി പ്രതിസന്ധിയിലായ ഒരു രാഷ്ട്രജീവിതത്തിലൂടെ ലിനായുടെ ഉക്രയ്‌ൻ അടക്കമുള്ള സോവിയറ്റ് റിപ്പബ്ലിക്കുകൾ കടന്നുപോയിട്ടുമുണ്ട്. അധികാരം പിടിച്ചെടുത്തതിന്റെയും തെരുവുകളിൽ  ചോരപ്പുഴ ഒഴുകിയതിന്റെയും തങ്ങളുടെ കറൻസിക്ക് അതിഭീകരമായ മൂല്യശോഷണം സംഭവിച്ചതിന്റെയും നാൾവഴികൾ പലതരത്തിൽ അവരുടെ ചരിത്രത്തിൽ രേഖപ്പെടുന്നുണ്ട്.

എന്നാൽ, എന്തുകൊണ്ടിത്‌ സംഭവിച്ചു എന്നതിനുത്തരം തരുന്ന വിധത്തിൽ, റഷ്യൻ വിപ്ലവത്തിനുശേഷമുളള ദശകങ്ങളിൽ ഓരോ മനുഷ്യനിലൂടെയും ആന്തരികമായി കടന്നുപോയിട്ടുള്ള ‘ദൈനംദിന സോഷ്യലിസം’ എന്തായിരുന്നെന്ന് ‘സോവിയറ്റ് കൊളാപ്സിന്റെ’ ചരിത്രപുസ്തകങ്ങളിലൊന്നും പൊതുവേ രേഖപ്പെട്ടിട്ടില്ല. എങ്കിലും നോബൽ സമ്മാനിതയായ എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയെവിച്ച് ശേഖരിച്ച വാമൊഴികളുടെ ഗ്രന്ഥമായ   Second hand Time: The Last of the Soviets  സോവിയറ്റ് ചരിത്രത്തെ, അതിലൂടെ കടന്നുപോയ അജ്ഞാതരായ മനുഷ്യരിലൂടെ വേറിട്ടൊരു രീതിയിൽ രേഖപ്പെടുത്തുന്ന പുസ്തകമാണ്. ആന്തരികമായി വ്യക്തിയിലൂടെ കടന്നുപോയിട്ടുള്ള സോഷ്യലിസത്തിലാണ്, ‘അവിടെയാണെല്ലാം ഫലത്തിൽ സംഭവിക്കുന്നത്’ എന്നാണ് അതിൽ ‘ഒരു കൂട്ടാളിയുടെ അഭിപ്രായങ്ങൾ’ രേഖപ്പെടുത്തുന്നത് (പേജ് 20).

ഓരോ മനുഷ്യനിലൂടെയും ആന്തരികമായി കടന്നുപോകുന്ന ‘ദൈനംദിന ദേശീയത’ എന്തെന്ന് ഇന്ത്യയെക്കുറിച്ച് ഇന്ന് സജീവമായി ആരാണ് രേഖപ്പെടുത്തുന്നത്? എങ്ങോട്ടെന്നു നിശ്ചയമില്ലാതെ പലായനംചെയ്ത് സ്വന്തം രാജ്യത്ത് അഭയാർഥികളാകുന്നവർ അതെങ്ങനെയാകും രേഖപ്പെടുത്തുക? വിശപ്പിനെക്കാളും വലുതാണ് മതസ്പർധയെന്ന് ആരാകും യഥാർഥത്തിൽ കലമ്പുന്നത്  ? 

വ്യക്തിയുടെ ആന്തരികതയിലല്ല, സ്ഥാപനവൽകൃത കലയുടെയും അത്തരത്തിലുള്ള ചരിത്രത്തിന്റെയും മൂലധന ഫാസിസവുമായുള്ള ഘടനാപരമായ കൂട്ടുകെട്ടിലാണ് ഇന്ന് ‘ലോകകല’ പുലരുന്നത്.

വ്യക്തിയുടെ ആന്തരികതയിലല്ല, സ്ഥാപനവൽകൃത കലയുടെയും അത്തരത്തിലുള്ള ചരിത്രത്തിന്റെയും മൂലധന ഫാസിസവുമായുള്ള ഘടനാപരമായ കൂട്ടുകെട്ടിലാണ് ഇന്ന് ‘ലോകകല’ പുലരുന്നത്. ഒരു സമൂഹം അസ്വാഭാവികവും കൃത്രിമവുമായ സംഘർഷങ്ങൾക്കും നറേറ്റീവുകൾക്കും ബലപ്രയോഗത്താൽ വിധേയമാക്കപ്പെടുമ്പോൾ ഈ കൂട്ടുകെട്ട് അതിന്റെ ആക്കം കൂട്ടുന്നതേയുള്ളൂ. മറിച്ച് മനുഷ്യരുടെ അനുഭവത്തിലൂടെ ആന്തരികമായി വികേന്ദ്രീകരിച്ച്  തടസ്സമില്ലാതെ കടന്നുപോയിട്ടുള്ള സാഹചര്യങ്ങൾക്കും അവയുടെ  സർഗാത്മകമായ നിലനിൽപ്പിനും വേണ്ടിയാണ് ‘ഭാവന’ ഇന്ന് ഫലത്തിൽ ആവശ്യമാകുന്നത്.

പരിപൂർണനാശത്തിന്റെ യുദ്ധമുഖത്താണ് തങ്ങൾ ജീവിക്കുന്നത് എന്ന തിരിച്ചറിവിലേ, ‘ഭാവന’ മറ്റൊന്നിന്റെ ഉപകരണമാകാതിരിക്കാൻ ബോധപൂർവം ശ്രമിക്കുകയുള്ളൂ  .  

(ദേശാഭിമാനി വാരികയിൽ നിന്ന്)    
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top