22 July Monday

കുമാരനാശാനും അംബേദ്കറും ; സാദൃശ്യങ്ങളും വൈസാദൃശ്യങ്ങളും..ഡോ. പി സോമൻ എഴുതുന്നു

ഡോ. പി സോമൻUpdated: Friday Sep 15, 2023

ശ്രീനാരായണഗുരുവിന്റെ ആത്മീയ നേതൃത്വത്തിൻ കീഴിൽ രൂപംകൊണ്ട ശ്രീനാരായണ ധർമ പരിപാലനയോഗത്തിലൂടെ കുമാരനാശാൻ സാമൂഹിക പ്രവർത്തനം നടത്തിയപ്പോൾ ഡോ. അംബേദ്കർക്ക് ആത്മീയഗുരുവോ ധനാഢ്യരും പ്രബലരുമായ സാമുദായിക നേതാക്കളുടെ പിന്തുണയോ ഉണ്ടായിരുന്നില്ല. തികച്ചും നിസ്വരായ ജനങ്ങളായിരുന്നു അദ്ദേഹത്തിനുപിന്നിൽ ഉണ്ടായിരുന്നത്. പ്രസ്ഥാനവും പ്രത്യയശാസ്ത്രവും സ്വയം നിർമിച്ചെടുക്കേണ്ടിവന്നു. ആശാനും അംബേദ്കറും വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും മനുസ്മൃതിയിലും ബുദ്ധദർശനത്തിലും തികഞ്ഞ അവഗാഹം നേടിയവരായിരുന്നു.

കുമാരനാശാനും (1873‐ 1924) ഡോ. അംബേദ്കറും (1891‐1956) സമകാലികരും ജാതിപീഡനങ്ങൾക്കും അയിത്തത്തിനും എതിരെ പോരാടിയ സാമൂഹിക വിപ്ലവകാരികളും ആയിരുന്നു. എന്നാൽ അവരുടെ വീക്ഷണത്തിലും നിലപാടുകളിലും സാദൃശ്യത്തോടൊപ്പം വൈസാദൃശ്യങ്ങളും കാണാവുന്നതാണ്. ഒന്നാമൻ ദക്ഷിണേന്ത്യയിലെ കേരളത്തിലും രണ്ടാമൻ ഉത്തരേന്ത്യയിലെ മഹാരാഷ്ട്രയിലുമാണ് ജീവിച്ചതെങ്കിലും ചാതുർവർണ്യ വ്യവസ്ഥയിലെ വെറുപ്പിന്റെയും അകറ്റിനിർത്തലിന്റെയും ദുരിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ്.

ശ്രീനാരായണഗുരുവിന്റെ ആത്മീയ നേതൃത്വത്തിൻ കീഴിൽ രൂപം കൊണ്ട ശ്രീനാരായണ ധർമ പരിപാലനയോഗത്തിലൂടെ കുമാരനാശാൻ സാമൂഹിക പ്രവർത്തനം നടത്തിയപ്പോൾ ഡോ. അംബേദ്കർക്ക് ആത്മീയഗുരുവോ ധനാഢ്യരും പ്രബലരുമായ സാമുദായിക നേതാക്കളുടെ പിന്തുണയോ ഉണ്ടായിരുന്നില്ല. തികച്ചും നിസ്വരായ ജനങ്ങളായിരുന്നു അദ്ദേഹത്തിനുപിന്നിൽ ഉണ്ടായിരുന്നത്. പ്രസ്ഥാനവും പ്രത്യയശാസ്ത്രവും സ്വയം നിർമിച്ചെടുക്കേണ്ടിവന്നു.

ആശാനും അംബേദ്കറും വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും മനുസ്മൃതിയിലും ബുദ്ധദർശനത്തിലും തികഞ്ഞ അവഗാഹം നേടിയവരായിരുന്നു. എന്നാൽ സംസ്കൃത കാവ്യശാസ്ത്രത്തിലും കാവ്യങ്ങളിലും ആശാനായിരുന്നു കൂടുതൽ വ്യുൽപ്പത്തി ഉണ്ടായിരുന്നത്. അതേസമയം അയിത്തപൂർണമായ ചാതുർവർണ്യ വ്യവസ്ഥയെ ന്യായീകരിക്കുന്ന മനുസ്മൃതിയേയും ഭഗവദ്ഗീതയേയും ഇരുവരും നിരസിച്ചു. അംബേദ്കർ പരസ്യമായി മനുസ്മൃതി കത്തിച്ചപ്പോൾ ആശാനാകട്ടെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കാവ്യങ്ങളിലൂടെ പരോക്ഷമായി തീകൊടുക്കുകയാണ് ചെയ്തത്.

സമകാലിക ഭരണങ്ങളോടുള്ള സമീപനം

ബ്രിട്ടീഷ് ഭരണത്തോടും രാജവാഴ്ചകളോടും അനുഭാവപൂർവമായ സമീപനങ്ങളാണ് ഇരുവരും സ്വീകരിച്ചത്. ആശാൻ ബ്രിട്ടീഷ് – രാജവാഴ്ചകളോട് തികഞ്ഞ കൂറുപുലർത്തിയപ്പോൾ അംബേദ്കർക്ക് ഉണ്ടായിരുന്നത് അയഞ്ഞ മൃദുസമീപനമായിരുന്നു. അക്കാര്യത്തിൽ സാമൂഹിക പരിഷ്കർത്താക്കളായിരുന്ന നവോത്ഥാനനായകരുടെ പന്ഥാവാണ്  ഇരുവരും പിന്തുതുടർന്നത്. രാജാറാം മോഹൻറായ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, ദയാനന്ദസരസ്വതി, സർ സയ്യിദ് അഹമ്മദ്ഖാൻ, ചട്ടമ്പിസ്വാമികൾ, നാരായണഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകർ ബ്രിട്ടീഷ് ഭരണത്തെ ഗുണപരമായിട്ടാണ് സമീപിച്ചത്. സാധാരണ ജനങ്ങളെ വർണജാതികളായി വിഭജിച്ചിരുന്ന ജാതിവ്യവസ്ഥയെ ബ്രിട്ടീഷുകാർ രാജ്യഭരണ ധർമമായി നിലനിർത്താനോ സംരക്ഷിക്കാനോ ശ്രമിച്ചില്ല.

