23 April Tuesday

സഹകരണ മേഖലയില്‍ മാറ്റത്തിന്റെ വെന്നിക്കൊടി

ജി രാജേഷ്‌ കുമാർUpdated: Friday May 11, 2018

തിരുവനന്തപുരം>നോട്ട് നിരോധനവും തകർക്കാനുള്ള ബോധപൂർവ പ്രചരണവും സൃഷ്ടിച്ച തിരിച്ചടികളെ നേരിട്ടാണ് സഹകരണ മേഖല കരുത്തോടെ മുന്നോട്ടു പോയത്. സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിച്ചതും ചരിത്രഭാഗമായി. പുതിയ വിനോദസഞ്ചാര നയം പ്രഖ്യാപിച്ച് കാര്യക്ഷമവും ചൂഷണരഹിതവുമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളുണ്ടായി. സാമൂഹിക മാറ്റത്തിന്റെ വെന്നിക്കൊടി ഉയർത്തുകയായിരുന്നു പട്ടികജാതി വിഭാഗക്കാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമനം നൽകിയ നടപടിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പറഞ്ഞു.

സഹകരണ മേഖല മാറുന്നു
മാറുന്ന ലോകത്തിലെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സഹകരണ മേഖലയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പ്രാഥമിക സഹകരണ സംഘങ്ങൾ നെല്ല്, കശുവണ്ടി, നാളികേര സംഭരണവും മലബാർ സിമന്റ്സിന്റെ വിപണനവും ഏറ്റെടുക്കുകയാണ്. സഹകരണ സംഘങ്ങൾ മുഖേന നെല്ല് സംഭരണം നടത്തുന്നതിനുള്ള പൈലറ്റ് പദ്ധതി പാലക്കാട് ജില്ലയിൽ നടപ്പാക്കി. നെൽ അളന്ന ഉടനെ കർഷകന് പണം ലഭ്യമാകും. സംഘങ്ങൾ സംഭരിക്കുന്ന നെല്ല് അരിയാക്കി സഹകരണ സ്റ്റോറുകൾമുഖാന്തരം വിറ്റഴിക്കും. എല്ലാ ജില്ലകളിലും ഉത്പാദിപ്പിക്കുന്ന കശുവണ്ടി സംഭരിച്ച് കശുവണ്ടി വികസന കോർപറേഷന് കൈമാറാനുള്ള ചുമതല പ്രാഥമിക സഹകരണ സംഘങ്ങൾക്കാകും. സഹകരണ സംഘങ്ങൾ മുഖേന പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കും. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന്റെ ഡീലർമാരായും സ്റ്റോക്കിസ്റ്റുകളായും സംഘങ്ങൾ മാറുന്നു. തെക്കൻ കേരളത്തിലടക്കം കുറഞ്ഞവിലയ്ക്ക് മലബാർ സിമന്റ്സ് വിപണിയിൽ ലഭ്യമാക്കും. കൺസ്യുമർഫെഡുമായി സഹകരിച്ച് പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 നീതി ഔട്ട്ലെറ്റും 1500 നീതി മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കും. വായ്പയെടുത്തവർക്കും ബാങ്കുകൾക്കും നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആശ്വാസമേകി.  പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ കോർബാങ്കിംഗ് സൊല്യുഷൻ, നെറ്റ് ബാങ്കിംഗ്, എടിഎം, ആർടിജിഎസ്, നെഫ്റ്റ് തുടങ്ങിയ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‌ ഏകീകൃത സോഫ്റ്റ്വെയറായി.

സാമൂഹ്യ സുരക്ഷിതത്വം
വീട്ടിലെത്തുന്ന സാമൂഹ്യ സുരക്ഷ പെൻഷൻ. സഹകരണ സംഘങ്ങൾവഴി ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ചത് ആറ് ഘട്ടങ്ങളിലായി 4640.16 കോടി രൂപ. 39000 കെഎസ്ആർടിസി പെൻഷൻകാരുടെ ആറു മാസത്തെ പെൻഷൻ വിതരണം സഹകരണ മേഖലയുടെ കരുത്തും വിപുലമായ സ്വാധീനവും തെളിയിക്കുന്നതായിരുന്നു.

കേരള ബാങ്ക്‌  
കേരളത്തിന് സ്വന്തം ബാങ്കെന്ന ധീരമായ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. റിസർവ് ബാങ്കിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാകും.

