26 March Tuesday

ദുർബലരെ കൈപിടിച്ചുയർത്തും

വി ജയിൻUpdated: Tuesday May 15, 2018


പാലക്കാട്
 'പഠിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവരുടെ മനസ്സ്  നോവലോ ലേഖനമോ വായിച്ച് ബോധ്യപ്പെടേണ്ടതില്ല. എന്റെ ജീവിതത്തിൽനിന്ന് ബോധ്യപ്പെട്ടതാണത്'‐ പട്ടികജാതി വിദ്യാർഥികൾക്ക് സൗകര്യപ്രദമായിരുന്ന് പഠിക്കാൻ വീടിനോടനുബന്ധിച്ച്  പഠനമുറി നിർമിച്ചു നൽകുന്ന പദ്ധതിയുടെ പ്രചോദനത്തെ മന്ത്രി എ കെ ബാലൻ വിശദീകരിച്ചത് ഇങ്ങനെയാണ്. കേരളത്തിൽ പട്ടികജാതി‐ പട്ടികവർഗ‐ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടത്തുന്ന ഭാവനാപൂർണവും ആത്മാർഥവുമായ പ്രവർത്തനങ്ങളെ തമസ്കരിക്കാൻ ബ്യൂറോക്രസിയിലെ ഒരു വിഭാഗവും വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രവർത്തിക്കുന്നതിൽ വിഷമമുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറയുന്നു. 

ക്ഷേമ പദ്ധതികൾ
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിൽ നാല് പ്രശ്നങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകിയത്. ഭൂമി, ഭവനം, ആരോഗ്യം, തൊഴിൽ. ആദിവാസി ഭൂമിപ്രശ്നം ഒരു വർഷം കൊണ്ട് പൂർണമായും പരിഹരിക്കും.

സാമൂഹ്യ പഠനമുറി
പട്ടികവർഗ വിദ്യാർഥികൾക്കുള്ള സാമൂഹ്യ പഠനമുറി പദ്ധതിവിദ്യാഭ്യാസത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള കരുത്തു നൽകും. വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിവാസികൾക്ക് ജോലി നൽകുന്നതിലും സൂക്ഷ്മമായി ശ്രദ്ധിച്ചു. ബിരുദവും ബിഎഡും യോഗ്യതയുള്ള ആദിവാസികളെ അതേ വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനത്തിൽ സഹായിക്കാൻ മെന്റർ ടീച്ചർമാരായി നിയമിച്ചത് ഗുണഫലങ്ങളുണ്ടാക്കി.

നിയമനങ്ങൾ
പട്ടികവർഗ വിഭാഗങ്ങളിൽനിന്ന് 100 പേരെ വീതം പൊലീസിലും എക്സൈസിലും നിയമിച്ചു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയ്ക്കും നിയമനം കിട്ടി.  നേഴ്സിങ് പാസായ പട്ടികജാതിക്കാർക്ക് സർക്കാർ ആശുപത്രികളിൽ മാസം 15,000 രൂപ സ്റ്റൈപെൻഡോടെ പരിശീലനം നൽകുന്നു.

മധു
മധുവിന്റെ കൊലപാതകമുണ്ടായപ്പോൾ വളരെപ്പെട്ടെന്ന്‌ സർക്കാർ ഇടപെട്ട് പ്രതികളെയെല്ലാം പിടികൂടുന്നതിനും മധുവിന്റെ കുടുംബത്തിന് 18.25 ലക്ഷം രൂപ അടിയന്തര സഹായം നൽകാനും നടപടികളെടുത്തു.

സമഗ്ര വികസനം
ചികിത്സാസഹായത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. വിദൂര ആദിവാസി ഊരുകളടക്കം വൈദ്യുതീകരിക്കാൻ കഴിഞ്ഞു. പട്ടികജാതി കോളനികളിൽ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കി. പട്ടികജാതി‐പട്ടികവർഗക്കാരുടെ വായ്പകൾ എഴുതിത്തള്ളാൻ മൂന്നു കോടി രൂപ നൽകി. പട്ടികജാതി, പട്ടികവർഗ, പിന്നോക്കവിഭാഗ ക്ഷേമ വകുപ്പുകളിൽ ഈ സർക്കാർ യഥാക്രമം 93, 88, 95 ശതമാനം വീതം തുക ചെലവഴിച്ചു. ട്രഷറിയിലോ ബാങ്കിലോ ഡിപ്പോസിറ്റായി സൂക്ഷിക്കാതെയാണ് തുക ചെലവഴിച്ചത്. യുഡിഎഫ് ഭരണകാലത്ത് 2015‐16ൽ  ബാങ്ക് നിക്ഷേപങ്ങൾ ചെലവായി കാണിച്ചിട്ടും ചെലവഴിച്ച തുകയുടെ ശതമാനം യഥാക്രമം 73, 76, 83 എന്നിങ്ങനെയാണ്.

സ്റ്റാർട്ടപ്പ് വായ്പാ പദ്ധതി
പിന്നോക്ക വിഭാഗക്കാർക്ക് സ്റ്റാർട്ടപ്പ് വായ്പാ പദ്ധതിയിൽ 20 ലക്ഷം രൂപ വരെ ആറു് ശതമാനം പലിശയ്ക്ക് നൽകുന്നു. ഈ വിഭാഗത്തിലെ പ്രവാസികൾ തിരിച്ചെത്തുമ്പോൾ 20 ലക്ഷം രൂപ വായ്പ നൽകുന്നു. ഇതിൽ മൂന്നു ലക്ഷം സബ്സിഡിയാണ്. പലിശ നാലു ശതമാനം മാത്രം.

സാംസ്കാരികമേഖല
സാംസ്കാരികപ്രവർത്തനങ്ങൾ ഗ്രാമതലങ്ങളിൽ വരെ എത്തിച്ചു. അക്കാദമികൾ, കലാമണ്ഡലം, കെഎസ്എഫ്ഡിസി തുടങ്ങി എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെയും ചൈതന്യവത്താക്കി. അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിദേശരാജ്യങ്ങളിലേക്കും ഇന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞു. ഡൽഹിയിലും ഹൈദരാബാദിലും നടന്ന സാംസ്കാരിക വിനിമയ പരിപാടികൾ വൻവിജയമായി. ഭാരത് ഭവന്റെ പ്രവർത്തനങ്ങളും ഗ്രാമങ്ങളിലെത്തി.

അഭിഭാഷക രംഗം
 പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് 5000 രൂപ സ്റ്റൈപെൻഡ് നൽകുന്ന പദ്ധതി ഇന്ത്യയിലാദ്യമായി നടപ്പാക്കി. ക്ഷേമനിധി ധനസഹായം അഞ്ചു ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തി. ചികിത്സാധനസഹായം 5000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി. അഡ്വക്കറ്റ് ക്ലർക്കുമാരുടെ ക്ഷേമനിധി സഹായം മൂന്നു ലക്ഷത്തിൽനിന്ന് നാലു ലക്ഷമാക്കി.

പ്രധാന വാർത്തകൾ
 Top