നിലനിന്നുപോന്നിരുന്ന മനുസ്മൃതിപ്രോക്തവും സനാതന ധർമാനുസാരിയുമായ നീതിന്യായവ്യവസ്ഥയ്ക്ക് പകരം എല്ലാവർക്കും തുല്യനീതി വാഗ്ദാനം ചെയ്യുന്ന സിവിൽ നിയമങ്ങൾ കൊണ്ടുവന്നു. ബ്രാഹ്മണ ‐ക്ഷത്രിയ ‐വൈശ്യ‐ശൂദ്ര പരിഗണനകളെ ഇല്ലായ്മചെയ്തു. കുമാരനാശാൻ എഴുതുന്നു. “ജാതിവിചാരലേശം കൂടാതെ എല്ലാ ജനങ്ങൾക്കും അഭിവൃദ്ധിക്ക് തുല്യ സൗകര്യം ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയിരിക്കുന്ന അത്രയധികം സ്വദേശിയോ വിദേശിയോ ആയ മറ്റൊരു ഗവണ്മെന്റും കൊടുക്കുമായിരുന്നില്ല” (കുമാരനാശാന്റെ സമ്പൂർണ കൃതികൾ, ഭാഗം 3, പേജ് 443, തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണം).

മനുസ്മൃതി പ്രകാരം കുലത്തൊഴിൽ മാറ്റം ശിക്ഷാർഹമാണ്. ഗതികെട്ടാൽ ബ്രാഹ്മണന് ക്ഷത്രിയന്റെയോ വൈശ്യന്റെയോ തൊഴിൽ സ്വീകരിക്കാം. അതുപോലെ ക്ഷത്രിയന് വൈശ്യന്റെ തൊഴിൽ ചെയ്യാം. വൈശ്യന് ശൂദ്രത്തൊഴിലായ സേവക വൃത്തിയുമാകാം. എന്നാൽ ശൂദ്രനോ പഞ്ചമജാതിക്കാരനോ ഉയർന്ന വർണങ്ങളുടെ തൊഴിൽ ചെയ്യാൻ പാടില്ല. തൊഴിൽമാറ്റം സാമൂഹിക നിഷേധവും ജാതിവ്യവസ്ഥാലംഘനവുമായിരുന്നു. എന്നാൽ, ബ്രിട്ടീഷ് ഭരണം ഈ വ്യവസ്ഥയെ തകർത്തു.

കുലത്തൊഴിലുകളിൽ തളച്ചിട്ടിരുന്ന സാധാരണക്കാരന്റെ അധ്വാനശക്തിയെ പുതിയ തൊഴിലിടങ്ങളിലേക്കും വ്യാവസായിക – നിർമാണ– തോട്ടം– മേഖലകളിലേക്കും മറ്റ് സർവീസ് മേഖലകളിലേക്കും വിന്യസിച്ചു. അത് കീഴ്‌ജാതി തൊഴിൽ വർഗങ്ങളുടെ ശാക്തീകരണത്തിനും സാമുദായികമായ കൂട്ടുചേരലിനും സംഘടനാ രൂപങ്ങൾക്കും വഴിതെളിച്ചു. ശൂദ്രനോ അന്ത്യജനോ മറ്റ് അയിത്തജാതിക്കാരോ സ്വത്തോ ധനമോ സമ്പാദിക്കാൻ പാടില്ല എന്ന മനുസ്മൃതി വിധിയെ ബ്രിട്ടീഷ് ഭരണം അസ്ഥിരപ്പെടുത്തി. കീഴ്‌ജാതികളിൽ നിന്നും വിദ്യാസമ്പന്നരും ധനികരും ചെറുകിട വ്യാപാരികളും വ്യവസായികളും ഉയർന്നുവന്നതാണ് സാമുദായിക ‐ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾക്കും നവോത്ഥാനത്തിനും വഴിതെളിച്ചത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ താഴ്ന്ന ജാതിക്കാർക്ക് സംഘടനാബോധം നൽകിയത് ബ്രിട്ടീഷുകാരായിരുന്നു എന്ന് കുമാരനാശാൻ പറയുന്നുണ്ട്  (സമ്പൂർണ കൃതികൾ ഭാഗം 3, പേജ് 443). അതുകൊണ്ടാണ് മേലാള കീഴാള വിഭാഗങ്ങളിൽപ്പെട്ട നവോത്ഥാന നായകർ പൊതുവേ ബ്രിട്ടീഷ് ഭരണാനുകൂലികളായി നിലകൊണ്ടത്. കുമാരനാശാൻ തിരുവിതാം‌കൂർ രാജഭരണത്തോടും അംബേദ്കർ ബറോഡ രാജാവായിരുന്ന

സായിചിറാവു  ഗയ്ക്‌വാഡ്‌

സായിചിറാവു ഗയ്ക്‌വാഡ്‌

സായിചിറാവു ഗയ്ക്‌വാഡിനോടും കൂറുപുലർത്തിയിരുന്നു.

ബറോഡ രാജാവ് നൽകിയ ധനസഹായം കൊണ്ടാണ് അംബേദ്കർ വിദേശപഠനം പൂർത്തിയാക്കിയത്. അയിത്തത്തിനെതിരായ പോരാട്ടത്തിൽ ആശാനും അംബേദ്കറും പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും പത്രപ്രവർത്തന രംഗത്തെ ഉപയോഗിക്കുകയും ചെയ്തു. ആശാൻ കവിതയും ഗദ്യരചനകളും സമരായുധങ്ങളാക്കിയപ്പോൾ അംബേദ്കർ സാമൂഹികശാസ്ത്രപരവും ചരിത്രപരവുമായ പഠനങ്ങളും വിമർശനങ്ങളുമാണ് ആയുധങ്ങളാക്കിയത്.

കുമാരനാശാൻ തിരുവിതാം‌കൂർ പ്രജാമണ്ഡലത്തിലെ അംഗമെന്ന നിലയിൽ സാമൂഹിക പരിഷ്കരണത്തിനുവേണ്ടി പ്രവർത്തിച്ചപ്പോൾ അംബേദ്കർ മും‌ബൈ നിയമസഭയിൽ നോമിനേറ്റഡ് അംഗമെന്ന നിലയിൽ (1927) അയിത്ത ജാതികളുടെ സാമൂഹികമായ അംഗീകാരത്തിനുവേണ്ടി പോരാടുകയായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ആശാനെക്കാൾ ഉന്നതസ്ഥാനീയനായിരുന്നു അംബേദ്കർ. ഇംഗ്ലണ്ടിലും അമേരിക്കയിലും നടത്തിയ ഉപരിപഠനങ്ങളാണ് അതിന് സഹായകമായതെങ്കിൽ ആശാൻ കൽക്കത്തയിൽ സംസ്കൃതപഠനത്തിനുപോയപ്പോഴാണ് (1898‐1900) ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പരിചയിച്ചത്.

വേദോപനിഷത്തുകളിലും മനുസ്മൃതി‐ ഭഗവദ്ഗീതാദി ഗ്രന്ഥങ്ങളിലും ഇരുവർക്കും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും അവയോടുള്ള സമീപനങ്ങളിൽ സാരമായ വ്യത്യാസങ്ങൾ കാണാം. ആശാൻ വേദോപനിഷത്തുകളെയും അവയിലെ ആത്മീയ നിലപാടുകളെയും അംഗീകരിച്ചപ്പോൾ അംബേദ്കർ പൂർണമായും നിരസിച്ചു. ബുദ്ധന്റെ ജീവിതകഥയും ദർശനങ്ങളും ഇരുവർക്കും പ്രബുദ്ധത നൽകി.

