ഭൂമിയിൽനിന്ന് ഒന്നേകാൽ കോടി കിലോമീറ്റർ അകലെ മണിക്കൂറിൽ 22,000 കിലോമീറ്റർ വേഗതയിലുള്ള ആ കൂട്ടിയിടി. ടൺ കണക്കിന് മാലിന്യം പുറന്തള്ളി. ഫലമോ 10,000 കിലോമീറ്റർ നീളത്തിൽ വാൽ രൂപപ്പെട്ടു. ഇനി എന്തെന്നാണ് ശാസ്ത്രലോകം നിരീക്ഷിക്കുന്നത്. ശാസ്ത്ര ചരിത്രത്തിലെ ആദ്യ പ്ലാനറ്ററി ഡിഫൻസ് ദൗത്യത്തിനു പിന്നാലെ കൗതുകങ്ങൾ കാത്തിരിക്കുകയാണ്.
അപകടകാരികളായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണത്തെത്തുടർന്ന് ഡൈമർഫോസ് ഛിന്നഗ്രഹത്തിന് വാല് ‘മുളച്ചി’രിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്നുയർന്ന പൊടിയും മറ്റ് അവശിഷ്ടങ്ങളുമാണ് വാലായി രൂപപ്പെട്ടിരിക്കുന്നത്. ചിലിയിലെ സതേൺ ആസ്ട്രോ ഫിസിക്കൽ റിസർച്ച് (SOAR) ടെലിസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞരായ ടെഡി കരേറ്റയും മാത്യു നൈറ്റുമാണ് ഇത് കണ്ടെത്തിയത്. സൂര്യവികിരണ സമ്മർദത്താൽ വാലിനുണ്ടായ പ്രത്യേകതകളും അവർ നിരീക്ഷിച്ചു.
ഛിന്നഗ്രഹത്തിന്റെ ഉപരിതല സ്വഭാവം, കൂട്ടിയിടിയുടെ ശക്തി, പുറന്തള്ളപ്പെട്ട മാലിന്യം തുടങ്ങിയവയെപ്പറ്റി കൂടുതൽ വിവരം ഈ നിരീക്ഷണങ്ങൾ വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. സെപ്തംബർ 27നു പുലർച്ചെയാണ് ഡിഡിമോസ് ഛിന്നഗ്രഹത്തിന്റെ ‘ചന്ദ്രനാ’യ ഡൈമർഫോസിൽ നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART)പേടകം ഇടിച്ചിറങ്ങിയത്. 570 കിലോയുള്ള പേടകം വലിയതോതിലുള്ള മാലിന്യം പുറന്തള്ളിയതായി അന്നുതന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ‘മാലിന്യ വാലി’ ന് ഭാവിയിൽ മാറ്റമുണ്ടാകാമെന്നും ശാസ്ത്രലോകം പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയിൽ 0.4 മില്ലി മീറ്റർ വ്യതിയാനം ഉണ്ടായതായാണ് വിലയിരുത്തൽ. ഈ വ്യതിയാനം തുടർച്ചയായി നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂമിക്ക് ഭാവിയിൽ അപകടകരമാകുന്ന ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ തുടങ്ങിയവയെ വഴിതിരിച്ചുവിടുകയോ തകർക്കുകയോ ചെയ്യാനുള്ള ദൗത്യത്തിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്..... കാത്തിരിക്കാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..