വിലക്കയറ്റമില്ലാത്ത കേരളം
പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സഹകരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഇടപെടൽ നടത്തി. 680 അരിക്കടകൾക്ക് തുടക്കമിട്ടു. 3600ൽപരം ഓണചന്തകളും 2000ൽപരം ക്രിസ്മസ്, പുതുവത്സര ചന്തകളും സംഘടിപ്പിച്ചു.

കൺസ്യൂമർഫെഡ്‌
വൻനഷ്ടത്തിലായിരുന്ന കൺസ്യൂമർഫെഡ് ലാഭത്തിലാക്കിയതിൽ അഴിമതിക്കെതിരെ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രകടമായത്. കഴിഞ്ഞ വർഷത്തെ പ്രാരംഭ കണക്കിൽ പ്രവർത്തന ലാഭം 51 കോടി രൂപയാണ്. ഇ‐ടെണ്ടർ, പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പർച്ചേസ് കമ്മിറ്റി തുടങ്ങിയ നടപടികൾ സഹായകമായി.

ടൂറിസം
നോട്ട് നിരോധനവും ചരക്ക് സേവന നികുതി സമ്പ്രദായവുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികളെ മറുകടന്ന് ടൂറിസം മേഖലയിൽ മുന്നേറ്റമാണുള്ളത്. കേരള ടൂറിസം റെഗുലേറ്ററി അതോറിട്ടി രൂപീകരണത്തിലെത്തി. നൂതന ആശയങ്ങളും തൊഴിലവസരങ്ങളും ഉറപ്പാക്കാനായി പുതിയതലമുറ സംരംഭകരെ ആകർഷിക്കാൻ കേരള ടൂറിസം സംരംഭകത്വഫണ്ടിന് രൂപം നൽകും. ഇതിനായി സർക്കാർ മുൻകൈയിൽ വെഞ്ച്വർഫണ്ട് രൂപീകരിക്കും. ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻപ്രോട്ടോകോൾ വഴി പ്ലാസ്റ്റിക് ഭീഷണി നേരിടും. യുവ സംരംഭക ആശയങ്ങൾക്കായി ന്യൂ ഐഡിയാ മീറ്റും നിക്ഷേപകർക്കായി ഇൻവെസ്റ്റഴേ്സ് മീറ്റും സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ഉത്തരവാദിത്ത ടൂറിസം മിഷൻ സ്ഥാപിക്കും. പ്രവാസികൾക്കായി ടൂറിസം ഇൻവെസ്റ്റ്മെന്റ് ഗൈഡൻസ് സെൽ രൂപീകരിക്കും. കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും. പുതിയ ടൂറിസം പദ്ധതികൾക്ക് കേന്ദ്ര സഹായം തേടി. ജടായുപാറ ടൂറിസം അഭിമാനകരമായ പദ്ധതിയായി മാറി.

അബ്രാഹ്മണശാന്തിമാർ
സാമൂഹിക മാറ്റത്തിന്റെ കാഹളമുയർത്തിയ തീരുമാനമാണ്‌.  അവർക്ക് പൂജയ്ക്കുവേണ്ട സംരക്ഷണം ഉറപ്പാക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുവഴി നിയമിതരായവരിൽ 142 പേരിൽ പിന്നോക്ക വിഭാഗങ്ങളിൽനിന്ന് 62 പേരുണ്ട്. യാതൊരു സംവരണവും ഇല്ലാത്ത മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായ പിന്നോക്കാർക്ക് 10 ശതമാനം സംവരണവും, സംവരണ വിഭാഗങ്ങൾക്ക് സംവരണത്തിൽ വർധനയും ഉറപ്പാക്കാനായി. സുതാര്യത  ഉറപ്പാക്കാൻ ദേവസ്വം നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാക്കി. അപേക്ഷിക്കാൻ 'ദേവജാലിക' ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണൽ രൂപീകരിക്കാനുള്ള കരട് ബിൽ തയ്യാറായിവരുന്നു.

തീർത്ഥാടന കേന്ദ്രങ്ങൾ
ശ്രീപത്മനാഭസ്വാമി, ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ സമഗ്ര വികസനത്തിന്‌ വൻ പദ്ധതികൾ ആവിഷ്കരിച്ചു. സ്വദേശി ദർശൻ, പ്രസാദ് എന്നീ കേന്ദ്രപദ്ധതികളിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ക്ഷേത്ര വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ശബരിമലയ്ക്ക് മാത്രമായി 304 കോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ  വിഭാവനം ചെയ്തിട്ടുള്ളത്. 37 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top