കുമാരനാശാൻ ബുദ്ധചരിതം കാവ്യമാക്കിയപ്പോൾ അംബേദ്കർ സമഗ്രമായ പഠനഗ്രന്ഥം തന്നെ തയ്യാറാക്കി. എന്നാൽ, ഈഴവർ ഒന്നടങ്കം ഹിന്ദുമതത്തിലെ അയിത്തത്തിൽ നിന്നും മോചനം നേടാൻ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന നിർദേശം 1923ൽ ഉയർന്നുവന്നപ്പോൾ ആശാൻ അതിനെ എതിർക്കുകയാണ് ചെയ്തത്. അംബേദ്കറാകട്ടെ 1956ൽ അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേർന്നു.

കുമാരനാശാൻ ബുദ്ധചരിതം കാവ്യമാക്കിയപ്പോൾ അംബേദ്കർ സമഗ്രമായ പഠനഗ്രന്ഥം തന്നെ തയ്യാറാക്കി. എന്നാൽ, ഈഴവർ ഒന്നടങ്കം ഹിന്ദുമതത്തിലെ അയിത്തത്തിൽ നിന്നും മോചനം നേടാൻ ബുദ്ധമതത്തിലേക്ക് പരിവർത്തനം

ചെയ്യണമെന്ന നിർദേശം 1923ൽ ഉയർന്നുവന്നപ്പോൾ ആശാൻ അതിനെ എതിർക്കുകയാണ് ചെയ്തത്. അംബേദ്കറാകട്ടെ 1956ൽ അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേർന്നു. 1922ൽ ആശാൻ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധീകരിച്ചപ്പോൾ അംബേദ്കർ ലണ്ടൻ സർവകലാശാലയിൽ ദ പ്രോബ്ലം ഓഫ് ദി റുപ്പീ എന്ന പ്രബന്ധം സമർപ്പിക്കുകയായിരുന്നു. 1924ൽ ആശാൻ മരണമടയുമ്പോൾ അംബേദ്കർ ‘ബഹിഷ്കരണ ഹിതകാരിണി സഭ’ രൂപീകരിച്ചുകൊണ്ട് അയിത്തത്തിനെതിരായ പോരാട്ടം നയിക്കുകയായിരുന്നു. അങ്ങനെ അയിത്തത്തിനെതിരെ പോരാടിയ രണ്ട് പോരാളികളുടെ സമീപന രീതികൾ വെറുപ്പിന്റെ സമകാലിക സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

ജാതിവ്യവസ്ഥിതിയോടുള്ള സമീപനം

ചാതുർവർണ്യക്കാരായ ബ്രാഹ്മണ ‐ക്ഷത്രിയ‐ വൈശ്യ‐ ശൂദ്രവിഭാഗങ്ങൾ അവരുടെ ഗ്രാമത്തിനുപുറത്തേക്ക് ആട്ടിപ്പായിച്ചിരുന്ന അയിത്ത ജാതി വർഗങ്ങളെ അംബേദ്കർ ‘അസ്പൃശ്യർ, പഞ്ചമർ, അന്ത്യജർ’ എന്നൊക്കെയുള്ള പേരുകളിലാണ് അടയാളപ്പെടുത്തുന്നത്. 1880ൽ മഹാത്മാ ജ്യോതിബാഫൂലെ ആണ് മറാത്തി പദമായ ദലിത് ശബ്ദംകൊണ്ട് അയിത്തജാതികളെ മുദ്രപ്പെടുത്തിയത്. ദലിത എന്ന സംസ്കൃത ശബ്ദത്തിന് വിഭജിതം, തകർക്കപ്പെട്ടത്, ചിതറിയത് എന്നൊക്കെ അർഥമുണ്ടെങ്കിലും അവയൊന്നും അയിത്ത സൂചകമല്ല.

മനുസ്മൃതി പ്രകാരം സ്ഥാവരജംഗമ സ്വത്തുക്കളൊന്നും സമ്പാദിക്കാൻ അനുവാദമില്ലാത്ത പരമദരിദ്രരായ അയിത്ത ജാതികളാണ് ഗ്രാമത്തിൻ പുറത്ത് താമസിക്കാൻ മാത്രം അനുവാദമുണ്ടായിരുന്ന അന്ത്യജർ അഥവാ പഞ്ചമജാതികൾ. ബുദ്ധൻ സംസാരിച്ചിരുന്ന മാഗധി ഭാഷയിൽ ദരിദ്രരെ സൂചിപ്പിക്കുന്ന പദമാണ് ‘ദലിദ്ദ’  (dalidda)  അതിന്റെ സംസ്കൃതീകൃത രൂപമാണ് ദലിത ശബ്ദം.

മനുസ്മൃതി പ്രകാരം സ്ഥാവരജംഗമ സ്വത്തുക്കളൊന്നും സമ്പാദിക്കാൻ അനുവാദമില്ലാത്ത പരമദരിദ്രരായ അയിത്ത ജാതികളാണ് ഗ്രാമത്തിൻ പുറത്ത് താമസിക്കാൻ മാത്രം അനുവാദമുണ്ടായിരുന്ന അന്ത്യജർ അഥവാ പഞ്ചമജാതികൾ. ബുദ്ധൻ

മഹാത്മാ ജ്യോതിബാഫൂലെ

മഹാത്മാ ജ്യോതിബാഫൂലെ

സംസാരിച്ചിരുന്ന മാഗധി ഭാഷയിൽ ദരിദ്രരെ സൂചിപ്പിക്കുന്ന പദമാണ് ‘ദലിദ്ദ’  (dalidda)  അതിന്റെ സംസ്കൃതീകൃത രൂപമാണ് ദലിത ശബ്ദം. ബുദ്ധമത പ്രചാരണത്തോടൊപ്പം ദലിത് ശബ്ദവും മറാത്തി ഭാഷയിൽ എത്തിയതാകണം. കുമാരനാശാൻ അയിത്ത ജാതികളെ കുറിക്കാൻ പ്രത്യേക ശബ്ദമൊന്നും പ്രയോഗിക്കുന്നില്ലെങ്കിലും അവരെ വളരെ കൃത്യമായി ദുരവസ്ഥയിൽ നിർവചിച്ചിട്ടുണ്ട്. 

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ

അംബേദ്കർ ജാതിവ്യവസ്ഥയുടെ ഉൽപ്പത്തി പരിണാമങ്ങളെക്കുറിച്ച് വളരെ ആഴത്തിൽ ഗവേഷണപരമായി ചർച്ച ചെയ്യുമ്പോൾ ആശാൻ വർത്തമാനകാല സാമൂഹിക അനുഭവങ്ങളിൽ നിന്നുകൊണ്ടാണ് തൊട്ടുകൂടാത്തവരെക്കുറിച്ച് സംസാരിക്കുന്നത്. കെട്ടില്ലായ്മയും (മിശ്രവിവാഹം) തമ്മിലുണ്ണായ്മയുമാണ് (മിശ്രഭോജനം) ജാതിയുടെ അടിവേരുകൾ എന്ന കാര്യത്തിൽ ഇരുവരും എത്തിച്ചേരുകയാണ്. ‘ഗോത്രബാഹ്യ വിവാഹ നിരോധനമാണ് ജാതിയുടെ ഏക ലക്ഷണം. ജാതിയുടെ ഉൽപ്പത്തിയെന്ന് ഞാൻ പറയുമ്പോൾ സഗോത്ര വിവാഹത്തിന്റെ യാന്ത്രികവൃത്തിയുടെ ഉൽപ്പത്തിയെന്നാണ് അർഥമാക്കുന്നത് (അംബേദ്കർ സമ്പൂർണ കൃതികൾ, ഭാഗം 1, പേജ് 16, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം).

മനുസ്മൃതി പ്രോക്തമായ ചാതുർവർണ്യ ജാതിവ്യവസ്ഥ ഇന്ത്യമുഴുവൻ വ്യാപിക്കാൻ എന്താണ് കാരണം? ഭരണാധികാരിയോ ചക്രവർത്തിയോ അല്ലാതിരുന്ന മനുവിന് ഇന്ത്യയെ മുഴുവൻ ചാതുർവർണ്യ നിയമത്തിന്റെ ഭാഗമാക്കാൻ മനുസ്മൃതിയിലൂടെ എങ്ങനെ കഴിഞ്ഞു? അംബേദ്കർ എഴുതുന്നു. “അദ്ദേഹം ശരീരമില്ലാത്ത ഒരാത്മാവിനെപ്പോലെ ജീവിക്കുന്നു. തുടർന്നും അദ്ദേഹം ജീവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു” (സമ്പൂർണ കൃതികൾ, ഭാഗം 1 പേജ് 17). ക്ഷത്രിയരല്ലാത്ത നാടുവാഴികളെ ക്ഷത്രിയരാക്കി വാഴിച്ചുകൊണ്ട് (ക്ഷത്രിയരായ രാജാക്കളിൽ നിന്നുമാത്രമേ ബ്രാഹ്മണർ ദാനങ്ങൾ സ്വീകരിക്കാവൂ എന്ന മനുസ്മൃതി നിയമം പാലിക്കാൻ) ഇന്ത്യ

മുഴുവൻ കാർഷിക ഗ്രാമങ്ങളും ഗോദാനങ്ങളും സ്വർണം ‐കന്യാദാനങ്ങളും സ്വീകരിച്ചുകൊണ്ട് അധിനിവേശപരമായ കുടിയേറ്റം നടത്തിയ ബ്രാഹ്മണ സമൂഹം മനുസ്മൃതിയെന്ന ചാതുർവർണ്യ‐ ഫ്യൂഡലിസ്റ്റ് ഭരണഘടനയെ ഇന്ത്യമുഴുവൻ നടപ്പിലാക്കി.

ബ്രാഹ്മണർക്ക് ദാനമായി ലഭിച്ച കാർഷിക ഗ്രാമങ്ങളിലെ ജനങ്ങളെ ചാതുർവർണ്യ വ്യവസ്ഥ പ്രകാരം തരംതിരിക്കുകയും, കാർഷികവൃത്തിയും കരകൗശല തൊഴിലുകളും ചെയ്തിരുന്ന തൊഴിൽ വർഗത്തെ മുഴുവൻ നീചത്തൊഴിലുകാരായി ജാതി തിരിക്കുകയും അവരെ ഗ്രാമത്തിനു പുറത്താക്കി അന്ത്യജരാക്കുകയും ചെയ്തതിന്റെ ഫലമാണ് ‘ഗ്രാമത്തിൻ പുറത്തിങ്ങുവസിക്കുന്ന അയിത്തജാതി സമൂഹങ്ങൾ’. “വിദ്യാഭ്യാസവും സ്വത്തവകാശവും ഭൂമിയുടെ മേലുള്ള ഉടമാവകാശവും ശൂദ്രർ ഉൾപ്പെടെയുള്ള കീഴ്‌ജാതികൾക്ക് നിഷേധിച്ചു. അതുകൊണ്ട് ബ്രാഹ്മണ മതമെന്ന ഹിന്ദുമതത്തിന്റെ അടിത്തറയായി ജാതി വ്യവസ്ഥ നിൽക്കുന്നു. ജാതി വ്യവസ്ഥ തൊഴിൽ വിഭജനത്തിൽനിന്ന് തികച്ചും ഭിന്നമായ തൊഴിലാളി വിഭജനം മാത്രമല്ല; തൊഴിലാളി വിഭജനത്തെ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന ക്രമത്തിൽ തരംതിരിച്ചിട്ടുള്ള ഒരു ശ്രേണിയാണ് അത്.

തൊഴിൽ വിഭജനത്തോടെയുള്ള ഈ തൊഴിലാളി വിഭജനം മറ്റൊരു രാജ്യത്തുമില്ല” (അംബേദ്കർ സമ്പൂർണ കൃതികൾ, ഭാഗം 1, പേജ് 55). ജീവിതവൃത്തിയായ തൊഴിലിന് അയിത്തം കൽപ്പിച്ച മനുസ്മൃതി തൊഴിൽ ഉൽപ്പന്നങ്ങൾക്ക് അയിത്തം കൽപ്പിച്ചില്ലെന്നു മാത്രമല്ല, ചതുർവർണങ്ങളുടെ നിലനിൽപ്പിനാവശ്യമായ ജാത്യുൽപ്പാദന മേഖല നിലനിർത്തേണ്ടത് രാജധർമമായി വ്യാഖ്യാനിക്കുകയും ചെയ്തു. തൊഴിൽ മാറാനോ അധ്വാനശക്തിയെ മാറ്റി വിനിയോഗിക്കാനോ ജാതിവ്യവസ്ഥ അനുവദിക്കുന്നില്ല. തൊഴിൽ കുടുംബ പദവിയും കുടുംബ രൂപീകരണവുമായി ബന്ധപ്പെട്ട അയിത്താചരണമാണ്.

ഒരേ കുലത്തൊഴിൽ ചെയ്യുന്നവർ തമ്മിലുള്ള ലൈംഗിക ചേരുവയിൽ നിന്നാണ് ‐സജാതീയ ലൈംഗികതയിൽ നിന്നാണ് ജാതികുടുംബങ്ങൾ രൂപം കൊള്ളുന്നത്. അതുകൊണ്ട് പാരമ്പര്യസിദ്ധമല്ലാത്ത തൊഴിലുകൾ സ്വീകരിക്കാൻ ജാതിവ്യവസ്ഥ ഹിന്ദുക്കളെ അനുവദിക്കുന്നില്ലെന്ന് അംബേദ്കർ വ്യക്തമാക്കുന്നുണ്ട്.   “ജാതിക്കുചുറ്റും കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകൾ തകർക്കാൻ പറ്റാത്തവയാണ്. അതിന്റെ നിർമാണ സാമഗ്രികൾ യുക്തിചിന്തയ്ക്കും സന്മാർഗ ബോധത്തിനും ദഹിപ്പിച്ചുകളയാൻ പറ്റാത്തവയാണ്. മാത്രമല്ല, ആ മതിൽക്കെട്ടിനുള്ളിൽ ബ്രാഹ്മണർ നിലയുറപ്പിച്ചിരിക്കുന്നു.

ബുദ്ധിജീവികളായ ബ്രാഹ്മണർ‐ ഹിന്ദുക്കളുടെ സ്വാഭാവിക നേതാക്കളായ ബ്രാഹ്മണർ കൂലിപ്പട്ടാളക്കാരായിട്ടല്ല, മാതൃഭൂമിക്കുവേണ്ടി പടവെട്ടുന്ന സൈന്യമായിട്ടാണ് നിൽക്കുന്നത്. അതുകൊണ്ടാണ് ഹിന്ദുക്കൾക്കിടയിലെ ജാതി നശീകരണം ഏറെക്കുറെ അസാധ്യമാണെന്ന് ഞാൻ വിചാരിക്കുന്നത്” (അംബേദ്കർ സമ്പൂർണ്ണ കൃതികൾ, ഭാഗം 1 പേജ് 89). ബ്രാഹ്മണർ കാലത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജാതിക്കോട്ടകൾ കെട്ടി നിലകൊള്ളുകയാണെന്ന് ആശാനും എഴുതുന്നു.

മുമ്പോട്ടുകാലം‌കടന്നുപോയീടാതെ
മുൻപേ സ്മൃതികളാൽ കോട്ടകെട്ടി
വമ്പാർന്നനാചാരമണ്ഡലച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ (ദുരവസ്ഥ)

ശൂദ്രജാതി വിഭാഗങ്ങൾ ബ്രാഹ്മണ‐ക്ഷത്രിയ‐വൈശ്യ വർണങ്ങളുടെ സേവകരായതിനാലും പാദജന്മാരായതിനാലും ചാതുർവർണ്യവ്യവസ്ഥയ്ക്കുള്ളിൽ (ഗ്രാമത്തിനുള്ളിൽ) ആണ് നിലകൊണ്ടിരുന്നത്. എന്നാൽ അയിത്തജാതികളുടെ സ്ഥാനം ഗ്രാമത്തിനു പുറത്തായിരുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ അസ്പൃശ്യജാതിയായ മഹർ വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരുന്നു ഡോ. അംബേദ്കർ. ചണ്ഡാലഭിക്ഷുകിയിലും അയിത്തജാതികളുടെ സ്ഥാനം ഗ്രാമത്തിനുപുറത്താണെന്ന് ആശാനും എഴുതുന്നു.

ഗ്രാമത്തിൻപുറത്തിങ്ങുവസിക്കും
ചാമർനായകൻ‌തന്റെ കിടാത്തി ഞാൻ.

ഈയൊരു തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വ്യക്തിജീവിതത്തിൽ അനുഭവിച്ചവരാണ് കുമാരനാശാനും അംബേദ്കറും. ആശാൻ എഴുതുന്നു “ജാതി നിമിത്തമായ ദുഃഖങ്ങളും ക്ലേശങ്ങളും അപമാനങ്ങളും അസൗകര്യങ്ങളും അവയെ അനുഭവിക്കുന്നവർക്കല്ലാതെ മറ്റാർക്കും എത്രതന്നെ വിശദമായി ഘോഷിച്ചാലും ഉള്ളവണ്ണം തലയിൽക്കേറുന്നതല്ലെന്നുള്ള വസ്തുതയെ വ്യസനസമേതം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ സമുദായ പരിഷ്കർത്താക്കന്മാരിൽ നൂറിന്‌ തൊണ്ണൂറ്റൊമ്പതുപേരും ഉയർന്ന ജാതിക്കാരാകുന്നു. അവർ എത്രതന്നെ സഹതാപമുള്ളവരായാലും ജാതി ശല്യത്തിന്റെ അനുഭവജ്ഞാനം ഉള്ളവരല്ല” (സമ്പൂർണ്ണ കൃതികൾ ഭാഗം 3, പേജ് 458.

അംബേദ്കറുടെ നവോത്ഥാന വിമർശനം

ഇന്ത്യയിലെ സമുദായ പരിഷ്കർത്താക്കളായ നവോത്ഥാന നായകരിൽ 99 ശതമാനവും ഉയർന്ന ജാതിക്കാരാണെന്ന കുമാരനാശാന്റെ വിലയിരുത്തലിനെ സർവ്വാത്മനാ പിന്തുണയ്ക്കുന്ന നിലപാടാണ് അംബേദ്കർക്കും ഉള്ളത്. എന്നാൽ കേരളീയ നവോത്ഥാനത്തിന്റെ നായക കവിയായി ആശാൻ നിലകൊണ്ടപ്പോൾ അംബേദ്കർ രൂക്ഷ വിമർശകനായിട്ട് എതിർപക്ഷത്ത് നിൽക്കുകയാണ് ചെയ്യുന്നത്. നവോത്ഥാന നായകർ ഹിന്ദുമത പരിഷ്കരണത്തിനും ജാത്യാചാര പരിഷ്കരണത്തിനും വേണ്ടിയാണ് നിലകൊണ്ടത്.

അയിത്ത നിർമാർജനത്തിലൂടെ എല്ലാ ജാതികൾക്കും സ്വതന്ത്രമായി സഞ്ചരിക്കാനും ഇടപഴകാനും സാമൂഹിക ജീവിതം നയിക്കാനുമുള്ള ഒരു വ്യവസ്ഥയെ വിഭാവനം ചെയ്ത നവോത്ഥാന നായകർ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ

അംബേദ്‌ക്കർ പ്രതിമ

അംബേദ്‌ക്കർ പ്രതിമ

ശ്രമിച്ചില്ല എന്നതായിരുന്നു അംബേദ്കറുടെ വിമർശനം. അവർ സ്വസമുദായ പരിഷ്കരണത്തിനും ശാക്തീകരണത്തിനുമാണ് ശ്രമിച്ചത്. അതുകൊണ്ട് ഓരോ നവോത്ഥാന നായകനെയും കേന്ദ്രമാക്കി സാമുദായിക സംഘടനകൾ രൂപം കൊള്ളുകയും അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു. കേരളത്തിലെ സാമുദായിക സംഘടനകളും നേതാക്കളും നടത്തിയ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങളോട് ഒരുപക്ഷേ അംബേദ്കർ അകലം പാലിച്ചതും അതുകൊണ്ടാകാം.

അയ്യങ്കാളിയും കുമാരനാശാനും പൊയ്കയിലപ്പച്ചനും ഒക്കെ സാമുദായിക സംഘടനകളിലൂടെ അയിത്തത്തിനെതിരെ പോരാടിയവരാണ്. ചാതുർവർണ്യ ‐ഫ്യൂഡലിസത്തെയോ ജാതി വ്യവസ്ഥയേയോ നിർമാർജനം ചെയ്യുവാനുള്ള ചിന്തയൊന്നും അവർക്കുണ്ടായിരുന്നില്ല.

ബ്രാഹ്മണ മതത്തെ എതിർക്കാതെ അത് നിലനിർത്തിപ്പോരുന്ന ജാതി വ്യവസ്ഥയെ എതിർക്കാതെയുള്ള നവോത്ഥാന പരിശ്രമങ്ങളോടാണ് അംബേദ്കർ വിയോജിക്കുന്നത്. അദ്ദേഹം എഴുതുന്നു “ഹിന്ദുക്കളെ പൊതുവെ ബാധിക്കുന്ന പ്രമാണം ജാതിയാണ്. ഹിന്ദുമതത്തിൽ അവിഭാജ്യമായി നിൽക്കുന്നത് ജാതിയാണ്. ഓരോ ഹിന്ദുവും ജാതിയിൽ വിശ്വസിക്കുന്നു... ഓരോ ഹിന്ദുവിനും, താൻ കേവലം നിയമാനുസൃത ഹിന്ദുവാണെന്ന് വീമ്പിളക്കുന്ന ഹിന്ദുവിനുപോലും ഒരു ജാതിയുണ്ട്.

ഒരു ഹിന്ദു, ഹിന്ദുമതത്തിൽ ജനിക്കുന്നത് എങ്ങനെയാണോ അതുപോലെതന്നെ ജാതിയിലും ജനിക്കുന്നു. മാത്രമല്ല ജാതിയിൽ ജനിക്കാതെ ഒരാൾക്ക് ഹിന്ദുമതത്തിൽ ജനിക്കാനേ സാധ്യമല്ല. ജാതിയേയും ഹിന്ദു മതത്തെയും വേർതിരിക്കാനാവില്ല” (സമ്പൂർണ കൃതികൾ, ഭാഗം 7  , പേജ് 230). ഭാരതത്തിൽ മനുഷ്യർ മാത്രമല്ല ദൈവങ്ങൾപോലും ജാതികളിലാണ് അവതരിക്കുന്നത്.

അയ്യങ്കാളി

അയ്യങ്കാളി

കുമാരനാശാൻ ഈഴവ‐തിയ്യ സമുദായത്തെ പരിഷ്കരിച്ച്‌ ശക്തിപ്പെടുത്തി മുഖ്യധാരയിൽ കൊണ്ടുവരാനും അതിലൂടെ ഹിന്ദുമത പരിഷ്കരണത്തിന്‌ വഴിയൊരുക്കാനും യത്നിച്ചപ്പോൾ അംബേദ്കർ ജാതിവ്യവസ്ഥയെത്തന്നെ നിർമൂലനം ചെയ്യാൻവേണ്ടി വാദിക്കുകയാണ് ചെയ്തത്.

എങ്കിലേ ഹിന്ദുമതം പരിഷ്കരിക്കപ്പെടുകയുള്ളൂ എന്ന നിലപാടാണ് സ്വീകരിച്ചത്. അതിന് ബ്രാഹ്മണമതത്തിന്റെ എല്ലാവിധത്തിലുള്ള മേധാവിത്വങ്ങളും ഇല്ലായ്മ ചെയ്യണം. ജാത്യധിഷ്ഠിത മതവിശ്വാസം നിലനിൽക്കുന്ന കാലത്തോളം മനുസ്മൃതി നിലനിൽക്കുമെന്നും അംബേദ്കർ പറഞ്ഞു. ജാതിചിന്ത ശക്തിപ്രാപിക്കുന്ന സമകാലിക ഭാരതം അംബേദ്കറുടെ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നുണ്ട്. ഹിന്ദുരാഷ്ട്ര നിർമിതിക്ക് മനുസ്മൃതിയും ഹിന്ദുമതവും ജാതിവ്യവസ്ഥയും അനിവാര്യമാണെന്ന് അംബേദ്കർ വ്യക്തമാക്കിയിരുന്നു.

നവോത്ഥാനവും കുലത്തൊഴിൽ ലംഘനങ്ങളും

നൂറ്റാണ്ടുകളായി ചാതുർവർണ്യ വ്യവസ്ഥയ്ക്കുള്ളിൽ മനുസ്മൃതി തളച്ചിട്ടിരുന്ന മനുഷ്യാധ്വാന ശക്തിയെ പുറം ലോകത്തിലേക്ക് മോചിപ്പിച്ചത് ബ്രിട്ടീഷ് ഭരണമാണ്. മുമ്പ്‌ മനുസ്മൃതി നിയമമനുസരിച്ച് തൊഴിലുകൾ മാറി ചെയ്യാൻ കഴിയുമായിരുന്നില്ല. താഴ്ന്ന ജാതിക്കാരൻ ‘അത്യാഗ്രഹം’ കൊണ്ട് ഉയർന്ന ജാതിക്കാരന്റെ തൊഴിൽ ചെയ്താൽ അവന്റെ സമ്പാദ്യം മുഴുവൻ രാജാവ് പിടിച്ചെടുക്കണം. ജാതിയിൽനിന്ന് പുറത്താക്കണം. യൂറോപ്യൻ തൊഴിൽ സംഘങ്ങളിൽ നിന്നും (guilds) മിച്ചമൂല്യത്തിലൂടെ മൂലധനം രൂപംകൊണ്ടതുപോലെ ഇന്ത്യയിലെ തൊഴിൽ സംഘങ്ങളായ ജാതിക്കൂട്ടായ്മകളിൽനിന്നും താഴ്ന്നജാതി തൊഴിൽ സമൂഹങ്ങളിൽനിന്നും മൂലധന സ്വരൂപണമോ മൂലധന ശക്തികളോ ഉയർന്നുവന്നില്ല.

ശൂദ്രൻ ധനം സമ്പാദിക്കാൻ ശക്തനായിരുന്നാലും അത് അനുവദിക്കാൻ പാടില്ല എന്നും ദാസ്യപ്രവൃത്തി ചെയ്യേണ്ടവൻ ധനവാനായാൽ അത് ബ്രാഹ്മണന്‌ വേദനയുണ്ടാക്കുമെന്നും മനുസ്മൃതി അനുശാസിക്കുന്നു. ഉത്തരേന്ത്യയിലെ കീഴ്ജാതികൾക്കിടയിൽ നവോത്ഥാനം ഉണ്ടാകാതെപോയത് കീഴ്ജാതികൾക്കുള്ളിൽനിന്നും ചെറുകിട വ്യാപാരികളോ മൂലധന ശേഖരണങ്ങളോ ഉണ്ടാകാത്തത് കൊണ്ടാകാം. കേരളത്തിലെ ജാതിവ്യവസ്ഥയിൽ ക്ഷത്രിയ വൈശ്യ വർണങ്ങളില്ല. ശൂദ്രരായ നാടുവാഴികളെ ക്ഷത്രിയരാക്കി പരികൽപ്പന ചെയ്ത് നമ്പൂതിരിമാരുടെ സംബന്ധബന്ധുക്കളും സേവകരുമാക്കുകയാണ് ചെയ്തത്. രാജ്യഭരണം പോലും ബ്രാഹ്മണ സേവയായിരുന്നു.

കേരളത്തിലെ ജാതിഘടനയിൽ വൈശ്യവിഭാഗമില്ലാത്തതിനാൽ വൈശ്യത്തൊഴിലുകളായ കൃഷിയും കാലിവളർത്തലും ശൂദ്രരുടെ കുലവൃത്തികളായിരുന്നു. അവരായിരുന്നു ക്ഷത്രിയ സമാനരായ പോരാളിവർഗവും. വൈശ്യത്തൊഴിലായ കച്ചവടം നടത്തിയിരുന്നത്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഏറെക്കുറെ ഈഴവ‐തിയ്യരുമാണ്. അതുകൊണ്ട് ഈഴവർക്കിടയിൽ നിന്നും മൂലധനശക്തികളും വ്യാപാരികളും ഉയർന്നുവന്നു.

കുമാരനാശാന്റെ തോന്നയ്‌ക്കലെ വീട്‌

കുമാരനാശാന്റെ തോന്നയ്‌ക്കലെ വീട്‌

കേരളത്തിലെ ജാതിഘടനയിൽ വൈശ്യവിഭാഗമില്ലാത്തതിനാൽ വൈശ്യത്തൊഴിലുകളായ കൃഷിയും കാലിവളർത്തലും ശൂദ്രരുടെ കുലവൃത്തികളായിരുന്നു. അവരായിരുന്നു ക്ഷത്രിയ സമാനരായ പോരാളിവർഗവും. വൈശ്യത്തൊഴിലായ കച്ചവടം നടത്തിയിരുന്നത്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഏറെക്കുറെ ഈഴവ‐തിയ്യരുമാണ്. അതുകൊണ്ട് ഈഴവർക്കിടയിൽ നിന്നും മൂലധനശക്തികളും വ്യാപാരികളും ഉയർന്നുവന്നു. അവരിൽ നിന്നും രംഗത്തെത്തിയ ലിബറൽ മധ്യവർഗമാണ് എസ്എൻഡിപി യോഗത്തിന്റെയും ശ്രീനാരായണഗുരുവിന്റെയും പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾ.

കുലത്തൊഴിലുകളിൽ വന്ന ഈയൊരു പകർന്നാട്ടമാണ് കേരളത്തിലെ വിവിധ ജാതിസമൂഹങ്ങൾക്കിടയിൽ ധനികവർഗം ഉണ്ടാകാൻ കാരണം. അയിത്തജാതികളിൽ ആദ്യം ശക്തി പ്രാപിച്ചത് ഈഴവ ‐തിയ്യ വിഭാഗങ്ങളാണ്. കള്ള് ചെത്തും നെയ്ത്തും കയർ നിർമാണവും ഒപ്പം കൃഷിയും കാലിവളർത്തലും ഈഴവരുടെ തൊഴിൽ മേഖലകളായിരുന്നതിനാൽ അവരിൽ നിന്നും മൂലധനശക്തികൾ ഉയർന്നുവന്നു. ആശാൻ എഴുതുന്നു “കൃഷി,വ്യവസായം ഈ വിഷയങ്ങളിലും ഞങ്ങൾക്കിനി വളരെ പഠിക്കാനും പരിഷ്കരിക്കാനുമുണ്ട്. പുതിയ സാമ്പത്തിക സാമൂഹിക സാഹചര്യം വലിയൊരുണർവാണ് ഈഴവ‐ തീയ്യ സമൂഹത്തിനിടയിൽ സൃഷ്ടിച്ചത്.

എങ്ങും കാണപ്പെടുന്ന അഭിവൃദ്ധിക്കായുള്ള തൃഷ്ണയും സ്വസഹായബുദ്ധിയും ക്ഷമയും അനുകമ്പയും ശീഘ്രത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഐകമത്യവും തന്നെ ഈ വിദ്യാഭ്യാസത്തിന്റെ ഫലങ്ങളല്ലയോ” (സമ്പൂർണ കൃതികൾ, ഭാഗം 3, പേജ് 444).
കുലത്തൊഴിലുകളിൽനിന്ന് പുറത്തുകടക്കാനും മനുഷ്യാധ്വാനം ഇതര മേഖലകളിൽ വിന്യസിച്ച് സമ്പത്തുൽപ്പാദിക്കാനും വഴിതെളിച്ചത് ബ്രിട്ടീഷ് ഭരണമാണ്.

“മറ്റുപല സമുദായങ്ങളും ബ്രിട്ടീഷ് ഭരണത്താൽ ഇതുപോലെതന്നെ ഗുണപ്പെട്ടിട്ടുള്ളതായി പല ദൃഷ്ടാന്തങ്ങളും എടുത്തുപറയാനുണ്ട്. ആ എല്ലാ സമുദായങ്ങൾക്കും ബ്രിട്ടീഷ് ഗവണ്മെന്റിനോട് അഗാധമായ കൃതജ്ഞതയുണ്ട്.” (ആശാൻ സമ്പൂർണ കൃതികൾ ഭാഗം 3, പേജ് 445). ഈശ്വരാനുഗ്രഹത്താൽ ലഭിച്ചതാണ് ബ്രിട്ടീഷ് ഭരണമെന്നുപോലും ആശാൻ എഴുതാൻ കാരണം അത് ചാതുർവർണ്യ ഫ്യൂഡലിസത്തിന്റെ മനുസ്മൃതി വ്യവസ്ഥയിൽനിന്നും പുറത്തുകടക്കാൻ അവസരമൊരുക്കി എന്നതിന്റെ പേരിലാണ്. ഉത്തരേന്ത്യയിൽ കാർഷിക വ്യവസായ മേഖലകളിൽനിന്നും നികുതി പിരിച്ച് സർക്കാർ ഖജനാവിനെ പുഷ്ടിപ്പെടുത്തിയിരുന്നത് ബനിയ മാർവാഡി പാഴ്സി വർഗങ്ങളായിരുന്നുവെങ്കിൽ കേരളത്തിൽ തൽസ്ഥാനത്ത് നിന്നത് തിയ്യ‐ഈഴവ‐മുസ്ലീം‐ക്രിസ്ത്യൻ‐വ്യാപാരി സമൂഹമാണ്.

കുമാരനാശാന്റെ പ്രതിമ

കുമാരനാശാന്റെ പ്രതിമ

ഇക്കാര്യം കുമാരനാശാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “ഞങ്ങൾ അധ്വാനികളാണ്. എല്ലു നുറുങ്ങി അധ്വാനിച്ച് കാലം കഴിക്കുന്നവരാണ്. കേരളത്തിൽ ഇരപ്പാളിയില്ലാത്ത ഒരു വർഗമുണ്ടെങ്കിൽ അത് ഈഴവരാണെന്ന് പരേതനായ ചീഫ് സെക്രട്ടറി താണുപിള്ള അവർകൾ ഒരു സന്ദർഭത്തിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി ഇതാകുന്നു. ഭൂനികുതിയിൽ ഏറ്റവും ഗണ്യമായ ഒരു വിഭാഗം ഞങ്ങൾ കൊടുക്കുന്നു. വ്യവസായാഭിവൃദ്ധികൊണ്ട് ഗവണ്മെന്റിന് കിട്ടുന്ന ആദായത്തിൽ ഏറിയൊരു ഭാഗവും ഞങ്ങൾക്കുള്ളതാകുന്നു. എല്ലാറ്റിനും പുറമെ കൊല്ലം‌തോറും ഭയങ്കരമായി വർധിച്ചുവരുന്ന അബ്കാരി നികുതി മിക്കവാറും ഞങ്ങളിൽനിന്ന് കിട്ടുന്നതുമാകുന്നു.

തലമുറ തലമുറയായി ഞങ്ങളിങ്ങനെ സർക്കാർ ഖജനാവ്  നിറച്ചുകൊണ്ടിരിക്കുന്നു”  (1913ൽ എഴുതിയ ലേഖനം സമ്പൂർണ കൃതികൾ ഭാഗം 3 പേജ് 509).  അതുകൊണ്ട് വിദ്യാഭ്യാസ രംഗത്തും സർക്കാർ നിയമനത്തിലും ഈഴവർക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് കുമാരനാശാൻ തന്റെ പ്രജാസഭാ പ്രസംഗങ്ങളിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ജാതിക്കാർ നിയന്ത്രിക്കുന്ന ബ്യൂറോക്രസി താഴ്ന്ന ജാതിക്കാരോട് കാണിക്കുന്ന അനീതിയേയും ആശാൻ തുറന്നുകാണിച്ചിട്ടുണ്ട്.

“നാനാജാതിമതക്കാരും എത്രയോലക്ഷം ജനങ്ങൾ തിങ്ങിയ നമ്മുടെ രാജ്യത്ത് ജാതിമതഭേദങ്ങളെ അടിസ്ഥാനമാക്കിത്തന്നെ പലപ്പോഴും ചിലക്ഷോഭങ്ങളും കലാപങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ഇന്നും നാം അത് കണ്ടുവരുന്നുണ്ട്. ഈ സ്ഥിതിക്ക് പൊലീസ് സൈന്യത്തെ ചുരുക്കം ചില വർഗക്കാരെക്കൊണ്ട് നിറയ്ക്കുന്നത് ശരിയായിരിക്കില്ല”‐(സമ്പൂർണ കൃതികൾ ഭാഗം 3, പേജ് 533). ഇന്നും ഉത്തരേന്ത്യയിൽ നടക്കുന്ന ജാതിവർഗീയ കലാപങ്ങളിൽ ഉയർന്ന ജാതിശ്രേണിയിൽപ്പെട്ട പൊലീസുകാരും ഉദ്യോഗസ്ഥരും പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം ഇപ്പോഴും ഉയർന്നുവരുന്നുണ്ട്.

ആശാൻ ഈഴവ‐തീയ്യരുടെ ശാക്തീകരണത്തിനു മാത്രമല്ല ഇതര സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളെയും പിന്തുണച്ചിരുന്നു. അയ്യങ്കാളി നടത്തിയ സമരങ്ങൾക്ക് പരിപൂർണ പിന്തുണയാണ് നൽകിയത്. അയിത്ത സമൂഹങ്ങൾ സാമ്പത്തിക ശക്തിയായി ഉയർന്നുവരാൻ തുടങ്ങിയതോടെ നിരന്തരം ജാതിവഴക്കുകളും സംഘട്ടനങ്ങളും കേരളത്തിൽ ഉണ്ടാകാൻ തുടങ്ങി. തിരുവിതാംകൂറിലും മലബാറിലും ജാതിപരമായ വഴക്കും വാശിയും വർധിച്ചുവരുന്നതായി ആശാൻ തന്നെ രേഖപ്പെടുത്തുന്നു. 1905ൽ നടന്ന നായരീഴവ ലഹളകളെയും, 1913 ൽ ചെങ്ങന്നൂരിൽ നടന്ന നായർ ‐ ഈഴവ ലഹളയും 1915ൽ തിരുവനന്തപുരത്ത് പുലയർക്കുനേരെ നടന്ന ആക്രമണത്തെയും 1916ൽ പെരിനാട് നടന്ന നായർ‐പുലയ ലഹളകയെയും ആശാൻ ശക്തിയായ ഭാഷയിലാണ് വിമർശിക്കുന്നത്. അതോടൊപ്പം  ലഹളകൾ വലിയ സമുദായ പരിഷ്‌കർത്താക്കൾ ആണെന്ന്‌ പറയുകയും ചെയ്യുന്നുണ്ട്‌.

തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തമ്മിൽ തീണ്ടി തല്ലുകൂടുന്നതിലൂടെ അയിത്തത്തിന്റെ മതിൽക്കെട്ടുകൾ പൊളിയുന്നു എന്നതാണ് കുമാരനാശാന്റെ നിഗമനം. നാട് ചാതുർവർണ്യ വ്യവസ്ഥയുടെ വേരുകൾ പൊട്ടി ത്വരിതം ചലിച്ചുതുടങ്ങുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു നാട്ടിലുടനീളം വർധിച്ചുകൊണ്ടിരുന്ന ജാതിസംഘർഷങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള മൂലധന സമാഹാരണങ്ങളോ ശാക്തീകരണമോ ഉത്തരേന്ത്യയിലെ അയിത്ത ജാതിക്കാർക്കിടയിൽ സംഭവിച്ചില്ല. അതുകൊണ്ട് ജാതിപീഡനങ്ങളും ക്രൂരതകളും ഒരു തുടർക്കഥപോലെ ഇന്നും നിലനിൽക്കുകയാണ്.

(തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top